ശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഹാദേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശിവൻ(മഹാദേവൻ) ,പരബ്രഹ്മം, ആദിദേവൻ, ദേവാദിദേവൻ,ആദിശിവൻ, ബ്രഹ്മം, പരമേശ്വരൻ, മഹേശ്വരൻ, സദാശിവൻ, പഞ്ചവക്ത്രൻ, നിർഗുണ പരബ്രഹ്മം, അർദ്ധനാരീശ്വരൻ, ഓംകാരം, ദേവൻ, ഭഗവാൻ, കടവുൾ, ദൈവം, ബോലേനാഥ്, കൈലാസനാഥൻ, ശിവലിംഗസ്വരൂപം, ഈശ്വരൻ, സർവ്വേശ്വരൻ, ലളിത ശിവകമേശ്വരൻ, പാർവതി പരമേശ്വരൻ (ലോകമാതാപിതാക്കൾ), ജഗദീശ്വരൻ, ജഗത്‌ നാഥൻ, വിശ്വനാഥൻ, ജഗത് പിതാവ്, ജ്യോതിർലിംഗ മൂർത്തി(സോമനാഥൻ, മല്ലികാർജ്ജുന, മഹാകാലേശ്വരൻ, ഓംകാരേശ്വരൻ, കേദാർനാഥൻ, ഭീമശങ്കരൻ, വിശ്വനാഥൻ, ത്രയംബകേശ്വരൻ, വൈദ്യനാഥൻ, നാഗേശ്വരൻ, രാമനാഥസ്വാമി, ഘൃഷ്നേശ്വരൻ), അഷ്ടമൂർത്തി(ശർവ്വൻ, ഭവൻ, പശുപതി, ഈശാന, ഭീമാ, രുദ്രൻ, മഹാദേവൻ, ഉഗ്രൻ), മഹാകാലേശ്വരൻ, വൈദ്യനാഥൻ, ദുർഗേശ്വരൻ, പശുപതി, ഗൗരീശ്വരൻ, ലിംഗരാജൻ, ഭുവനേശ്വരൻ, ത്രമ്പകേശ്വരൻ, ഗംഗാധരൻ, ശരഭേശ്വരൻ, നവഗ്രഹ മൂർത്തി, വിരൂപാക്ഷൻ, മീനാക്ഷി സുന്ദരേശ്വരൻ, അംബികാനാഥൻ, വിഷ്ണുവല്ലഭൻ, മൃത്യുഞ്ജയൻ, പരമാത്മാവ്, ദൈവം, പരമശിവൻ -->

ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്.

"സൃഷ്ടി , സ്ഥിതി , സംഹാര , തിരോധാന , അനുഗ്രഹങ്ങൾ നിർവ്വഹിക്കുന്ന പഞ്ച മുഖനാണ്‌ ശിവൻ. രൂപമുള്ളതും , രൂപത്തിന് അതീതമായതും സർവ്വവും ആയി ഇരിക്കുന്ന തേജോമയമായ പരമാത്മാവും , സത്ചിദാനന്ദവും , നിർഗുണ പരബ്രഹ്മവും ആയിരിക്കുന്ന സാക്ഷാൽ ബ്രഹ്മം ശിവനാകുന്നു. സർവ്വവും ശിവശക്തി മയം ആകുന്നു. "
Statue of god siva ,murudeswaram.jpg
മുരുദേശ്വരത്തെ ശിവപ്രതിമ.
ദേവനാഗരിशिव
Sanskrit TransliterationŚiva
തമിഴ് ലിപിയിൽசிவன்
നിവാസംകൈലാസം
മന്ത്രംഓം നമ: ശിവായ
ഓം നമോ ഭഗവതേ രുദ്രായ
ആയുധംവിജയം[അവലംബം ആവശ്യമാണ്] (തൃശ്ശൂലം)& പിനാകം (വില്ല്)
ജീവിത പങ്കാളിസതി, പാർവ്വതി (ദുർഗ്ഗ, കാളി, ശക്തി ലളിതാത്രിപുരസുന്ദരി എന്നി രൂപങ്ങളിലും അറിയപ്പെടുന്നു)
മക്കൾസുബ്രഹ്മണ്യൻ
അശോകസുന്ദരി[അവലംബം ആവശ്യമാണ്]
ഗണപതി
ശാസ്താവ്
ഹനുമാൻ
ഭദ്രകാളി
Mountനന്ദികേശ്വരൻ (കാള)

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". (ദേവനാഗരി: शिव; IAST: Śiva) (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്. "അൻപേ ശിവം" എന്നാൽ സ്നേഹം എന്നാണ് അർത്ഥം.ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം. ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം അതിനാൽ ശിവനെ പഞ്ച വക്ത്രൻ എന്ന് വിളിക്കുന്നു. ബ്രഹ്‌മാവ്‌, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ. ബ്രഹ്മാവ് സൃഷിക്കുന്നു, വിഷ്ണു പരിപാലിക്കുന്നു, രുദ്രൻ സംഹരിക്കുന്നു, മഹേശ്വരൻ തിരോധാന കൃത്യം നടത്തുന്നു, സദാശിവൻ അനുഗ്രഹകൃത്യം നിവ്വഹിക്കുന്നു. ഈ അഞ്ച് കൃത്യങ്ങളും മഹാദേവൻ തന്നെ ആണ് നിവ്വഹിക്കുന്നത് ഈ അഞ്ച് തത്വങ്ങളും അടങ്ങുന്ന പരംപൊരുളാണ് ഓംകാരമൂർത്തി ആയ മഹാശിവൻ. നിർഗുണ പരബ്രഹ്മവും, പരമാത്മാവും, ഓംകാരവും, സച്ചിദാനന്ദ സ്വരൂപവും, സർവേശ്വരനും, ആദിദേവനും, ദേവാദിദേവനും എല്ലാം ശിവൻ തന്നെ ആകുന്നു. അതിനാൽ തന്നെ സർവ്വ ചരാചരവും ശിവശക്തിമയമാണ്. ബ്രഹ്‌മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാൻ സാധിക്കാതെ വന്നപ്പോൾ മഹേശ്വരൻ ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തിൽ പ്രത്യക്ഷമായി ദർശനം നൽകി എന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു അതിനാൽ മഹാദേവനെ ആദിദേവൻ എന്ന് വിളിക്കുന്നു. ലോകരക്ഷാർത്ഥം കാളകൂടവിഷം പാനം ചെയ്ത് ത്യാഗത്തിന്റെ മകുടോദാഹരണം ഭഗവാൻ ലോകത്തിന് കാണിച്ചു കൊടുത്തു അതിനാൽ മഹാദേവനെ നീലകണ്ഠൻ എന്ന് വിളിക്കുന്നു. സർവ്വ ചരാചരത്തിന്റെയും, സർവ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാൽ മഹേശ്വരനെ ദക്ഷിണാമൂർത്തി എന്ന് വിളിക്കുന്നു. സർവ്വവും ശിവനിൽ അടങ്ങുന്നു എന്നതിനാൽ പരമശിവൻ, പരമേശ്വരൻ, സർവേശ്വരൻ, ഈശ്വരൻ, മഹേശ്വരൻ, സാംബ സദാശിവൻ എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളിൽ ഭഗവാൻ അറിയപ്പെടുന്നു.ശിവന്റെ പഞ്ചമുഖങ്ങൾ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്.

സമസ്ത ദേവി ദേവന്മാരിലും നിറഞ്ഞിരിക്കുന്ന മഹാശക്തി ആയതിനാലാണ് മഹാദേവനെ ദേവാദിദേവൻ എന്ന് വിളിക്കുന്നത്. സർവ്വ ചരാചരവും ശിവശക്തിമയമാണ്. മൂലപ്രകൃതിയും ആദിശക്തിയും ആയ ശിവശക്തി പാർവ്വതി ദേവിയോട് കൂടി എല്ലാത്തിലും നിറഞ്ഞിരിക്കുന്ന സർവ്വമംഗള മൂർത്തി ആയതിനാൽ മഹാദേവൻ ആദിദേവൻ എന്നും അറിയപ്പെടുന്നു. സത്യസ്വരൂപനും, മംഗളമൂർത്തിയും , സുന്ദരവും ആയി നിർഗുണ പരബ്രഹ്മമായി ഇരിക്കുന്നതിനാൽ ആദിശിവൻ എന്നും മഹേശ്വരൻ അറിയപ്പെടുന്നു.

നിർഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവൻ. ധൂർജടിയും ഭസ്മലേപനുമായ വൈരാഗി. അതേ വേളയിൽ പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന സഗുണരൂപൻ. അറുപത്തിനാലു കലകളുടെയും സൃഷ്ടാവായ മഹാനടൻ, ജഞാനസമുദ്രമായ മഹാഗുരു. ജീവതാളത്തിന്റെ ഡമരുവും, സമ്പൂർണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലൻ. ധ്യാനത്തിന്റെയും യോഗത്തിന്റെയും തന്ത്രത്തിന്റെയും പ്രണേതാവ്. ശിവൻ തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചമൂലങ്ങളായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം. ന കാരം പൃഥ്വീ തത്വത്തെയും, മ ജല തത്വത്തെയും ശി അഗ്നിയേയും വാ വായുവിനേയും യ ആകാശത്തെയും ദ്യോതിപ്പിക്കുന്നു.

പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസ്സിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.

ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാൽ ദേവാധിദേവൻ, മഹേശ്വരൻ എന്ന് വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, സരസ്വതി, ലക്ഷ്മി തുടങ്ങിയ എല്ലാ ദേവതകളും സർവ്വ ചരാചരങ്ങളും ശിവശക്തി (അർദ്ധനാരീശ്വരൻ)യാണ് സൃഷ്‌ടിച്ചു പരിപാലിക്കുന്നതെന്ന് ശിവപുരാണം, സ്കന്ദപുരാണം ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'[അവലംബം ആവശ്യമാണ്] ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ശിവന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ആയുസ്സിനെക്കാൾ ഇരട്ടിയുണ്ടെന്നാണ്‌ ശൈവർ കരുതുന്നത്‌.

രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള മഹാവിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ, കണ്ഠാകർണ്ണൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. മാടൻ തമ്പുരാൻ, മുത്തപ്പൻ എന്നിവർ ശിവാംശങ്ങൾ ആണ്. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം ). സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയും ആദിദേവനുമായ മഹാദേവൻ തന്നെ ആണ് നിർവഹിക്കുന്നതെന്ന്‌ ശൈവർ കരുതുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഈ അഞ്ചു മുഖങ്ങളും ചേർന്നതാണ് ശ്രീപരമേശ്വരന്റെ സ്വരൂപം. അതിനാൽ മഹാദേവനെ പഞ്ചവക്ത്രൻ (അഞ്ചുമുഖങ്ങൾ ഉള്ളവൻ ) എന്ന് വിളിക്കുന്നു.

ശ്രീ പാർവ്വതി ദേവി പഞ്ചകൃത്യങ്ങൾ നിർവഹിക്കാൻ ഭഗവാനെ സഹായിക്കുന്നു . ലളിത സഹസ്ര നാമത്തിൽ ശ്രീ മഹാ ലളിത ത്രിപുരസുന്ദരിയായും, ശ്രീ മഹാ ശിവകമേശ്വരനായും ശിവനെയും പാർവതിയെയും വർണ്ണിക്കുന്നു.

കേരളത്തിലെ ആദിവാസികൾ ആരാധിക്കുന്ന മല്ലീശ്വരൻ, മലക്കാരി തുടങ്ങിയ മൂർത്തികൾ ശിവൻ തന്നെ ആണെന്നാണ് വിശ്വാസം.


ശൈവ സങ്കൽപ്പമനുസരിച്ച്‌ പരമശിവനെ" ഓംകാരം അഥവാ പരബ്രഹ്മമായി കണക്കാക്കുന്നു.സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ പഞ്ചകൃത്യങ്ങൾ നിർവ്വഹിക്കുന്നത് ആദിദേവനായ "ശിവനാണ്" എന്നാണ് വിശ്വാസം അതിനാൽ ശിവനെ പരമേശ്വരൻ എന്ന് വിളിക്കുന്നു. "ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ" എന്നി അഞ്ചു മുഖങ്ങൾ ഉള്ളതിനാൽ "പഞ്ചവക്ത്രൻ" എന്നും, സർവ്വവും ശിവമയമായതിനാൽ "പരബ്രഹ്മ സ്വരൂപനെന്നും", സർവ്വ ദേവീദേവന്മാരും ശിവനിൽനിന്നുണ്ടായത് കൊണ്ട് "ആദിദേവൻ","ദേവാദിദേവൻ","സർവ്വേശ്വരൻ" എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. നിർഗുണ പരബ്രഹ്മമെന്നും, ചിദംബരൻ, പരമാത്മാവ് എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു.

" ശാന്തം പത്മാസനസ്ഥം ശശിധരമകുടം

പഞ്ചവക്ത്രം ത്രിനേത്രം

ശൂലം ഖഡ്ഗം ച-

വജ്രം പരശുമഭയദം

ദക്ഷഭാഗേ വഹന്തം-

നാഗം പാശം ച-

ഘണ്ടാം

പ്രളയ ഹുതവഹം

സാങ്കുശം വാമഭാഗേ-

നാനാലങ്കാരദീപ്തം-

സ്ഫടിക മണി നിഭം

പാർവ്വതീശം നമാമി:"

ശാന്തമായി പത്മാസനസ്ഥനായിരിക്കുന്നവനും ചന്ദ്രക്കലയണിഞ്ഞ കിരീടം ധരിച്ചവനും അഞ്ചുമുഖത്തോടുകൂടിയവനും മൂന്ന് നേത്രങ്ങളുള്ളവനും ശൂലം വാൾ വജ്രായുധം മഴു എന്നിവയും അഭയമുദ്രാങ്കിതവുമായ വലതുഭാഗവും . നാഗം പാശം മണി പ്രളയത്തിന്റെ ഹുങ്കാരം മുഴക്കുന്ന കുഴലും തോട്ടി എന്നിങ്ങനെ ഇടതുഭാഗത്തും പലവിധത്തിലുള്ള അലങ്കാരത്തോടുകൂടി പ്രകാശിതമായിരിക്കുന്നവനും സ്ഥടികമണി പോലെ ശോഭിക്കുന്നവനും പാർവ്വതിയുടെ ഈശ്വരനുമായവനെ നമിക്കുന്നു.

ഒരിക്കൽ തങ്ങളെ സൃഷ്ടിച്ചത് ആരെന്ന സംശയം മഹാവിഷ്‌ണുവിലും, ബ്രഹ്‌മാവിലും ഉടലെടുക്കുന്നു. രണ്ടു പേരും പരസ്പരം ആ സംശയം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുമുന്നിൽ അഗ്‌നി രൂപത്തിൽ ശിവലിംഗം പ്രത്യക്ഷമാവുന്നു. ആ ശിവലിംഗത്തിന്റെ വലത് ഭാഗം പുരുഷ രൂപമായ ശിവനും ഇടതു ഭാഗം ആദിപരാശക്തിയുമായിരുന്നു. ശിവശക്തികൾ മഹാലിംഗരൂപത്തിൽ പ്രത്യക്ഷമായി ബ്രഹ്മാവിനോടും, മഹാവിഷ്ണുവിനോടും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശിവശക്തികൾ ആവശ്യപ്പെടുന്നു. ബ്രഹ്മ്മാവ് ശിവലിംഗത്തിനു മുകൾ ഭാഗം അന്വേഷിച്ചും, വിഷ്ണു ശിവലിംഗത്തിന്റെ പാദം തേടി താഴേക്കും യാത്ര ആവുന്നു. ഭഗവാൻ മഹാവിഷ്ണു ശിവലിംഗത്തിൻറെ അഗ്രം കാണാതെ മടങ്ങി എത്തുന്നു. ബ്രഹ്മദേവനും ശിവലിംഗത്തിന്റെ അഗ്രം കാണാതെ തിരിച്ചെത്തുന്നു. വിഷ്ണു താൻ അഗ്രം കണ്ടില്ല എന്നുള്ള സത്യാവസ്ഥ അറിയിക്കുന്നു. എന്നാൽ ബ്രഹ്മാവ് താൻ സമർത്ഥൻ എന്ന് കാണിക്കാൻ വേണ്ടി താൻ ശിവലിംഗത്തിന്റെ മുകൾ അഗ്രം കണ്ടു എന്ന് കള്ളം പറയുന്നു. ആ സമയം മഹാദേവൻ ആദിശക്തിയുമായി അവിടെ ശിവശക്തി ഭാവത്തിൽ പ്രത്യക്ഷ മാവുന്നു. കള്ളം പറഞ്ഞ ബ്രഹ്മാവിൻറെ അഞ്ച് മുഖങ്ങളിൽ ഒന്ന് പിഴുതു കളയുന്നു. താൻ ചെയ്ത തെറ്റിന് ബ്രഹ്മാവ് മാപ്പു നല്കുന്നു. മാത്രമല്ല സൃഷ്ടി കർമ്മം ബ്രഹ്മാവിനെ ഏൽപ്പിക്കുന്നു ബ്രഹ്മാവിന്റെ ശക്തിയായി മഹാസരസ്വതിയെയും നല്കുന്നു. പരിപാലന കർമ്മം മഹാവിഷ്ണുവിനെ ഏൽപ്പിക്കുന്നു ശക്തിയായി മഹാലഷ്മിയെയും നൽകുന്നു. സംഹാര കർമ്മം നിർവ്വഹിക്കാൻ ശിവൻ തന്റെ തന്നെ സംഹാര ഭാവമായ മഹാരുദ്രൻ (മഹാകാലേശ്വരൻ) നെ സൃഷ്‌ടിച്ചു ശക്തി ആയി മഹാകാളിയെയും നൽകുന്നു. ശിവ, സ്കന്ദ, കൂർമ്മ, ദേവി ഭാഗവതം ഇതര പുരാണങ്ങളിൽ ഈ കഥ വിശദമായി പരാമർശിക്കുന്നുണ്ട്. ത്രിമൂർത്തികളുടെ സൃഷ്ടി സ്ഥിതി സംഹാര കർമ്മങ്ങൾക്ക് പുറമെ മഹാദേവൻ തിരോധനം, അനുഗ്രഹം എന്നീ കർമ്മങ്ങൾ കൂടി നിർവഹിക്കുന്നു ഈ അഞ്ച് മുഖങ്ങളും ചേർന്നത് കൊണ്ടുതന്നെ പരബ്രഹ്മ മൂർത്തിയായ ശിവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു കൂടാതെ പരമേശ്വരൻ, പരമശിവൻ, സർവ്വേശ്വരൻ, ഭുവനേശ്വരൻ, ത്രിഭുവനേശ്വരൻ, അഖിലാണ്ഡേശ്വരൻ, മഹേശ്വരൻ, ഭവൻ (ജീവിതം പ്രദാനം ചെയ്യുന്നവൻ) എന്നിങ്ങനെ അനന്തമായ നാമങ്ങൾ മഹാദേവനുണ്ട്. ശിവന്റെ ശക്തിയെ ശിവശക്തി അഥവാ ആദിപരാശക്തി എന്ന് വിളിക്കുന്നു. ശിവശക്തിയായ ദേവി ഹിമവാന്റെ പുത്രി ആയതിനാലും മൂലപ്രകൃതി ആയതിനാലും പാർവ്വതി എന്നാ നാമത്തിലും, ദക്ഷപുത്രി ആയി പിറന്നതിനാൽ ദാക്ഷായണി എന്നും സ്വാതിക ഭാവത്തെ ഉണർത്തുന്ന മഹാശക്തി ആയതിനാൽ സതി എന്നും അറിയപ്പെടുന്നു. ലളിതപരമേശ്വരന്മാരായി ഉമാമഹേശ്വരന്മാരായി ലോകമാതാപിതാക്കളായി ശിവശക്തികൾ സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു.

പ്രതീകാത്മകതയിൽ[തിരുത്തുക]

Gods AS.jpg
മീശയുള്ള ശിവന്റെ രൂപം. ഗോവ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽനിന്ന്.

ഗുണങ്ങൾ[തിരുത്തുക]

 • ശിവരൂപം: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം.
 • തൃക്കണ്ണ് : ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്[1]. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
 • ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം[2]. അതിനാൽതന്നെ ചന്ദ്രശേഖരൻ[3][4][5] , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
 • ഭസ്മം :ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ശിവൻ അഥവാ ജീവൻ ഇല്ലെങ്കിൽ ശരീരം വെറും ശവം ആണെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനാൽ ശിവനെ മരണത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ "മൃത്യുഞ്ജയൻ" എന്ന് അറിയപ്പെടുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
 • ജട : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
 • നീലകണ്ഠം : പാലാഴി മഥനത്തിനിടയിൽ വാസുകി എന്ന നാഗം "കാളകൂടം"എന്ന മാരകവിഷം പുറത്തേക്കു ചർദ്ധിച്ചു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ലോകരക്ഷയ്ക്കായി ഹാലാഹലം അല്ലെങ്കിൽ കാളകൂടവിഷം കുടിച്ച ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.[6][7] അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. [8][9]
 • ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.[10][11] ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
 • നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്[12]. വാസുകി എന്ന നാഗരാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
 • മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
 • തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
 • ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
 • നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി.
 • ഭാവങ്ങൾ : 1)ശിവൻ ( മംഗള മൂർത്തി ) = സ്വാതിക ഭാവം ,2)തൃപുരാന്തകൻ (തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം ,3)മഹാകാലേശ്വരൻ , അഘോര മൂർത്തി (സംഹാര മൂർത്തി , മൃതുഞ്ജയൻ )= താമസ ഭാവം

ഗണം[തിരുത്തുക]

കൈലാസം[തിരുത്തുക]

പ്രധാന ലേഖനം: കൈലാസം

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.[13]

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

കാശി[തിരുത്തുക]

പ്രധാന ലേഖനം: വാരാണസി

കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

ശിവലിംഗം[തിരുത്തുക]

ശ്രീരംഗത്തെ ജംബുകേശ്വര ക്ഷേത്രത്തിലെ ശിവലിംഗം

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം.

ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നുഇതിന്‌ ജ്യോതിർലിംഗം എന്ന മറ്റൊരു പേരുമുണ്ട്. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക[അവലംബം ആവശ്യമാണ്]. പരബ്രഹ്മസങ്കൽപ്പത്തിലാണ് ശിവപൂജ. കേരളത്തിലെ ഏറആദിയും അന്തവുമില്ലാത്ത പരബ്രഹ്മത്തിന്റെ പ്രതീകമായിട്ടാണ് ജ്യോതിർലിംഗത്തെ സങ്കല്പിച്ചിരിക്കുന്നത്. ബ്രഹ്‌മാവും വിഷ്ണുവും പരാശക്തിയും കൂടി ശിവലിംഗത്തിൽ കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ഉള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.[അവലംബം ആവശ്യമാണ്]

ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു

 1. പാദുകം
 2. ജഗതി
 3. കുമുദം
 4. ഗളം
 5. ഗളപ്പടി
 6. ലിംഗം
 7. ഓവ്

ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം. ഭാരതത്തിൽ അങ്ങിങ്ങായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള 12 ജ്യോതിർലിംഗങ്ങൾ പ്രധാനമാണ്. ഇതിൽ രാമേശ്വരവും മല്ലികാർജ്ജുനവും തെക്കേ ഇന്ത്യയിൽ ഉള്ളതാണ്.

ശൈവസമ്പ്രദായങ്ങൾ[തിരുത്തുക]

ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം(സംസ്കൃതം: शैव पंथ). വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.

ഇന്ത്യയിൽ കാശ്മീർ ശൈവിസം, തമിഴ്നാട്നായനാർമാർ, ലിംഗായതം എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ [അവലംബം ആവശ്യമാണ്].

ശിവനെ സംബന്ധിച്ചുള്ള ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം.

ജ്യോതിർലിംഗങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: ജ്യോതിർലിംഗങ്ങൾ

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവക്ഷേത്രങ്ങളാണിവ

ജ്യോതിർലിംഗങ്ങൾ സ്ഥാനം
സോമനാഥ് Somanatha view-II.JPG സൗരാഷ്ട്ര, ഗുജറാത്ത്
മല്ലികാർജ്ജുനം Srisailam-temple-entrance.jpg ശ്രീശൈലം, ആന്ധ്രാ പ്രദേശ്
മഹാകാലേശ്വരം Mahakal Temple Ujjain.JPG ഉജ്ജയിനി, മദ്ധ്യ പ്രദേശ്
ഓംകാരേശ്വരം Omkareshwar.JPG ഇൻഡോർ, മദ്ധ്യ പ്രദേശ്
കേദാർനാഥം Kedarnath Temple.jpg കേദാർനാഥ്, ഉത്തരാഖണ്ഡ്
ഭീമാശങ്കരം Bhimashankar.jpg പൂന, മഹാരാഷ്ട്ര
വിശ്വനാഥം Benares A Brahmin placing a garland on the holiest spot in the sacred city by James Prinsep 1832.jpg ബനാറസ്, ഉത്തർപ്രദേശ്
ത്രയംബകേശ്വരം Trimbakeshwar Shiva Temple, Trimbak, Nashik district.jpg നാസിക്ക്, മഹാരാഷ്ട്ര
രാമേശ്വരം രാമേശ്വരം ക്ഷേത്രകവാടം.jpg രാമേശ്വരം, തമിഴ്‌നാട്
ഘൃഷ്ണേശ്വരം Grishneshwar Temple.jpg എല്ലോറ, മഹാരാഷ്ട്ര
വൈദ്യനാഥം Baba dham.jpg ദേവ്ഘർ, ഝാർഖണ്ഡ്‌
നാഗേശ്വരം Jageshwar main.JPG ദ്വാരക, ഗുജറാത്ത്

പഞ്ചഭൂത ക്ഷേത്രങ്ങൾ[തിരുത്തുക]

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

മൂർത്തി പ്രകടഭാവം ക്ഷേത്രം സ്ഥാനം സംസ്ഥാനം
ജംബുകേശ്വർ ജലം ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്നാട്
അരുണാചലേശ്വർ അഗ്നി അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്
കാളഹസ്തേശ്വരൻ വായു കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാ പ്രദേശ്
ഏകാംബരേശ്വർ ഭൂമി ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്നാട്
നടരാജൻ ആകാശം ചിദംബരം ക്ഷേത്രം ചിദംബരം തമിഴ്‌നാട്

നൂറ്റെട്ട് ശിവാലയങ്ങൾ[തിരുത്തുക]

മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവാലയങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്] അതിപുരാതനമായ ഈ നൂറ്റെട്ട് ക്ഷേത്രങ്ങളുടെ പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രം രചിച്ചിട്ടുണ്ട്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രമാണ് ഇവയിൽ ഒന്നാം സ്ഥാനത്തുള്ളത്. അങ്കമാലിയിലെ ചിറയ്ക്കൽ മഹാദേവക്ഷേത്രം അവസാനത്തേതും. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര, എറണാകുളം തുടങ്ങി വേറെയും പ്രസിദ്ധ ക്ഷേത്രങ്ങൾ ഈ പട്ടികയിലുണ്ട്.

പ്രാർത്ഥനാ ശ്ലോകങ്ങൾ[തിരുത്തുക]

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം[14]

അവലംബം[തിരുത്തുക]

 1. For Shiva as depicted with a third eye, and mention of the story of the destruction of Kama with it, see: Flood (1996), p. 151.
 2. For the moon on the forehead see: Chakravarti, p. 109.
 3. For śekhara as crest or crown, see: Apte, p. 926.
 4. For Candraśekhara as an iconographic form, see: Sivaramamurti (1976), p. 56.
 5. For translation "Having the moon as his crest" see: Kramrisch, p. 472.
 6. For Shiva drinking the poison churned from the world ocean see: Flood (1996), p. 78.
 7. Kramrisch, p. 473.
 8. Sharma 1996, പുറം. 290
 9. See: name #93 in Chidbhavananda, p. 31.
 10. For alternate stories about this feature, and use of the name Gaṅgādhara see: Chakravarti, pp. 59 and 109.
 11. For description of the Gaṅgādhara form, see: Sivaramamurti (1976), p. 8.
 12. Flood (1996), p. 151
 13. Allen, Charles. (1982). A Mountain in Tibet, pp. 21-22. André Deutsch. Reprint: 1991. Futura Publications, London. ISBN 0-7088-2411-0.
 14. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

ഇതും കാണുക[തിരുത്തുക]




ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ശിവൻ&oldid=3225805" എന്ന താളിൽനിന്ന് ശേഖരിച്ചത്