മമ്പാട്
മമ്പാട് Mampad | |
---|---|
പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
• ഭരണസമിതി | മമ്പാട് ഗ്രാമപഞ്ചായത്ത് |
• ആകെ | 67.93 ച.കി.മീ.(26.23 ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Telephone code | 04931 |
വാഹന റെജിസ്ട്രേഷൻ | KL-71 |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മമ്പാട്. വണ്ടൂർ നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന ഈ സ്ഥലത്തേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും 33 കിലോമീറ്റർ ദൂരമാണുള്ളത്. എം.ഇ.എസ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[1]
ചരിത്രം
[തിരുത്തുക]1962 ജനുവരി ഒന്നിനാണ് മമ്പാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. വില്യം ലോഗൻ ഒരു നൂറ്റാണ്ടു മുമ്പെഴുതിയ, “മലബാർ മാനുവൽ” എന്ന ചരിത്രഗ്രന്ഥത്തിലെ 9-ാം പേജിൽ, ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാടിനെപ്പറ്റി, ഏത് കടുത്ത വരൾച്ചയിലും ഒട്ടകമുതുകിന്റെ തണലിൽ വിശ്രമിക്കുന്ന പ്രദേശമെന്ന് വിശേഷിപ്പിക്കുന്നു. പ്രസിദ്ധ ഉരുനിർമ്മാണ കേന്ദ്രമായ ബേപ്പൂർ തുറമുഖത്തേക്കും ഏഷ്യയിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രമായ കല്ലായിയിലേക്കും ആവശ്യമായ മേൽത്തരം മരത്തടികൾ മമ്പാട് നിന്ന് എത്തിച്ചിരുന്നു.മമ്പാടിന്റെ ജലാതിർത്തിയിലുണ്ടായിരുന്ന കുഴിക്കയം എന്ന സ്ഥലത്തു വച്ചായിരുന്നു നിലമ്പൂർ വനങ്ങളിലെ മരങ്ങളും വനസമ്പത്തുകളും അളന്ന് തിട്ടപ്പെടുത്തുകയും ചാപ്പയടിക്കലെന്ന ഔദ്യോഗിക മുദ്ര വെച്ചിരുന്നുത്.
മത സൌഹാർദ്ദ രംഗത്ത് മികച്ച മാതൃകകളും ചരിത്രത്തിൽ കാണാം. മമ്പാട്ടെ ആദ്യമുസ്ലിം പള്ളിയുടെ ചരിത്രം ഇതിനുദാഹരണമാണ്. ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ഇവിടെയുള്ള മുസ്ളീങ്ങൾക്ക് ഒരു പ്രാർത്ഥനാലയത്തിനുള്ള സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ദൌത്യസംഘം ടിപ്പുവിനെ സമീപിച്ചു. അദ്ദേഹം പള്ളിക്കാവശ്യമായ സ്ഥലം നിർണ്ണയിച്ചു നൽകുന്നതിനുവേണ്ടി പ്രസിദ്ധമായ നിലമ്പൂർ കോവിലകം വലിയ തമ്പുരാന് ഒരു ഔദ്യേഗിക കത്ത് നൽകുകയാണുണ്ടായത്. പടയോട്ടം കഴിഞ്ഞ് താൻ തിരിച്ചുപോയാലും പ്രസ്തുത പള്ളിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ടിപ്പുവിന്റെ ദീർഘവീക്ഷണമായിരുന്നു ഈ കത്ത് നൽകിയതിന്റെ പിന്നിൽ. കോവിലകം വലിയ തമ്പുരാന്റെ നിർദ്ദേശമനുസരിച്ച് മമ്പാട് അങ്ങാടിക്ക് സമീപം പുഴവക്കിനോട് ചേർന്ന സ്ഥലം മുസ്ളീങ്ങൾക്കു നൽകുകയും ചെറുപള്ളി എന്നറിയപ്പെടുന്ന പ്രാർത്ഥനാലയം നിർമ്മിക്കപ്പെടുകയും ചെയ്തു. മമ്പുറം തങ്ങളുടെ കുടുംബത്തിൽ പെട്ട സെയ്യിദ് സീതി തങ്ങളുടെ ഖബറിടം ഇവിടെയാണ്.അക്കാലത്ത് നിലമ്പൂർകോവിലകം, നടുവത്ത് മന എന്നിവയുടെ സംരക്ഷണത്തിന് ഈ ഗ്രാമത്തിലെ മുസ്ളീങ്ങൾ തന്ന മുന്നിട്ടിറങ്ങി എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും പ്രവർത്തനങ്ങൾ ഇവിടെ സജീവമായിരുന്നു.വാഗൺ ട്രാജഡിയിൽ രക്തസാക്ഷിത്വം വരിച്ച 35 പേരിൽ ഒരാൾ മമ്പാട്ടുകാരനായ കൂലിവേല ചെയ്തു ജീവിച്ചിരുന്ന ഇല്ലിക്കൽ ഹൈദ്രു എന്ന വ്യക്തിയായിരുന്നു.
മമ്പാടിൻറെ സാസ്കാരിക ചരിത്രം ശ്രദ്ധേയമാണ്. ഗോളശാസ്ത്രത്തിൽ അഗ്രഗണ്യനായിരുന്ന ഖാസിയാരത്ത് പൂക്കോയതങ്ങൾ, പണ്ഡിതനായ കെ.പി.കെ.തങ്ങൾ, സങ്കീർണ്ണമായ മനശ്ശാസ്ത്രവിഷയങ്ങൾ ലളിതമായ മലയാളത്തിൽ വാരികകളിലൂടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്ന പി.കുഞ്ഞാലൻ (പി.കെ.മമ്പാട്), പൊതുനാടക കലാരംഗത്തു പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യത്തെ മുസ്ളീം വനിതയായ നിലമ്പൂർ ആയിഷ ജനിച്ചത് മമ്പാടായിരുന്നു.1959-ൽ സ്ഥാപിതമായ മമ്പാട് യൂത്ത്സ് അസോസിയേഷൻ ലൈബ്രറി ആന്റ് വായനശാലയാണ് മമ്പാട്ടെ ആദ്യത്തെ ഗ്രന്ഥശാല. മാപ്പിളകലകൾ സജീവമായിരുന്ന നാടുകൂടിയാരുന്നു മമ്പാട്. [2]
അതിരുകൾ
[തിരുത്തുക]- വണ്ടൂർ
- നിലംബൂർ
- എടവണ്ണ
കാർഷിക രംഗം
[തിരുത്തുക]നെല്ലാണ് പ്രധാന കാർഷിക വിള. കുന്നുകൾക്കിടയിൽ പരന്നുകിടക്കുന്ന സമതലങ്ങളിലാണ് നെല്ല് കൃഷി ചെയ്യുന്നത്. നെൽകൃഷി കഴിച്ചുള്ള ബാക്കി മിക്കവാറും സ്ഥലങ്ങളിലും കശുമാവ് കൃഷി ചെയ്തുപോന്നു. തെങ്ങ്, വാഴ, കപ്പ, കമു തുടങ്ങിയവയും ഇവിടെ കൃഷി ചെയ്തു വരുന്നു. ഇതുകൂടാതെ കുന്നിൻചെരിവുകളിൽ റബ്ബർ, കശുമാവ് എന്നിവയുടെ കൃഷിയാണ് കൂടുതലുള്ളത്.
സ്ഥാപനങ്ങൾ
[തിരുത്തുക]- റൂബി ലാറ്റക്സ്
- വി. എം. ആർ. പി. ലാറ്റക്സ്
- ആർ.കെ.ലാറ്റെക്സ്
- ഏറനാട് ക്ളേപ്രൊഡക്ടസ് കാട്ടുമുണ്ട[3]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- എ എം യു പി സ്കൂൾ മമ്പാട് [പരതമ്മൽ]
- എം.ഇ.എസ് കോളേജ്
- എൻ.ഇ.ടി വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം (നെസ്റ്റ് വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിൽ)
- സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വാദീബദർ
- റഹ്മാനിയ കോളേജ് മേപ്പാടം
- എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ .നടുവക്കാട്
- ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .നടുവക്കാട്
- ഗവ.ജി എൽ പി സ്കൂൾ,നടുവക്കാട്
- അൽ ഫാറൂഖ്, എം ഇ എസ് കോളജ് ജംഗ്ഷൻ
അവലംബം
[തിരുത്തുക]- ↑ http://www.onefivenine.com/india/villages/Malappuram/Wandoor/Mampad
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-11.