മരനായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മരനായ
Nilgiri marten by N A Nazeer.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. gwatkinsii
Binomial name
Martes gwatkinsii
(Horsfield, 1851)
Nilgiri Marten area.png
Nilgiri marten range

ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലുമായി കാണപ്പെടുന്ന ഒരു അപൂർവ്വ തദ്ദേശീയ ജീവിയാണ് മരനായ[2] അഥവാ കറുംവെരുക്. ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശ ഭീഷണിയുള്ള ജീവിയാണിത്. ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഐ.യു.സി.എൻ. കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇരവികുളം ദേശീയോദ്യാനത്തിലും ചിന്നാർ വന്യജീവി സങ്കേതത്തിലുമാണ് മരനായകളെ പ്രധാനമായും കണ്ടുവരുന്നത്. കറുംവെരുക് എന്നാണ് മലയാളത്തിൽ വിളിച്ചിരുന്നതെങ്കിലും തമിഴ് പേരായ മരനായ എന്നാണ് ഈ ജീവിയെ കുറിക്കാൻ ഇന്ന് പരക്കെ ഉപയോഗിക്കുന്നത്. കീരിവർഗ്ഗത്തിൽ പെടുന്ന ഈ ജീവികളുടെ അടുത്ത ബന്ധുക്കൾ ഹിമാലയൻ യെല്ലോ ത്രോട്ടഡ് മാർട്ടൻ ആണ്[3]. മരനായ 1972-ലെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം പട്ടിക രണ്ടിന്റെ ഭാഗം രണ്ടിൽ സംരക്ഷിക്കപ്പെട്ട ജീവിയാണ്, സൈറ്റ്സിന്റെ (Convention on International trade in Endangered Species - CITES) അനുബന്ധം 3 പ്രകാരം ഇവയുടെ വിൽപ്പനയും നിരോധിച്ചിരിക്കുന്നു[4]. എന്നിരുന്നാലും ആവാസവ്യവസ്ഥയുടെ നാശം ഇന്നും ഈ ജീവി നേരിടുന്ന പ്രധാന പ്രശ്നമാണ്.

പ്രത്യേകതകൾ[തിരുത്തുക]

രൂപരേഖ

തലമുതൽ വാലിന്റെ അഗ്രം വരെ ഒരു മീറ്ററിലധികം നീളമുണ്ടാകും. വാലിനു മാത്രം 40 സെ.മീ മുതൽ 50 സെ.മീ. വ നീളമുണ്ടാകാറുണ്ട്. രണ്ട്-മൂന്നു കിലോഗ്രാം ഭാരമുണ്ടാകും.തലയ്ക്കും ഉടലിനും തവിട്ടോ തവിട്ടുകലർന്ന കറുപ്പോ നിറമായിരിക്കും. കീഴ്‌‌ത്താടി കഴുത്തുവരെ തൂവെള്ള നിറവും കഴുത്തും നെഞ്ചിന്റെ തുടക്കവും മുൻകാലുകളുടെ പകുതി വരെയും ഓറഞ്ചുനിറവും ആയിരിക്കും. മൂക്കും ചുണ്ടും ചുവപ്പുനിറത്തിലായിരിക്കും. തലയിൽ നെറ്റിയുടെ മദ്ധ്യത്തിലായി ചെറിയൊരു കുഴി കാണാവുന്നതാണ്. ഹിമാലയൻ യെല്ലോ ത്രോട്ടഡ് മാർട്ടനുമായുള്ള പ്രധാന വ്യത്യാസം നെറ്റിയിലെ ഈ കുഴിയും മരനായയ്ക്കുള്ള അൽപം വലിപ്പക്കൂടുതലുമാണ്[5]. കാണാനേറെ ഭംഗിയുള്ള ഈ ജീവികൾ പക്ഷേ അപൂർവ്വമായേ മനുഷ്യരുടെ മുന്നിൽ വരാറുള്ളു. മരങ്ങളുടെ മുകളിലാണു സാധാരണ കാണാറെങ്കിലും ഭൂമിയിൽ ഇറങ്ങി നടക്കുന്ന സ്വഭാവവുമുണ്ട്. പഴങ്ങളും, ഇലകളും, ചെറുജീവികളുമാണ് പ്രധാന ഭക്ഷണം. മരനായകൾ സസ്തനികളാണ്. വേട്ടക്കാർ നൽകിയ വിവരങ്ങളനുസരിച്ച് 2 കിലോഗ്രാം ഭാരമുണ്ടാകും[6]. ഏകദേശം സമാനമായ നിറവും വലിപ്പവുമായതിനാൽ മലയണ്ണാനുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്[6].

ആവാസവ്യവസ്ഥ[തിരുത്തുക]

പശ്ചിമഘട്ടത്തിന്റെ കുടക് മുതലുള്ള ദക്ഷിണഭാഗങ്ങളിലും നീലഗിരി ജൈവമണ്ഡലത്തിലുമായാണ് മരനായയെ സാധാരണ കാണുന്നത്. പുൽമേടുകൾ, ചോലവനങ്ങൾ, ഇലപൊഴിയും കാടുകൾ, നിത്യഹരിത വനങ്ങൾ എന്നിവിടങ്ങളിൽ കാണാറുണ്ടെന്ന് പറയപ്പെടുന്നു[5]. എന്നാൽ, കർണ്ണാടകയിൽ ഇലപൊഴിയും കാടുകളിലും പുൽമേടുകളിലുമായി നടന്ന വിദഗ്ദ്ധ പരിശോധനയിൽ ആ പ്രദേശങ്ങളിലുണ്ടെന്നുള്ളതിനുള്ള തെളിവൊന്നും കിട്ടിയില്ല[6]. സാധാരണ, സമുദ്രനിരപ്പിൽ നിന്നും മുന്നൂറു മുതൽ ആയിരത്തി ഇരുനൂറു മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ ആർദ്ര മഴക്കാടുകളിലാണിവ കാണപ്പെടുന്നത്. ചിന്നാറിൽ ചോലവനങ്ങളിൽ കാണപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ഉയരം കൂടിയ പ്രദേശങ്ങളിലെ ഏലം, കാപ്പി തോട്ടങ്ങളിലും എത്തിപ്പെടാറുണ്ടെന്നു പറയപ്പെടുന്നു. ഭദ്രാക്ഷം (Elaecarpus - അമ്മക്കാരം) മരത്തിന്റെ പൊത്തുകളിൽ ഒന്നിലധികം പ്രദേശങ്ങളിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്[6]. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല, മുക്കുരുതി ദേശീയോദ്യാനം, പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം, സൈലന്റ്‌‌വാലി ദേശീയോദ്യാനം, ഷോളയാർ, അപ്പർ ഭവാനി, ബ്രഹ്മഗിരി, കളക്കാട്-മുണ്ടന്തുരുത്തി കടുവ സംരക്ഷിത പ്രദേശം, ശ്രീവല്ലിപുതൂർ വന്യജീവി സങ്കേതം, പെരിയാർ കടുവ സംരക്ഷിത പ്രദേശം തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു[6]. 2012-ൽ ഷോളയാറിൽ മരനായയെ കാണുകയും ചിത്രമെടുക്കുകയും ചെയ്തിട്ടുണ്ട്[7]. ഈ ജീവിയെ കണ്ടെത്താൻ തന്നെ വളരെ ബുദ്ധിമുട്ടുള്ളതിനാൽ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Choudhury, A.; Wozencraft, C.; Muddapa, D.; Yonzon, P. (2008). "Martes gwatkinsii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 21 മാർച്ച് 2009. {{cite web}}: Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Database entry includes a brief justification of why this species is of vulnerable
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. "Shola Forests" (ഭാഷ: ഇംഗ്ലീഷ്). Nilgiritahr.info. മൂലതാളിൽ നിന്നും 2009-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009 ഒക്ടോബർ 1. {{cite web}}: Check date values in: |accessdate= (help)
  4. S.A. Hussain. "Mustelids, Viverrids and Herpestids of India: Species Profile and Conservation Status" (ഭാഷ: ഇംഗ്ലീഷ്). Wildlife Institute of India. ശേഖരിച്ചത് 2009 ഡിസംബർ 09. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "Mammals" (ഭാഷ: ഇംഗ്ലീഷ്). Parambikkulam.org. ശേഖരിച്ചത് 2009 ഒക്ടോബർ 01. {{cite web}}: Check date values in: |accessdate= (help)
  6. 6.0 6.1 6.2 6.3 6.4 പി. ബാലകൃഷ്ണൻ. "Recent sightings and habitat characteristics of the endemic Nilgiri Marten Martes gwatkinsii in Western Ghats, India" (പി.ഡി.എഫ്.) (ഭാഷ: ഇംഗ്ലീഷ്). silentvalley.gov.in/. ശേഖരിച്ചത് 2009 ഡിസംബർ 09. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  7. പി.കെ. ജയചന്ദ്രൻ (2012 സെപ്റ്റംബർ 29). "അപൂർവ മരനായ ഷോളയാറിൽ". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 ഡിസംബർ 24. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരനായ&oldid=3672569" എന്ന താളിൽനിന്ന് ശേഖരിച്ചത്