Jump to content

മലമ്പുഴ ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലമ്പുഴ ഉദ്യാനം, അണക്കെട്ടിനു മുകളിൽ നിന്നുള്ള കാഴ്ച

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള മലമ്പുഴ എന്ന സ്ഥലത്തുള്ള മലമ്പുഴ അണക്കെട്ടിന് അനുബന്ധമായി വിനോദസഞ്ചാരവകുപ്പ് പരിപാലിക്കുന്ന പ്രകൃതി സുന്ദരമായ ഒരു ഉദ്യാനമാണ് മലമ്പുഴ ഉദ്യാനം. കേരളത്തിന്റെ പൂന്തോട്ടം എന്നും മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്. 1955-ലാണ് ഇതു നിർമ്മിച്ചത്.

പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ജലക്രീഡാഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ അണക്കെട്ടിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്.

"കേരളത്തിന്റെ വൃന്ദാവനം" എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്. [1]നിബിഡവനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്നനദികളും നിറഞ്ഞപശ്ചാത്തലത്തിൽ, പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും, അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച "യക്ഷി" എന്ന ശില്പം കാണികളെ ആകർഷിക്കുന്നു.

ഡാമിന്റെ ഉത്ഭവം

[തിരുത്തുക]

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു.[2] അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാ‍റ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടുക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായി ആയിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.

പ്രധാനസ്ഥലങ്ങളിൽ നിന്നുള്ള ദൂരം

[തിരുത്തുക]
  • പാലക്കാട് നഗരം/ബസ് സ്റ്റേഷൻ - 8 കി.മി.
  • സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ - 5 കി.മീ.(ഒലവക്കോട്)
  • സമീപത്തുള്ള വിമാനത്താവളം - 54 കി.മീ. (കോയമ്പത്തൂർ)
  • തൃശ്ശൂർ - 69 കി.മീ.
  • മലപ്പുറം - 97 കി.മീ.
  • കോഴിക്കോട് - 147 കി.മീ.

പ്രധാന സൗകര്യങ്ങൾ

[തിരുത്തുക]
മലമ്പുഴ ഉദ്യാനം, ഒരു കാഴ്ച

റിസർവ്വോയറും,ഗാർഡൻ ഹൗസും

[തിരുത്തുക]

സന്ദർശനസമയം - രാവിലെ 10:00 മുതൽ വൈകിട്ട് 06:00 വരെ. റിസർവ്വോയറിൽ ബോട്ടിങ്ങ് ആണ് പ്രധാനമായുള്ള ആകർഷണം. മീൻപിടുത്തം നിരോധിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണിത്, എന്നിരുന്നാലും പലരും റിസർവ്വോയറിൽ നിന്നും മീൻപിടിക്കുന്നുണ്ട്. ഗാർഡൻ ഹൗസിൽ ജലകേളികൾക്കായി ഒരു വിഭാഗം സജ്ജീകരിച്ചരിക്കുന്നു. കാലത്ത് പത്തുമണിമുതൽ പെഡൽ ബോട്ടുകളും മറ്റും വാടകയ്ക്ക് ലഭ്യമാണ്.ഉദ്യാനത്തോട് ചേർന്ന് നന്നായി അറ്റകുറ്റപ്പണികളും, ശുദ്ധീകരണവും മറ്റും നടത്തിവരുന്ന നീന്തൽ‍ക്കുളം ഒരുക്കിയിരിക്കുന്നു, ഇത് ചൊവ്വാഴ്ചകളിൽ തുറന്നുപ്രവർത്തിക്കുന്നില്ല.

അക്വേറിയവും,പാമ്പുവളർത്തൽ കേന്ദ്രവും

[തിരുത്തുക]

മലമ്പുഴ ഉദ്യാനത്തോട് ചേർന്നുകിടക്കുന്ന മത്സ്യരൂപത്തിൽ നിർമ്മിച്ചിട്ടുള്ള ശുദ്ധജലമത്സ്യങ്ങളുടെ പ്രദർശനകേന്ദ്രം, പാമ്പുവളർത്തൽ കേന്ദ്രം, കുട്ടികൾക്കായുള്ള ഉദ്യാനം (കുട്ടികൾക്കായുള്ള തീവണ്ടിയുൾപ്പെടെ) എന്നിവ കുട്ടികളുടെ ഉല്ലാസത്തിനായി പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അക്വേറിയം ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 8 മണിവരെ തുറന്നു പ്രവർ‍ത്തിക്കുന്നു, അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 9 വരെ പ്രവർ‍ത്തിക്കുന്നു. പാമ്പുവളർത്തൽ കേന്ദ്രം കാലത്ത് 8 മണിമുതൽ വൈകിട്ട് 6 മണിവരെയാണ് പ്രവർത്തിക്കുക.

റോഡ് ട്രെയിൻ

[തിരുത്തുക]

മലമ്പുഴയുടെയും, അണക്കെട്ടിന്റെയും, മറ്റും യഥാർഥസൗന്ദര്യം കാണികളിലേക്കെത്തിക്കാനായി, കാലത്ത് 8 മുതൽ വൈകിട്ട് 8 വരെ (ഇപ്പോൾ പ്രവർത്തിക്കുന്നില്ല) വിനോദസഞ്ചാരവകുപ്പ് ഒരു റോഡ് ട്രെയിൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു.

ജപ്പാനീസ് ഉദ്യാനം

[തിരുത്തുക]

മലമ്പുഴ അണക്കെട്ടിന്റെ പ്രകൃതിരമണീയതയ്ക്ക് മാറ്റുകൂട്ടുന്ന ജപ്പാനീസ് മാതൃകയിലുള്ള ഒരു ചെറിയ ഉദ്യാനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചകഴിഞ്ഞ് 2:30 മുതൽ വൈകിട്ട് 8 വരെയും കാണികൾക്കായി തുറന്നിട്ടിരിക്കുന്നു. ഇതിനോട് ചേർന്ന് നദിക്കു കുറുകെയുള്ള തൂക്കുപാലം സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

റോപ്പ് വേ

[തിരുത്തുക]

തെന്നിന്ത്യയിലെ ആദ്യത്തേത് എന്നവകാശപ്പെടുന്ന യാത്രക്കാരെ വഹിക്കുന്ന റോപ്പ് വേ മലമ്പുഴ ഉദ്യാനത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. [3] മലമ്പുഴ ഉദ്യാനത്തിനുമുകളിലൂടെയുള്ള ഉല്ലാസപ്രദമായ ആകാശയാത്ര സാധ്യമാക്കുന്ന റോപ്പ് വേ, കാലത്ത് 10 മുതൽ ഉച്ചയ്ക്ക് 1മണി വരെയും, ഉച്ചകഴിഞ്ഞ് 2:30 മുതൽ വൈകിട്ട് 8 വരെയും പ്രവർത്തിക്കുന്നു. മലമ്പുഴ ഉദ്യാനത്തിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാനുതകുന്ന ഈ ആകാശസവാരി 20 മിനിറ്റാണ് നീണ്ടുനിൽക്കുന്നത് [4]

ടെലിസ്കോപ്പിക് ടവർ

[തിരുത്തുക]

ടെലിസ്കോപ്പിക് ടവർ 40 മൈൽ ദൂരം വരെയുള്ള വിഹഗവീക്ഷണം സാധ്യമാക്കുന്നു. ഇത് കാലത്ത് 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്നു.

നൂൽ ഉദ്യാനം (ത്രെഡ് ഗാർഡൻ)

[തിരുത്തുക]

മലമ്പുഴ ഉദ്യാനത്തിന് അനുബന്ധമായി നിർമ്മിക്കപ്പെട്ടതാണെങ്കിലും ഉദ്യാനത്തിന് പുറത്തായി സ്ഥിതി ചെയ്യുന്നതാണ് മലമ്പുഴ ത്രെഡ് ഗാർഡൻ. നയനമനോഹരമായ ഈ കരവേല കുറെയേറെ ആളുകളുടെ വർഷങ്ങൾ നീണ്ട നിരന്തരപരിശ്രമഫലമാണ്. എംബ്രൊയ്ഡറിക്കായി ഉപയോഗിക്കുന്ന വ്യത്യസ്തനിറങ്ങളിലുള്ള നൂലുകൾ സൂചിയോ,മറ്റ് പ്രത്യേക ഉപകരണങ്ങളോ ഉപയോഗിക്കാതെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആന്റണി ജോസഫ് എന്ന കലാകാരനാണ് ഇത് രൂപകൽപ്പനചെയ്ത് നിർമ്മിച്ചത്. പ്രസ്തുത നൂലുദ്യാനത്തിൽ പൂക്കളുടയും, സസ്യങ്ങളുടെയും, വിവിധങ്ങളായ ജീവസ്സുറ്റ മാതൃകകൾ കാണികളുടെ ഹൃദയം കവരുന്നു. ഇത് മലമ്പുഴ ഫാന്റസി പാർക്കിനോടടുത്താണ് ഉള്ളത്.

റോക്ക് ഗാർഡൻ

[തിരുത്തുക]

തെന്നിന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡനാണ് മലമ്പുഴയിലുള്ളത്. പ്രധാന ശില്പിയായ പദ്മശ്രീ നെക് ചന്ദിന്റെ [5](ചണ്ഡീഗഡ്)മനസ്സിൽ ഉരുത്തിരിഞ്ഞ മഹത്തായ ഒരു ഉദ്യാനമാണ് മലമ്പുഴയിലുള്ളത്. ഇതിന്റെ എടുത്തുപറയത്തക്ക പ്രത്യേകത, ഉപയോഗശൂന്യമായ വളപ്പൊട്ടുകളും, തറയോടുകളും, മറ്റ് പാഴ്വസ്തുക്കളുമാണ് ഇതിന്റെ പ്രധാന നിർമ്മാണവസ്തുക്കൾ എന്നതാണ്. കാലത്ത് 10 മുതൽ വൈകിട്ട് 6 വരെ സന്ദർശകർക്കായി തുറന്നിട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. കേരള സംസ്ഥാനസർക്കാർ ഇന്റർനെറ്റ് താൾ കാണുക (കേരളത്തിന്റെ വൃന്ദാവനം) Archived 2008-10-02 at the Wayback Machine..
  2. "കേരള സംസ്ഥാന സർക്കാർ താൾ (അണക്കെട്ട് നിർമ്മിച്ചത്)". Archived from the original on 2008-08-13. Retrieved 2008-08-16.
  3. പാലക്കാട് ജില്ലാ വിനോദസഞ്ചാരവകുപ്പിന്റെ താൾ .
  4. മലമ്പുഴ റോപ് വേയുടെ താൾ .
  5. "സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ താൾ (പദ്മശ്രീ നെക് ചന്ദ്)". Archived from the original on 2008-09-15. Retrieved 2008-08-16.
"https://ml.wikipedia.org/w/index.php?title=മലമ്പുഴ_ഉദ്യാനം&oldid=3912162" എന്ന താളിൽനിന്ന് ശേഖരിച്ചത്