മറിയക്കുട്ടി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയക്കുട്ടി
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംപ്രണയം
പ്രസാധകർകൈരളി മുദ്രാലയം
പ്രസിദ്ധീകരിച്ച തിയതി
1957

മറിയക്കുട്ടി എന്ന നോവൽ, പ്രശസ്ത സാഹിത്യകാരനായിരുന്ന മുട്ടത്തു വർക്കി രചിച്ച ഒരു ജനപ്രിയ നോവലായിരുന്നു. 1957 രചിക്കുകയും അതേ വർഷംതന്നെ പ്രസിദ്ധീകിരിക്കപ്പെടുകയും ചെയ്ത ഈ നോവലിന്റെ പ്രസാധകർ കോട്ടയത്തെ കൈരളി മുദ്രാലയമായിരുന്നു.

മുട്ടത്തുവർക്കിയുടെ ഈ നോവലിന്റെ ചലച്ചിത്ര ഭാഷ്യം 1958 ൽ ഇതേപേരിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് പുറത്തിറങ്ങിയിരുന്നു. പ്രേംനസീർ, മിസ്. കുമാരി, മുത്തയ്യ എന്നിവരാണ് ഈ നോവലിന്റെ ചലച്ചിത്രരൂപത്തിൽ അഭിനയിച്ചത്.

ഗ്രാമത്തിന്റെ വിശുദ്ധിയും ലാവണ്യവും കുസൃതികളും കൈമുതലായുള്ള പതിനാറുകാരിയായ  ഗ്രാമീണ പെൺകുട്ടിയായ മറിയക്കുട്ടിയുടെയും  അവളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ ഇരുപത്തൊന്നു വയസുകാരനായ കറുമ്പൻ ചാക്കോയുടെയും പ്രണയമാണ് ഈ നോവലിൽ മുട്ടത്തുവർക്കി  ഈ നോവലിലൂടെ പറയുന്നത്. ഒരു പ്രണയകഥ എന്നതിനൊപ്പം ജന്മിത്തത്തിനെതിരായ കർഷത്തൊഴിലാളികളുടെ മുന്നേറ്റവും ഈ നോവലിന്റെ പ്രമേയമായിവരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

നാട്ടുമ്പുറത്തെ ഒരു പ്രമുഖവ്യക്തിയായ കോരച്ചേട്ടന്റെ മകളാണ് മറിയക്കുട്ടി എന്ന യുവതി. ഒരിക്കൽ കുറുവച്ചൻ എന്നയാൾ വഴിതെറ്റി അവരുടെ വീട്ടിലെത്തുന്നു. കോരച്ചേട്ടൻ അയാളെ യഥാവിധി സൽക്കരിക്കുന്നു. കോരച്ചേട്ടന്റെ മകളായ മറിയക്കുട്ടിയെ കാണാനിടവന്ന കുറുവച്ചൻ അവളെ തന്റെ മകൻ പാപ്പച്ചന് അനുയോജ്യയാണെന്നു കണ്ട് അവളെ വിവാഹം കഴിച്ചുകൊടുക്കുവാൻ താൽപര്യപ്പെടുന്നു. തറവാട്ടുകാരനും സമ്പന്നനായ കുറുവച്ചനുമായുളള ബന്ധത്തിന് കോരച്ചേട്ടനും സമ്മതമായിരുന്നു. ഭാര്യ അച്ചാമ്മയുമായി അയാൾ ഇതെക്കുറിച്ചു വിശദമായി സംസാരിച്ചു. എന്നാൽ മറിയക്കുട്ടി തന്റെ ബാല്യകാല സുഹൃത്തായ ചാക്കോയുമായി പ്രണയത്തിലായിരുന്നു. ഇത് കുടുബത്തിൽ അറയാം. പ്രദേശത്തെ പ്രമാണിയായ നീറുംകൂട്ടിൽ മാർക്കോ മുതലാളിയുമായി ചാക്കോ നിതാന്തശത്രുതയിലായിരുന്നു. നാട്ടിലെ ഏത് അനീതിക്കെതിരെയും ചാക്കോ ഉറക്കെ ശബ്ദമുയർത്തിയിരുന്നു. വിവാഹാലോചനയുടെ കാര്യം ചാക്കോയെ അറിയിച്ചു. മനസ്സില്ലാമനസോടെ അയാൾ സമ്മതംമൂളി. എന്നാൽ മകളുടെ ഭാവിവരനായ പാപ്പച്ചൻ നിരവധി ദുഃശ്ശീലങ്ങളുടെ ഉടമയാണെന്ന കാര്യം അയാൾക്കറിയില്ലായിരുന്നു. ഒരു നഴ്സായ ബിയാട്രീസുമായി പാപ്പച്ചന് രഹസ്യബന്ധമുണ്ടായിരുന്നു. പെണ്ണുകാണൽ ചടങ്ങിനുശേഷം മറിയക്കുട്ടിയുടെ അയലത്തുകാരി ചിച്ചിലി അപവാദം പ്രചരിപ്പിക്കുകയും വിവാഹം അനിശ്ചിതത്വത്തിലാകുകയും ചെയ്തു. നിരവധി എതിർ‌പ്പുകളുണ്ടായെങ്കിലും അവസാനം മറിയക്കുട്ടിയുടെ പാപ്പച്ചനുമായുളള വിവാഹം നടന്നു.

എന്നാൽ മറിയക്കുട്ടിയുടെ മനസ്സിൽ ചാക്കോ അപ്പോഴും നിറഞ്ഞുനിന്നു. വിവാഹത്തിനു ശേഷവും പാപ്പച്ചൻ തന്റെ കുത്തഴിഞ്ഞ ജീവിതം തുടരുകയും മറിയക്കുട്ടി തീരെ അവഗണിക്കപ്പെടുകയും ചെയ്തു. ഇതിനിടെ മാർക്കോ മുതലാളി, ചാക്കോയെ ഒരു കൊലക്കേസിൽ കുടുക്കുകയും അയാൾ ജയിലിലടക്കപ്പെടുകയും ചെയ്തു. എന്നാൽ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ ചാക്കോ താമസിയാതെതന്നെ ജയിൽമോചിതനാകുകയും അനീതിക്കും അക്രമങ്ങൾക്കുമെതിരേ കൂടുതൽ ഉറക്കെ ശബ്ദിക്കുകയും സമ്പന്നവർഗ്ഗത്തിനാകെ ഭീഷണിയുയർത്തുകയും ചെയ്തു. ചാക്കോയിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ ഗ്രാമത്തിലെത്തി.  ഇടയ്ക്ക് മാർക്കോ മുതലാളിയ്ക്കു മനം മാറ്റമുണ്ടായി അനുരഞ്ജനത്തിന്റെ പാതയിലേയ്ക്കു തിരിയുകയും തന്റെ മകളെ ചാക്കോയ്ക്കു വിവാഹം കഴിച്ചു കൊടുക്കാമെന്ന നിലവരെ കാര്യങ്ങളെത്തിച്ചേരുകയും ചെയ്തു. ഇതിനിടെ ബിയാട്രീസുമായുള്ള പാപ്പച്ചന്റെ രഹസ്യബന്ധം മറിയക്കുട്ടിയുടെ ചെവിയിലെത്തി. പാപ്പച്ചന്റെ സ്വഭാവം അനുനിമിഷം വഷളായിക്കൊണ്ടിരുന്നു. കൂടുതൽ പണത്തിനായി കാമുകിയായി ബിയാട്രീസിനെ പാപ്പച്ചൻ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. ഇത് അവസാനം കയ്യേറ്റത്തിൽവരെ എത്തിച്ചേരുകയും നാട്ടുകരുടെ ഇടപെടലുണ്ടാകുകയും ചെയ്തു. അയാൾ പണത്തിനായി വസ്തുക്കൾ ഓരോന്നായി വിറ്റുതുലച്ചുകൊണ്ടിരുന്നു. താമസിയാതെ ഒരു കാറപകടത്തിൽപ്പെട്ട് പാപ്പച്ചൻ കൊല്ലപ്പെടുന്നു. ഇതിനടെ മറിയക്കുട്ടിയ്ക്ക് ഒരു കുഞ്ഞു ജനിച്ചിരുന്നു. താമസിയാതെ ആ കുഞ്ഞു മരണപ്പെടുകയും മറിയക്കുട്ടി ദുഃഖിതയും രോഗിണിയുമായിത്തീർന്നു. അവൾ വീട്ടീലെ വടക്കേ മുറിയിൽ കാരാഗ്രഹത്തിലെന്നതുപോലെ കഴിഞ്ഞു. കാലം മുന്നോട്ടു പോയതോടെ മറിയക്കുട്ടിയുടെ അസുഖങ്ങൾ ഭേദമാകുകയും അവൾ പള്ളിയിൽ പോയിത്തുടങ്ങുകയും ചെയ്തു. പാപ്പച്ചനെ വഴിവിട്ട ജീവിതത്തിലേയ്ക്കു നയിച്ചിരുന്ന പൊന്നപ്പൻ എന്നയാൾ മറിയക്കുട്ടിയുടെ വീട്ടിൽ എത്തിച്ചേരുകയും ആ വീടും പറമ്പും ഈടുവച്ച് പാപ്പച്ചൻ പണം വാങ്ങിയിരുന്ന കാര്യ അറിയിക്കുകയും ചെയ്തു. വാങ്ങിയ ഈടിനു പകരമായി അയാൾ മറിയക്കുട്ടിയോട് ഒപ്പം വരുവാൻ ആവശ്യപ്പെടുകയും ഈ ആവശ്യം തിരസ്കരിച്ചതിന്റെ പേരിൽതാമസിച്ചിരുന്ന വീട്ടിൽനിന്ന്  അവളെ ഇറക്കിവിടുകയും ചെയ്തു. മറിയക്കുട്ടി വളരെ ദുരെയുള്ള ഒരു ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു. അവിടെവച്ച് യാദൃച്ഛികമായി പഴയ കാമുകനായ ചാക്കോയുമായി കണ്ടുമുട്ടാനിടവരുകയും അയാൾ മറിയക്കുട്ടിയെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറിയക്കുട്ടി_(നോവൽ)&oldid=3818678" എന്ന താളിൽനിന്ന് ശേഖരിച്ചത്