മബോളോ
മബോളോ Velvet apple | |
---|---|
പഴം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Ebenaceae |
Genus: | Diospyros |
Species: | D. discolor
|
Binomial name | |
Diospyros discolor | |
Synonyms | |
|
എബണി, പെർസിമെൻ എന്നിവയുൾപ്പെടുന്ന ഡയസ്പൈറോസ് ജനുസിൽ പെടുന്ന ഒരു ഫലവൃക്ഷമാണ് മബോളോ അല്ലെങ്കിൽ വെൽവെറ്റ് ആപ്പിൾ. (ശാസ്ത്രീയനാമം: Diospyros discolor). കാമഗോങ്ങ്, വെണ്ണപ്പഴം (ബട്ടർ ഫ്രൂട്ട്) എന്നീ നാടൻ പേരുകളും അതിനുണ്ട്. ആഹാരയോഗ്യമായ അതിന്റെ ഫലം നുനുത്ത രോമങ്ങൾ കൊണ്ടു പൊതിഞ്ഞ്, വില്ലീസുപട്ടുപോലെ മൃദുവായ തൊലിയോടു കൂടിയതാണ്. ചുവപ്പു കലർന്ന തവിട്ടു നിറമുള്ള തൊലിക്കുള്ളിൽ, ക്രീമോ, പിങ്കോ നിറമുള്ള മാംസളഭാഗം കാണാം. ഉൾഭാഗം സുഗന്ധമാണെങ്കിലും തൊലിയുടെ പ്രത്യേകതകൊണ്ട് പഴത്തിന്റെ മണം അഴുകിയ പാൽക്കട്ടിയേയോ പൂച്ചകാഷ്ടത്തെയോ അനുസ്മരിപ്പിച്ചേക്കാം. അതിനാൽ ഫ്രെഞ്ച് അധീനതയിലുണ്ടായിരുന്ന റിയൂണിയൻ ദ്വീപിലും മറ്റും ഇതിനു 'പൂച്ചക്കാഷ്ടം' എന്നർത്ഥമുള്ള "കക്കാ ദി ഷാറ്റ്" എന്ന പേരു തന്നെയുണ്ട്.
ഈ സസ്യത്തിന്റെ സ്വദേശം ഫിലിപ്പീൻസ് ആണ്[1]. അവിടത്തെ സെബൂ ദ്വീപിൽ മബോളോ എന്ന പേരിൽ ഒരു പ്രദേശം തന്നെയുണ്ട്. പ്യൂവെർട്ടോ റിക്കോ ദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ നാടുകളിലും ഇതു കാണപ്പെടുന്നു.
കൃഷി
[തിരുത്തുക]ആൺ-പെൺ ജാതികളുള്ള ഏകലിംഗിയായ സസ്യമാണിത്.[2] ഈ ഉഷ്ണമേഖലാസസ്യത്തിന് സമുദ്രനിരപ്പിലും, അതിനു 2400 അടി ഉയരത്തിലും വരെ വിവിധയിനം മൺ-ഭൂപ്രകൃതികളിൾ വളരാനാകും. ആണ്ടുമുഴുവനും സാമാന്യമായ വർഷപാതം ഇതിനാവശ്യമാണ്. കുരു നട്ടു വളർത്തുന്ന മരങ്ങൾ കായ്ക്കാൻ 6-7 വർഷമെടുക്കുമ്പോൾ, ശാഖകൾ മുറിച്ചു നട്ടു പിടിപ്പിക്കുന്നവ 3-4 വർഷത്തിനുള്ളിൽ കായ്ക്കുന്നു. ആകൃതിയിലും നിറത്തിലും, രുചിയിലും ഒട്ടേറെ വ്യത്യസ്തത ഉണ്ടാകാൻ മാത്രം ജനിതകവൈജാത്യമുള്ള സസ്യമാണിത്. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളിൽ ചിലത്, പഴത്തിൽ കുരു ഇല്ലാത്തവയാണ്. വലിയ കുരു പഴത്തിന്റെ ഉൾഭാഗം നിറഞ്ഞ് ആഹാരയോഗ്യമായ മാസളഭാഗത്തെ പരിമിതപ്പെടുത്തുന്നതിനാൽ, കുരു ഇല്ലാത്ത ഇനങ്ങൾക്ക് കൃഷിക്കാർക്കിടയിൽ പ്രിയം കൂടുതലുണ്ട്.
തടി
[തിരുത്തുക]ഈ ചെടിയുടെ സ്വദേശമായ ഫിലിപ്പീൻസിൽ, കാമഗോങ്ങ് എന്ന പേര് മരത്തേയും മബോളോ എന്ന പേര് പഴത്തേയും സൂചിപ്പിക്കുന്നു. ഇതിന്റെ തടി സാന്ദ്രവും ഏറെ ഉറപ്പുമുള്ളതും കറുത്തതുമാണ്. കഠിനതയ്ക്കു പേരുകേട്ട മറ്റു പലയിനം തടികൾക്കും ഉള്ളതു പോലെ ഇരുമ്പുതടി(Iron wood) എന്ന പേര് ഇതിനുമുണ്ട്. ഫർണിച്ചർ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഈ തടി ഉപയോഗിക്കാറുണ്ട്. ആയോധനകലകളിലെ ഉപകരണങ്ങളും ഈ തടി ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്.
വംശനാശഭീഷണിയുള്ള ഈ സസ്യത്തിനു ഫിലിപ്പീൻസിൽ നിയമസംരക്ഷണമുള്ളതിനാൽ, തടിയുടെ കയറ്റുമതിയ്ക്ക് വനം വകുപ്പിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-05. Retrieved 2012-10-07.
- ↑ Mabolo, Pinoy organics.com Archived 2012-01-28 at the Wayback Machine.