മനോരമ തമ്പുരാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനോരമ തമ്പുരാട്ടി
ജനനം1760ൽ
കോട്ടയ്ക്കൽ, മലപ്പുറം, കേരളം, ഭാരതം
മരണം1828
തൊഴിൽസംസ്കൃത പണ്ഡിത

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ഒരു പ്രശസ്ത സംസ്കൃതപണ്ഡിതയായിരുന്നു മനോരമ തമ്പുരാട്ടി (1760-1828). സാമൂതിരി രാജവംശത്തിന്റെ താവഴിയിൽ പെട്ട കോട്ടക്കൽകിഴക്കേ കോവിലകത്തെ അംഗമായിരുന്നു അവർ. ഒരു രാജകുടുംബാംഗമെന്ന നിലയിൽ, അന്നത്തെ സാമൂഹ്യപരിമിതികളിൽ നിന്നു വ്യത്യസ്തമായി, സംസ്കൃതഭാഷ അഭ്യസിക്കാനും അതിൽ വ്യുൽപ്പത്തി നേടാനും മനോരമത്തമ്പുരാട്ടിയ്ക്കു് അവസരം ലഭിച്ചു. ചെറുപ്രായത്തിൽ തന്നെ സംസ്കൃതഭാഷയിലും കൃതികളിലും പാണ്ഡിത്യം പ്രകടിപ്പിച്ചു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന കാർത്തികത്തിരുനാൾ ബാലരാമവർമ്മയുടെ (1724-98) സമകാലീനയായിരുന്നു മനോരമ. കൊല്ലവർഷം 964-ൽ ടിപ്പുവിന്റെ മലബാർ ആക്രമണത്തെ തുടർന്നു് അവർ കോട്ടക്കൽ വിട്ട് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. ഇക്കാലത്താണു് കാർത്തിക തിരുനാളിന്റെ ബാലരാമ ഭാരതം ഉൾപ്പെടെയുള്ള പല സാഹിത്യകൃതികളും രചിക്കപ്പെട്ടതു്. ഈ കൃതികൾ പൂർത്തിയാക്കുവാൻ മനോരമത്തമ്പുരാട്ടിയുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഏറെ സഹായിച്ചു. ബാലരാമവർമ്മയും മനോരമ തമ്പുരാട്ടിയും തമ്മിലുള്ള സാഹിത്യസംബന്ധമായ സംവാദങ്ങളും എഴുത്തുകുത്തുകളും ചരിത്രപ്രാധാന്യമുള്ളതായി കരുതപ്പെടുന്നു.

അനുഗൃഹീത കവയിത്രി എന്നു കേരളം മുഴുവൻ അറിഞ്ഞിരുന്നെങ്കിലും ഏതാനും ശ്ലോകങ്ങൾ ഒഴികെ അവരുടെ ഭൂരിഭാഗം കൃതികളും കണ്ടെടുക്കപ്പെട്ടിട്ടില്ല.

സംസ്കൃതവ്യാകരണനിയമങ്ങളും സാമാന്യലോകവ്യവഹാരവും ബന്ധിപ്പിച്ചുകൊണ്ട് മനോരമത്തമ്പുരാട്ടി ശ്ലേഷാർത്ഥത്തിൽ എഴുതിയ ചില ശ്ലോകങ്ങൾ പ്രസിദ്ധമാണു് [1]. ഉദാ:

"യസ്യ ഷഷ്ഠീ ചതുർത്ഥീ ച
വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാത്
ദ്വിതീയാ സ്യാമഹം കഥം?"

"ശുദ്ധ അവ്യയങ്ങളായ 'വിഹസ്യ' എന്നതു് ഷഷ്ഠിയും 'വിഹായ' എന്നതു് ചതുർത്ഥിയും വിഭക്തിരൂപങ്ങളാണെന്നും പ്രഥമാവിഭക്തിയിലുള്ള 'അഹം' എന്നതു് ദ്വിതീയാരൂപമാണെന്നും കരുതുന്ന ഒരാൾക്കു് ഞാനെങ്ങനെ ദ്വിതീയാ (പത്നി) ആകും?" എന്നാണു് ഈ ശ്ലോകത്തിന്റെ പൊരുൾ. ഒട്ടും അഭ്യസ്തവിദ്യനല്ലാത്ത ഒരു ബ്രാഹ്മണനെയായിരുന്നു മനോരമത്തമ്പുരാട്ടിക്കു് ഭർത്താവായി സ്വീകരിക്കേണ്ടി വന്നതത്രേ. അതേ സമയം തിരുവിതാംകൂറിലെ അശ്വതി തിരുനാൾ രാജകുമാരനുമായുള്ള വിനിമയങ്ങൾക്കിടെ അവർ രചിച്ചിരുന്ന കവിതകളിലും ശ്ലോകങ്ങളിലും അതീവകാൽപ്പനികപ്രമേയങ്ങൾ ഉൾപ്പെട്ടിരുന്നു. [2]

ഇവർ തമ്മിൽ പദ്യത്തിലെഴുതിയ കത്തുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. തമ്പുരാട്ടിയുടെ രൂപലാവണ്യത്തിലും വൈദുഷ്യത്തിലും താൻ അത്യന്തം ആകൃഷ്ടനായിരിക്കുന്നു, താൻ അനുതാപവിവശനാണ് എന്നിങ്ങനെ നീണ്ടുപോകുന്ന മഹാരാജാവിന്റെ കത്തിന്, തന്നെ ഭ്രമിപ്പിച്ചു രസിക്കുന്നതിനാണോ, അതോ തന്റെ മറുപടി എന്തായിരിക്കും എന്നറിയുന്നതിനു മാത്രമാണോ അങ്ങയുടെ കത്തിന്റെ ഉദ്ദേശ്യമെന്ന് ആർക്കും അറിയാൻ കഴിയുകയില്ല, അത്രയ്ക്കു മഹാനുഭാവനാണല്ലോ അങ്ങ് - എന്നിങ്ങനെയായിരുന്നു തമ്പുരാട്ടിയുടെ മറുപടി. കത്തിനും മറുകത്തിനും ഒരുദാഹരണം-

കത്ത് -

'ഹേമാംഭോജിനി രാജഹംസനിവഹൈരാസ്വാദ്യമാനാസവേ

ഭൃംഗോഹം നവമഞ്ജരീകൃതപദസ്ത്വാമേവകിഞ്ചിദ് ബ്രുവേ

ചേതോമേ ഭവദീയ പുഷ്പമകരന്ദാസ്വാദനേ സസ്പൃഹം

വാച്യാവാച്യ വിചാരമാർഗവിമുഖോ ലോകേഷുകാമീ ജനഃ'

മറുപടി-

'ധീമൻസദ്ഗുണവാരിധേ തവ മനോവൃത്തിർ മഹാകോവി

ദൈർ

ദുർജ്ഞേയാ സ്വത ഏവ ലോലഹൃദയൈർ നാരീജനൈഃ

കിം പുനഃ

ത്വത് സന്ദേശമിദം കിമർഥമിതി നോ നിശ്ചിന്മഹേക്രീഡിതും

കിം വാസാമ്പ്രതമസ്മദീയഹൃദയജ്ഞാനായ ഹാസായവാ'.

(കത്ത് - സ്വർണത്താമര നിറഞ്ഞ താമരപ്പൊയ്കയിലെ രാജഹംസങ്ങളാൽ ആസ്വദിക്കപ്പെടാൻ യോഗ്യമായ മധുവിനു സമാനയായ അല്ലയോ മഹതീ പുതിയ പൂങ്കുലകളിൽ തത്തിക്കളിക്കുന്ന ഒരു വണ്ടു മാത്രമായ ഞാൻ ഭവതിയോടു പറഞ്ഞുകൊള്ളട്ടയോ- ഭവതിയുടെ സ്വന്തമായ ആ പൂന്തേനാസ്വദിക്കുന്നതിൽ ആഗ്രഹം നിറഞ്ഞിരിക്കുന്നതാണ് എന്റെ മനസ്സ്. ലോകത്തിൽ കാമിജനത്തിന് എന്താണു പറയാവുന്നത്, എന്തു പറഞ്ഞുകൂടാ എന്നതിനെപ്പറ്റി നേരായ നിലയിൽ ചിന്തിക്കുവാൻ സാധിക്കുന്നില്ലല്ലോ.

മറുപടി - പ്രജ്ഞാനവാനും സദ്ഗുണങ്ങൾക്കു വിളനിലവുമായ അങ്ങയുടെ മനോഗതി ചിത്തവിശകലനത്തിൽ സമർഥരായവർക്കു പോലും അപ്രാപ്യമത്രേ. സ്വതേ ലോലഹൃദയരെന്നു കരുതുന്ന സ്ത്രീകൾക്ക് അതു തീർത്തും അജ്ഞേയമാകുമല്ലോ. അങ്ങയുടെ ഈ സന്ദേശം എന്തുദ്ദേശത്തോടകൂടിയാണ് എന്നു വ്യക്തമല്ല. അങ്ങയുടെ ഒരു നേരമ്പോക്കാകാം, എന്റെ മനോവൃത്തി അറിയാനുദ്ദേശിച്ചാകാം, അഥവാ എന്നെ പരിഹസിക്കാനാകാം. എന്തിനെന്ന് എനിക്ക് ആശങ്കയുണ്ട്.)

കേരളീയ സംസ്കൃതപണ്ഡിതന്മാരിൽ പ്രശസ്തരായിരുന്ന ആരൂർ അടിതിരി, തൃക്കണ്ടിയൂർ ഗോവിന്ദപ്പിഷാരടി, ചീരക്കുഴി ഭവദാസൻ ഭട്ടതിരി, ദേശമംഗലം കൃഷ്ണവാരിയർ എന്നിവർ തമ്പുരാട്ടിയുടെ ശിഷ്യരിൽ പ്രമുഖരാണ്. ടിപ്പുവിന്റെ ആക്രമണ ഭയം ഒഴിഞ്ഞതോടെ തിരികെ മലബാറിലേക്കു പോയ തമ്പുരാട്ടി കോട്ടയ്ക്കലാണ് ശിഷ്ടജീവിതം നയിച്ചത്. സ്വസ്ഥമായ ജീവിതം പലപ്പോഴും ഇല്ലാതെ വന്നതിനാലാകാം വിദുഷിയായ തമ്പുരാട്ടിക്ക് ഉത്കൃഷ്ട കൃതികൾ രചിക്കാൻ സന്ദർഭം ഉണ്ടാകാഞ്ഞത്. എന്നാൽ ഓരോരോ സന്ദർഭങ്ങളിൽ തമ്പുരാട്ടി എഴുതിയ മുക്തകങ്ങൾ കാവ്യഭംഗി നിറഞ്ഞതാണ്. 1828 ഇടവമാസം 11-ാം തീയതി തമ്പുരാട്ടി അന്തരിച്ചു. ശാസ്ത്രവിഷയങ്ങളിൽ വൈദുഷ്യം നേടിയിരുന്ന കേരളീയ വനിതകളിൽ അഗ്രഗണ്യയായിരുന്നു തമ്പുരാട്ടി എന്ന് കേരളവർമ വലിയകോയിത്തമ്പുരാന്റെ ഈ പദ്യത്തിൽ പ്രകീർത്തിക്കുന്നു-

'വിദ്യാവിദഗ്ദ്ധ വനിതാജനവല്ലികൾക്കൊ-

രുദ്യാനമീ രുചിരകേരളഭൂവിഭാഗം

ഹൃദ്യാ മനോരമ നരേശ്വരി തന്റെ സൂക്തി-

രദ്യാപി കോവിദമനസ്സുകവർന്നിടുന്നു.'

അവലംബം[തിരുത്തുക]

  1. ഡോ. കെ. ജി., പൗലോസ് (2006). ലഘുസംസ്കൃതം.
  2. "ദി ഹിന്ദു ദിനപത്രം". Role of Sanskrit scholars in enriching city's medieval culture hailed. ശേഖരിച്ചത് 3 ജൂൺ 2012.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മനോരമ തമ്പുരാട്ടി(1760 - 1828) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവർ തിരുവിതാംകൂർ നാടുവാഴി ആയിരുന്ന കാർത്തിക തിരുന്നാൾ ബാലരാമ വർമ്മ(ധർമ രാജ)യുടേയും സമകാലീനയായിരുന്നു. മൈസൂരിലെ ടിപ്പു സുൽത്താൻമലബാർ കീഴടക്കിയപ്പോൾ അവർ തിരുവിതാം കൂറിലാണ് അഭയം തേടിയത്. അക്കാലത്താണ് രാജാവ് ബാലരാമ ഭാരതം രചിച്ചത്. അതിന്റെ രചന നല്ല രീതിയിലാക്കാൻ തമ്പുരാട്ടിയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സഹായിച്ചു. [1]

  1. Devika , Methil. "Balarama Bharatam by Maharaja Kartika Thirunal Balarama Varma". ശേഖരിച്ചത് May 13, 2012.
"https://ml.wikipedia.org/w/index.php?title=മനോരമ_തമ്പുരാട്ടി&oldid=3090884" എന്ന താളിൽനിന്ന് ശേഖരിച്ചത്