മധ്യപൂർവേഷ്യാചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധ്യപൂർവേഷ്യയുടെ ഭൂപടം

നാഗരികതയുടെ കളിത്തൊട്ടിലുകളിൽ ഒന്നായ മധ്യപൂർവേഷ്യ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പല നാഗരികതകളും സംസ്കാരങ്ങളൂം സാക്ഷ്യം വഹിച്ച ഭൂമികയാണ്. ഇവിടുത്തെ ചരിത്രം അറിയപ്പെടുന്നതിൽ വെച്ച് പഴക്കം ചെന്ന ജനവാസകേന്ദ്രങ്ങളിൽ നിന്ന് തുടങ്ങി ഇസ്ലാമിന് മുൻപും പിൻപും ഉണ്ടായ പല സാമ്രാജ്യങ്ങളിലൂടെ കടന്ന് ഇന്നത്തെ മധ്യപൂർവേഷ്യൻ രാഷ്ട്രങ്ങളിൽ എത്തിനിൽക്കുന്നു.

ബിസി 3150-ൽ ആദ്യ ഫറവോയുടെ കീഴിൽ മുകളിലെയും താഴത്തേയും ഈജിപ്തുകൾ രാഷ്ട്രീയമായി ഒന്നിച്ചതോടെ ഈജിപ്ഷ്യൻ സംസ്കാരത്തിന് ഒരുമ കൈവന്നു.[1] മെസപ്പൊട്ടേമിയ ശക്തമായ പല സാമ്രാജ്യങ്ങളുടെയും തറവാടായിരുന്നു. അതിൽ പ്രധാനം 1365-1076 ബിസി കാലത്തെ അസ്സീറിയൻ സാമ്രാജ്യവും 911-609 ബിസി കാലത്തെ നവ അസ്സീറിയൻ സാമ്രാജ്യവുമാണ്. ബിസി 7ആം നൂറ്റാണ്ട് തൊട്ട് ഇറാനിയൻ സാമ്രാജ്യങ്ങളായിരുന്നു മധ്യപൂർവേഷ്യ കാൽക്കീഴിലാക്കി ഭരിച്ചിരുന്നത്. ബിസി ഒന്നാം നൂറ്റാണ്ടായപ്പോളേക്കും വികസിച്ചുവന്ന റോമാസാമ്രാജ്യം മധ്യപൂർവേഷ്യയുടെ സിംഹഭാഗവും കീഴടക്കി. ബൈസാന്റൈൻ സാമ്രാജ്യം എന്നറിയപ്പെടുന്ന പൂർവ റോമാ സാമ്രാജ്യം വർധിച്ചു വന്ന ക്രിസ്തീയവത്കരണം കൊണ്ട് മധ്യപൂർവേഷ്യയിലെ ജനങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിച്ചു. എഡി ഏഴാം നൂറ്റാണ്ട് വരെ ബൈസാന്റൈൻ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവുമായിരുന്നു മേഖലയിലെ ശക്തികൾ. ഏഴാംനൂറ്റാണ്ടുമുതൽ പുതിയ ശക്തിയായി ഇസ്ലാം ഉയർന്നു വന്നു. 11 ആം നൂറ്റാണ്ടിന്റെ പകുതിയോടെ തുർക്കികളുടെ വരവ് ഇവിടത്തെ അറബികളുടെ മേൽക്കോയ്മക്ക് അറുതി വരുത്തി. 13 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മംഗോൾ സാമ്രാജ്യത്തിന്റെ അധിനിവേശസേന മധ്യപൂർവേഷ്യയിലൂടെ തിരമാല കണക്കെ കടന്നു വന്നു. 15ആം നൂറ്റാണ്ടിന്റെ ആരംഭം അനറ്റോളിയയിലെ പുതിയ ശക്തികേന്ദ്രമായ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉദയം കണ്ടുകൊണ്ടായിരുന്നു. തുർക്കിഷ് ഭാഷ സംസാരിക്കുന്ന ഇസ്ലാം മതാനുയായികളായ ഓട്ടോമൻ അമീറുകൾ ക്രിസ്ത്യൻ ബൈസാന്റൈൻ സാമ്രാജ്യ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി സുൽത്താന്മാരായി സ്വയം അവരോധിച്ചു.

16-ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഏറെക്കാലത്തേക്ക് മധ്യപൂർവേഷ്യ ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെയും അവരെ എതിർത്ത ഇറാനിലെ സഫാവിദ് സാമ്രാജ്യത്വത്തിന്റെയും പോരാട്ടഭൂമിയായിരുന്നു. എഡി 1700 ആയപ്പോഴേക്കും ഓട്ടോമൻ തുർക്കികൾ ഹംഗറിയിൽനിന്ന് തുരത്തപ്പെടുകയും അതിർത്തികളിലെ ശക്തി പാശ്ചാത്യാജ്യങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ബ്രിട്ടൻ പേർഷ്യൻ കടലിടുക്ക്‌ അധീനപ്പെടുത്തുകയും ഫ്രാൻസ് അവരുടെ സ്വാധീനം ലെബനനിലേക്കും സിറിയയിലേക്കും വിപുലപ്പെടുത്തുകയും ചെയ്തു. 1912-ൽ ഇറ്റലി ലിബിയ പിടിച്ചെടുത്തു.കൂടാതെ ഓട്ടോമൻ ഹൃദയഭൂമിയായ അനറ്റോളിക്കടുത്തുള്ള ഡോഡെക്കനീസ് ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. യൂറോപ്യൻ ശക്തികളുമായി മത്സരിക്കാൻ 19, 20 നൂറ്റാണ്ടുകളിൽ മധ്യപൂർവേഷ്യൻ ഭരണാധികാരികൾ രാജ്യങ്ങളെ പരിഷ്‌കൃതമാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം പേർഷ്യയിൽ 1908ലും പിന്നെ സൗദി അറേബ്യയിൽ 1938ലും തുടർന്ന് മറ്റ് രാജ്യങ്ങളിലും എണ്ണ കണ്ടെത്തിയതായിരുന്നു മധ്യപൂർവേഷ്യയുടെ ചരിത്രത്തിലെ നാഴികക്കല്ല്. പാശ്ചാത്യരാജ്യങ്ങളുടെ മധ്യപൂർവേഷ്യൻ എണ്ണയിലുള്ള ആശ്രയവും ബ്രിട്ടീഷ് സ്വാധീനം മേഖലയിൽ ദുർബലമായതും അമേരിക്കൻ താല്പര്യങ്ങൾ മധ്യപൂർവേഷ്യയിലേക്ക് തിരിയാൻ കാരണമായി.

1920കളിലും 1930കളിലും 1940കളിലും സിറിയയും ഈജിപ്തും സ്വാതന്ത്ര്യത്തിലേക്ക് അടുക്കുകയായിരുന്നു. ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും, സോവിയറ്റുകളും രണ്ടാം ലോകമഹായുദ്ധകാലത്ത് മധ്യപൂർവേഷ്യയിലെ പല ഭാഗത്തുനിന്നും പിന്മാറി. അറബികളും ജൂതന്മാരും തമ്മിൽ പലസ്തീനിനെ ചൊല്ലി കൊടുമ്പിരികൊണ്ട പ്രശ്‍നം കാരണം ഐക്യരാഷ്ട്ര സംഘടന 1947ൽ പലസ്തീൻ വിഭജിച്ചു. പിന്നീട് ശീതയുദ്ധത്തിന്റെ ഇടയിൽ പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും അറബി സംസാരിക്കുന്ന രാജ്യങ്ങളിൽ ഒരുമയുള്ള അറബ് സ്വത്വം ഉയർന്നു വന്നു. ഈ ഭൂഭാഗത്തെ പാശ്ചാത്യ ശക്തികളുടെ പിന്മാറ്റവും, ഇസ്രയേലിന്റെ സ്ഥാപനവും കൂടിവരുന്ന എണ്ണവ്യവസായത്തിന്റെ പ്രാധാന്യവും ആധുനിക മധ്യപൂർവേഷ്യയുടെ തുടക്കം അടയാളപ്പെടുത്തുന്നു. മിക്ക മധ്യപൂർവേഷ്യൻ രാജ്യങ്ങളിലും കമ്പോള സാമ്പത്തികരംഗത്തെ വളർച്ച രാഷ്ട്രീയ ഇടപെടലുകൾകൊണ്ടും അഴിമതി, സ്വജനപക്ഷപാതം, അമിതമായ ആയുധശേഖരണചെലവ്, എണ്ണപ്പണത്തിലുള്ള അമിതമായ ആശ്രയത്വം മുതലായ കാരണങ്ങൾ കൊണ്ട് മന്ദീഭവിച്ചിരിക്കുന്നു. ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങൾ ഖത്തർ, കുവൈറ്റ്, ബഹറിൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ്.

1967ലെ ആറുദിനയുദ്ധം[2], 1970കളിലെ ഊർജ്ജപ്രതിസന്ധി - അതിന് വഴി വെച്ച അമേരിക്കൻ ഉപരോധം[2][3], സൗദി ജനകീയമാക്കിയ സലഫിസം/വഹാബിസം[4], 1978-79 ലെ ഇറാൻ വിപ്ലവം[5] മുതലായ കാരണങ്ങൾ മധ്യപൂർവേഷ്യയിൽ ഇസ്ലാമിസം വർധിക്കാൻ കാരണമായി. 2010-ൽ മധ്യപൂർവേഷ്യയിൽ വിപ്ലവങ്ങളുടെ ഒരു നിര തന്നെ നടന്നു. അറബ് വസന്തം എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്ഷോഭങ്ങൾ മധ്യപൂർവേഷ്യയിലെ മിക്ക രാജ്യങ്ങളിലും അലയടിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. Dodson, Aidan (1991). Egyptian Rock Cut Tombs. Buckinghamshire, UK: Shire Publications Ltd. p. 46. ISBN 0-7478-0128-2.
  2. 2.0 2.1 Robin Wright, Sacred Rage: The Wrath of Militant Islam, p. 65–66
  3. interview by Robin Wright of UK Foreign Secretary (at the time) Lord Carrington in November 1981, Sacred Rage: The Wrath of Militant Islam by Robin Wright, Simon and Schuster, (1985), p. 67
  4. Kepel, Gilles (2003). Jihad: The Trail of Political Islam. I.B. Tauris. pp. 61–62. ISBN 978-1-84511-257-8.
  5. Martin Kramer. "Fundamentalist Islam: The Drive for Power". Middle East Quarterly. Archived from the original on February 13, 2005.
"https://ml.wikipedia.org/w/index.php?title=മധ്യപൂർവേഷ്യാചരിത്രം&oldid=3780135" എന്ന താളിൽനിന്ന് ശേഖരിച്ചത്