ഉള്ളടക്കത്തിലേക്ക് പോവുക

മനോൻമണീയം സുന്ദരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാവു ബഹദൂർ
മനോന്മണീയം പി. സുന്ദരംപിള്ള
മനോൻമണീയം പി. സുന്ദരംപിള്ള
ജനനം
പി. സുന്ദരംപിള്ള

ഏപ്രിൽ 4, 1855
മരണംഏപ്രിൽ 26, 1897(1897-04-26) (42 വയസ്സ്)
മറ്റ് പേരുകൾതമിഴ് ഷേക്‌സ്പീയർ, സുന്ദരനാർ
തൊഴിൽ(s)ചരിത്ര പണ്ഡിതൻ, തത്ത്വചിന്തകൻ, നാടകകൃത്ത്
Notable workമനോന്മണീയം, Some Early sovereigns of Travancore 1894

ചരിത്ര പണ്ഡിതനും തത്ത്വചിന്തകനും നാടകകൃത്തും ആയിരുന്നു മനോന്മണീയം പി. സുന്ദരൻ പിള്ള (ഏപ്രിൽ 4, 1855 - ഏപ്രിൽ 26, 1897). "മനോന്മണീയം" എന്ന തമിഴ് നാടകം എഴുതിയ സുന്ദരം പിള്ള 'തമിഴ് ഷേക്‌സ്പീയർ' എന്നറിയപ്പെടുന്നു. തമിഴ് നാടിന്റെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് രചിച്ചത് ഇദ്ദേഹമാണ്.[1][2]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദ - ബിരുദാനന്തര ബിരുദങ്ങൾ നേടി. തിരുവിതാംകൂറിലെ ആദ്യ എം.എ. ബിരുദധാരിയാണ് സുന്ദരം പിള്ള. പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് അവിടെ പ്രിൻസിപ്പൽ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം (1876) എന്ന സമിതിയിൽ സജീവമായിരുന്നു. ശൈവ പ്രകാശ സഭ (1885) തൈക്കാട് അയ്യാസ്വാമികളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു. മനോന്മണീയം എന്ന തമിഴ് നാടകം എഴുതി .1942 ൽ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത്. [3]

പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയ്യാറാക്കിയ പ്രബന്ധത്തിനു (Some Early sovereigns of Travancore 1894) പാരിതോഷികമായി, ശ്രീമൂലം തിരുനാൾ മഹാരാജാവ് മരുതുംമൂലയിൽ (ഇപ്പോഴത്തെ പേരൂർക്കട) നൂറേക്കർ സ്ഥലം അനുവദിച്ചു. അതിന് തന്റെ അധ്യാപകനായിരുന്ന ഹാർവിയുടെ സ്മരണ നിലനിർത്താൻ അദ്ദേഹം 'ഹാർവിപുരം' എന്ന് പേരിട്ടു. അതിൽ ഹാർവിപുരം ബംഗ്ലാവ് (ഇപ്പോഴത്തെ മൻമോഹൻ ബംഗ്ലാവ്)എന്ന പേരിൽ മനോഹരമായ ബംഗ്ലാവും പണിയിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട്ട് അയ്യാ സ്വാമികൾ, സ്വാമി വിവേകാനന്ദൻ തുടങ്ങി നിരവധി ചരിത്ര പുരുഷന്മാർ ഈ ഭവനം സന്ദർശിക്കുയും തങ്ങുകയും ചെയ്തിട്ടുണ്ട്.

ഹാരപ്പൻ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് വാദിച്ചു. വർക്കല തുരങ്കം നിർമ്മിച്ചപ്പോൾ കിട്ടിയ പുരാതന വട്ടെഴുത്ത് (നാനം മോനം) രേഖകൾ വഴി നിരവധി പുതിയ ചരിത്ര വ്യാഖ്യാനങ്ങൾ അവതരിപ്പിച്ചു. 1894-ൽ ആർക്കിയോളജി വിഭാഗം ഓണററി സൂപ്രണ്ട് ആയി നിയമിക്കപ്പെട്ടു.

നാൽപ്പത്തി രണ്ടാം വയസ്സിൽ പ്രമേഹം മൂലം അന്തരിച്ചു.

കുടുംബം

[തിരുത്തുക]

പെരുമാൾ പിള്ളയുടെയും മാടതിയമ്മാളുടെയും മകനായി 1855 ഏപ്രിൽ 4 തിയതി കുട്ടനാട്ടിൽ ഒരു വെള്ളാള കുടുംബത്തിലാണ് സുന്ദരം പിള്ള ജനിച്ചത്. ശിവകാമിയമ്മാൾ ആണ് ഭാര്യ. സ്വാതന്ത്ര്യസമര സേനാനിയും തിരു-കൊച്ചി ധനമന്ത്രിയുമായിരുന്ന പി.എസ്. നടരാജപിള്ള ഏക മകനായിരുന്നു.

കൃതികൾ

[തിരുത്തുക]
  • മനോന്മണീയം
  • ഒരു മാതാവിന്റെ രോദനം (വിലാപകാവ്യം)
  • നൂറ്റൊകൈ വിളക്കം (തമിഴ്)
  • Some Early Sovereigns of Travancore
  • Some Mile-stones in the History of Tamil Literature

ബഹുമതികൾ

[തിരുത്തുക]

1894 ൽ അദ്ദേഹത്തിനു റാവു ബഹദൂർ സ്ഥാനം ലഭിച്ചു. 1897 ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ അംഗമായി. മദ്രാസ് സർവ്വകലാശാല ഫെലോഷിപ്പ് നൽകി പിള്ളയെ ആദരിച്ചു.

തമിഴ് നാട് സർക്കാർ സുന്ദരം പിള്ളയോടുള്ള ആദരസൂചകമായി തിരുനെൽവേലിയിലുള്ള സർവ്വകലാശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകി.[4]

അവലംബം

[തിരുത്തുക]
  1. Randor Guy (December 19, 2010). "Manonmani 1942". The Hindu.
  2. "മലയാളി എഴുതിയ 'തായ് വാഴ്ത്ത്' തമിഴകത്തിന്റെ സംസ്ഥാന ഗാനം". Manorama Online. 2021-12-18. Retrieved 2026-06-20.
  3. "University of Glasgow :: International Story :: Robert Harvey". Internationalstory.gla.ac.uk. 2011-06-16. Archived from the original on 2013-07-04. Retrieved 2015-07-22.
  4. "About MSU". Manonmaniam Sundaranar University. Retrieved 2026-03-19.

പുറം കണ്ണികൾ

[തിരുത്തുക]