മനീന്ദ്ര അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


അഭാജ്യതാപരിശോധനയ്ക്കുള്ള അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാപരിശോധന (AKS Primality test) കണ്ടെത്തിയതിന്റെ പേരിൽ പ്രശസ്തനായ ഇന്ത്യൻ കം‌പ്യൂട്ടർ ശാസ്ത്രജ്ഞനാണ്‌ മനീന്ദ്ര അഗർവാൾ. പത്മശ്രീ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

മേയ് 20 1966 ന്‌ അലഹബാദിൽ ജനിച്ചു. 1986-ൽ ഐ.ഐ.ടി. കാൻപൂരിൽ നിന്ന് കം‌പ്യൂട്ടർ സയൻസ് ആൻഡ് എഞിനീയറിംഗിൽ ബാച്ചിലേഴ്സ് ഡിഗ്രി നേടി. അവിടെനിന്നു തന്നെ 1991-ൽ ഡോ. സോമനാഥ് ബിസ്വാസിന്റെ കീഴിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.

1996 മുതൽ ഐ.ഐ.ടി കാൻപൂരിൽ ജോലി ചെയ്യുന്നു. ഇപ്പോൾ പ്രൊഫസറാണ്. മുമ്പ് കം‌പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനായിരുന്നു.

ഗവേഷണം[തിരുത്തുക]

സങ്കീർണ്ണതാസിദ്ധാന്തം, ഗണനപരമായ സംഖ്യാസിദ്ധാന്തം, ഗൂഢശാസ്ത്രം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗവേഷണമേഖലകൾ[1]

അഭാജ്യതാപരിശോധനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ്‌ അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയത്. ഒരേ സമയം സാമാന്യവും, ബഹുപദസങ്കീർണ്ണതയുള്ളതും, സുനിശ്ചിതവും, നിബന്ധനകളില്ലാത്തതുമായ അഭാജ്യതാപരിശോധനയ്ക്കുള്ള ആദ്യത്തെ അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാപരിശോധന അദ്ദേഹം ഗവേഷണവിദ്യാർത്ഥികളായ നീരജ് കയാൽ, നിതിൻ സക്സേന എന്നിവരോടൊത്ത് പ്രസിദ്ധീകരിച്ചു. PRIMES is in P എന്ന പേപ്പറിലൂടെ 2002 ഓഗസ്റ്റ് 6 നായിരുന്നു ഇത്. ഉടൻ തന്നെ കം‌പ്യൂട്ടർ ശാസ്ത്രത്തിന്റെ ലോക്കത്ത് ഈ സിദ്ധാന്തത്തിന്‌ വളരെ പ്രാധാന്യം കൈവന്നു. ദശകങ്ങളായി നിലവിലുണ്ടായിരുന്നന്ന ഒരു പ്രധാനപ്പെട്ട ചോദ്യത്തിലുള്ള സരളമായ ഉത്തരമായാണ്‌ ഇത് വിശേഷിപ്പിക്കപ്പെട്ടത്[2]. 2006-ലെ ഫുൾകർസൺ പുരസ്കാരം, ഗീദൽ പുരസ്കാരം എന്നിവ ഈ കണ്ടുപിടിത്തത്തിന്റെ പേരിൽ ഇവർക്ക് ലഭിച്ചു

പുരസ്കാരങ്ങൾ[തിരുത്തുക]

  • ക്ലേ മാതമാറ്റികൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലേ ഗവേഷണപുരസ്കാരം[3] - 2002
  • ഐ.ഐ.ടി. കാൻപൂരിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് അലുംനസ് പുരസ്കാരം[4] - 2003
  • ഗണിതശാസ്ത്രങ്ങൾക്കുള്ള ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം[5] - 2003
  • ഐ.സി.ടി.പി. പുരസ്കാരം[6] - 2003
  • ഗണിതശാസ്ത്രങ്ങൾക്കുള്ള മേഘനാഥ് സാഹ പുരസ്കാരം[7] - 2003
  • ഗീദൽ പുരസ്കാരം[8] - 2006
  • ഫുൾകർസൺ പുരസ്കാരം[9] - 2006
  • ഇൻഫോസിസ് ഗണിതശാസ്ത്രപുരസ്കാരം[10] - 2008
  • പത്മശ്രീ - 2013[11]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനീന്ദ്ര_അഗർവാൾ&oldid=1766100" എന്ന താളിൽനിന്ന് ശേഖരിച്ചത്