Jump to content

മറാഠികൾ (കാസർഗോഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വടക്കേയറ്റത്തെ ജില്ലയായ കാസർഗോഡ് ജില്ലയിലെ കള്ളാർ‌‍, പനത്തടി പഞ്ചായത്തുകളിൽ പ്രധാനമായും അധിവസിച്ചു വരുന്ന ഒരു ഗിരിവർഗ സമൂഹമാണ് മറാഠികൾ. ജില്ലയിൽ തന്നെ കർണാടകയോടു ചേർന്നു നിൽക്കുന്ന കിഴക്കൻ മല നിരകളിലാണ് ഇവരുടെ വാസകേന്ദങ്ങൾ അധികവും കണ്ടുവരുന്നത്. പനത്തടി, കള്ളാർ പഞ്ചായത്തുകൾ കൂടാതെ മധൂർ, ചെങ്കള, കാറഡുക്ക, മുളിയാർ, ദേലമ്പാടി, എൻമകജെ, ബെള്ളൂർ, പുത്തിഗെ, പൈവളിഗെ, മംഗൽപാടി, മീഞ്ച, വോർക്കാടി എന്നീ പ്രദേശങ്ങളിലും മറാഠികൾ അധിവസിച്ചു വരുന്നുണ്ട്. മറാഠികൾ പ്രധാനമായും മൂന്നു വിഭാഗങ്ങളായി കാണുന്നു. മറാഠി നായിക്, കുമരി മറാഠികൾ, കുടുബികൾ എന്നിവയാണവ. എങ്കിലും മറാഠികൾ ഒറ്റ സമൂഹമായിതന്നെ കഴിഞ്ഞു വരുന്നു. കുമരി കൃഷിയുമായി ബന്ധപ്പെട്ടാണ് ഇതിൽ ഒരുവിഭാഗം അറിയപ്പെട്ടാൻ ഇട വന്നതുതന്നെ. പട്ടണങ്ങളിൽ നിന്നകന്ന് നദീതീരങ്ങളോടു ചേർന്നാണിവർ കാണപ്പെടുന്നത്. കറാഡ ബ്രാഹ്മണരുടെ ആശ്രിതരാണ് നായിക് വിഭാഗക്കാർ. അതേ സമയം കുടുബികൾ വനോത്പന്നങ്ങൾ ശേഖരിച്ചും വേട്ടയാടിയും കഴിഞ്ഞു വന്നവരായിരുന്നു. മറാഠി ബ്രാഹ്മണർ, മറാഠി പിന്നോക്കവർഗ്ഗം, മറാഠി ആദിവാസികൾ എന്നിങ്ങനെ തിരിക്കാമെങ്കിലും ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ ഒരുപോലെയാണ്.[1] നായിക് എന്ന പേരിലും ഇവർ അറിയപ്പെടുന്നു. കറാഡ ബ്രാഹ്മണരുടേയും നായിക്കന്മാരുടെയും സംസാര ഭാഷയിലും നല്ല സാമ്യതയുണ്ട്. മറാഠി ഭാഷയുടെ നേരിയ വകഭേദമാണിവർ ഇന്നും വീടുകളിൽ സംസാരിക്കുന്നത്. ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് പഴയ സൗത്ത് കാനറജില്ലയിലെ പലസ്ഥലങ്ങളും മറാഠികൾ കുടിയേറി പാർത്തതിനു തെളിവുകൾ ഉണ്ട്.[1]

ഇന്നിവർ മലയാളം സമ്പർക്കഭാഷയായി ഉപയോഗിച്ചു വരുന്നു. മറാഠികളുടെ ജന്മഭൂമിയായ മഹാരാഷ്ട്ര, കൊങ്കൺ പ്രദേശങ്ങളിൽ നിന്നും ഈ ജനവിഭാഗങ്ങൾ കേരളത്തിലെ പശ്ചിമഘട്ടമലനിരകളിൽ എങ്ങനെ എത്തിചേർന്നുവെന്നതു സൂചിപ്പിക്കുന്ന ചരിത്രരേഖകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. പ്രാചീനകാലത്ത് വനാന്തർഭാഗത്തായിരുന്നു മറാഠികൾ അധിവസിച്ചിരുന്നത്, ഇന്നും ഇവരുടെ ആവാസകേന്ദ്രങ്ങളെല്ലാം തന്നെ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണുള്ളത്. മറാഠികുടുംബങ്ങൾ സംഘങ്ങളായാണു താമസിക്കുന്നത്. ഈ മേഖലയിലേക്ക് ക്രിസ്ത്യൻ കുടിയേറ്റ കർഷകരുടെ വരവിനുശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിത്തരങ്ങളിൽ ഇവർ ഏർപ്പെട്ടുതുടങ്ങി. പുറംലോകവുമായി ബന്ധമില്ലാതെ അടഞ്ഞുകിടന്നൊരു ഭൂതകാലം ഇവർക്കുള്ളതിനാലാവണം കേരളത്തിലെ ജാതിശ്രേണിയിൽ കൃത്യമായൊരിടം ഇവർക്ക് ലഭിക്കാതെ വന്നത്. ആദിമ ഗിരിവർഗക്കാരായാണ് മറാഠികളെ ഗണിച്ചുവരുന്നത്. 2001 ലെ ജനസംഖ്യകണക്കനുസരിച്ച് കാസർഗോഡ് ജില്ലയിലെ മറാഠി ജനസംഖ്യ 27824 ആണ്. ഇത് ജില്ലയിലെ മൊത്തം ജനസംഘ്യയുടെ 2.31% വരുന്നു.

മറ്റു ഗിരിവിഭാഗങ്ങളിൽ നിന്നും ഭിന്നമായി ഉയർന്ന സാമൂഹിക നിലവാരം മറാഠികൾ പുലർത്തിവരുന്നു. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ഇവ കാണാവുന്നതാണ്. സമൂഹത്തിൽ മതപരവും സാമൂഹികവുമായ നേതൃസ്ഥാനം മൂപ്പനാണുള്ളത്. അദ്ദേഹത്തിനു പ്രത്യേക അധികാരങ്ങളും സ്ഥാനങ്ങളും ഉണ്ട്. മൂപ്പന്മാരെ നിയന്ത്രിക്കുന്നത് കർണാടകയിലെ ശൃംഗേരിയിലുള്ള ഗുരുവാണ്. തുളു രാജവംശമായ മയിൽപ്പാടി രാജവംശവുമായി മൂപ്പൻ സമ്പ്രദായത്തിനു ബന്ധമുണ്ട്. നിലവിലുള്ള മൂപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തമകനാണ് മൂപ്പനാവുക. മുള്ളേരിയയിലെ അഡൂരിൽ എട്ടു മൂപ്പന്മാർ നിലവിലുണ്ട്. പൊതുവേ മൂപ്പൻ എന്ന അവസ്ഥ ശുഷ്കമായി തീരുകയാണിന്ന്.

ആന്തരിക ഗോത്രവിഭജനം

[തിരുത്തുക]

മറാഠിസമുദായവും ഗോത്രവും ഉപഗോത്രങ്ങളുമായി താവഴികളിലൂടെ ആന്തരികവിഭജനം നടത്തിയിട്ടുണ്ട്. പിതൃദായാക്രമത്തിലാണ് താവഴി തുടർന്നു പോകുന്നത്. ഒരു താവഴിയിലുള്ള അംഗങ്ങളെല്ലാം തന്നെ ഒരു പൊതുപിതാമഹന്റെ തുടർച്ചയാണെന്നാണ് സമുദായാംഗങ്ങൾ വിശ്വസിച്ചു വരുന്നത്. സമാനമായ കാഴ്ചപ്പാട് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായുള്ള തീയസമുദായത്തിലും തുടന്നു വരുന്നുണ്ട്. ഒരമ്മയുടെ താവഴിപ്രകാരം ഉള്ളവരൊക്കെയും ഒരേ ഇല്ലം ആണെന്നവർ വിശ്വസിക്കുന്നു. ആയതിനാൽ ഒരേ ഇല്ലത്തിൽ നിന്നും തീയർ വിവാഹം കഴിക്കാറില്ല, സഹോദരീ സഹോദരബന്ധമായിരുക്കും ആൺപെൺ കൂട്ടായ്മ എന്നവർ കരുതുന്നു. മറാഠികൾക്കിടയിലും ഇതേ അവസ്ഥ തന്നെയാണുള്ളത് ഒരേ താവഴിയിൽ നിന്നും അവർ വിവാഹം കഴിക്കാറീല്ല. വിവാഹം കഴിക്കുന്നതോടെ മറ്റു ഗോത്രത്തിലെ പെൺകുട്ടിയും അവർക്കുണ്ടാവുന്ന കുഞ്ഞുങ്ങളും പുരുഷന്റെ താവഴിയുടെ ഭാഗമയി മാറുന്നു. തീയരിൽ പക്ഷേ മറിച്ചാണ്. മറ്റൊരു ഇല്ലക്കാരിയായ സ്ത്രി പ്രസവിക്കുന്ന കുഞ്ഞുങ്ങളും ആ സ്ത്രീയുടെ ഇല്ലക്കാരായിതന്നെ തുടരുകയാണു ചെയ്യുന്നത്.

മറാഠികൾക്ക് ഓരോ ഗോത്രത്തിനും ദൈവികത കല്പിക്കപ്പെട്ട ചില അടയാളങ്ങൾ ഉണ്ട്. കാരമുളക്, കടമ്പുവൃക്ഷം, ചിതൽപ്പുറ്റ്, ആമ, മുയൽ, പക്ഷികൾ എന്നിങ്ങനെ പോവുന്ന അവ. നൂറിലേറെ താവഴികൾ നിലവിലുണ്ട്. പ്രാചീനമായ ഇത്തരം കുലചിഹ്നങ്ങളെ ഇന്നും വിവാഹാവസരത്തിൽ മറാഠികൾ ഉപയോഗിച്ചു വരുന്നുണ്ട്. ഗോത്രരൂപങ്ങളും കാർഷികരൂപങ്ങളായത് അവരുടെ കാർഷികാഭിരുചിയുടെ സൂചനകൾ തന്നെയാണ്.

കുടിയേറ്റം

[തിരുത്തുക]

മഹാരാഷ്ട്രയിലെ സത്താറ, രത്നഗിരി ജില്ലകളാണ് മറാഠ ബ്രാഹ്മണരുടെ ഉറവിടം.[1] മധ്യകാലഘടത്തിൽ (13-ആം നൂറ്റാണ്ട്) ഇത്തരേന്ത്യയെ നിരന്തരം ആക്രമിച്ചു വന്നിരുന്ന ഡൽഹി മുസ്ലീം സുൽത്താനേറ്റുകളെ ഭയന്ന് തങ്ങളുടെ ജീവിതമൂല്യങ്ങൾ സംരക്ഷിക്കാനായി പുതിയ സ്ഥലങ്ങൾ തേടിയിറങ്ങിയവരിൽ ഒരുകൂട്ടരായിരിക്കും കാസർഗോഡ് ജില്ലയിലെത്തിയ മറാഠികൾ എന്നു കരുതുന്നു. [2] മറാഠികളുടെ നേതാവായ ശിവാജിയും അദ്ദേഹത്തിന്റെ സാമ്രാജ്യവും കർണാടകപ്രദേശങ്ങളിലേക്ക് തന്റെ രാജ്യവിസ്തൃതി വ്യാപിക്കാനായി ശ്രമിച്ചപ്പോൾ പടനായകരിൽ പെട്ട നല്ലൊരു ശതമാനം മറാഠികൾ ഉൾപ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർത്തിരുന്നു. [3] നായക്കർ/നായ്ക്കൻ എന്ന പേരു വന്നതിനു പിന്നിലും ശിവജിയുടെ പടനായകർ എന്നതിന്റെ സാമ്യത കാണുന്നു. ബേക്കൽ കോട്ട നിർമ്മിച്ച ശിവപ്പ നായ്ക്കിന്റെ കഥകൾ തന്നെ നിലനിൽക്കുന്ന തെളിവായി ശേഷിക്കുന്നുണ്ട്.

പുനംകൃഷി

[തിരുത്തുക]

ഒരുകൂട്ടം ആളുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന പ്രാചീനമായ കൃഷിരീതിയാണു പുനംകൃഷി. ഒട്ടേറെ ആളുകൾ ചേർന്ന് വലിയൊരു ഭാഗം കാടുവെട്ടിത്തെളിച്ച് തീയിട്ട് വിത്തിടുന്ന രീതിയാണു പുനംകൃഷിയുടേത്. വളക്കൂറു കുറയുന്നതോടുകൂടി അവരാ പ്രദേശം ഉപേക്ഷിക്കുന്നു, തുടർന്ന മറ്റൊരു പ്രദേശം കണ്ടെത്തി കൃഷിയോഗ്യമാക്കുന്നു. ഇങ്ങനെ പുനംകൃഷി ചെയ്യാനുള്ള സ്ഥലം അന്വേഷിച്ച് എത്തിച്ചേർന്നവരാവാം മറാഠികൾ എന്നും കരുതി വരുന്നു. കാരണം പുനംകൃഷി മറാഠികളുടെ പ്രധാന കാർഷികവ്യവസ്ഥതന്നെയായിരുന്നു.

മേൽപ്പറഞ്ഞ കാര്യങ്ങളിൾ സമിശ്രമായോ ഒറ്റതിരിഞ്ഞോ ആവാം കർണാടകയിലെ കാനറ ഭാഗത്തെത്തിയ മറാഠി കാർഷികവിഭാഗങ്ങൾ പുനം കൊത്തി കേരളത്തിൽ എത്തിയെതെന്ന് അനുമാനിക്കാനാവും. ഇതു കൂടാതെ മറാഠികൾ ഗോവാക്കാരായിരുന്നുവെന്നും പോർച്ചുഗീസുകാരുടെ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ കർണാടകയിലേക്കും മലബാറിലേക്കും കിടിയേറിയതാണെന്നും ഉള്ള അഭിപ്രായം ഉണ്ട്. [4]

അധിവാസകേന്ദ്രങ്ങൾ

[തിരുത്തുക]

കള്ളാർ, പനത്തടി പഞ്ചായത്തുകളിലും മറ്റു ചില പഞ്ചായത്തുകളിലുമായി നിരവധി കോളനികൾ ഉണ്ട്. അവയുടെ പേരുകൾ താഴെകൊടുക്കുന്നു. ചെറിയ കോളനികളും ഒറ്റയ്ക്കുമായി നിൽക്കുന്ന നിരവധി ആദിവാസി വീടുകളും ഈ പട്ടികയി പെടുത്താതെയും നിലനിൽക്കുന്നുണ്ട്. നായ്ക്കന്മാർ ഏറെയുള്ള കോളനികളാണിവ.

പനത്തടി പഞ്ചായത്തിലെ കോളനികൾ
1) നെല്ലിത്തോട് 2) കുറുഞ്ഞി 3) പെരുതടി 4) പുള്ളിങ്കോച്ചി
5) ചെമ്പം‌വയൽ 6) കുണ്ടുപ്പള്ളി 7) മാപ്പിളച്ചേരി 8) കടമല
9) മാട്ടക്കുന്ന് 10) ഓട്ടമല 11) ചാമുണ്ഡിക്കുന്ന് 12) തുമ്പോടി
13) താണിക്കാൽ 14) ഘടിക്കാൽ 15) കാപ്പിത്തോട്ടം 16) വെള്ളക്കല്ല്
17) അച്ചമ്പാറ 18) പുത്തൂരടുക്കം 19) പുളിയാർകൊച്ചി 20) ഉതിരക്കളം
21) വാതിമാടി
കള്ളാർ പഞ്ചായത്തിലെ കോളനികളുടെ പേര്
1) പെരുമ്പള്ളി 2) പറക്കയം 3) കരിപ്പാട് 4) നരിന്തേപുന്ന
5) നീലങ്കയം 6) കോഴിമൂല 7) വട്ടിയാർകുന്ന് 8) പുതിയാക്കുടി
9) നീലിമല 10) പെരിങ്കയ 11) അടോട്ടുകയ 12) മണ്ണാത്തിക്കുണ്ട്
13) മുണ്ടോട്ട്

ആചാരാനുഷ്ഠാനങ്ങൾ

[തിരുത്തുക]

കാർഷിക മേഖലയിൽ താല്പര്യമുള്ളവരും അദ്ധ്വാനശീലരും ലളിതജീവിതം നയിക്കുന്നവരുമാണു മറാഠികൾ. നായാട്ടും കാർഷികവൃത്തിയുമായിരുന്നു ഇവരുടെ പ്രധാന മേഖല, അതിനാൽ ആചാരാനുഷ്ഠാനങ്ങൾ പലതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടിയേറ്റ കർഷകരുടെ വരവോടെ ഇവരുടെ ഒഅരമ്പരാഗത കാർഷികമേഘനയിൽ തനതായ മാറ്റങ്ങൾ വന്നുചേർന്നു. മറാഠികളുടെ പ്രധാന ആരാധനാമൂർത്തി ദേവിയാണ്. കർണാടകയിലെ ശൃഗേരി മഠമാണിവരുടെ പ്രധാന ആരാധനാകേന്ദ്രം. എന്നാൽ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആരാധനയും ഇവർ ചെയ്തു വരുന്നുണ്ട്. പെൺകുട്ടി ആദ്യമായി ഋതുമതി അയാൽ അവളെ മൂന്നു തേങ്ങമേൽ ഇരുത്തി, പ്രായം ചെന്ന അഞ്ചു സ്ത്രീകൾകലശം വെച്ച വെള്ളവുമായി അവളെ പ്രദക്ഷിണം ചെയ്ത്, ആ വെള്ളം അവളുടെ തലയി ഒഴിക്കുന്നു.

വിവാഹചടങ്ങുകൾ

[തിരുത്തുക]

ബാലവിവാഹം വളരെ പണ്ടുമുതലേ ഇവർക്കിടയിൽ നിലനിന്നിരുന്നു. വരന്റെ കാരണവന്മാർ മറ്റു ഗോത്രത്തിൽ പെട്ട യോജിച്ച പെൺകുട്ടിയെ കണ്ടുപിടിച്ച് വിവാഹനിശ്ചയം നടത്തുന്ന രീതിയായിരുന്നു ഇവർ തുടർന്നു വന്നിരുന്നത്. വധുവിന്റേയും വരന്റേയും അച്ഛന്മാർ വെറ്റിലയും അടക്കയും കൈമാറിയാണ് വിവാഹനിശ്ചയ ദിവസം കണ്ടെത്തുന്നത്. സ്ത്രീധനമായി വരൻ വധുവിന് ഒരു വരാഹൻ (നാലു രൂപ) കൊടുക്കെണ്ടതാണ്. അതുപോലെ കറുത്ത മണിയുള്ള മാല, മൂക്കുകുത്തി, ധാരയുടെ സമയത്ത് ധരിക്കേണ്ട പ്രത്യേക മഞ്ഞ സാരി എന്നിവയും വരൻ നൽകണം.

വിവാഹദിവസം രാവിലെ വരനെ ക്ഷൗരം ചെയ്യിച്ചു, അമ്മയോ സഹോദരിയോ എണ്ണ, മഞ്ഞൾ എന്നിവ തേച്ച് കുളിപ്പിക്കണം. കുളിക്കാൻ പോകുന്നതിനു മുമ്പ് ഒരു കത്തികൊണ്ട് വരൻ വാഴ വെട്ടി മുറിക്കുന്ന പതിവുണ്ട്. തുടർന്ന് വരനെ പൂജാദീപത്തിന്റെ മുന്നിരുത്തി വേണ്ടപ്പെട്ടവർ അനുമോദിക്കുന്നു. തുടർന്ന് വരന്റെ കൈയ്യിൽ മൈലാഞ്ചി കൊണ്ട് ചുട്ടി കുത്തുന്നു. വിവാഹകർമ്മം ബ്രാഹ്മണരാണു ചെയ്യുന്നത്. വിവാഹസമയത്തു ധാര, കരിമണിമാല കെട്ടൽ, കുളത്തിൽ വധൂവരന്മാർ മീൻപിടിക്കൽ മുതലായ ചടങ്ങുകളും ഉണ്ട്. വിധവാവിവാഹം, പുനർവിവാഹം, വിവാഹമോചനം എന്നിവയും മറാഠികൾക്കിടയിൽ ഉണ്ട്.

ബാൽ സാഠക്

[തിരുത്തുക]

മറാഠികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ബാൽ സാഠക്. മുതിർന്നവരും കുട്ടികളും ചേർന്ന് നാട്ടിലുള്ള ദുർഭൂതങ്ങളെ അകറ്റുന്ന ചടങ്ങാണിത്. ഉണങ്ങിയ വാഴയില കൊണ്ട് ദേഹം പൊതിഞ്ഞ്, വാഴ തന്നെ മുറിച്ചെടുത്ത് കിരീടമുണ്ടാക്കി അതുമണിഞ്ഞ്, രണ്ടുപേർ സന്ന്യാസികളുടെ വേഷത്തിൽ ഇവരോടൊപ്പമുണ്ടാവും. ഇവർ കൂട്ടം ചേർന്ന് നൃത്തം ചെയ്തുകൊണ്ട് ഊരിലെല്ലാം കറങ്ങിനടന്ന് മുത്താറി, തേങ്ങ, മുളക്, മുതലായവ ശേഖരിച്ച് പാകം ചെയ്ത് എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ഭക്ഷിക്കുന്ന ചടങ്ങാണിത്. നമുക്ക് സുഖവും സന്തോഷവും ഉണ്ടാവട്ടെ, ശൃഗേരിയിലെ ശാരാദാംബ അനുഗ്രഹിക്കട്ടെ, നാമെല്ലാം ധനികരാവട്ടെ എന്നവർ പാടിക്കൊണ്ടാണ് നൃത്തം വെയ്ക്കുന്നത്.

ഗൊംദള പൂജ

[തിരുത്തുക]

അംബഭവാനിയെ ആദരിക്കുന്ന വിശിഷ്ടമായൊരു ചടങ്ങാണ് ഗൊംദള പൂജ. വെള്ളിയാഴ്ച രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ഈ പൂജയ്ക്ക് ദേവീ വിഗ്രഹം ശുദ്ധി വരുത്തി, പൂജാസ്ഥാനത്ത് ഇരുത്തി, ഇളനീർ, കള്ള് മുതലായവ വെച്ച് വ്രതമെടുത്ത അഞ്ചുപേർ, കൈയ്യിൽ പന്തവും ഏന്തി മണ്ഡലാകൃതിയിൽ പാട്ടുപാടി നൃത്തം വെയ്ക്കുന്നു. ഈ നൃത്തരൂപത്തെ സന്ധിയെന്നു പറയുന്നു. ഇവരിൽ പ്രധാനിയെ പരശുരാമൻ എന്നാണു വിളിക്കുക. ഇദ്ദേഹം തുടി കൊട്ടിക്കൊണ്ട് ഉച്ചത്തിൽ ചൊല്ലുന്ന സ്തോത്രം മറ്റുള്ളവർ ഏറ്റുചൊല്ലുന്നു. പൂജ കഴിഞ്ഞ് ഒരു പന്നിയെ പാചകം ചെയ്ത് മാംസം എല്ലാവരും ചേർന്ന് ഭക്ഷിക്കുന്നു. പന്നിബലി പ്രധാന ചടങ്ങായിട്ട് മറ്റൊരു പൂജയും മറാഠികൾക്കിടയിൽ ഉണ്ട്. ഇവിടെ പരശുരാമൻ എന്നു വിളിപ്പേരുള്ള പ്രധാന പൂജാരി പ്രസാദമായിട്ട് മഞ്ഞളും കുങ്കുമവും നൽകുന്നു.

വെള്ളിയാഴ്ച കൂടാതെ പ്രധാനതെയ്യങ്ങളോടൊപ്പവും ഇവർ ഈ പൂജ നടത്താറുണ്ട്. അതോടൊപ്പം ഗൊംദള പൂജ ചൊവ്വാഴ്ചയാണു നടത്തുന്നതെങ്കിൽ അതിനെ ആഗമപൂജ എന്നും പറയുന്നു. മുഖ്യപുരോഹിതർ ജൈനരോ ബ്രാഹ്മണരോ ആയാൽ ഈ പൂജയ്ക്ക് പന്നിയെ കൊല്ലാറില്ല, പകരം കുമ്പളങ്ങ മുറിച്ച് ചടങ്ങ് നിർവ്വഹിക്കുന്നു.

ഭൈരവ പൂജ

[തിരുത്തുക]

ഹൈന്ദവ വിശ്വാസപ്രകാരമുള്ള എല്ലാ ആരധനാക്രമങ്ങളും ഇവർ അനുഷ്ഠിച്ചു പോരുന്നുണ്ട്. ഇതോടൊപ്പം തന്നെ ഭൈരവ പൂജ, ഗുജൈ പൂജ, ഗുരുള പൂജ എന്നൊക്കെ അറിയപ്പെടുന്ന മറ്റൊരു പൂജ മറാഠികൾ നടത്തി വരാറുണ്ട്. പന്നിയെ ബലി നൽകലാണിതിലെ പ്രധാന ചടങ്ങ്. ഈ ചടങ്ങിൽ പൂജാരിയുടെ കാർമ്മികത്വത്തിൽ അഞ്ചു മുതൽ ഏഴുവരെ ആളുകൾ ചേർന്ന് വെളിച്ചപ്പാടോടുകൂടി കൈയ്യിൽ പന്തങ്ങൾ ഏന്തി രാത്രികാലത്താണിതു നടത്താറുള്ളത്. ഈ പൂജയിലൂടെ ദൈവത്തെ പ്രസാധിപ്പിക്കുവാൻ സാധിക്കുമെന്നും അങ്ങനെ പ്രസാദിച്ചാൽ മാരക രോഗങ്ങളിൽ നിന്നും മുക്തിയും ശാന്തിയും ലഭിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. മൃഗബലി നിയമം മൂലം നിരോധിച്ചതിനാൽ പ്രചരണം നടത്തി ഇന്നിത് ആഘോഷിക്കാറില്ല, പകരം അതീവ രഹസ്യമായാണു നടത്തുന്നത്.[5]

മറാഠികൾ മരിച്ചാൽ ശവം ദഹിപ്പിക്കുകയാണു പതിവ്. തുടർന്ന് പന്ത്രണ്ടു ദിവസം വീട്ടിൽ തെക്കുഭാഗത്ത് ഒരു കിണ്ടി വെള്ളവും, അന്നം കൊണ്ടുള്ള പിണ്ഡവും വെയ്ക്കുന്നു. മരിച്ച വ്യക്തിയുടെ ആത്മാവ് ഇത് സ്വീകരിക്കുന്നു എന്നാണു വിശ്വാസം. പന്ത്രണ്ടാം ദിവസം ശൂദ്ധീകരണത്തിനു ശേഷം സദ്യ തയ്യാറാക്കുന്നു. പിന്നീട് എല്ലാ അമാവാസി ദിവസങ്ങളിലും പരേതനു പിണ്ഡം വെയ്ക്കുന്ന പതിവുണ്ട്. മരണം കഴിഞ്ഞുള്ള സദ്യയ്ക്ക് (അടിയന്തരം) ഉണക്കലരി മാത്രമേ ഉപയോഗിക്കാറുള്ളൂ, ക്രിയ ചെയ്യുന്നയാൾ രാത്രി ഭക്ഷണം ഉപേക്ഷിക്കണം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 കാസർഗോഡ് ചരിത്രവും സമൂഹവും - പേജ് 53 - കാസർഗോഡ് ജില്ലാ പഞ്ചായത്ത് (ഡോ. സി. ബാലൻ)
  2. ബുക്ക്: കാസർഗോട്ടെ മറാഠികൾ ഭാഷയും സമൂഹവും - പേജ് നമ്പർ 28 - വി. അബ്ദുൾ ലത്തീഫ്
  3. ബുക്ക്: കാസർഗോട്ടെ മറാഠികൾ ഭാഷയും സമൂഹവും - പേജ് നമ്പർ 29 - വി. അബ്ദുൾ ലത്തീഫ്
  4. ബുക്ക്-കാസർഗോഡ് ചരിത്രവും സമൂഹവും - കാസർഗോഡ് ജില്ലാപഞ്ചായത്ത്
  5. കാസർഗോഡ് ചരിത്രവും സമൂഹവും - ജില്ലാ പഞ്ചായത്ത്


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https://ml.wikipedia.org/w/index.php?title=മറാഠികൾ_(കാസർഗോഡ്)&oldid=3090918" എന്ന താളിൽനിന്ന് ശേഖരിച്ചത്