മലയാളം അച്ചടിയുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1576-ൽ സ്പെയിൻകാരനായ ജോൺ ഗൊൺസാൽവസ് കൊച്ചിയിൽ ഒരു അച്ചടി ശാല സ്ഥാപിക്കുകയും, അതിനടുത്തകൊല്ലം അവിടെ നിന്നും ക്രിസ്തീയ വേദോപദേശം എന്ന ഒരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് ചില ചരിത്രപരാമർശങ്ങൾ കാണാനുണ്ടെങ്കിലും, ആ പുസ്തകത്തിന്റെ ഒരു പ്രതിയും കണ്ടുകിട്ടിയിട്ടില്ല. 'ഒരു സ്പാനിഷ് ബ്രദറായ ജോൺ ഗൊൺസാൽവസ് കൊച്ചിയിൽ ആദ്യമായി മലയാളം - തമിഴ് അക്ഷരങ്ങൾ ഉണ്ടാക്കി അതുപയോഗിച്ച് ഒരു വേദോപദേശം അച്ചടിച്ചു' എന്നാണ് 'തിരുവിതാംകൂറിലെ ക്രൈസ്തവസഭാചരിത്രം' (History of Christianity in Travancore) എന്ന പുസ്തകമെഴുതിയ ജി.ടി. മെക്കൻസി അഭിപ്രായപ്പെട്ടത്. ഗൊൺസാൽവസ്സിന്റെ ഈ പുസ്തകം കണ്ടുകിട്ടുകയാണെങ്കിൽ കേരളത്തിൽ മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം അതാണെന്ന് ഉറപ്പിച്ചു പറയാം. ഭാരതീയ ലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യകൃതി വേദോപദേശ ഗ്രന്ഥമായ ഡോക്ട്രിനക്രിസ്റ്റ ആണ്. 1539-ൽ പോർത്തുഗീസ് ഭാഷയിൽ യുവാൻ ബാരോസ് പ്രസിദ്ധീകരിച്ച വേദപാഠത്തിന്റെ ഏതാനും ഭാഗങ്ങൾ വിശുദ്ധ ഫ്രാൻസിസ് സേവ്യർ തർജ്ജമ ചെയ്തതാണ് ഈ കൃതി. 1556-ൽ ഗോവയിൽ ഇത് അച്ചടിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ പകർപ്പോ മറ്റു തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ 1578 ഒ.-ൽ കൊല്ലത്ത് തങ്കശ്ശേരിയിൽ ദിവ്യരക്ഷകന്റെ കലാലയത്തിൽ നിന്നും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഇതിന്റെ പകർപ്പ് സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായി അറിയപ്പെടുന്നത് കോട്ടയത്തെ സി.എം.എസ്. പ്രസ്സിൽ നിന്ന് 1824-ൽ പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ' എന്ന ബാലസാഹിത്യകൃതിയാണ്.

1579-ൽ ഫ്രാൻസിലെ സോർബോൺ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ മറ്റൊരു വേദപുസ്തകവും 'മലയാഴ്മപ്പേച്ചി'ൽ അച്ചടിക്കപ്പെട്ടിട്ടുള്ളതായി പരാമർശം ഉണ്ടെങ്കിലും അതിന്റെ പ്രതികളും നഷ്ടപ്രായമായിരിക്കുന്നു. പൊതുവേ ഇത്തരത്തിലുള്ള ആദ്യകാല മുദ്രിതകൃതികൾ മലയാളമാണെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, അന്ന് തമിഴ് ലിപികളാണ് ഇവയ്ക്ക് ഉപയോഗിച്ചിരിക്കാൻ സാധ്യതയുള്ളത്. കൊത്തിയോ വാർത്തോ അച്ചുകൾ നിർമ്മിക്കാൻ അന്ന് കേരളത്തിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ഇവിടെ അച്ചടി ആരംഭിച്ച് ഒരു നൂറ്റാണ്ടുകാലത്തേക്കെങ്കിലും അവ ചെന്നൈയിൽ നിന്നാണ് തയ്യാറാക്കിക്കൊണ്ടുവന്നിരുന്നതെന്ന് വിചാരിക്കാം. ചില വിദേശപാതിരിമാരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്നുവന്ന ഈ അച്ചുനിർമ്മാണം ഏറിയകൂറും തമിഴ്‌ലിപികളിലും ആയിരുന്നു.

1575-ൽ കൊച്ചി കോട്ടയിൽ പോർത്തുഗീസുകാർ സ്ഥാപിച്ച ഒരു മുദ്രണാലയമാണ് കേരളത്തിൽ ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനത്തിനു വഴിതെളിച്ചത്. ചേന്ദമംഗലത്തിനടുത്ത് വൈപ്പിൻകോട്ടയിൽ പിന്നീട് സ്ഥാപിതമായ പ്രസ്സും അവരുടേതുതന്നെ ആയിരുന്നു. എന്നാൽ കേരളത്തിൽ മൂന്നാമത് ആരംഭിച്ച അച്ചടിശാല കൊടുങ്ങല്ലൂരിനടുത്ത് അമ്പഴക്കാട്ടാണ് (17-ാം ശ.). ഇഗ്നേഷ്യസ് എന്നു പേരായ ഒരു കേരളീയനാണ് ഇതിന്റെ സ്ഥാപകൻ. ഇവിടെ നിന്നു പ്രകാശിതമായിട്ടുള്ള പുസ്തകങ്ങളുടെ എണ്ണത്തെ കുറിച്ചു വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും കേരളക്കരയിൽ ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ മുദ്രണാലയമെന്ന ബഹുമതിക്ക് ഇത് അർഹമാണ്.

മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ചില ഗ്രന്ഥങ്ങൾ[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കൂസ്[തിരുത്തുക]

കേരളത്തിലെ പലതരം സസ്യങ്ങളെ സംബന്ധിച്ച് കൊച്ചിക്കോട്ടയിൽ ഗവർണർ ആയിരുന്ന ഡച്ചുകാരനായ ഹെൻഡ്രിക് ഏഡ്രിയൻ വാൻ റീഡിന്റെ നേതൃത്വത്തിൽ രചിച്ച് 1678-ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന12 വാല്യങ്ങൾ ഉള്ള ബൃഹത് ഗ്രന്ഥത്തിലാണ് ആദ്യമായി മലയാളലിപികൾ അച്ചടിക്കപ്പെടുന്നത്. ഇത് ലത്തീൻ ഭാഷയിൽ ഉള്ള ഗ്രന്ഥമാണ്. മലയാളലിപിയിൽ ഉള്ള ഒരു പ്രസ്താവനയും പിന്നെ സസ്യങ്ങളുടെ ചിത്രങ്ങളിൽ എല്ലാം മലയാളലിപിൽ ഉള്ള എഴുത്തും കാണാം. ഓരോ (ചെടിയുടെ) ചിത്രത്തിന്റെയും പേര് ലത്തീൻ‍, മലയാളം, അറബി, ദേവനാഗരി എന്നീ നാലു ലിപികളിൽ ഈ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. എന്നാൽ അച്ചുകൾ ഉപയോഗിച്ചല്ല അച്ചടിച്ചിരിക്കുന്നത്, പകരം ബ്ലോക്കുകളായി വാർത്താണു് അച്ചടിച്ചിരുന്നതു്. അതായത് മലയാളലിപി ചിത്രമായാണ് ചേർത്തിരിക്കുന്നത് എന്ന് പറയാം.

ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം[തിരുത്തുക]

ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം എന്ന പുസ്തകമാണ്. ഇതും ലത്തീൻ കൃതിയാണ്. ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാർത്ഥം അച്ചടിക്കുന്നതിനു തൊട്ട് മുൻപ് 1772-ൽ തന്നെ മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചു കൊണ്ട് ലത്തീൻ ഭാഷയിൽ എഴുതിയ പുസ്തകം ആണിത്. ക്ളെമന്റ് പാതിരി അച്ചടിപ്പിച്ച Alphabetum Grandonico Malabaricum എന്ന ലത്തീൻ കൃതിക്ക് ആമുഖമെഴുതിയ ജോൺ ക്രിസ്തോഫർ അമദാത്തിയാസ് സംക്ഷേപവേദാർഥത്തിന്റെ മുദ്രണത്തിനുവേണ്ടി, മലയാളത്തിലെ 51 മൌലികാക്ഷരങ്ങൾ അച്ചടിക്കാൻ 1,128 അച്ചുകൾ നിർമ്മിക്കേണ്ടിവന്നുവെന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ അച്ചുകൾ തയ്യാറാക്കുന്നകാര്യം എത്ര വിഷമം പിടിച്ചതാണെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. റോമിലെ ബഹുഭാഷാമുദ്രണാലയത്തിൽ (Polygot Press) ചതുരവടിവിലുള്ള മലയാള ലിപികളിൽ അടിച്ച ഈ കൃതിയുടെ അപൂർവം പ്രതികൾ ലഭ്യമാണ്.

സംക്ഷേപവേദാർഥം[തിരുത്തുക]

റോമിലെ ഒരു മുദ്രണാലയത്തിൽ നിന്ന് 1772-ൽ അച്ചടിച്ച സംക്ഷേപവേദാർഥം എന്ന കൃതിയാണ് മലയാളലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ സമ്പുർണ്ണ മലയാളപുസ്തകം. ഇക്കാലത്തിനടുപ്പിച്ചു കേരളത്തിൽ സുവിശേഷപ്രചാരണാർഥം താമസിച്ചിരുന്ന ക്ലെമന്റ് പിയാനിയസ് എന്ന ഒരു വൈദികനാണ് ഇതിന്റെ കർത്താവ്. സംക്ഷേപവേദാർഥം എന്നും കുമ്പേന്തി എന്നും ഉള്ള പേരുകളിൽ അറിയപ്പെടുന്ന ഈ കൃതിയുടെ പൂർണനാമം അതിൽ അച്ചടിച്ചിരിക്കുന്നത് Compendiosa Legis Explicatio Omnibus Christains Scitu Necesaria എന്നാണ്. ചോദ്യോത്തര രൂപത്തിൽ ഗുരുശിഷ്യസംവാദമായി 270-ലധികം പുറങ്ങളിലായി അച്ചടിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിനു സമ്പൂർണമായി മലയാള ലിപികളിൽ മുദ്രിതമായ ആദ്യത്തെ പുസ്തകം എന്ന ബഹുമതി അവകാശപ്പെടാം.

ചെറുപൈതങ്ങളും ബെഞ്ചമിൻ ബെയിലിയുടെ ബൈബിൾ വിവർത്തനങ്ങളും[തിരുത്തുക]

മലയാളം വശത്താക്കിയ കാലത്ത് തന്നെ ബൈബിളിന് ഒരു നല്ല പരിഭാഷ ഉണ്ടാക്കാൻ ബെയ്‌ലി ശ്രമം ആരംഭിച്ചിരുന്നു. ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി. ബൈബിൾ തർജ്ജമ പൂർത്തിയായപ്പോൾ അത് അച്ചടിക്കുന്നത് പ്രശ്നമായി. അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി. ഇതിന്‌ കേണൽ മൺറോ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. 1821-ൽ തന്നെ അച്ചടി ആരംഭിച്ചു. ആദ്യം അച്ചടിച്ചത് ചില ലഘുലേഖകൾ ആണ്‌. കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴയത് 1822-ൽ അച്ചടിച്ച "മദ്യനിരോധിനി' എന്ന ലഘുലേഖയാണ്‌. പിന്നീട് ബൈബിളിലെ മത്തായിയുടെ സുവിശേഷം അച്ചടിച്ചു. 1824'ൽ ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകളും രാജാരാം‌ മോഹൻ റോയിയുടെ ഉപനിഷത്ത് വ്യാഖ്യാനവും അച്ചടിച്ചു.

എന്നാൽ മർഡ്യൂക് തോസൺ ആവശ്യപ്പെട്ട പ്രകാരം പ്രസ്സ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് എത്താൻ താമസിച്ചു. അതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരു കൊല്ലന്റെ സഹായത്തോടെ ആവശ്യമായ ലോഹ സാമഗ്രികൾ നിർമ്മിച്ചു. ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു. പ്രസ്സ്‌ സൂക്ഷിക്കുന്നതിനും അച്ചടിജോലികൾക്കും ഒരു ചെറിയ ശാല പണികഴിപ്പിച്ചു. ഇതിന്‌ അച്ചടിപ്പുര എന്നാണ്‌ വിളിച്ചിരുന്നത്‌. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം അഥവാ അത്തരത്തിലുള്ള അച്ചുകൂടങ്ങളുടെ ഈറ്റില്ലം. പ്രസ്സുണ്ടായിക്കഴിഞ്ഞെങ്കിലും മലയാളം അച്ചുകൾ ലഭ്യമല്ലായിരുന്നു. ബെയ്‌ലി കൽക്കത്തയിലെ ഫൗണ്ടറിയിൽ നിന്ന് മലയാളം അച്ചുകൾക്കായി അപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം ഇവ എത്തിച്ചേർന്നെങ്കിലും ചതുരവടിവിലുള്ള അവ ബെയ്‌ലിക്ക്‌ ഇഷ്ടമായില്ല. അസാധാരണ വലിപ്പവും ചതുരാകൃതിയും ചേർന്ന് വികൃതമായിരുന്നു അവ. ബെയ്‌ലി ഹതാശനാകാതെ സ്വന്തമായി അച്ചുകൾ വാർത്ത്‌ ഉണ്ടാക്കാൻ ആരംഭിച്ചു. അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച്‌ മനസ്സിലാക്കുകയായിരുന്നു. അദ്ദേഹം ഒരു കന്നാന്റെയും തട്ടാന്റെയും സഹായത്തോടെ 500 അച്ചുകൾ വാർത്തെടുത്തു. സൗന്ദര്യം കലർന്ന മലയാള അച്ചുകൾ അങ്ങനെ രൂപപ്പെട്ടു. താമസിയാതെ അച്ചടി ആരംഭിച്ചു. അച്ചടിയുടെ മനോഹാരിത കണ്ട്‌ അന്നതെ റസിഡന്റ്‌ ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു. പുതിയ ഉരുണ്ട അച്ചടിരൂപ മാതൃക സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നൽകിയത് ബെയ്‌ലിയാണ്. എഴുത്തിൽ ഭാഗികമായി ഉണ്ടായിരുന്ന ഉരുണ്ട രൂപം എല്ലാ അക്ഷരങ്ങൾക്കും കൊടുത്ത് മനോഹാരിതമാക്കി അവതരിപ്പിച്ചതിന്റെ പൂർണ്ണ ബഹുമതിയും ബെയ്‌ലിക്ക്‌ അവകാശപ്പെട്ടതാണ്‌.


ബൈബിളിലെ പുതിയ നിയമഭാഗങ്ങൾ തർജ്ജമ ചെയ്ത് ബെയ്‌ലി 1829-ൽ ഇവിടെ 5000 പ്രതി അച്ചടിച്ചു. തുടർന്ന് സമ്പൂർണ്ണ ബൈബിളിന്റെ തർജ്ജമ അച്ചടിച്ച് പ്രസിദ്ധം ചെയ്തു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ല് ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

പ്രസ്സിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 1830 ൽ ബെയ്‌ലി ഉണ്ടാക്കിയ പ്രസ്സുൾപ്പടെ നാലു പ്രസ്സുകൾ പ്രവർത്തന സജ്ജമായി. സ്വാതിതിരുനാളിന്റെ താല്പര്യപ്രകാരം 1836-ൽ സർക്കാർ പ്രസ്സ് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നതുവരെ സർക്കാരിന്റെ അച്ചടി മുഴുവനും സി. എം. എസ്. പ്രസ്സിലാണ്‌ നടന്നിരുന്നത്. 1834 വരെ പതിനഞ്ചു മലയാളം പുസ്തകങ്ങൾ അവിടെ അച്ചടിച്ചു. അവയ്ക്ക് മൊത്തം 40500 പ്രതികൾ ഉണ്ടായിരുന്നു. ബെയ്‍ലി ആ വർഷം ഇംഗ്ലണ്ടിൽ നിന്ന് രണ്ട് കൂട്ടം അച്ചുകൾ കൊണ്ടു വരികയുണ്ടായി. ബെയ്‍ലിയുടെ മകൻ ഇംഗ്ലണ്ടിൽ നിന്ന് അച്ചടി സംബന്ധമായ പരിശീലനം പൂർത്തിയാക്കി കേരളത്തിൽ വന്ന് പ്രസ്സിന്റെ മേൽനോട്ടം വഹിക്കുകയും നിരവധി പേർക്ക് അച്ചടിയിലും ബൈൻ‍ഡിങ്ങിലും പരിശീലനം നൽകുകയും ചെയ്തു. ബെയ്‍ലിയുടെ മുദ്രണാലയത്തിന് കേരളത്തിലെങ്ങും പ്രചാരം ലഭിച്ചു.

മലയാളം അച്ചടിയുമായി ബന്ധപ്പെട്ട മുദ്രണാലയങ്ങൾ[തിരുത്തുക]

സി.എം.എസ്. പ്രസ്[തിരുത്തുക]

ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തിൽ മുദ്രണവിദ്യയിലൂടെയുള്ള വിജ്ഞാനവിതരണ സംരംഭങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും കേരളത്തിൽ അച്ചടി സാർവജനീനമായ പ്രയോജനത്തിനുളള ഒരു മാധ്യമമാകുന്നത് തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണൽ മൺറോയുടെ കാലത്താണ് (1810-19). ഇദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് കോട്ടയത്ത് ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.) ഒരു പ്രസ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്. റവ. ബെഞ്ചമിൻ ബെയിലിയുടെ നേതൃത്വത്തിൽ 1821-ൽ സി.എം.എസ്. പ്രസ് സ്ഥാപിതമായി. അവിടെ സ്ഥാപിച്ച ആദ്യത്തെ പ്രസ്, എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നോക്കി ബെയിലി ധ്വര സംവിധാനം ചെയ്തതാണ്. ഇതിൽ മുദ്രണം ചെയ്യപ്പെട്ട കൃതികൾ ക്രമേണ പ്രചരിച്ചു തുടങ്ങി. ഈ പ്രസ്സിന്റെ പ്രാരംഭകാലപ്രവർത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്ന റവ. ബെയിലി തന്നെ. ബൈബിൾ തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തും ശബ്ദകോശങ്ങൾ നിർമിച്ചും ഇതിന്റെ പ്രവർത്തനങ്ങളെ വിപുലീകരിച്ചു. യഥാർഥത്തിൽ അച്ചടി ഒരു വ്യവസായമെന്ന നിലയിൽ കേരളത്തിലാരംഭിക്കാൻ തുടക്കമിട്ടത് കോട്ടയത്തെ സി.എം.എസ്. പ്രസ് ആണെന്നു പറയാം.

അച്ചുകൾ നിർമ്മിക്കാനും സംവിധാനം ചെയ്യാനും റവ. ബെയിലി ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലൻമാരെയും തന്നോടൊത്ത് പ്രസ്സിൽ താമസിപ്പിച്ചിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ചിട്ട് വട്ടത്തിൽ മലയാളലിപികൾക്ക് അച്ചു തയ്യാറാക്കാൻ തുടങ്ങിയതും ഈ പ്രസ്സിന്റെ ആവിർഭാവത്തോടുകൂടിയാണ്. സംക്ഷേപവേദാർഥം മുദ്രണം ചെയ്യാൻ ഉപയോഗിച്ച ചതുരവടിവിലുള്ള അച്ചുകളുടെ എണ്ണം 1,128 ആണെന്നു പ്രസ്താവിച്ചുവല്ലോ. മുംബൈയിലെ കൊറിയർ പ്രസ്സിലും ഇത്തരം ചതുരവടിവിലുള്ള അച്ചുകളാണ് ഉപയോഗിച്ചിരുന്നത്. അച്ചുകളുടെ എണ്ണം അഞ്ഞൂറിൽപരമായി കുറച്ചത് ബെയിലി ആണ്. ചതുരവടിവിൽ വള്ളികൾ ( ി, ീ) വ്യഞ്ജനാക്ഷരങ്ങളോടു ചേർത്ത് മുകളിലായി കൊടുത്തിരുന്നു. അവ വേർപെടുത്തിയതു മൂലമാണ് എണ്ണം കുറഞ്ഞു കിട്ടിയത്. 'നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം മലയാഴ്മയിൽ പരിഭാഷയാക്കപ്പെട്ടത്;

കോട്ടയം ചർച്ച് മിശോൻ അച്ചിൽ ബൈബിൾ സൊസൈറ്റിക്കുവേണ്ടി മിശിഹ സംവത്സരം 1829-ൽ അച്ചടിക്കപ്പെട്ടു', എന്ന പരാമർശനത്തിൽനിന്ന് അക്കാലത്ത് മലയാളഗദ്യം നേടിയ നവചൈതന്യത്തെക്കുറിച്ചുള്ള തെളിവും ലഭിക്കുന്നു.

മറ്റു മുദ്രണാലയങ്ങൾ[തിരുത്തുക]

1834-ൽ സ്വാതിതിരുനാൾ രാമവർമ തിരുവനന്തപുരത്ത് ആദ്യമായി ഗവൺമെന്റ് പ്രസ് സ്ഥാപിച്ചു. അതുവരെ ഗവൺമെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിവന്നത്.

ഗവൺമെന്റ് പ്രസ്സിനെ മാതൃകയാക്കി 1846-ൽ മാന്നാനത്ത് ചാവറ കുരിയാക്കോസ് അച്ചൻ തടികൊണ്ട് ഒരു പ്രസ് നിർമിച്ചു. അതാണ് മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിന്റെ പ്രാരംഭം കുറിച്ചത്. ഏതാണ്ട് ഇതേ കാലഘട്ടത്തിൽതന്നെ മലബാർ പ്രദേശത്തും അച്ചടി സംബന്ധമായ പരീക്ഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബാസൽ മിഷന്റെ പ്രവർത്തനമാണ് ഇതിനു പ്രചോദനം നല്കിയത്. കോഴിക്കോട്ട് പ്രവർത്തനാരംഭിച്ച മിനർവാ പ്രസ് ഇക്കൂട്ടത്തിൽപെടുന്നു. അവിടെനിന്നും അച്ചടിച്ചിറക്കിയ പുസ്തകങ്ങളിൽ ഉപ്പൊട്ട കണ്ണൻ, വ്യാഖ്യാനസഹിതം ഭാഷാന്തരം ചെയ്ത ആയുർവേദഗ്രന്ഥം - അഷ്ടാംഗഹൃദയം-ഭാസ്കരം വ്യാഖ്യാനം-പ്രാധാന്യം അർഹിക്കുന്നു.

19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി അച്ചടി തിരുവിതാംകൂറിൽ പ്രചാരത്തിൽ വന്നു. തിരുവിതാംകൂർ രാജാവായിരുന്ന ഉത്രംതിരുനാൾ മാത്താണ്ഡവർമയുടെ ആശ്രിതനും കഥകളി കലാകാരനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാർ 1853-ൽ തിരുവനന്തപുരത്ത് 'കേരളവിലാസം' എന്ന പേരിൽ ഒരച്ചുകൂടം സ്ഥാപിക്കുകയും അതിലൂടെ ആദ്യമായി അമ്പത്തുനാലു ആട്ടക്കഥകളുടെ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സ്വാതിതിരുനാൾ‍, ഇരയിമ്മൻ തമ്പി തുടങ്ങിയവരുടെ ഏതാനും ഗാനസമാഹാരങ്ങളും, രാമായണം തുടങ്ങിയ കിളിപ്പാട്ടുകളും ആദ്യമായി അച്ചടിക്കപ്പെട്ടതും കേരളവിലാസത്തിലായിരുന്നു.

ഏതാണ്ട് ഇക്കാലത്തിനടുപ്പിച്ചായിരുന്നു മലയാളത്തിൽ പത്രപ്രവർത്തനത്തിന്റെ ആവിർഭാവവും. റവ. ഹെർമൻ ഗുണ്ടർട്ട് എന്ന പൌരസ്ത്യവിജ്ഞാനീയ പണ്ഡിതൻ 1847 ജൂണിൽ തലശ്ശേരിക്ക് അടുത്തുള്ള ഇല്ലിക്കുന്നിൽ സ്ഥാപിച്ച ഒരു അച്ചടിശാലയിൽ നിന്ന് മലയാളത്തിലെ ആദ്യപത്രമായ രാജ്യസമാചാരം പുറത്തുവന്നു. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ മലയാളത്തിൽ മാസികകളും വാരികകളും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി 50-ലേറെയുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതിനും സ്വന്തമായി മുദ്രണാലയങ്ങളുമുണ്ടായിരുന്നു. ഭാഷാപോഷിണി, വിദ്യാവിലാസിനി, വിദ്യാവിനോദിനി, വിജ്ഞാനവർദ്ധിനി, രസികരഞ്ജിനി, ഭാഷാവിലാസം തുടങ്ങിയ പേരുകളിൽ സ്ഥാപിതമാകാൻ തുടങ്ങിയ ഇത്തരം അച്ചുകൂടങ്ങളുടെയും ഇവയിൽനിന്ന് പുറത്തുവന്നുതുടങ്ങിയ കാലികപ്രസിദ്ധീകരണങ്ങളുടെയും പേരുകളിൽനിന്നു തന്നെ ഇവ സമൂഹത്തിന് നൽകാനുദ്ദേശിച്ച സേവനങ്ങളുടെ സ്വഭാവം വ്യക്തമാണ്. 19-ാം ശ.-ത്തിന്റെ അവസാനത്തിൽ കൊല്ലം പട്ടണത്തിൽ എസ്.റ്റി. റെഡ്യാർ എന്ന വ്യവസായിയാണ് കിളിപ്പാട്ട്, തുള്ളൽക്കഥ, ആട്ടക്കഥ, മണിപ്രവാള കൃതികൾ തുടങ്ങിയ പ്രാചീന മലയാള സാഹിത്യസമ്പത്തുകളെ മറ്റാരേയുംകാൾ കൂടുതലായി അച്ചടിച്ച് പ്രചരിപ്പിക്കാൻ സ്വന്തം പേരിൽ ഒരു അച്ചുകൂടം സ്ഥാപിച്ചത്. റെഡ്യാരെപ്പോലെ, മലയാളം മാതൃഭാഷയല്ലാത്ത ദേവ്ജിഭീമ്ജി തുടങ്ങിയ വ്യവസായ തത്പരരും കേരളത്തിലെ മുദ്രണകലയുടെയും തദ്വാരാ മലയാള പ്രസിദ്ധീകരണങ്ങളുടെയും വ്യാപനവികാസത്തിന് നിസ്സീമമായ സംഭാവനകൾ നല്കിയിട്ടുണ്ട്.

21-ാം ശ.-ത്തിന്റെ ആരംഭത്തിൽ കേരളം അച്ചടിയുടെ കാര്യത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിക്കുന്നതിൽ മുന്നേറിയിട്ടുണ്ട്. അച്ചടി ഒരു കലയെന്ന നിലയിലും വ്യവസായം എന്ന നിലയിലും ഗണ്യമായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചടി - മലയാളത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.