മമ്മാലി മരയ്ക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദലി(മമ്മാലി)മരയ്ക്കാർ
Nicknameമമ്മാലി
മരണം1505
കൊടുങ്ങല്ലൂർ കൊച്ചി രാജ്യം
ജോലിക്കാലം1500 –05
യൂനിറ്റ്മരയ്ക്കാർ സൈന്യം
Commands held
നാവിക പോരാളി (മരയ്ക്കാർ സേന)

പതിനാറാം നൂറ്റാണ്ടിൽ മലയാള തീരരാജ്യങ്ങൾക്ക് നേരെ നടന്ന പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പൊരുതിയ നാവിക പോരാളിയാണ് മമ്മാലി മരയ്ക്കാർ. പിൽകാലത്ത് പുകഴ്പെറ്റ കുഞ്ഞാലി മരയ്ക്കാർ എന്ന നാവിക സേനാധിപന്മാരുടെ ആരംഭം മമ്മാലി മരയ്ക്കാറിലൂടെയായിരുന്നു. [1]

പിന്നാമ്പുറം[തിരുത്തുക]

1500ലെ മലയാള രാജ്യങ്ങളും തുറമുഖങ്ങളും (പറങ്കി സൗഹൃദ രാജ്യങ്ങൾ (ചുവപ്പ്) പ്രതികൂലം (പച്ച )

കൊച്ചി രാജ്യത്തെ കൊച്ചങ്ങാടിയിലായിരുന്നു മമ്മാലി മരയ്ക്കാറിൻറെ വളർച്ച. പൂർണ്ണ നാമം മുഹമ്മദ് അലി മരയ്ക്കാർ. കൊച്ചി രാജ്യത്തിലെ പ്രമുഖ വ്യവസായികളായിരുന്ന മരയ്ക്കാന്മാരോട് കൊച്ചി രാജാവിന് അപ്രീതിയുണ്ടായിരുന്നു കൊച്ചി- സാമൂതിരി യുദ്ധത്തിൽ സാമൂതിരിക്ക് അനുകൂലമായി വർത്തിച്ചു എന്ന അവിശ്വാസമായിരുന്നു ഇതിനു കാരണം. കൊച്ചി രാജ്യത്തിൽ പോർച്ചുഗീസുകാർ കടന്നു വരികയും വ്യാപാര കുത്തക കൈയിലെടുക്കുകയുമുണ്ടായതോടെ സാമൂതിരിയുടെ മേധാവിത്യം കൊച്ചി രാജാവ് തള്ളി കളഞ്ഞു. [2]

അറബി കടലിൻറെ പരമാധികാരിയായി ഗാമ സ്വയം പ്രഖ്യാപിച്ചു [3] നവംബറിൽ കൊച്ചി സഹായത്തോടെ കപ്പിത്താൻ ജോആവോഡിനോവയുടെ നേതൃത്വത്തിൽ പൊന്നാനി ആക്രമിച്ച പോർച്ചുഗീസ് പട്ടാളം കിരാതവാഴ്ച നടത്തി. 1502 ഇൽ കോഴിക്കോട്ടെ തീർത്ഥാടക കപ്പലിനെ വാസ്കോഡി ഗാമയുടെ നേതൃത്വത്തിലുള്ള പറങ്കി സൈന്യം അറക്കൽ തീരത്ത് വെച്ച് ആക്രമിച്ചു. ഹജ്ജ് കർമ്മം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീകളും, കുട്ടികളും അടങ്ങുന്ന നാനൂറോളം ആളുകളെ ഗാമയും കൂട്ടരും തീ വെച്ച് കൊന്നു. ഏഴിമല കപ്പൽ ആക്രമണം അറിഞ്ഞ സാമൂതിരി ക്ഷുഭിതനായി. തന്റെ രാജ്യത്തെ കപ്പൽ ആക്രമിച്ചതും, രാജ്യനിവാസികളെ കൊന്നൊടുക്കിയതും അദ്ദേഹത്തെ വ്യാകുലപ്പെടുത്തി. [4] അക്രമങ്ങൾ തുടർകഥയാക്കി കോഴിക്കോട് തുറമുഖവും ഗാമ ആക്രമിച്ചു. 25കപ്പലുകൾ കൊള്ളയടിക്കുകയും 800 പേരെ കൊലപ്പെടുത്തുകയും മരണപ്പെട്ടവരുടെ കൈകാലുകളും, തലയും ഛേദിച്ചു ഇലയിൽ പൊതിഞ്ഞു 'കറിവെക്കുവാനുള്ള കൂട്ട്' എന്നെഴുതി സാമൂതിരിക്ക് സമ്മാനമായി കൊടുത്തയക്കുകയുമുണ്ടായി. [5] [6] സാമൂതിരിയുടെ ബ്രാഹ്മണ നയതന്ത്ര പ്രതിനിധിയുടെ ചെവിയരിഞ്ഞു പകരം നായയുടെ ചെവിയും വെച്ച് നൽകി. [7]

ഗാമയെ നേരിടാൻ കാസിം കോയ കാലികുത്തിയുടെ കീഴിലുള്ള നാവിക സൈന്യത്തിന് സാമൂതിരി അനുവാദം നൽകി. ചെറിയ നൗകകൾ മാത്രമുണ്ടായിരുന്ന കാസിമിന്റെ സൈന്യത്തിന് ചെങ്കടലിലെ വ്യാപാരപ്രമുഖൻ ഹോജ ആംബർ വലിയ നൗകകൾ നൽകി സഹായിച്ചു. അറബി കടലിൽ തമ്പടിച്ചിരുന്ന ഗാമയെ ലക്ഷ്യമാക്കി കാസിമും സംഘവും യുദ്ധ നീക്കം നടത്തി. വേഗതയേറിയ കോഴിക്കോടിന്റെ ചെറു നൗകകളെയും, മിന്നൽ നീക്കങ്ങളെയും പ്രതിരോധിക്കുവാൻ കഴിയാത്തിടത്തോളം കാസിമുമായുള്ള ഏറ്റുമുട്ടലിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ഗാമ യൂറോപ്പിലേക്ക് രക്ഷപ്പെട്ടു. [8] 1503 ഇൽ പറങ്കികളെ ലക്ഷ്യമാക്കി കൊച്ചിയിലേക്ക് സാമൂതിരി സൈന്യം സൈനിക നടപടി നടത്തി. മൂന്നു വഞ്ചി നിറയെ പൊന്നാനി യോദ്ധാക്കളും, മഖ്ദൂമിൻറെ ആജ്ഞ അനുസരിച്ചു വെളിയംകോട്, പന്തലായിനി, കക്കാട് എന്നിവിടങ്ങളിൽ നിന്നും ഏഴ് വഞ്ചി പ്രാദേശിക പോരാളികളും സാമൂതിരി സൈന്യത്തോടൊപ്പം ആക്രമണത്തിൽ പങ്കുചേർന്നു. [9] [10] സാമൂതിരിയുടെ നായർ പട കരയുദ്ധം നയിച്ചു കൊച്ചി പട്ടാളവുമായി ഏറ്റുമുട്ടിയപ്പോൾ കാസിമിൻറെ കീഴിൽ മാപ്പിള പോരാളികൾ അൽമേഡയുടെ പറങ്കി പടയെ കൊച്ചിയിൽ വെച്ചു ആക്രമിച്ചു, കൊച്ചിയിലെ മുസ്ലിങ്ങളുടെ നേതാക്കളും വ്യാപാര പ്രമുഖ രുമായ ഇസ്മായേൽ മരയ്ക്കാർ, മമ്മാലി മരക്കാർ, ഇബ്രാഹിം മരക്കാർ തുടങ്ങിയവരുടെ സഹായവും സാമൂതിരി സേനക്ക് ലഭിച്ചു. [11]

മാപ്പിളമാരുമായുള്ള യുദ്ധം ക്രൂരവും കരുണ ഇല്ലാത്തതുമാണ്. അവർ അത്യന്തം ധീരരും കീഴടങ്ങുന്നതിനേക്കാൾ മരണത്തിന് പ്രാമുഖ്യം നൽകുന്നവരുമാണ്.

ഫ്രാങ്കോയിസ് പിരാൾഡ് [12]

യുദ്ധത്തിൽ കോഴിക്കോട് സൈന്യത്തിനായിരുന്നു വിജയം. ആസ്ഥാനങ്ങളും, പറങ്കി കപ്പലുകളും നശിപ്പിക്കപ്പെട്ടതോടെ ഇടപ്പള്ളി, വൈപ്പിൻ പ്രദേശങ്ങളിൽ നടന്ന കരയുദ്ധത്തിൽനിന്നും പോർച്ചുഗീസ് സൈന്യം തോറ്റോടുകയും കൊച്ചിയിലെ പറങ്കി നിഗ്രഹത്തിനു ശേഷം ഗാമയും സംഘവും പിന്തിരിഞ്ഞതോടെ പോർച്ചുഗീസുകാരുടെ അധിനിവേശ ശ്രമങ്ങൾക്ക് തൽക്കാലം വിരാമമായി. ഇതോടെ ഒറ്റപ്പെട്ട കൊച്ചി സൈന്യം നാമാവേശമാകുകയും മൂന്നോളം രാജകുമാരന്മാർ അടക്കം കൊച്ചി സൈന്യത്തിലെ പ്രബലമാർ കൊല്ലപ്പെടുകയും കൊച്ചി രാജാവ് പാലായനം ചെയ്യുകയുമുണ്ടായി. മഴ ശക്തിയായതിനെ തുടർന്ന് സൈനിക നീക്കം നിർത്തി വെച്ച് സാമൂതിരി സൈന്യം പിൻവാങ്ങി.[13] 1504 ഇൽ ഉയർന്ന സൈനിക സജ്ജീകരണങ്ങളോടെ 14 കപ്പലുകളിലായി ലോപോ സോറസിൻറെ നേതൃത്വത്തിലെത്തിൽ പറങ്കികൾ മടങ്ങിയെത്തി. അത്യാധുനിക ആയുധങ്ങളുമായി അവർ കൊച്ചി രാജാവിന് പിന്തുണയേകി [14]

നായർ പടയാളികൾക്കൊപ്പം കൊച്ചി രാജാവിൻറെ എഴുന്നള്ളത്ത്

ക്രാങ്കന്നൂരും, ചേറ്റുവായും സാമൂതിരിയിൽ നിന്നും പറങ്കികൾ പിടിച്ചെടുത്തു ഒട്ടേറെ കപ്പലുകൾ കത്തിച്ചു. സാമൂതിരിക്ക് കനത്ത ആൾ നാശമാണ് ആ വർഷം സമ്മാനിച്ചത്. പോർച്ചുഗീസുകാരെ എതിരിട്ട് കണ്ണൂരിലും, കൊച്ചിയിലുമായി 3000 മുസ്ലീം യോദ്ധാക്കൾ ആ വർഷം മാത്രം രക്ത സാക്ഷിത്വം വരിച്ചു. [15] ഏകദേശം പത്തൊമ്പതിനായിരത്തോളം സാമൂതിരി ഭടന്മാരെ പോർച്ചുഗീസ് സഹായത്തോടെ കൊച്ചിയുടെ കാലാൾ പട കൊന്നുതള്ളി. [16] അറബി കടലിലെയും, ഇന്ത്യൻ മഹാസമുദ്രത്തിലെയും അധിനിവേശ നീക്കങ്ങൾക്ക് ശക്തിയേകി കൊച്ചി രാജാവിൻറെ സഹായത്തോടെ ആദ്യ പോർച്ചുഗീസ് കോട്ട (ഇമ്മാനുവൽ കോട്ട) കൊച്ചിയിലുയർന്നു . [17] [18]

മരയ്ക്കാർ കുടുംബാഗമനം[തിരുത്തുക]

കൊച്ചിയിൽ അധികാരം തിരികെ വന്നതോടെ സാമൂതിരിയെ സഹായിച്ച മരക്കാമാർ വേട്ടയാടപ്പെട്ടു. പറങ്കികൾ ചരക്കുകൾക്ക് വില നൽകാതെ ഭീഷണിപ്പെടുത്തുകയും കടൽ മാർഗ്ഗമുള്ള മറ്റ് ചരക്ക് നീക്കങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തതോടെ മരയ്ക്കാർ കുടുംബം സാമൂതിരി നെടിയിരുപ്പിൽ പെട്ട പൊന്നാനിയിലേക്ക് താമസം മാറ്റി. ഖാദിരിയ്യ ആത്മീയ മാർഗ്ഗം പിന്തുടർന്നിരുന്ന മരക്കാന്മാരുടെ ആത്മീയ ഗുരുക്കന്മാരായിരുന്ന മഖ്ദൂം കുടുംബം കൊച്ചി രാജ്യത്തിൽ നിന്നും കോഴിക്കോട് രാജ്യത്തിലെ പൊന്നാനിയിലേക്ക് മുൻപേ തന്നെ താമസം മാറ്റിരുന്നു. [19] കോഴിക്കോട് രാജ്യാധിപൻ സാമൂതിരി വസിച്ചിരുന്ന രണ്ടാം കോവിലകമായിരുന്ന തൃക്കാവ് കോവിലകം പൊന്നാനിയിലായിരുന്നു ഇതായിരിക്കാം മമ്മാലി മരക്കാർ പൊന്നാനി തിരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ടാവുക. മരക്കാമാരുടെ മുലകുടുംബം പൊന്നാനിയിലായിരുന്നതിനാലാണ് മടക്കമെന്നു നിരീക്ഷിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്. [20]

തൃക്കാവ് കോവിലകത്തിനും, സാമൂതിരി ഏറാൾപ്പാടിൻറെ വൈരനെല്ലൂർ കോവിലകത്തിനും അര നാഴിക ദൂര ചുറ്റളവിലാണ് മഖ്ദൂം ഭവനമായ പഴയകം തറവാട്. ഇതിനടുത്ത് തന്നെയാണ് മരക്കാർ കുടുംബത്തിനും വാസസ്ഥലമൊരുക്കിയിരുന്നത്. സാമൂതിരിയും, മഖ്ദൂമുമാരും,മരയ്ക്കാന്മാരും തമ്മിലുള്ള ആത്മബന്ധമാണ് ഇത് വരച്ചു കാട്ടുന്നത്. [21] ഹൈന്ദവർ കടൽ യാത്ര മതനിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത് ഒരു നാവിക സേന വിന്യാസം മലയാള രാജ്യങ്ങൾക്ക് അപ്രാപ്യമായിരുന്നു. കടൽ വഴിയുള്ള പോർച്ചുഗീസ് അതിക്രമങ്ങളെ തടയിടുക എന്നത് സാമൂതിരിക്കും വെല്ലുവിളിയായി മാറിയിരുന്നതിനാൽ സൈനുദ്ദീൻ മഖ്ദൂമുമായി ആശങ്ക സാമൂതിരി പങ്കു വെച്ചിരുന്നു. [22]ഈ ഘട്ടത്തിലാണ് മഖ്ദൂമിൻറെ നിർദ്ദേശാനുസരണം മമ്മാലി, കുഞ്ഞാലി, ഇബ്രാഹിം മരയ്ക്കാർ എന്നിവർ സാമൂതിരിയെ മുഖം കാട്ടുന്നതും തങ്ങളുടെ ഉയിരും, ഉടലും, നൗകകളും കോഴിക്കോട് രാജ്യം കാക്കാൻ സമർപ്പിക്കാമെന്ന് വാക്ക് നൽകുന്നതും. [23] [24] മരയ്ക്കാന്മാരുടെ ഉശിരും രണപാടവവും അറിയുന്ന സാമൂതിരി സഹർഷം ആ വാഗ്ദാനം സ്വീകരിച്ചു. പതിനാറാം നൂറ്റാണ്ടിലെ ലോക നാവിക ശക്തിയായ പോർച്ചുഗീസ് കടൽ പടയെ ഒരു നൂറ്റാണ്ട് കാലം വിറകൊള്ളിച്ച പോരാളിവീരന്മാരുടെ കുതിപ്പിനായിരുന്നു പിന്നീട് കടൽതിരമാലകൾ സാക്ഷ്യം വഹിച്ചത്. [25] എതിരാളികളുടെ രക്തം വീഴ്ത്തി ആഹ്ലാദിച്ചിരുന്ന പറങ്കികൾ സ്വന്തം രക്തം നോക്കി കരയേണ്ട ഗതികേടിലേക്ക് കാര്യങ്ങൾ പിന്നീട് മാറി മറിഞ്ഞു. അറബിക്കടൽ അടക്കി ഭരിച്ച സിംഹ കൂട്ടങ്ങളായി മരയ്ക്കാന്മാർ അവതാരമെടുത്തു.

മരണം[തിരുത്തുക]

1505 അൽമേഡയും സൈന്യവും ഉപയോഗിച്ച കപ്പലുകൾ

1505 അവസാനം ക്രാങ്കന്നൂരിൽ (കൊടുങ്ങലൂർ) പോർച്ചുഗീസ് സൈന്യവുമായുള്ള യുദ്ധത്തിൽ ആണ് മമ്മാലി മരക്കാർ കൊല്ലപ്പെടുന്നത്. ലോപോ സോറസിൻറെ കീഴിലുള്ള പറങ്കി സൈന്യത്തെ ആക്രമിച്ചു പ്രദേശം തിരിച്ചു പിടിക്കാനുള്ള യുദ്ധത്തിലെ ആദ്യഘട്ടത്തിൽ മുന്നേറാനായെങ്കിലും അവസാന ഘട്ടത്തിൽ അൽഫോൺസോ അൽബുക്കർക്കിൻറെ പോർച്ചുഗീസ് പോഷക സൈന്യാഗമനവും, കോഴിക്കോട് പോഷക സൈന്യത്തിൻറെ അഭാവവും മമ്മാലി മരയ്ക്കാരെ വീരമൃതുവിനിരയാക്കി. രണ്ട് പുത്രന്മാരുൾപ്പെടെയുള്ള മുഴുവൻ പടയാളികളും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടു. മമ്മാലി മരയ്ക്കാർക്ക് ശേഷം കുട്ടി അഹ്‌മദ്‌ അലി (കുഞ്ഞാലി) മരയ്ക്കാർ കോഴിക്കോട് നാവിക സേനാധിപനായി അവരോധിക്കപ്പെട്ടു. ഇദ്ദേഹമാണ് ചരിത്രപ്രസിദ്ധനായ കുഞ്ഞാലി ഒന്നാമൻ [26]

ഇവ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

 1. Ibrahim Kunju. A.P Mappila Muslims of Kerala, Trivandrum, (1 989) P.48
 2. Dr.K.K N Kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchali marakkars, Calicut university central co – operative stores Ltd . No:4347 Calicut university 2000.P.57
 3. K.M. Panikkar,India Through the Ages,Delhi, 1985, p.22.1501
 4. M.G.S Narayanan, Calicut : The City of Truth Revisited, University of Calicut, 2006, P 211
 5. K.V. Krishna Ayyar, Zamorins of Calicut: From the earliest times to A D 1806. Calicut: Norman Printing Bureau, 1938 (1938), p.183,
 6. William Wilson Hunter Wiliam. A History of British India,(1972), p.IOO.
 7. F. C. Danvers, The Portuguese in India, Vol. 1, op.cit., p. 85
 8. the arrivals of europeans p41
 9. Logan, malabar manual., Volume I, p. 3 14.
 10. Sheikh Zainudhin, Tuhfat al mujahidin, trans S. Muhammad Husayn Nainar. Kuala Lumpur / Kozhikode: Islamic Book Trust / Other Books, 2006 p. 56
 11. K.M. Panikkar, / A history of Kerala, 1498-1801 / Annamalainagar : Annamalai University, p.60
 12. second volume Voyage de Pyrard de Laval aux Indes orientales NomaniQ1
 13. O.K. Nambiar,The Kunjalis, Admirals of Calicut , Bombay, 1963, p.45
 14. Robert Sewell, Robert Sewell,A Forgotten Empire, New Delhi, 1982, (1982), p.92.
 15. Ronald E. Miller, Mappila Muslims of Kerala, Madras, 1976 , p. 67.
 16. O.K. Nambiar, ,The Kunjalis, Admirals of Calicut , (1963), p.45
 17. A. Sreedhara Menon, Kerala district gazetteer-kozhicode,trivandrum ., (1972), p.181.
 18. ചരിത്രത്തിന്റെ അറിവടയാളങ്ങള്/ മാതൃഭൂമി വിദ്യ/ Jul 17, 2017
 19. Hussain Randathani, Makhdumum Ponnaniyum, Ponnani, 2010, p. 6
 20. K.V. Krishna Iyyer - The Zamorins of Calicut, University of Calicut, 1999 (1938)
 21. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchali marakkars, Calicut university central co – operative stores Ltd . No:4347 Calicut university, 2000. P58
 22. C. Gopalan Nair, 'Malayalathile Mappilamar', reproduced, T. Abdul Aziz in Chandrika Weekly, 1994 July 23 p
 23. Murkot Ramunny Ezhimala: The Abode of the Naval Academy 4.11rise of admiral kunjali marakkar and his naval exploits p 39.
 24. Ibrahim Kunju. A.P Mappila Muslims of Kerala Trivandrum, (1989) P.48
 25. K.K.N.Kurup & K.M.Mathew, Native Resistance against rhe Ponuguese-The Saga of Kunjali Marakkars(Calicut: Calicut University, 2000), pp. 55-56.
 26. O.K. Nambiar,The Kunjalis, Admirals of Calicut , p.45
"https://ml.wikipedia.org/w/index.php?title=മമ്മാലി_മരയ്ക്കാർ&oldid=4020621" എന്ന താളിൽനിന്ന് ശേഖരിച്ചത്