മലയാള നോവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യത്തിലെ ഒരു പ്രധാന ഭാഗമാണ് മലയാളം നോവൽ.

ആദ്യകാല നോവലുകൾ[തിരുത്തുക]

ഭാഷയിൽ ആദ്യം ഗ്രന്ഥരൂപം പൂണ്ട നോവൽ ജോസഫ് പീറ്റ് എന്ന മിഷണറി തർജമ ചെയിത കാതറൈൻ മുല്ലെൻസിന്റെ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ (1854) ആണ്.

മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത് അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ് (1887).[1]  ഒരു പ്രധാന നോവൽ ആയി കണക്കാക്കപ്പെടുന്നില്ലെങ്കിലും  മലയാള ഭാഷയിലെ ആദ്യ നോവൽ എന്ന പ്രതാപം ഈ നോവലിനുണ്ട്. ഒരു കേരളീയൻ എഴുതിയ ആദ്യ നോവലും മലബാർ മേഖലയിൽ പ്രസിദ്ധീകരിച്ച ആദ്യ നോവലും കൂടിയായിരുന്നു ഇത്. കലിംഗസാമ്രാജ്യത്തിലെ  രാജാവിന്റെ മകളായ കുന്ദലതയെ കേന്ദ്രീകരിച്ചുള്ള ഒരു ചരിത്ര വിവരണമായിരുന്നു ഈ നോവൽ.

ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലാണ്    മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.   മലയാള സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലിലൂടെ  മലയാളത്തിലെ പുതിയ ഗദ്യസാഹിത്യരൂപത്തിന് പ്രാരംഭം കുറിച്ചു.[2] ഈ നോവലിലെ പ്രധാന കഥാപാത്രത്തെ ഈ ശീർഷകം പരാമർശിക്കുന്നു. ഇന്ദുലേഖ എന്ന നോവലിനോടുള്ള വായനക്കാരുടെ നല്ല പ്രതികരണം ഒ. ചന്തുമേനോന് ശാരദ എന്ന നോവൽ എഴുതാൻ പ്രേരകമായി. 1892 ൽ  എട്ട് അദ്ധ്യായങ്ങൾ ഉൾപ്പെടുന്ന നോവലിന്റെ ആദ്യഭാഗം പുറത്തിറങ്ങി.നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നതിനിടെ 1899 ൽ ചന്തുമേനോൻ മരിച്ചതിനാൽ (1899)  ശാരദ എന്ന നോവലിനെ അപൂർണ്ണനോവലായി  കണക്കാക്കുന്നു.  ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായ സി.വി. രാമൻപിള്ള എഴുതിയ ചരിത്ര- കാല്പനിക സമ്മിശ്ര സാഹിത്യമായ മാർത്താണ്ഡവർമ്മ (1891)  എന്ന നോവൽ  മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു. ദ്രാവിഡഭാഷയിലെ ആദ്യ ചരിത്രാഖ്യായികയും തിരുവിതാംകൂറിൽ നിന്നുമുള്ള ആദ്യനോവലും കൂടിയാണ്  മാർത്താണ്ഡവർമ്മ. പുല്ലിംഗ സ്വഭാവത്തോടു കൂടിയ തലക്കെട്ടിൽ പുറത്തിറങ്ങുന്ന ആദ്യനോവലും മാർത്താണ്ഡവർമ്മയാണ്. ഇന്ദുലേഖയ്ക്ക് മുമ്പുതന്നെ മാർത്താണ്ഡവർമ പൂർത്തീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക കുറവ് കാരണം 1891 വരെ പ്രസിദ്ധീകരണം സാധ്യമായില്ല. രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ചരിത്രാഖ്യായിക ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. 

കേരളത്തിലെ സാമൂഹിക പിന്നോക്കവിഭാഗങ്ങളെ പരാമർശിച്ച ആദ്യത്തെ മലയാളം നോവലായിരുന്നു  1892 ൽ പോതേരി കുഞ്ഞമ്പു എഴുതിയ  'സരസ്വതി വിജയം'. കേരളത്തിലെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ നോവലുകളിൽ ഒന്നായിരുന്നു 1892 ൽ  കൊച്ചീപ്പൻ തകരൻ എഴുതിയ 'കൊച്ചുത്തൊമൻ'.

1900-നു മുൻപുള്ള മലയാള നോവലുകളുടെ പട്ടിക[തിരുത്തുക]

എണ്ണം. ശീർഷകം രചയിതാവ് പ്രകാശനവർഷം നിർമ്മിതി കുറിപ്പുകൾ
1 ഫുൽമോണി എന്നും കരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ Rev. ജോസഫ് പീറ്റ് 1858 തർജ്ജമ ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രകാശനം ചെയ്യപ്പെട്ട നോവൽ
മൂല കൃതി - ബംഗാളി ഭാഷയിലുള്ള ഫൂൽമോണി ഓ കരുണർ ബിബരൺ (1852, രചയിതാവ്: Mrs.Catherine Hanna Mullens) എന്ന നോവലിന്റെ ആംഗലേയ പരിഭാഷ: The History of Phulmoni and Karuna (1853) ആംഗലേയവിവർത്തനം: Mrs.Catherine Hanna Mullens
2 ഘാതകവധം അജ്ഞാതകർത്താവ് 1877 തർജ്ജമ കേരളീയ പശ്ചാത്തലമുള്ള ഇതിവൃത്തവുമായി മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത് പ്രകാശനം ചെയ്യപ്പെട്ട നോവൽ. ആംഗലേയ ഭാഷയിൽ മൂലസൃഷ്ടിയായ ഒരു നോവൽകൃതിയിൽ നിന്നും മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത നോവൽ.
മൂല കൃതി - The Slayer Slain (ആംഗലേയം, 1864-1866) രചന: Mrs. Frances Richard Collins & Rev. Richard Collins
3 പത്മിനിയും കരുണയും അജ്ഞാതകർത്താവ് 1884 തർജ്ജമ ആദ്യമായി മലയാളത്തിലേക്ക് പുനഃവിവർത്തനം
മൂല കൃതി - ബംഗാളി ഭാഷയിലുള്ള ഫൂൽമോണി ഓ കരുണർ ബിബരൺ (1852, രചയിതാവ്: Mrs.Catherine Hanna Mullens) എന്ന നോവലിന്റെ ആംഗലേയ പരിഭാഷ: The History of Phulmoni and Karuna (1853) ആംഗലേയവിവർത്തനം: Mrs.Catherine Hanna Mullens
4 കുന്ദലത അപ്പു നെടുങ്ങാടി 1887 മൂലസൃഷ്ടി മലബാറിലെ ഒരു മലയാളിയാൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ
കേരളത്തിലെ ചുറ്റുപാടില്ലാത്ത ആദ്യത്തെ മലയാളനോവൽ.
5 ഇന്ദുലേഖ O. ചന്തുമേനോൻ 1889 മൂലസൃഷ്ടി മലയാളത്തിലെ ആദ്യത്തെ സാമൂഹ്യനോവൽ
കേരളത്തിലെ പശ്ചാത്തലവും മലയാളീകഥാപാത്രങ്ങളും അടങ്ങിയ ആദ്യത്തെ മലയാളനോവൽ.
6 ഇന്ദുമതീസ്വയംവരം പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ 1890 മൂലസൃഷ്ടി
7 മീനാക്ഷി സി. ചാത്തുനായർ 1890 മൂലസൃഷ്ടി
8 മാർത്താണ്ഡവർമ്മ സി.വി. രാമൻ പിള്ള 1891 മൂലസൃഷ്ടി മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ. ഒരു ത്രിഗ്രന്ഥപരമ്പരയിലെ അംഗമായ ആദ്യത്തെ മലയാളനോവൽ. തിരുവിതാംകൂറിലെ ഒരു മലയാളിയാൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള നോവൽ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ചരിത്രനോവലും ഭാരതത്തിലെ ഇരുപത്തിയഞ്ചാമത്തെ ചരിത്രനോവലും കൂടിയായ കൃതി.
പുല്ലിംഗനാമത്തോടെ പ്രകാശിതമായ ആദ്യത്തെ മലയാളനോവൽ.
9 സരസ്വതീവിജയം പോത്തേരി കുഞ്ഞമ്പു 1892 മൂലസൃഷ്ടി
10 പരിഷ്ക്കാരപ്പാതി കൊച്ചുതൊമ്മൻ അപ്പോത്തിക്കരി 1892 മൂലസൃഷ്ടി
11 പറങ്ങോടീപരിണയം കിഴക്കേപ്പാട്ടു രാമൻ മേനോൻ 1892 മൂലസൃഷ്ടി മലയാളത്തിലെ ആദ്യത്തെ പരിഹാസനോവൽ
12 ശാരദ ഒ. ചന്തുമേനോൻ 1892 മൂലസൃഷ്ടി ആദ്യമായി ഒരു ത്രിഗ്രന്ഥപരമ്പരയിലെ ഭാഗമാകും എന്ന് പരാമർശിക്കപ്പെട്ട മലയാള നോവൽ.
13 ലക്ഷ്മീകേശവം കോമാട്ടിൽ പാഡുമേനോൻ 1892 മൂലസൃഷ്ടി
14 നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം സി. അന്തപ്പായി 1893 മൂലസൃഷ്ടി
15 ചന്ദ്രഹാസൻ പി. കൃഷ്ണൻ മേനോൻ
ടി.കെ. കൃഷ്ണൻ മേനോൻ
സി. ഗോവിന്ദൻ എളേടം
1893 തർജ്ജമ
16 അൿബർ കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1894 തർജ്ജമ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രകാശിപ്പിച്ച ചരിത്രനോവൽ.
മൂല കൃതി - Dutch ഭാഷയിലെ Akbar (1872, രചയിതാവ്‌: Dr. P.A.S van Limburg Brouwer) എന്ന കൃതിയുടെ ആംഗലേയ തർജ്ജമ Akbar (1879) ആംഗലേയ വിവർത്തനം: M. M
17 കല്യാണി അജ്ഞാതകർത്താവ് 1896 മൂലസൃഷ്ടി വിദ്യാവിനോദിനി ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു.
18 സുകുമാരി ജോസഫ് മൂളിയിൽ 1897 മൂലസൃഷ്ടി
19 സഗുണ ജോസഫ് മൂളിയിൽ 1898-1899 തർജ്ജമ മൂല കൃതി - സഗുണ (ആംഗലേയം, 1896) രചയിതാവ്: കൃപൈ സത്യനാദൻ അമ്മാൾ
20 കമല സി. കൃഷ്ണൻ നായർ 1899 തർജ്ജമ മൂല കൃതി - കമല (ആംഗലേയം, 1896) രചയിതാവ്: കൃപൈ സത്യനാദൻ അമ്മാൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ മലയാള നോവലുകൾ[തിരുത്തുക]

പാശ്ചാത്യ സാഹിത്യത്തിൽ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവർത്തനങ്ങൾ, അനുരൂപപ്പെടുത്തലുകൾ എന്നിവ മുഖേന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളത്തിൽ മികച്ച നോവലുകൾ ഉണ്ടായി. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ അക്ബറാണ് ( ലിൻഡ് ബെർഗ്ഗ് ബ്രാവേർസിന്റെ അക്ബർ (1894)എന്ന ഡച്ച് നോവൽ വിവർത്തനം ചെയ്തത്), സാമുവൽ ജോൺസന്റെ റസ്സേലാസിന്റെ സ്വതന്ത്ര പരിഭാഷ (പരിഭാഷപ്പെടുത്തിയത് പിലോ പോൾ, 1895), സി. വി. രാമൻ പിള്ളയുടെ റോബിൻസൺ ക്രൂസോ (1916, ഡാനിയൽ ഡെഫിയുടെ ഇംഗ്ലീഷ് നോവലായ റോബിൻസൺ ക്രോസോയുടെ വിവർത്തനം), പി. എൻ. കൃഷ്ണപിള്ള എഴുതിയ സത്യകൃതിചാരിതം (ഒലിവർ ഗോൾഡ്സ്മിത്തിന്റെ ദ വികാർ ഓഫ് വേക്ഫീൽഡ് (1930) എന്ന നോവലിന്റെ വിവർത്തനം), കെ. ഗോവിന്ദൻ തമ്പിയുടെ രാജസിംഹൻ (അലക്സാണ്ടർ ഡുമാസിന്റെ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്ന നോവലിന്റെ വിവർത്തനം), നലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ ( വിക്ടർ ഹ്യൂഗോയുടെ ജീൻ വാൽ ജീൻ എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്ന ലെസ് മിസറബിൾ എന്ന നോവലിന്റെ വിവർത്തനം) തുടങ്ങിയ നോവലുകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.

അവലംബം[തിരുത്തുക]

  1. "Seminar in memory of Appu Nedungadi"
  2. ""Voice of rebellion"". Archived from the original on 2012-10-22. Retrieved 2018-04-07.
"https://ml.wikipedia.org/w/index.php?title=മലയാള_നോവൽ&oldid=4072145" എന്ന താളിൽനിന്ന് ശേഖരിച്ചത്