Jump to content

മാക്സ് ഡിസ്സോയിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക്സ് ഡിസ്സോയിർ

ജർമൻ തത്ത്വചിന്തകനായ മക്സ് ഡിസ്സോയിർ 1867-ഫെബ്രുവരി 8‌ന് ബെർലിനിൽ ജനിച്ചു. ബെർലിൻ സർവ്വകലാശാലയിൽ നിന്ന് 1889-ൽ തത്ത്വശാസ്ത്രത്തിലും വുർസ്ബർഗ് (Wurzburg)-ൽ നിന്ന് 1892-ൽ വൈദ്യശാസ്ത്രത്തിലും ഡോക്ടറേറ്റ് സമ്പാദിച്ചു. ബർലിൻ സർവകലാശാലയിൽ ആദ്യം അസിസ്റ്റന്റ് പ്രൊഫസറായും തുടർന്ന് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

താമസമാറ്റം

[തിരുത്തുക]

1933-ൽ നാഷണൽ സോഷ്യലിസ്റ്റ് ഭരണം നിലവിൽവന്നപ്പോൾ ഡിസ്സോയിറിന് പല എതിർപ്പുകളും നേരിടേണ്ടിവന്നു. ഇദ്ദേഹം അധ്യാപനം നടത്തുന്നതും, പ്രസംഗിക്കുന്നതും, കൃതികൾ പ്രസിദ്ധീകരിക്കുന്നതും അധികാരികൾ നിരോധിച്ചു. 1943ൽ ഇദ്ദേഹം ബെർലിനിൽ നിന്നും ബാദ്നൗഹെം (Bad Nauheim) എന്ന നഗരത്തിലേക്ക് താമസം മാറ്റി.

മാക്സിന്റെ ദാർശനിക വീക്ഷണങ്ങൾ നവ-കാന്റിയൻ സ്വഭാവമുള്ളവയായിരുന്നു. ഇദ്ദേഹം പാരാസൈക്കോളജിയിലും സൗന്ദര്യശാസ്ത്രത്തിലും (aesthetics) പ്രത്യേകം ഔത്സുക്യം പ്രകടിപ്പിച്ചിരുന്നു.

സൗന്ദര്യശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകൾ

[തിരുത്തുക]

മരിച്ചവരുടെ ആത്മാവുകൾ ചില പ്രത്യേക വ്യക്തികളിലൂടെ സംസാരിക്കുന്നു എന്ന സങ്കല്പം അക്കാലത്തും നിലനിന്നിരുന്നു. ഒരു മനുഷ്യന്റെ വ്യക്തിത്വത്തിൽ അന്തർലീനമായിരിക്കുന്ന സവിശേഷതകൾ അബോധാവസ്ഥയിൽ പ്രകടിപ്പിക്കുന്നതു മാത്രമാണ് ആവാഹിത വ്യക്തികളുടെ സംസാരത്തിനും എഴുത്തിനുമുള്ള കാരണം എന്ന് ഇദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ എല്ലാ അറിവുകളും അന്തർബോധാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുമെന്ന ഇമ്മാനുവൽ കാന്റിന്റെ സിദ്ധാന്തവുമായി ഇതിന് സാദൃശ്യമുണ്ടെന്നു കാണാം. സൌന്ദര്യശാസ്ത്രത്തിന് ഇദ്ദേഹം നിരവധി വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രകൃതി നിർമിതവും ശാസ്ത്രനിർമിതവുമായ വസ്തുക്കളും, ബൗദ്ധികവും സാമൂഹികവുമായ ആശയങ്ങളും രചനകളും കലാമൂല്യമുള്ളവയാണെന്നും, ഇവയുടെ ഓരോ അംശവും അതിന്റെ പൂർണതയ്ക്ക് അനിവാര്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

കലാമൂല്യമുള്ള രൂപങ്ങളുടെ തരംതിരുവ്

[തിരുത്തുക]

കലാമൂല്യമുള്ള രൂപങ്ങളെ ഡിസ്സോയിർ

 • സുന്ദരം (beautiful)
 • ഉദാത്തം (sublime)
 • ദുരന്തം (Tragic)
 • വിരൂപം (ugly)
 • ഹാസജനകം (comic)

എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

ദുഖകരമായ ബോധം

[തിരുത്തുക]

സന്തുലിതമായ ഏകരൂപതയാണ് സൗന്ദര്യത്തിന്റെ ലക്ഷണമായി ഇദ്ദേഹം കണക്കാക്കുന്നത്. അതിന് എപ്പോഴും വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കും. മൃദുലത, അനുകമ്പ എന്നീ ഗുണങ്ങളും കലാസൗന്ദര്യത്തിന് അനിവാര്യമാണ്. ഭയത്തെ കീഴടക്കുന്ന അതുല്യമായ ശക്തിയാണ് ശ്രേഷ്ഠത എന്ന് ഡിസ്സോയിർ കരുതുന്നു. എല്ലാ നല്ല മനുഷ്യർക്കും നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള അറിവാണ് ദുഃഖകരമായ ബോധം (tragic consciousness). ഇതിനെ മറികടന്ന് പരമോന്നതമായ നിർവൃതിയിലെത്താൻ മനുഷ്യന് കഴിവുണ്ടെങ്കിലും പലപ്പോഴും സാധ്യമാകുന്നില്ല എന്നതാണ് സത്യം. കല ഒരേസമയം വ്യക്തിനിഷ്ഠതയേയും വസ്തുനിഷ്ഠതയേയും പ്രകാശിപ്പിക്കാൻ പര്യാപ്തമായിരിക്കണം. ശ്രേഷ്ഠമായ കലയ്ക്കു മാത്രമേ ഇതിനു കഴിയുകയുള്ളു എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. സൗന്ദര്യത്തിന്റെ വിപരീതഭാവമാണ് വൈരൂപ്യം. സ്ഥിരതയോ ദൃഢതയോ ഇല്ലാതിരിക്കുകയാണ് ഇതിന്റെ പ്രത്യേകത.

മനുഷ്യന്റെ കഴിവ്

[തിരുത്തുക]

വൈരൂപ്യം ചില പ്രത്യേക അവസ്ഥകളിൽ ഹാസ്യജനകമായി മാറാറുണ്ട്. ഹാസ്യബോധത്തിന്റെ രണ്ടു രൂപങ്ങളാണ് ഫലിതചാതുര്യവും നർമബോധവും. അപ്രതീക്ഷിതസാമ്യങ്ങളെ സരസമായി അവതരിപ്പിക്കാനുള്ള കഴിവാണ് ഫലിതചാതുര്യം. മനുഷ്യന്റെ പ്രാധാന്യത്തേയും പ്രാധാന്യമില്ലായ്മയേയും കുറിച്ചുള്ള അറിവാണ് നർമബോധം. വിധിയെ ഒരു പുഞ്ചിരിയോടെ കീഴടക്കുവാൻ ഇതു സഹായകമാകുന്നു.സ്ഥലസംബന്ധിയും ആലങ്കാരികവുമായവ, സമയസംബന്ധിയും സംഗീതാത്മകവും ആയവ, വ്യക്തിസൂചനകളേയും യഥാർഥബന്ധങ്ങളേയും പ്രതിപാദിക്കുന്ന അനുകരണകല, അവ്യക്തസൂചനകളേയും അയഥാർഥബന്ധങ്ങളെയും പ്രതിപാദിക്കുന്ന സ്വതന്ത്രകല എന്നിങ്ങനെ നാലു വിഭാഗങ്ങളായി കലയെ ഡിസ്സോയിർ തരംതിരിച്ചിട്ടുണ്ട്.

സംസ്കാരത്തിന്റെ ഘടകങ്ങൾ

[തിരുത്തുക]

പരസ്പരബന്ധമുള്ളവയെങ്കിലും, വ്യത്യസ്തവും സ്വതന്ത്രവുമായ ഘടകങ്ങൾ ചേർന്നാണ് സംസ്കാരം രൂപംകൊള്ളുന്നത്.

എന്നിവയാണ് ആ ഘടകങ്ങൾ.

ശാസ്ത്രവും കലയും യഥാർഥജീവിതത്തിലെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് സൃഷ്ടിയുടെ സാമഗ്രികളായി മാറുന്നത്. കലയെ ജനാധിപത്യവത്ക്കരിക്കുന്നത് അപകടകരമാണ്. വളരെക്കുറച്ച് വ്യക്തികൾക്ക് മാത്രമേ കലാസൃഷ്ടികൾ നടത്തുവാനുള്ള വൈഭവമുള്ളൂ. കലാസൃഷ്ടികൾ സ്രഷ്ടാവിനും ആസ്വാദകനും ധൈര്യവും അഭിമാനവും പകരുന്നവയാവണം. ഡിസ്സോയിറുടെ കലാസിദ്ധാന്തങ്ങളുടെ മുഖ്യാംശങ്ങൾ ഇവയാണ്.

പ്രധാനകൃതികൾ

[തിരുത്തുക]
 • ബിബ്ലിയോഗ്രാഫിയെ ദസ്മോഡേണെർ ഹിപ്നോട്ടിസ്മുസ് (1888)
 • കാൾ ഫിലിപ്പ് മോറിറ്റ്സ് ആൽസ് ആസ്തെറ്റിക്കേർ (1889)
 • ഗെഷിഹ്റ്റെ ഡെർ നെവുറെൻ ഡൊയിഷൻ സൈക്കോളജി (1894)
 • അബ്രിസ് എയ്നർ ഗെഷിഹ്റ്റെ ഡെർ സൈക്കോളജി (1911)
 • ക്രീഗ്സ് സൈക്കോളജിഷെ ബെറ്റ്റാഹ്റ്റുങ്ഗൻ (1916)
 • ഫൊമ് എൻസെയ്റ്റ്സ് ഡെർ സീലെ (1917)
 • സൈക്കോളജിഷെ ബ്രീഫെ (1948)
 • എയ്ൻലെയ്റ്റുങ് ഇൻ ദി ഫിലോസഫി (1936)
 • ദീ റേഡെ ആൽസ് കുൻസ്റ്റ് (1940)
 • ബുഹ് ഡെർ എറിന്നെറുങ് (1946)
 • ദസ് ഇഹ്, ഡെർ ട്രാഉമ്, ഡെർതോദ് (1947)
 • എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ.

ഡിസ്സോയിറിനെക്കുറിച്ചും ഒട്ടേറെ പഠനഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഹെർമൻ ക്രിസ്റ്റൻ 1929-ൽ രചിച്ച മാക്സ് ഡിസ്സോയർ: മെൻഷ് ഉൺഡ് വെർക് എന്ന കൃതിയും, സെയ്റ്റ്ഷ്റിഫ്റ്റ് ഫ്യുർ ആസ്തെറ്റിക് ഉൺഡ് അൽഗമയ്നെ കുൻസ്റ്റ് വിസ്സൻഷാഫ്റ്റ് (1927) എന്ന ഡിസ്സോയിർ കൃതികളെക്കുറിച്ചുള്ള ബിബ്ലിയോഗ്രഫിയും പ്രധാനപ്പെട്ടവയാണ്. ഇദ്ദേഹം 1947 ജൂലൈ 19 ടൗണസിലെ ക്യോണിങ്സ്റ്റെനിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിസ്സോയിർ, മാക്സ് (1869 - 1947) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മാക്സ്_ഡിസ്സോയിർ&oldid=1766170" എന്ന താളിൽനിന്ന് ശേഖരിച്ചത്