Jump to content

മറാലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറാലിക്

Մարալիկ
1903-ൽ ഉണ്ടാക്കിയ്യ മറാലിക്കിന്റെ ദൈവത്തിന്റെ വിശുദ്ധമ്മ പള്ളി
1903-ൽ ഉണ്ടാക്കിയ്യ മറാലിക്കിന്റെ ദൈവത്തിന്റെ വിശുദ്ധമ്മ പള്ളി
മറാലിക് is located in Armenia
മറാലിക്
മറാലിക്
Coordinates: 40°34′20″N 43°52′01″E / 40.57222°N 43.86694°E / 40.57222; 43.86694
Country Armenia
ProvinceShirak
MunicipalityAni
Founded1828
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ഉയരം
1,720 മീ(5,640 അടി)
ജനസംഖ്യ
 (2011 census)
 • ആകെ5,398
 • ജനസാന്ദ്രത1,300/ച.കി.മീ.(3,500/ച മൈ)
സമയമേഖലUTC+4
ClimateDfb
Sources: Population[1]

മറാലിക് (അർമേനിയൻ: Մարալիկ) അർമേനിയയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തെ ഷിരാക് പ്രവിശ്യയിലുൾപ്പെട്ട ഒരു പട്ടണവും അനി നഗരസമൂഹത്തിന്റെ കേന്ദ്രവുമാണ്. 2001 ലെ സെൻസസിലുണ്ടായിരുന്ന 5,782 എന്ന ജനസംഖ്യയിൽനിന്ന് 2011 ലെ സെൻസസിൽ ജനസംഖ്യ 5,398 ആയി കുറഞ്ഞിരുന്നു. 2016 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം മറാലിക് പട്ടണത്തിൽ 5,500 ആയിരുന്നു ജനസംഖ്യ.[2]

ചരിത്രം

[തിരുത്തുക]

ചരിത്രപരമായി, ഗ്രേറ്റർ അർമേനിയയിലെ പുരാതന അയ്റാറത്ത് പ്രവിശ്യയിലെ ഷിരാക്ക് കന്റോണിന്റെ ഭാഗമായിരുന്നു മറാലിക്. അർസാസിഡ് രാജവംശത്തിന്റെ ഭരണകാലത്തും (52-428 എ.ഡി.) പിന്നീട് സസാനിഡ് പേർഷ്യയുടെ (428 – 651) കാലത്തും കംസാരകൻ അർമേനിയൻ കുലീന കുടുംബമാണ് ഈ പ്രദേശം ഭരിച്ചിരുന്നത്.

654 ലെ അർമേനിയയ്ക്കു മേലുള്ള അറബികളുടെ അധിനിവേശത്തോടെ ഈ മേഖല ബഗ്രാറ്റിഡ് രാജവംശത്തിനു നൽകുകയും പിന്നീട് 885 ൽ അവർ അർമീനിയയിലെ ബഗ്രാറ്റിഡ് രാജ്യം സ്ഥാപിക്കുകയും ചെയ്തു.[3] 9, 11 നൂറ്റാണ്ടുകളിലെ മധ്യകാല അർമേനിയൻ ദേവാലയങ്ങളുടേയും ഖച്ച്കാറുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്ത ലിഖിതങ്ങൾ പ്രകാരം ബഗ്രാറ്റിഡ് ഭരണത്തിനുകീഴിൽ ഇന്നത്തെ മറാലിക് പ്രദേശത്ത് അനവധി മത, വിദ്യാഭ്യാസ സമുച്ചയങ്ങൾ നിർമ്മിക്കപ്പെട്ടു. 1045 ൽ അർമേനിയ ബൈസന്റൈൻ സാമ്രാജ്യത്തിലേയ്ക്കും പിന്നീട് 1064 ൽ സെൽജുക് ആക്രമണകാരികളുടെ കൈവശത്തിലേയ്ക്കും എത്തിയതിനുശേഷം ഷിറാക്കിന്റെ മുഴുവൻ പ്രദേശങ്ങളും സമ്പൂർണ്ണമായി തകർച്ചയുടെ ഒരു യുഗത്തിലേയ്ക്ക് പ്രവേശിച്ചു.

1201 ൽ ജോർജിയൻ സംരക്ഷണത്തിനുകീഴി‍ൽ അർമേനിയയിലെ സക്കാരിദ് രാജവംശം സ്ഥാപിതമായതോടെ ഷിറാക്ക് പ്രദേശം വളർച്ചയുടേയും സുസ്ഥിരതയുടേയും ഒരു പുതുയുഗത്തിലേയ്ക്ക് പ്രവേശിച്ചു. 1236 ൽ മംഗോളിയൻ ആക്രമണകാരികൾ അനി പിടിച്ചടക്കിയതിനുശേഷം സക്കാരിദ് അർമേനിയ ഇൽഖാനേറ്റിനു കീഴിൽ ഒരു മംഗോളിയൻ സംരക്ഷക പ്രദേശമായി മാറി. 14 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇൽഖാനേറ്റ് ക്ഷയിക്കുകയും 1360  ൽ രണോത്സുക തുർക്കി ഗോത്രങ്ങൾ കീഴടക്കുന്നതുവരെ ഷിരാക്ക് സക്കാരിദ് രാജകുമാരന്മാരുടെ നിയന്ത്രണത്തിലായിരുന്നു.

14 ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സുന്നി ഒഘുസ് തുർക്കി ഗോത്രത്തിലെ അഖ് ഖ്വോയുൻലു  ഷിരാക്ക് ഉൾപ്പെടെയുള്ള അർമേനിയയുടെ നിയന്ത്രണം കൈക്കലാക്കി. 1400 ൽ അർമേനിയയെയും ജോർജിയയെയും  അക്രമിച്ച തിമൂർ യുദ്ധത്തിന്റെ കെടുതികളെ അതിജീവിച്ച 60,000 ത്തിലധികം  നാട്ടുകാരെ അടിമകളായി പിടികൂടി. ഷിരാക്ക് ഉൾപ്പെടെയുള്ള നിരവധി ജില്ലകളിൽ ജനവാസമില്ലാതായി.[4] 1410 അർമേനിയ ഷിയ ഒഘുസ് തുർക്കി ഗോത്രത്തിലെ കാര കൊയിൻലുവിന്റെ അധീനതയിലായി. അർമേനിയൻ ചരിത്രകാരനായിരുന്ന തോമസ് മെറ്റ്സോഫിന്റെ അഭിപ്രായത്തിൽ കാര കൊയിൻലും അർമേനിയക്കാർക്കുമേൽ കനത്ത നികുതി ചമത്തിയിരുന്നെങ്കിലും അവരുടെ ഭരണത്തിന്റെ ആദ്യ വർഷങ്ങൾ താരമ്യേന സമാധാനപരമായിരുന്നു.[5]

1501 ൽ യെറിവാൻ, ഷിറാക്ക് എന്നിവ ഉൾപ്പെടെയുള്ള ഭൂരിഭാഗം കിഴക്കൻ അർമേനിയ പ്രദേശങ്ങളും ഇറാനിൽ ഉദിച്ചുയർന്ന സഫാവിദ് രാജവംശം കീഴടക്കി. ഇറാനിയൻ അധിനിവേശത്തിനുകീഴിൽ ഇന്നത്തെ മറാലിക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ എരിവാൻ ഖാനേറ്റിനുള്ളിലെ മൊല്ല ഗോക്ച്ചെ എന്ന ഗ്രാമം കൈവശപ്പെടുത്തിയിരുന്നു.

1804 ജൂണിൽ, 1804-1813 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യം ഷിറാക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1813 ജനുവരി 1-ന് ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം ഈ പ്രദേശം ഔദ്യോഗികമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ബാസിയാൻ, മുഷ്, കരിൻ എന്നിവിടങ്ങളിൽ നിന്നുള്ള 59 പടിഞ്ഞാറൻ അർമേനിയൻ കുടുംബങ്ങൾ (371 വ്യക്തികൾ) ഇവിടെ പുനരധിവസിപ്പിക്കപ്പെടുകയും അവർ 1828-ൽ എത്തിയപ്പോൾ മൊല്ല ഗോക്ചെ സെറ്റിൽമെന്റിന് സമീപം ഒരു അർമേനിയൻ ഗ്രാമം സ്ഥാപിക്കപ്പെടുകയും ചെയ്തു.  1840-ൽ, പുതുതായി രൂപീകരിച്ച അലക്സാണ്ട്രോപോൾ ഉയസ്ഡിന്റെ ഭാഗമായ ഈ ഗ്രാമം  പിന്നീട് 1849-ൽ എറിവാൻ ഗവർണറേറ്റിന്റെ ഭാഗമായി. 1903-ൽ, അഞ്ചാം നൂറ്റാണ്ടിലെ ഒരു പള്ളിയുടെ അടിത്തറയിൽ പണിത ഹോളി മദർ ഓഫ് ഗോഡ് ചർച്ചിന്റെ സമർപ്പണം നടന്നു.

ഒന്നാം ലോകമഹായുദ്ധാനന്തരം പുതുതായി സ്ഥാപിതമായതും 1918 മെയ് മുതൽ 1920 ഡിസംബർ വരെയുള്ള ഹ്രസ്വകാലം സ്വാതന്ത്ര്യം ആസ്വദിച്ചതുമായ റിപ്പബ്ലിക് ഓഫ് അർമേനിയയുടെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയ ഈ വാസസ്ഥലം, അധിനിവേശ സോവിയറ്റ് റെഡ് ആർമിയുടെ കീഴിലായി.

സോവിയറ്റ് ഭരണത്തിൻ കീഴിൽ, 1927 ഒക്ടോബറിൽ ഈ ഗ്രാമം കപുതാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1931-ൽ ഇത് പുതുതായി രൂപീകൃതമായ ആനി റയോണിന്റെ (1961 വരെ അഘിൻ റയോൺ എന്നറിയപ്പെട്ടിരുന്നു) കേന്ദ്രമായി മാറി. 1935 ജൂലൈ 26 ന്, കപുട്ടാൻ ഗ്രാമം അന്തിമമായി മറാലിക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1962-ൽ ഒരു പട്ടണത്തിന്റെ പദവി ലഭിക്കുകയും ചെയ്തു.

1991-ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെത്തുടർന്ന്, സ്വതന്ത്ര അർമേനിയയുടെ 1995-ലെ ഭരണപരിഷ്കാരമനുസരിച്ച് പുതുതായി രൂപീകരിച്ച ഷിറാക്ക് പ്രവിശ്യയ്ക്കുള്ളിൽ മറാലിക്ക് ഒരു നഗര സമൂഹമായി മാറി.

ഭൂമിശാസ്ത്രം

[തിരുത്തുക]

പ്രവിശ്യാ കേന്ദ്രമായ ഗ്യുമ്രിയിൽ നിന്ന് 24 കിലോമീറ്റർ റോഡ് ദൂരത്തിൽ തെക്കുദിക്കിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,720 മീറ്റർ ഉയരത്തിൽ, ഷിറാക്ക് സമതലത്തിനുള്ളിലായി, അരാഗാറ്റ്സ് പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ താഴ്വരയിലാണ്  മരാലിക് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ യെറിവാൻ മാറാലിക്കിൽ നിന്ന് 98 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.

വരണ്ട സ്റ്റെപ്പികളാൽ ചുറ്റപ്പെട്ട, ഈർപ്പമുള്ള ഒരു ഭൂഖണ്ഡാന്തര കാലാവസ്ഥ അനുഭവപ്പെടുന്ന മറാലികിൽ സൗമ്യവും തണുത്തതുമായ വേനൽക്കാലവും അത്യധികം തണുപ്പുള്ളതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാലമാണുള്ളത്. ഇവിടുത്തെ ശരാശരി വാർഷിക മഴ 450 മില്ലിമീറ്ററാണ്. ഡ്സൊറകാപ്പ് ഗ്രാമം നഗരത്തിന്റെ തെക്കൻ അതിർത്തിയായി സ്ഥിതിചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. 2011 Armenia census, Shirak Province
  2. 2016 official estimate of the population in Armenia
  3. About the community of Maralik
  4. "The Turco-Mongol Invasions". Rbedrosian.com. Retrieved 2012-05-22.
  5. Kouymjian, Dickran (1997), "Armenia from the Fall of the Cilician Kingdom (1375) to the Forced Migration under Shah Abbas (1604)" in The Armenian People From Ancient to Modern Times, Volume II: Foreign Dominion to Statehood: The Fifteenth Century to the Twentieth Century, ed. Richard G. Hovannisian, New York: St. Martin's Press, p. 4. ISBN 1-4039-6422-X.
"https://ml.wikipedia.org/w/index.php?title=മറാലിക്&oldid=3693457" എന്ന താളിൽനിന്ന് ശേഖരിച്ചത്