മഹേന്ദ്രവർമ്മൻ I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഞ്ചിയിലെ പല്ലവ രാജവംശത്തിലെ രണ്ടാമത്തെ രാജാവാണ് മഹേന്ദ്രവർമൻഒന്നാമൻ. പല്ലവവംശസ്ഥാപകൻ ആയ സിംഹവിഷ്ണുവിന്റെ മകൻ ആയിരുന്നു മഹേന്ദ്രവർമൻ. ചാലൂക്യ രാജാവായ പുലികേശി രണ്ടാമനുമായുള്ള യുദ്ധത്തിൽ പരാജയം സംഭവിച്ച മഹേന്ദ്രവർമൻ കിഴക്കൻ പ്രവിശ്യകൾ വിട്ടുനൽകി സന്ധിക്കപേക്ഷിച്ചു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ മകനായ നരസിംഹവർമൻ തന്റെ പിതാവിന് സംഭവിച്ച തോൽവിക്ക് പ്രതികാരം ചെയ്യാൻ പുലികേശിയുമായി യുദ്ധത്തിനൊരുങ്ങുകയും നഷ്ടപ്പെട്ട പ്രവിശ്യകൾ തിരിച്ചു പിടിക്കാൻ ആരംഭിക്കുകയും ചെയ്തു. തുടർന്നുണ്ടായ രണ്ടാം സംഘട്ടനത്തിൽ പുലികേശി വധിക്കപ്പെട്ടു.

തികഞ്ഞ സാംസ്‌കാരിക പ്രോത്സാഹകൻ ആയ മഹേന്ദ്രവർമൻ ആദ്യകാലത്ത് ജൈനമതവിശ്വാസി ആയിരുന്നു. എന്നാൽ പിൽക്കാലത്ത് അപ്പാർ സ്വാമി എന്ന ശൈവമതപ്രചാരകന്റെ സ്വാധീനത്താൽ അദ്ദേഹം ശൈവമതം സ്വീകരിച്ചു. ദക്ഷിണേന്ത്യയിൽ ശൈവമതം ശക്തിപ്പെടുത്താനും മഹേന്ദ്രവർമൻ ശ്രമം നടത്തുകയുണ്ടായി. പല്ലവശില്പകല ഏറ്റവും അഭിവൃദ്ധി പ്രാപിച്ചത് ഇക്കാലത്താണ്. മാമല്ലപുരത്തെ (മഹാബലിപുരം) ക്ഷേത്രം നിർമിച്ചത് ഇദ്ദേഹമാണ്. പണ്ഡിതൻ ആയിരുന്ന മഹേന്ദ്രവർമൻ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സംസ്കൃത നാടകമായ മത്തവിലാസപ്രഹസനം മഹേന്ദ്രവർമൻ രചിച്ചതാണ്.

"https://ml.wikipedia.org/w/index.php?title=മഹേന്ദ്രവർമ്മൻ_I&oldid=3753875" എന്ന താളിൽനിന്ന് ശേഖരിച്ചത്