ഉള്ളടക്കത്തിലേക്ക് പോവുക

മാടായി മന്ദൻ ഗുരുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നളചരിതമണിപ്രവാളത്തിന്റെ രചയിതാവ് എന്ന നിലയിൽ കേരള സാഹിത്യ ചരിത്രത്തിലിടം നേടിയ എഴുത്തുകാരനാണ് മാടായി മന്ദൻ ഗുരുക്കൾ. 1875 നവംബറിൽ തലശ്ശേരി വിദ്യാർത്ഥിസന്താനം അച്ചുക്കൂടത്തിൽ അച്ചടിച്ച നളചരിതമണിപ്രവാളം കൃതിയിൽ ഗ്രന്ഥകർത്താവിന്റെ പേര് കെ. കെ. മന്നൻ എന്ന് ഇംഗ്ലീഷിലാണ് കൊടുത്തിരിക്കുന്നത്. ഗുണ്ടർട്ട് ഉപയോഗിച്ച കോപ്പിയുടെ നൂറ്റി അമ്പതാമത്തെ പേജിൽ 'മാടായി മന്നനാലുണ്ടാക്കപ്പെട്ടതു' എന്നു കൈയെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുണ്ടർട്ട് ജർമ്മനിയിലേക്കു തിരികെ പോകുമ്പോൾ കൂടെക്കൊണ്ടുപോയ പുസ്തകങ്ങളിലൊന്നാണ് ഇത്.

ഗുണ്ടർട്ട് കൈപ്പടയിൽ മാടായി മന്നനാൽ ഉണ്ടക്കപ്പെട്ടത് എന്നു രേഖപ്പെടുത്തിയിരിക്കുന്നു

ജീവിതരേഖ

[തിരുത്തുക]

വടക്കേ മലയാളത്തിലെ തീയരുടെ ഇടയിൽ സാമാന്യം പ്രസിദ്ധിയുള്ള തലശ്ശേരി തിരുവങ്ങാട്ടു മാടായിത്തറവാട്ടിലാണു് മന്ദൻഗുരുക്കളുടെ ജനനം. 1005-നും 1009-നും ഇടയ്ക്കായിരുന്നു അദ്ദേഹം ജനിച്ചതു് എന്നറിയാം. പിതാവു കൂടക്കായി കണ്ണൻവൈദ്യനായിരുന്നു. സംസ്കൃതം പഠിച്ചതു മേനപ്രം അംശക്കാരനായ പുതുശ്ശേരി ചാത്തുഗുരുക്കളോടാണു്. ചാത്തുഗുരുക്കൾ ഊരാച്ചേരി ഗുരുക്കന്മാരെന്നു വിഖ്യാതി നേടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. ജ്യോതിഷം, വൈദ്യം എന്നീ ശാസ്ത്രങ്ങളിൽ നല്ല വൈദുഷ്യം സമ്പാദിച്ചതിനുപുറമേ വ്യാകരണവും തർക്കവുംകൂടി മന്ദൻ ഗുരുക്കൾ അഭ്യസിച്ചിരുന്നു. തിരുവങ്ങാട്ടു തലായി എന്ന സ്ഥലത്തു് ഒരു വിദ്യാലയം സ്ഥാപിച്ചു് അവിടെ അധ്യാപക വൃത്തിയിൽ ഏർപ്പെട്ടു കാലയാപനംചെയ്തു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. 1037-ാണ്ടിടയ്ക്കു മുപ്പത്തി രണ്ടാമത്തെ വയസ്സിൽ മരിച്ചു.

കൃതികൾ

[തിരുത്തുക]

ഗുരുക്കളുടെ പ്രധാനകൃതി നളചരിതം കാവ്യമാണു്. കുഞ്ചന്റെ ശ്രീകൃഷ്ണചരിതം കഴിഞ്ഞാൽ ആ രീതിയിൽ രചിച്ചിട്ടുള്ള രണ്ടാമത്തെ കാവ്യം നളചരിതമാണെന്നു തോന്നുന്നു എന്നു പറഞ്ഞ് ഉള്ളൂർ അതിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുന്നുണ്ട്.[1]

പിന്നീടു്

(2) പതിവ്രതാധർമ്മം എന്നൊരു കൃതി ദ്രാവിഡ വൃത്തത്തിൽ നിർമ്മിച്ചു.

(3) പാർവ്വതീ പരിണയകാവ്യം പൂർത്തിയാകുന്നതിനു മുൻപായിരുന്നു മരണം. (ഒടുവിലത്തെ കൃതി ഇതാണെന്നു ഉള്ളൂർ രേഖപ്പെടുത്തുന്നു.

(4) ശീലാവതി എന്നൊരു കൃതി കെ.കെ. മന്നന്റേതായി ഗുണ്ടർട്ട് ശേഖരത്തിലുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. ↑ പരമേശ്വരയ്യർ, ഉള്ളൂർ കേരള സാഹിത്യ ചരിത്രം, ഭാഗം നാല്
  2. ↑ https://opendigi.ub.uni-tuebingen.de/opendigi/CiXIV274b#p=7
"https://ml.wikipedia.org/w/index.php?title=മാടായി_മന്ദൻ_ഗുരുക്കൾ&oldid=4613922" എന്ന താളിൽനിന്ന് ശേഖരിച്ചത്