മലബാർ വി. രാമൻ നായർ
തുള്ളലിൻ്റെ വളർത്തച്ഛനായി വിശേഷിപ്പിക്കുന്ന മലയാളി ഓട്ടൻ തുള്ളൽ കലാകാരനാണ് മലബാർ വി.രാമൻ നായർ. തുള്ളൽ കലയെ കേരളത്തിൽ ജനകീയമാക്കിയവരിൽ പ്രധാനിയാണ് രാമൻ നായർ. കലാമണ്ഡലത്തിൽ തുള്ളൽ പഠനം ആരംഭിക്കാൻ കാരണക്കാരനായതും, പിന്നീട് കലാമണ്ഡലത്തിലെ ആദ്യ തുള്ളൽ ആചാര്യനായതും അദ്ദേഹമാണ്.
ജീവിതരേഖ
[തിരുത്തുക]ഇന്നത്തെ കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ (പഴയ കുട്ടമത്ത്) വള്ളിയോടൻ വീട്ടിൽ മാണിയമ്മയുടെയും കന്യാടിൽ രാമൻ നായരുടെയും മകനായി 1901 ൽ ജനനം.[1] സംഗീതത്തിലും നാടകത്തിലും വ്യക്തിമുദ്ര പതിപ്പിച്ച രാമൻ നായർ മഹാകവി കുട്ടമത്തിൻ്റെയും വിദ്വാൻ പി. കേളു നായരുടെയും നാടകങ്ങളിലെ പ്രധാന അഭിനേതാവ് ആയിരുന്നു.[1] രാമൻ നായരുമായി വ്യക്തി ബന്ധം പുലർത്തിയ എകെജി, കുട്ടമത്തിൻ്റെ സംഗീത നാടകത്തിൽ രാമൻ നായർക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.[2] എകെജിയുടെ നിർബന്ധത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പ്രസിഡൻ്റ് ഡോ.രാജേന്ദ്രപ്രസാദും 1952 ൽ ഡൽഹി കേരള സമാജം കലാസന്ധ്യയിൽ രാമൻ നായർ അവതരിപ്പിച്ച ഓട്ടൻതുള്ളൽ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.[2] കലാമണ്ഡലത്തിൽ വള്ളത്തോളിന് ഒപ്പം കഥകളി കാണവേ രാമൻ നായരുടെ കലാരൂപം ഇവിടെ പഠിപ്പിക്കുന്നുണ്ടോ എന്ന് നെഹ്രു ചോദിക്കുകയും, ഇല്ലെന്നറിഞ്ഞ് അതിന് വേണ്ട സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു.[2] 1956 ൽ കലാമണ്ഡലത്തിൽ തുള്ളൽ കളരി ആരംഭിച്ചപ്പോൾ വളളത്തോൾ രാമൻ നായരെ അവിടെ നിയമിച്ചെങ്കിലും, അധികകാലം അവിടെ തുടരാതെ ശിഷ്യൻ ദിവാകരൻ നായരെ കലാമണ്ഡലത്തിലെ ചുമതലകൾ ഏൽപ്പിച്ച് അദ്ദേഹം കളിയരങ്ങിലേക്ക് തന്നെ മടങ്ങി.[2]
1960 സെപ്റ്റമ്പർ 20 ന്, ഒരു തുള്ളൽ അവതരണത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു വരവെ, കൊല്ലത്ത് വെച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരണപ്പെട്ടു.[2][3]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]- തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മയിൽ നിന്നും പത്മനാഭ മുദ്രയുള്ള ഉപഹാരം ലഭിച്ചിട്ടുണ്ട്[1]
- മലബാർ രാമൻ നായരുടെ പേരിൽ അഖിലഭാരത ഗുരുവായൂരപ്പ ഭക്തസമിതി തുള്ളൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്[4]
- ചെറുവത്തൂരിൽ മലബാർ രാമൻ നായരുടെ പേരിൽ ഒരു വായനശാലയും ഗ്രന്ഥാലയവും ഉണ്ട്[1]
- 2019 ൽ കാഞ്ഞങ്ങാട് വെച്ച് നടന്ന സ്കൂൾ കലോത്സവത്തിൻ്റെ ഒരു വേദിക്ക് (ചിന്മയ വിദ്യാലയ ഓഡിറ്റോറിയം) അദ്ദേഹത്തിൻ്റെ പേര് ആയിരുന്നു നൽകിയത്[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "മലബാർ വി രാമൻനായർക്ക് ഇന്ന് നാടിന്റെ സ്മരണാഞ്ജലി". Retrieved 2020-11-10.
- ↑ 2.0 2.1 2.2 2.3 2.4 "മലബാർ രാമൻ നായരുടെ സ്‌മരണകൾക്ക് 60 ആ തുള്ളലിന് കൈയടിച്ചു എ കെ ജിയും നെഹ്‌റുവും". Retrieved 2020-11-10.
- ↑ "Remembering a pioneering artist". www.thehindu.com.
- ↑ "മലബാർ രാമൻ നായർ പുരസ്‌കാരം കലാമണ്ഡലം പ്രഭാകരന്" (in ഇംഗ്ലീഷ്). Archived from the original on 2020-11-10. Retrieved 2020-11-10.
- ↑ "സാംസ്‌കാരിക നായകന്മാരുടെ പേരുകൾ കലാനഗരിയിൽ മുഴങ്ങി കേൾക്കും | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2020-11-10.