മള്ളിയൂർ മഹാഗണപതിക്ഷേത്രം
മള്ളിയൂർ മഹാഗണപതിക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | കുറുപ്പന്തറ |
വാസ്തുശൈലി,സംസ്കാരം | |
പ്രധാന പ്രതിഷ്ഠ:: | ഗണപതി |
പ്രധാന ഉത്സവങ്ങൾ: | വിനായക ചതുർഥി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | മള്ളിയൂർ മന |
കേരളത്തിൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ കുറുപ്പന്തറ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം. ഗണപതിഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒരുകാലത്ത് ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പിന്നീട് ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ കാലത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്. ഗണപതിസന്നിധിയിൽ വച്ച് ഭാഗവതം വായിച്ചുവന്നിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാരണം ശ്രീകൃഷ്ണഭഗവാനെ മടിയിലിരുത്തിയ ഗണപതിയായി ക്ഷേത്രത്തിലെ പ്രതിഷ്ഠ അറിയപ്പെടാൻ തുടങ്ങി. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിഭഗവാന് ഉപദേവതകളായി ശിവൻ, വിഷ്ണു, ശാസ്താവ്, അന്തിമഹാകാളൻ, ദുർഗ്ഗ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
ക്ഷേത്രനിർമ്മിതി[തിരുത്തുക]
ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]
കുറുപ്പന്തറ ദേശത്തിന്റെ പടിഞ്ഞാറുഭാഗത്ത്, പ്രധാന വഴിയിൽ (എറണാകുളം-കോട്ടയം സംസ്ഥാനപാത) നിന്ന് അല്പം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ മുൻവശത്തായി മനോഹരമായ ഗോപുരം പണിതിട്ടുണ്ട്. ഇതിന് ഒരുപാട് പഴക്കമില്ല. കിഴക്കുഭാഗത്തുതന്നെയാണ് വാഹനപാർക്കിങ് സൗകര്യവും ചെരുപ്പു കൗണ്ടറും സ്ഥിതിചെയ്യുന്നത്. അടുത്തായിത്തന്നെ ഇൻഫർമേഷൻ സെന്ററും കാണാം. കിഴക്കേ ഗോപുരത്തിന് നേരെമുന്നിലായി ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. മേൽപ്പറഞ്ഞ നിർമ്മിതികളെല്ലാം വളരെ കുറച്ചുകാലം മുമ്പ് നിർമ്മിയ്ക്കപ്പെട്ടവയാണ്.