മരമീടൻ
കാസർഗോഡ് ജില്ലയിൽ തുള്ളലിനോടൊത്ത് അവതരിപ്പിക്കുന്ന ഒരു കഥാപാത്രമാണ് മരമീടൻ. ദീർഘനേരം തുള്ളുന്നതിനിടയിൽ തുള്ളൽക്കാരനു വിശ്രമത്തിനും തുള്ളലിനു കണ്ണു കൊള്ളാതിരിക്കാനും വേണ്ടിയാണ് മരമീടൻ രംഗത്തുവരുന്നത് എന്നതാണ് സങ്കല്പം. തുള്ളൽ സംഘത്തിലെ ഒരംഗം തന്നെയാണ് മരമീടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മരം കൊണ്ട് നിർമ്മിച്ച മുഖമാണ് മരമീട്. ഇതിന് കുരങ്ങിന്റെയോ മറ്റോ രൂപമായിരിക്കും ഉണ്ടാകുക. ഇത് മുഖത്ത് കെട്ടുന്നതോടോപ്പം തന്നെ അരയിൽ ഒരു തുണി കോത്തുടുക്കുകയും ചെയ്യുന്നു. കൂടാതെ അരയിൽ മാവിന്റെയോ മറ്റോ തൂപ്പ് (ഇലകളുടെ കൂട്ടം) കെട്ടി ഞാത്തുന്നു. ഒരു കൈയ്യിൽ വടിയും മറുകൈയിൽ തൂപ്പുമായാണ് മരമീടന്റെ രംഗപ്രവേശം. ഏതാണ്ട് തുള്ളൽ പകുതിയാകുമ്പോഴാണ് മരമീടൻ അരങ്ങിലേക്ക് വരുന്നത്.
മരമീടൻ ആദ്യം തുള്ളൽക്കാരനെപോലെ അരങ്ങ് താളം ചവിട്ടുന്നു. ഈ സമയത്ത് തുള്ളൽക്കാരൻ അരങ്ങിൽ മറഞ്ഞ് നിന്ന് വിശ്രമിക്കുന്നു. മരമീടന്റെ ഗുരുവന്ദനം വളരെ രസകരമായ രീതിയിലാണ്. ഗുരുവന്ദനത്തിനു ശേഷം മരമീടൻ കാഴ്ച്ചക്കാരുടെ ഇടയിലേക്ക് നീങ്ങും. ധാരാളം പരിഹാസോക്തികൾ ആടിക്കൊണ്ടാണ് മരമീടന്റെ ആൾക്കാരുടെ ഇടയിലൂടെയുള്ള ചലനം. പ്രധാനമായും യുവജനങ്ങളേയും സ്ത്രീകളേയും പരിഹസിക്കുന്ന വരികളാണ് ചൊല്ലുക.
അവലംബം
[തിരുത്തുക]- പുസ്തകം - (കാസർഗോഡിന്റെ ചരിത്രവും സമൂഹവും) - കാസർഗോഡ് ജില്ലാ പഞ്ചായത്ത്