റഷ്യൻ സാമ്രാജ്യത്തിന്റെ മദ്ധ്യേഷ്യൻ അധിനിവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മദ്ധ്യേഷ്യയിലെ റഷ്യൻ ആക്രമണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ച് മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകളുടെ/രാജ്യങ്ങളുടെ ഭൂപടം

പതിനേഴാം നൂറ്റാണ്ടീൽ വിവിധ ഉസ്ബെക് വംശജരായ ഖാന്മാരുടെ ഭരണത്തിൽ കീഴിലായിരുന്ന മദ്ധ്യേഷ്യ പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ റഷ്യൻ സാർ സാമ്രാജ്യത്തിന്റെ ആധിപത്യത്തിലായി. അക്കാലത്തെ പ്രധാനപ്പെട്ട ഒരു വ്യാവസായിക അസംസ്കൃതവസ്തുവായ പരുത്തിയുടെ കൃഷിക്ക് അനുയോജ്യമായ മദ്ധ്യേഷ്യയിലെ ഭൂമിയും, ഇന്ത്യയിൽ താവളമുറപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ, മദ്ധ്യേഷ്യയിലേക്കുള്ള നീക്കങ്ങളുമായിരുന്നു[൧] ഈ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ റഷ്യക്കാരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.

1650-ഓടെ റഷ്യൻ സാർ ചക്രവർത്തിമാർ കിഴക്ക് സൈബീരിയ മുഴുവൻ പിടിച്ചടക്കി, ശാന്തസമുദ്രത്തിന്റെ വക്കിലെത്തി. ഇതോടെ അവർ തെക്കോട്ട് മുന്നേറാനാരംഭിച്ചു. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ രണ്ടു ഘട്ടങ്ങളിലായി സാർ സാമ്രാജ്യം മദ്ധ്യേഷ്യ പൂർണ്ണമായും അധീനതയിലാക്കി. 1715 മുതൽ 1854 വരെയുള്ള ആദ്യഘട്ടത്തിൽ അവർ കസാഖ് സ്റ്റെപ്പികൾ കൈക്കലാക്കി. 1865 മുതൽ 1881 വരെയുള്ള രണ്ടാം ഘട്ടത്തിൽ മദ്ധ്യേഷ്യയിലെ മിച്ചമുള്ള പ്രദേശങ്ങൾ കൂടി റഷ്യക്കാരുടെ നിയന്ത്രണത്തിലായി.[1]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഉടലെടുത്ത സോവിയറ്റ് യൂനിയന്റെ ഭാഗമായി മദ്ധ്യേഷ്യ മാറി. ഇക്കാലയളവിൽ പ്രദേശം അഞ്ച് സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക്കുകളായി (എസ്.എസ്.ആർ.) വിഭജിക്കപ്പെട്ടു. 1991-ൽ സോവിയറ്റ് യൂനിയൻ തകർന്നതോടെ മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകൾ സ്വതന്ത്രരാജ്യങ്ങളായി മാറി.

റഷ്യൻ ആധിപത്യം മദ്ധ്യേഷ്യക്ക് ചില ഗുണഫലങ്ങളും ചെയ്തിട്ടുണ്ട്. ഇതിൻഫലമായി മേഖലയിലെ വ്യാവസായിക-ഗതാഗതസൗകര്യങ്ങൾ വർദ്ധിച്ചു. താഷ്കന്റ് അടക്കമുള്ള നഗരങ്ങൾ മികച്ച വ്യാവസായികകേന്ദ്രങ്ങളായി മാറീ. സോവിയറ്റ് ഭരണകാലത്താകട്ടെ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തിലും കുത്തനെ വർദ്ധനവുണ്ടായി.[൩]

റഷ്യൻ മുന്നേറ്റങ്ങൾ[തിരുത്തുക]

വടക്കൻ മദ്ധ്യേഷ്യയിലെ കസാഖ് സ്റ്റെപ്പികൾ കീഴടക്കുന്നു[തിരുത്തുക]

മഹാനായ പീറ്റർ എന്നറിയപ്പെടുന്ന റഷ്യൻ ചക്രവർത്തി സാർ പീറ്റർ ഒന്നാമൻ

1715-ൽ റഷ്യയിലെ മഹാനായ പീറ്റർ ചക്രവർത്തി (1682-1725) കസാഖ് സ്റ്റെപ്പികളിലേക്ക് അധിനിവേശം നടത്തി ഇവിടെ അദ്ദേഹം കോട്ടകൾ പണീയാനാരംഭിച്ചു. പട്ടാളക്കാർക്കായി ഓംസ്കിലാണ് ഇത്തരത്തിൽ ആദ്യത്തെ കോട്ട പണീതത്. ഇതിനെത്തുടർന്ന് കസാഖ് ഗോത്രങ്ങൾ സാർ ചക്രവർത്തിയുമായി ധാരണക്ക് ശ്രമിച്ചു. 1731-ൽ ചെറുഗോത്രവും 1732-ൽ മദ്ധ്യഗോത്രവും 1742-ൽ മഹാഗോത്രവും റഷ്യൻ ചക്രവർത്തിയുമായി കരാറിലെത്തി. എങ്കിലും റഷ്യയും കസാഖുകളും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. ഇടക്കിടെ കസാഖുകൾ കലാപങ്ങളുയർത്തിയെങ്കിലും അവയെല്ലാം നിർദ്ദാക്ഷിണ്യം അടിച്ചമർത്തപ്പെട്ടു. കസാഖ് മേഖലയിൽ കൂടുതൽ ആധിപത്യം പുലർത്തുന്നതിന്റെ ഭാഗമായി പിൽക്കാല സാർ ചക്രവർത്തിമാരായ അലക്സാണ്ടർ ഒന്നാമൻ (1801-25) നിക്കോളസ് ഒന്നാമൻ (1825-55) എന്നിവർ കസാഖ് ഭരണാധികാരികളെ നിഷ്കാസിതരാക്കി. ആദ്യം മദ്ധ്യഗോത്രത്തിന്റെ ഖാനെ 1822-ലും അവസാനം മഹാഗോത്രത്തിന്റെ ഖാനെ 1848-ലുമാണ് ഇപ്രകാരം പുറത്താക്കിയത്.[1]

ദക്ഷിണമദ്ധ്യേഷ്യയിലേക്ക്[തിരുത്തുക]

മിഖായിൽ ചെർണയേവ്
പ്രമാണം:ForCentralAsianCampaigns.jpg
മദ്ധ്യേഷ്യൻ ആക്രമണകാലത്തെ റഷ്യൻ മെഡൽ

കസാഖ് സ്റ്റെപ്പികൾ കൈക്കലാക്കിയതിനു ശേഷം, റഷ്യ, കൂടുതൽ തെക്കോട്ട് ശ്രദ്ധതിരിക്കാനാരംഭിച്ചു. എന്നാൽ സാർ നിക്കോളസിന്റെ ഖീവ ആക്രമണം, 1839-ൽ പരാജയത്തിലാണ് കലാശിച്ചത്. ഇതോടെ ചുവടുമാറ്റിയ റഷ്യക്കാർ, 1853-ൽ സാവധാനത്തിലുള്ള ഇരുവഴി ആക്രമണമാണ് നടത്തിയത്. പടിഞ്ഞാറ് സിർ ദര്യ തടത്തിലൂടെ ഒരു സംഘവും കിഴക്ക് ടിയാൻ ഷാൻ പർവതനിരകളിലൂടെ രണ്ടാമത്തെ സംഘവും ആക്രമണം നടത്തി. 1855 മുതൽ 1881 വരെ ഭരണത്തിലിരുന്ന സാർ അലക്സാണ്ടർ രണ്ടാമന്റെ ഭരണകാലത്ത് 1864-ലാണ് ഈ ആക്രമണം അവസാനിച്ചത്. കിസിൽ ഒർദ, അൽമാട്ടി, വെർണി തുടങ്ങിയവ ആദ്യ രണ്ടുവർഷങ്ങളിൽത്തന്നെ റഷ്യയുടെ കൈവശമായി.

1861 മുതൽ 65 വരെയുള്ള കാലത്തെ അമേരിക്കൻ ആഭ്യന്തരയുദ്ധം മൂലം റഷ്യയിലെ തുണിമില്ലുകൾക്കായുള്ള പരുത്തിയുടെ ഇറക്കുമതിയിൽ വൻകുറവുണ്ടായി. ഇത് പരുത്തികൃഷിക്ക് അനുയോജ്യമായ മദ്ധ്യേഷ്യയിലെ പ്രദേശങ്ങൾ അധീനതയിലാക്കുന്നതിന് സാർ അലക്സാണ്ടറിന് പ്രചോദനമായി. ദക്ഷിണമദ്ധ്യേഷ്യയിലെ ഫെർഗാന, താഷ്കന്റ് തുടങ്ങിയ പട്ടണങ്ങൾ പരുത്തിവ്യവസായത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മദ്ധ്യേഷ്യയിലേക്കുള്ള നീക്കമാണ്[൧] സാറിന്റെ തെക്കോട്ടുള്ള മുന്നേറ്റത്തിന് പ്രേരകശക്തിയായ മറ്റൊരു കാരണം.

1865 ജൂൺ 27-ന് ജനറൽ മിഖായിൽ ചെർണയേവിന്റെ നേതൃത്വത്തിലുള്ള 2000 പേരടങ്ങിയ റഷ്യൻ സേന അൻഹാർ നദി കടക്കുകയും താഷ്കന്റ് ആക്രമിക്കുകയും ചെയ്തു. കോകന്ദ് ഖാനേറ്റിലെ ഏറ്റവും സമ്പന്നവും ജനവാസമേറിയതുമായ നഗരായിരുന്ന താഷ്കന്റ്, കോട്ട കെട്ടി സുരക്ഷിതമാക്കിയിരുന്നു. രണ്ടു ദിവസത്തെ കനത്ത യുദ്ധത്തിനു ശേഷം, റഷ്യക്കാർ, നഗരം പിടിച്ചടക്കി. ജനങ്ങൾക്കിടയിൽ മതിപ്പ് വർദ്ധിപ്പിക്കുന്നതിന്, ചെർണയേവ് താഷ്കന്റിൽ ഒരു വർഷത്തേക്ക് നികുതികൾ ഒഴിവാക്കി. യുദ്ധത്തിൽ വിജയിച്ച ചെർണയേവിനും പട്ടാളക്കാർക്കും, സാർ ചക്രവർത്തി ബഹുമതികൾ നൽകിയെങ്കിലും താഷ്കന്റിനെ ഒരു സ്വതന്ത്രദേശമായി നിലനിർത്താനുള്ള ചെർണയേവിന്റെ താൽപര്യത്തിനോട് അനുകൂലമായി പ്രതികരിച്ചില്ല. പകരം 1867-ൽ ഖോകന്ദ് ഖാനേറ്റിന്റെ ബാക്കി മുഴുവൻ കൈവശമാക്കിയതോടെ, താഷ്കന്റിന്റെ തുർക്കിസ്താന്റെ തലസ്ഥാനമാക്കി. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഖോകന്ദ് എന്ന പേര് തുർക്കിസ്താൻ എന്നായി മാറി. ജനറൽ കോൺസ്റ്റാന്റിൻ വോൺ കോഫ്മാൻ ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഗവർണർ ജനറൽ. താഷ്കന്റിലെ കോട്ടക്കു പുറത്ത് അൻഹാർ നദിക്കപ്പുറം റഷ്യക്കാർ ഒരു സൈനികകേന്ദ്രവും ജനവാസകേന്ദ്രവും സ്ഥാപിച്ചു. റഷ്യയിൽ നിന്നും കച്ചവടക്കാരും മറ്റും വൻതോതിൽ ഇവിടെ വന്ന് താമസമാരംഭിച്ചു. 1871-ൽ താഷ്കന്റിൽ ആദ്യത്തെ റഷ്യൻ ഓർത്തഡോക്സ് പള്ളി സ്ഥാപിക്കപ്പെട്ടു. തുടർന്ന് വൻകളിയിലെ പ്രമുഖകേന്ദ്രമായി മാറിയ താഷ്കന്റ് മദ്ധ്യേഷ്യയിലെ റഷ്യൻ സൈനികനീക്കങ്ങളുടെ ആസ്ഥാനമായി.

1873-ലെ ഖീവ ആക്രമണം - നിക്കോലായ് കാരാസിൻ വരച്ച എണ്ണച്ചായാചിത്രം

1868-ൽ ബുഖാറ അമീറത്തും തുർക്കിസ്താനോട് ഒരു സാമന്തദേശമാക്കി ചേർത്തിരുന്നു. 1873-ൽ ഖീവ ഖാനേറ്റും ഇപ്രാകാരം തന്നെ തുർക്കിസ്താനിൽ ഉൾപ്പെടുത്തി. മദ്ധ്യേഷ്യയുടെ മിച്ചമുള്ള ഭാഗമായ ട്രാൻസ്-കാസ്പിയ എന്ന തുർക്ക്മെൻ വംശജരുടെ ആവാസകേന്ദ്രം കൂടി നിയന്ത്രണത്തിലായതോടെ 1881-ൽ മേഖലയിലെ റഷ്യൻ നിയന്ത്രണം സമ്പൂർണ്ണമായി.[1]

റഷ്യൻ വംശജരുടെ കുടിയേറ്റം[തിരുത്തുക]

മദ്ധ്യേഷ്യ കൈപ്പിടീയിലായതോടെ റഷ്യൻ കൊസാക്ക് വംശജരെ ഇവിടേക്ക് കുടിയേറാനും റഷ്യയിൽ അത്യാവശ്യമായിരുന്ന പരുത്തിയടക്കമുള്ള വിളകൾ ഇവിടെ കൃഷിചെയ്യാനും സാർ ഭരണകൂടം പ്രേരിപ്പിച്ചു. 1891 പത്തുലക്ഷത്തിലധികം റഷ്യൻ കൊസ്സാക്ക് വംശജർ ഇന്നത്തെ കസാഖ്സ്താൻ മേഖലയിലെത്തി കൃഷിയാരംഭിച്ചു.

പുതിയ പ്രദേശങ്ങളിൽ പിടിമുറുക്കുന്നതിന് 1888 മുതൽ 1889 വരെയുള്ള കാലത്ത് റഷ്യൻ സർക്കാർ, ട്രാൻസ്-കാസ്പിയൻ റെയിൽപ്പാത സമർഖണ്ഡിലേക്കും താഷ്കന്റിലേക്കും നീട്ടി. ഒരു ദശകത്തിനു ശേഷം ഈ പാത ഫെർഗാന താഴ്വരയിലെ അന്ദീജാനിലേക്കെത്തി. ഈ പാത ഒരു സാങ്കേതികവിസ്മയമാണ്

വോൾഗ മേഖലയിലെ ഓറൻബർഗ്, താഷ്കന്റുമായി റെയിൽ ബന്ധം 1906-ൽ സ്ഥാപിക്കപ്പെട്ടതോടെ മദ്ധ്യേഷ്യയും റഷ്യൻ സാമ്രാജ്യത്തിലെ മറ്റു പ്രദേശങ്ങളും തമ്മിലുള്ള ബന്ധം പൂർവാധികം ശക്തിപ്പെട്ടു. ഇതോടെ താഷ്കന്റ് മദ്ധ്യേഷ്യയിലെ വ്യവസായ-വാണിജ്യ-ഭരണതലസ്ഥാനമായി. റഷ്യയുടെ താൽപര്യപ്രകാരം മുൻപത്തെ ഖോകന്ദ് ഖാനേറ്റിലെ കൃഷിഭൂമിയിലെ പകുതിയോളം പരുത്തിയാണ് കൃഷിചെയ്തിരുന്നത്. കാലക്രമേണ റഷ്യൻ വ്യവസായശാലകളിലേക്ക് ഫെർഗാന തടത്തിൽ നിന്നുള്ള പരുത്തിയുടെ വിഹിതം 20 ശതമാനത്തിൽ നിന്നും 90 ശതമാനമായി വർദ്ധിച്ചു. [1]

തദ്ദേശീയരുടെ പ്രതിരോധം[തിരുത്തുക]

തുർക്കി വംശജരായ താതാർ, താജിക്, ഉസ്ബെക്, കസാഖ്, കിർഗിസ്, തുർക്ക്മെൻ വംശജരാണ് മദ്ധ്യേഷ്യയിലെ പരമ്പരാഗതജനവിഭാഗങ്ങൾ. ഇതിൽ അവസാനത്തെ മൂന്നു കൂട്ടരായ കസാഖ്, കിർഗിസ്, തുർക്ക്മെൻ വംശജർ നാടോടികളാണ് മറ്റുള്ളവർ സ്ഥിരതാമസമാക്കിയവരും. ഇതിൽ നാടോടികൾക്ക് അധിനിവേശകരായ റഷ്യക്കാരെ പ്രതിരോധിക്കുന്നത് എളുപ്പമായിരുന്നു. എന്നാൽ സ്ഥിരതാമസക്കാരിൽ ഫെർഗാന തടത്തിലുള്ളവർ ഇസ്ലാമികവാദികളുടെ നേതൃത്വത്തിൽ പലപ്പോഴും റഷ്യക്കാർക്കെതിരെ സായുധകലാപങ്ങൾക്കൊരുങ്ങുകയും ഈ കലാപങ്ങൾ റഷ്യൻ സേന അടിച്ചമർത്തുകയും ചെയ്തു.

ഫെർഗാന തടത്തിലെ അന്ദിജാൻ[൨] നഗരത്തിലെ സൂഫി നേതാവായ ഇശാൻ മദാലി റഷ്യക്കാർക്കെതിരെ വിശുദ്ധയുദ്ധത്തിന് ആഹ്വാനം ചെയ്യുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം 1898 മേയിൽ റഷ്യൻ ബാരക്കുകൾ ആക്രമിക്കുകയും 22 റഷ്യൻ ഭടന്മാരെ കൊലപ്പെടുത്തുകയും ചെയ്തു.[2] ഈ കലാപം ഫെർഗാന തടത്തിലെ മറ്റു പട്ടണങ്ങളിലേക്കും വ്യാപിച്ചു. റഷ്യക്കാർ ഈ കലാപത്തെ അടിച്ചമർത്തുകയും മദാലിയേയും കൂട്ടാളികളായ 17 പേരെ പൊതുജനമദ്ധ്യത്തിൽ തൂക്കിലേറ്റുകയും ചെയ്തു. ഇതിനുപുറമേ ജിഹാദിൽ പങ്കെടുത്ത 300-ഓളം പേരെ സൈബീരിയയിലേക്ക് നാടുകടത്തുകയും അവരുടെ വസ്തുവകകൾ റഷ്യക്കാർക്ക് കൈമാറൂകയും ചെയ്തു. മദാലിയുടെ ഗ്രാമം തന്നെ റഷ്യക്കാർ നശീപ്പിക്കുകയും തൽസ്ഥാനത്ത് ഒരു റഷ്യൻ ആവാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.[1]

ഖാദിം-ജദീദ് പ്രസ്ഥാനങ്ങൾ[തിരുത്തുക]

റഷ്യൻ അധിനിവേശകാലത്ത് മദ്ധ്യേഷ്യയിലെ മുസ്ലീങ്ങൾക്കിടയിൽ അവരുടെ മതത്തെ നവീകരിക്കുന്നതിനും നിർണയാവകാശത്തിനും വേണ്ടി രണ്ടുതരം പ്രസ്ഥാനങ്ങൾ ഉടലെടുത്തു. ഖാദിം, ജദീദ് എന്നിവയായിരുന്നു ഇവ. ഖാദിമുകൾ (പൂർവ്വഗാമികൾ) ശരി അത്തിനെ കണിശമായി പിന്തുടർന്നപ്പോൾ മാറുന്ന ലോകക്രമത്തിനുസരിച്ചുള്ള ചിന്താഗതികൾ ജദീദ് വിഭാഗം മുന്നോട്ടുവച്ചു.

ഇസ്ലാമികപാരമര്യങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുള്ള മാറ്റമാണ് ഖാദിമുകൾ ആശിച്ചിരുന്നത്. മേഖലയിലെ വിവിധ സൂഫികളുടേയും മതപണ്ഡിതരുടേയും പിന്തുണ ഇവർക്കുണ്ടായിരുന്നു. എങ്കിലും റഷ്യൻ ഭരണത്തെ എതിർത്തിരുന്ന അവർക്ക് റഷ്യക്കാരോട് ഏറ്റുമുട്ടാനുള്ള ശക്തിയുണ്ടായിരുന്നില്ല. മുൻപ് നടന്ന ജിഹാദ് ആഹ്വാനങ്ങളുടെ പരാജയം ഇതിനു കാരണമായി.

ജദീദ് വിഭാഗത്തിന്റെ ആദ്യകാലനേതാക്കളിലൊരാളായ ഇസ്മയിൽ ഗസ്പ്രിൻസ്കി (ഇസ്മയിൽ ഹസ്താറലി)

ഇതേ സമയം ജദീദ് വിഭാഗക്കാർ പൊതുവേ‌മതപാഠശാലകളിൽ നിന്നും ഇസ്ലാമികകോളേജുകളിൽ നിന്നും ബിരുദം സമ്പാദിച്ചവരായിരുന്നു. പാശ്ചാത്യഭാഷകളിൽ പ്രാവിണ്യമുണ്ടായിരുന്ന ഇവർ, പാശാത്യരാഷ്ട്രീയവ്യവസ്ഥിയെക്കുറിച്ചും അവബോധമുള്ളവരായിരുന്നു. മതവിശ്വാസികൾ പൊതുവേ ഖാദിം വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നതിനാൽ ജദീദുകൾ പൊതുവേ‌സാമൂഹിക-സാംസ്കാരികരംഗത്തെ പരിഷ്കരണത്തിനാണ് പ്രാധാന്യം നൽകിയത്. മതപാഠങ്ങൾക്കൊപ്പം ആധുനികശാസ്ത്രവും പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ ഇവർ ആരംഭിച്ചു. പടിഞ്ഞാറൻ രീതിയിലുള്ള വസ്ത്രധാരണം പ്രോൽസാഹിപ്പിച്ച ഇവർ തങ്ങളുടെ ഭാഷയുടെ ലിപി, അറബിയിൽ നിന്നും ലത്തീൻ ആക്കുകയും ചെയ്തു. ഖാദിമുകൾക്ക് വിരുദ്ധമായി ജദീദുകൾ റഷ്യൻ മേധാവിത്തത്തെ അംഗീകരിച്ചിരുന്നതിനാൽ അവർക്ക് ജനപിന്തുണ ആർജ്ജിക്കാൻ സാധിച്ചില്ല. ജദീദ് വിഭാഗത്തിന്റെ നേതാവും ഒരു ക്രിമിയൻ താതാർ പ്രഭുവുമായിരുന്ന ഇസ്മയിൽ ഹസ്താറലി (1851-1914) (റഷ്യവൽക്കരിക്കപ്പെട്ട ഇസ്മയിൽ ഗസ്പ്രിൻസ്കി എന്നപേരിലാണ് ഇദ്ദേഹം കൂടുതലായി അറീയപ്പെടുന്നത്), 1893-ൽ പുറത്തിറക്കാനാരംഭിച്ച തെർജുമാൻ പെരെവോഡ്ഷിക് (interceptor) എന്ന തന്റെ പ്രത്രത്തിലൂടെ ഇത്തരം ആധുനികവിദ്യാലയങ്ങളുടെ സ്ഥാപനത്തിന് അദ്ദേഹം പ്രോത്സാഹനം നൽകി.[1]

രാഷ്ട്രീയ-സാമൂഹികകക്ഷികളുടെ രൂപീകരണം[തിരുത്തുക]

1905-ലെ റഷ്യയിലെ ഭരണഘടനാമാറ്റത്തിനു ശേഷം ജദീദ് നേതാവായ അബ്ദുൾ റഷീദ് ഇബ്രാഹിമോവ് ഒരു അഖില-ഇസ്ലാമികസമ്മേളനം വിളിച്ചുചേർത്തു. മോസ്കോവിന് 400 കിലോമീറ്റർ കിഴക്കുള്ള നിഷ്നി നോവ്ഗൊരോഡ് (ഗോർക്കി) എന്ന സ്ഥലത്ത് 120 ജദീദ് പ്രതിനിധികൾ യോഗം ചേർന്നു. ഇവർ ഒരു ഇസ്ലാമികസഖ്യം രൂപികരിക്കുകയും ഭരണപ്രാതിനിധ്യം, മുസ്ലീങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയവ ആവശ്യപ്പെടുകയും, മുസ്ലീങ്ങളുടെ ഭൂമി പിടിച്ചെടുത്ത് റഷ്യക്കാർക്കും മറ്റു സ്ലാവ് വംശജർക്കും കൈമാറുന്നതിനെ എതിർക്കുകയും ചെയ്തു. തുടർന്നും ഇത്തരത്തിലുള്ള രണ്ട് സമ്മേളനങ്ങൾ കൂടി നടന്നു. 1906 ഓഗസ്റ്റിൽ നടന്ന അവസാനത്തെ സമ്മേളനത്തിൽ ഇസ്ലാമികസഖ്യത്തെ ഒരു രാഷ്ട്രീയകക്ഷിയാക്കാൻ പ്രതിനിധികൾ തീരുമാനിച്ചു. മുസ്ലീം പാർട്ടി എന്ന കക്ഷി അങ്ങനെ രൂപീകൃതമായി. വോൾഗ മേഖലയിലെ താതാറുകളായിരുന്നു ഈ കക്ഷിയിൽ പ്രാമുഖ്യം. കേന്ദ്രകമ്മിറ്റിയിലെ 15-ൽ 11 പേരും ഇവരായിരുന്നു. തുർക്കിസ്താനിൽ നിന്നുള്ള ഒരേ ഒരംഗവും താതാർ ആയിരുന്നു.

1910-ൽ ബുഖാറ അമീറത്തിൽ സുന്നികളും ഷിയാക്കളും തമ്മിൽ കലഹം ഉടലെടുത്തു. ഇതോടെ മൗലികവാദികളായ ഖാദീമുകളുടെ ജനപിന്തുണ കുറയുകയും തൽസ്ഥാനത്ത് ജദീദുകൾ അവരുടെ സ്വാധീനം വ്യാപകമാക്കുകയും അസോസിയേഷൻ ഫോർ ദ് എജ്യുക്കേഷൻ ഓഫ് ചിൽഡ്രൻ എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു. പെട്ടെന്ന് വ്യാപിച്ച ഈ സംഘടന 1914 ആയപ്പോഴേക്കും മേഖലയിലെ മിക്കവാറും ഇസ്ലാമികപണ്ഡിതർക്കിടയിലും സ്വാധീനമുറപ്പിച്ചു.[1]

സായുധപോരാട്ടം[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധകാലത്ത് മദ്ധ്യേഷ്യൻ മുസ്ലീങ്ങൾക്ക് സൈനികസേവനം നിർബന്ധമാക്കുകയും, സൈന്യത്തിന് ഭക്ഷണത്തിനായി മേഖലയിൽ നിന്നും ധാരാളം ഗോതമ്പ് ശേഖരിച്ച് കൊണ്ടുപോകുകയും ചെയ്തിരുന്നു. യുദ്ധത്തിന്റെ അന്ത്യത്തോടെ റഷ്യാവിരുദ്ധ ആശയത്തിന്റെ അടിസ്ഥാനത്തിൽ ജദീദുകൾ ക്വാദിം വിഭാഗക്കാരുമായും കസാഖ്-കിർഗിസ് ഗോത്രനേതാക്കളൂമായും യോജിച്ചു. 1916 ജൂണീൽ ഇവർ ഒന്നുചേർന്ന് സമർഖണ്ഡിൽ ഒരു രഹസ്യയോഗം വിളിച്ചുചേർക്കുകയും തുർക്കിസ്താനിലെ സാർ ഭരണത്തിനെതിരെ ആയുധമെടുത്ത് പോരാടാൻ തീരുമാനമെടുക്കുകയും ചെയ്തു. മതമേലദ്ധ്യക്ഷർ, സാറിനെതിരെ ജിഹാദിനും ആഹ്വാനം ചെയ്തു.

1916 ജൂലൈ 13-ന് കസാഖ്-കിർഗിസ് നാടോടീകൾ പോരാട്ടം ആരംഭിച്ചു. മദ്ധ്യേഷ്യയിലെ മറ്റുവിഭാഗങ്ങൾ ഇവരെ പിന്തുടർന്നു. എന്നാൽ മുൻപെന്ന പോലെ റഷ്യൻ സേന ഈ കലാപത്തേയും അടീച്ചമർത്തി.[1]

റഷ്യൻ വിപ്ലവകാലം[തിരുത്തുക]

1917-ലെ റഷ്യൻ വിപ്ലവകാലത്ത് മദ്ധ്യേഷ്യയിലെ മുസ്ലീങ്ങൾ മോസ്കോയിൽ ഒത്തുചേർന്ന് ഒരു സംഘടനക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഇത് പ്രാവർത്തികമായില്ല. തുർക്കിസ്താനിൽ നിന്നുള്ള പ്രതിനിധികൾക്കിടയിൽത്തന്നെ ജദീദ്, ക്വാദിം ചേരിതിരിവുണ്ടായിരുന്നു. പുരോഗമനവാദികളായ ജദീദുകൾ ഇസ്ലാമിക് കൗൺസിൽ എന്ന സംഘടനയും മൗലികവാദികളായ ക്വാദിമുകൾ ഉലമ കൗൺസിലും രൂപീകരിച്ചു. കസാഖ്-കിർഗിസ് നാടോടികൾ ഇതിലൊന്നും ചേരാതെ സ്വന്തമായി അലാഷ് ഒർദ എന്ന ഒരു സംഘടനയും രൂപീകരിച്ചു. റഷ്യൻ സ്ലാവ് വിഭാഗങ്ങൾക്ക് കൈമാറീയ കസാഖ് ഭൂമി അവർക്ക് തിരിച്ചു നൽകുക എന്നതായിരുന്നു അലാഷ് ഒർദയുടെ പ്രധാന ആവശ്യം.

ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുക എന്നതായിരുന്നു ജദീദുകളുടെ ഇസ്ലാമിക് കൗൺസിലിന്റെ മുദ്രാവാക്യമെങ്കിൽ, ഫ്യൂഡൽ പ്രഭുക്കളേയും മുതലാളിത്തിഅത്തേയും ഉന്മൂലനം ചെയ്യുക എന്നുള്ളതായിരുന്നു ബോൾഷെവിക് മുദ്രാവാക്യം. എന്നാൽ ഖാദിമുകളൂടെ ഉലമ സമിതിയുടെ ആവശ്യം, തുർക്കിസ്താനിലെ റഷ്യൻ നിയമം മാറ്റി, ശരി അത്ത് നടപ്പിലാക്കണമെന്നായിരുന്നു.

ഫെബ്രുവരി വിപ്ലവത്തിനു ശേഷം താഷ്കന്റിൽ താൽക്കാലികസർക്കാരും ബോൾഷെവിക്കുകളും തമ്മിൽ സംഘർഷമായിരുന്നു. 1917 സെപ്റ്റംബർ പകുതിയോടെ ബോൾഷെവിക്കുകൾ സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. സെപ്റ്റംബർ അവസാനം താഷ്കന്റിൽ രണ്ടാമത്തെ അഖില മുസ്ലീം സമ്മേളനം നടക്കുകയും റഷ്യൻ ഫെഡറേഷനു കീഴിൽ തുർക്കിസ്താനിൽ ഒരു മുസ്ലീം സർക്കാരിന്റെ രൂപീകരണത്തിന് ആവശ്യമുന്നയിച്ചെങ്കിലും സംഘർഷത്തിനിടയിൽ ഇത് പൊതുശ്രദ്ധയിൽ വന്നില്ല.

ഒക്ടോബർ വിപ്ലവത്തിൽ വിപ്ലവത്തിൽ ബോൾഷെവിക്കുകൾ അധികാരത്തിലേറിയെങ്കിലും താഷ്കന്റിലെ താൽക്കാലികസർക്കാറിന്റെ കമ്മീസാർ ജനറൽ അധികാരത്തിൽ തുടരാൻ ശ്രമിക്കുകയും നവംബർ 9-ന് പട്ടാളഭരണം പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും 2500 പേരടങ്ങുന്ന തൊഴിലാളിസേനയും ബോൾഷെവിക് പക്ഷാത്തുള്ള സൈനികരും പോരാട്ടം ആരംഭിക്കുകയും നവംബർ 14-ന് ബോൾഷെവിക്കുകൾ വിജയം നേടുകയും ചെയ്തു.[1]

വിപ്ലവാനന്തരം[തിരുത്തുക]

നവംബർ 15-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ ചേർന്ന റഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ, പീപ്പിൾസ് കമ്മീസാർമാരുടെ സമിതി, റഷ്യയിലെ ജനങ്ങൾക്കായി പുറത്തിറക്കിയ അവകാശരേഖയിൽ, സാറിസ്റ്റ് റഷ്യയിലെ എല്ലാ രാജ്യങ്ങൾക്കും സ്വയംഭരണവും സ്വയംനിർണയാവകാശവും ഉൾപ്പെടുത്തിയെങ്കിലും 1917 നവംബർ 28-ന് സോവിയറ്റ് പ്രതിനിധികൾ താഷ്കന്റിൽ സമ്മേളിച്ച് തുർക്കിസ്താനിൽ സോവിയറ്റ് ഭരണം പ്രഖ്യാപിച്ചു.

കോകന്ദ് സ്വയംഭരണസർക്കാർ[തിരുത്തുക]

വിപ്ലവത്തിൽ പങ്കുകൊണ്ട സൈനികരും തൊഴിലാളികളും പ്രധാനമായും റഷ്യൻ വംശജരായിരുന്നതിനാൽ അധികാരം അവരിൽ കേന്ദ്രേകൃതമായി. തുർക്കിസ്താനിലെ മുസ്ലീങ്ങൾക്ക് ഭരണത്തിൽ കാര്യമായ പ്രാതിനിത്യം കിട്ടിയിരുന്നില്ല. ഇതോടെ തുർക്കിസ്താനിൽ മുസ്ലീം ഭരണത്തിന് മുറവിളിയുയർത്തി, 1917 ഡിസംബർ 8-ന് ഫെർഗാന, സിർ ദര്യ, സമർഖണ്ഡ്, ബുഖാറ എന്നീ പ്രവിശ്യകളിൽ നിന്നുള്ള 197 പ്രതിനിധികൾ പങ്കെടുത്ത നാലാം അസാധാരണ പ്രാദേശിക മുസ്ലീം സമ്മേളനം കോകന്ദിൽ നടന്നു. ഇവിടെ വച്ച് തുർക്കിസ്താനെ സ്വയം ഭരണം പ്രഖ്യാപിക്കുകയും ഒരു കസാഖ് വംശജനായ മുസ്തഫ ചൊക്കലോഗ്ലുവിന്റെ നേതൃത്വത്തിൽ 12 അംഗങ്ങളടങ്ങിയ കോകന്ദ് സ്വയംഭരണസർക്കാർ (KAG) സ്ഥപിക്കുകയും ചെയ്തു. ഇതോടൊപ്പം 36 മുസ്ലീങ്ങളും 18 റഷ്യക്കാരുമടങ്ങിയ ഒരു ഭരണസമിതിയേയും തിരഞ്ഞെടുത്തു.

ഡിസംബർ 26-ന് നബിദിനദിവസം താഷ്കന്റിലെ മുസ്ലീം നേതാക്കൾ തുർക്കിസ്താന്റെ സ്വയംഭരണം ഉയർത്തിപ്പിടീച്ച് വൻ ജാഥ നടത്തി. 1918 ജനുവരി 28-ന് താഷ്കന്റിൽ തുർക്കിസ്താൻ പ്രാതിനിത്യമുള്ള ജനസഭ രൂപീകരിക്കുന്നതിന് കെ.എ.ജി. സോവിയറ്റ് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതികരണം അനുകൂലമായിരുന്നില്ല. ഇതിനിടെ കോക്കന്ദ് സ്വയംഭരണസർക്കാറിന്റെ ചില മന്ത്രിമാരുടെ നേതൃത്വത്തിൽ കോകന്ദ് കോട്ടയിലെ റഷ്യൻ പടക്കു നേരെ ആക്രമണം നടത്തി. 1918 ഫെബ്രുവരി 5-ന് താഷ്കന്റിൽ നിന്നും വൻ റഷ്യൻ സൈന്യം സഹായത്തിനെത്തുകയും ഫെബ്രുവരി 18-ന് കോകന്ദ് നഗരത്തിന്റെ കോട്ട ഭേദിച്ച് തുടർന്നുള്ള ദിവസങ്ങളിൽ 14000-ത്തോളം മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയും നഗരം ചുട്ടെരിക്കുകയും ചെയ്തു.

അലാഷ് ഒർദ[തിരുത്തുക]

മുഹമ്മദ് ബുയൂഖി ഖാനേവ് നേതൃത്വം നൽകിയ അലാഷ് ഒർദായുടെ ആഭിമുഖ്യത്തിൽ 1917 ഡിസംബറിൽ വിളിച്ചുചേർക്കപ്പെട്ട മൂന്നാം അഖില കസാഖ് നാഷണൽ കോൺഗ്രസ്, കസാഖ്-കിർഗിസ് പ്രദേശങ്ങൾ സ്വയം ഭരണമുള്ളതായി പ്രഖ്യാപിച്ചു. കസാഖ് നേതാവായിരുന്ന മുഹമ്മദ് ബയൂകി ഖാനേവിന്റെ നേതൃത്വത്തിൽ ഒരു സർക്കാരിനേയും അവർ തിരഞ്ഞെടുത്തിരുന്നു. എന്നാൽ 1918 ജനുവരി 31-ന് സോവിയറ്റ് സേന ഇവരെ പരാജയപ്പെടുത്തുകയും അലാഷ് ഒർദ സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു.

തുർക്ക്മെൻ ദേശീയസേന[തിരുത്തുക]

വിപ്ലവാനന്തരം കാസ്പിയനപ്പുറമുള്ള തുർക്ക്മെനിസ്താനിലെ ഒബ്ലാസ്ത് പ്രവിശ്യ്യ ബോൾഷെവിക്കുകൾക്കെതിരെ തിരിഞ്ഞു. മേഖലയിലെ തുർക്ക്മെൻ സൈനികോദ്യോഗസ്ഥരെ കേന്ദ്രീകരിച്ച്, തദ്ദേശീയപണ്ഡീതരുടെ പിന്തുണയിൽ ഒരു ദേശീയ കമ്മിറ്റി രൂപീകരിച്ചു. കേണൽ ഒറാസ് സിർദാറായിരുന്നു ഇതിന്റെ തലപ്പത്ത്. പട്ടിണീക്കാർക്ക് ദുരിതാശ്വാസമേകുക എന്നത് ഇവരുടെ ലക്ഷ്യമായിക്കരുതി. 1918 ഫെബ്രുവരിയിൽ ദേശീയകമ്മിറ്റി, തുർക്ക്മെൻ ദേശീയസേന രൂപീകരിച്ചു.

ഇതിനെ നേരിടുന്നതിന് സോവിയറ്റ് ഭരണകൂടം, അതിന്റെ ഭരണതലത്തിൽത്തന്നെ ഒരു തുർക്ക്മെൻ വിഭാഗം രൂപീകരിക്കുകയും ഒരു അഖില തുർക്ക്മെൻ കർഷകസമ്മേളനം വിളിച്ചുകൂട്ടുകയും തുർക്ക്മെൻ ചെമ്പട രൂപീകരിക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരെ ഗ്രാമങ്ങളിലേക്കിറക്കി, കൂടുതൽ കൃഷിക്കാരെ ആകർഷിക്കുന്നതിനുള്ള നടപടികളൂം സോവിയറ്റ് ഭരണകൂടം കൈക്കൊണ്ടു. ഇതോടൊപ്പം റഷ്യൻ ഭൂരിപക്ഷപട്ടണമായ അശ്ഗബാതിലെ സോവിയറ്റ് സമിതി, താഷ്കന്റിൽ നിന്നും സൈനികസഹായത്തിന് കോലെസോവിനോട് അഭ്യർത്ഥിച്ചു. ഒപ്പം തന്നെ പ്രദേശത്ത് ആയുധം കൈയാളുന്നവരുടെ ഒരു കണക്കെടുപ്പും നടത്താനാരംഭിച്ചു. കണക്കെടുപ്പ് ആരംഭിക്കാനിരുന്ന ജൂൺ 17-ന് കലാപം പൊട്ടിപ്പുറപ്പെടുകയും രണ്ടു ദിവസത്തേക്ക് ഇത് തുടരുകയും ചെയ്തു. ഒരാഴ്ചക്ക് ശേഷം, കമ്മീസാർ വി. ഫ്രോലോവിന്റെ കീഴിൽ ഒരു സൈന്യം എത്തുകയും തുർക്ക്മെൻ ദേശീയസേനയെ നിരായുധരാക്കുകയും ചെയ്തു.

ബസ്മാചി പ്രസ്ഥാനം[തിരുത്തുക]

അൻവർ പാഷ

റഷ്യൻ-സോവിയറ്റ് ആധിപത്യത്തിനെതിരെ, 1920-കളുടെ അവസാനം, ബുഖാറ മേഖല കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെട്ട സൈനികപ്രസ്ഥാനമായിരുന്നു ബസ്മാചി പ്രസ്ഥാനം. ബുഖാറ അമീർ സയിദ് ആലം ഖാന്റെ നേതൃത്വത്തിൽ സംഘടിച്ച ഈ പ്രസ്ഥാനം ഒളിപ്പോരുകളിലൂടെ സോവിയറ്റ് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചെങ്കിലും 1920-ൽ സൈനിക-ഭരണ നടപടികളിലൂടെ അമർച്ച ചെയ്യാൻ സോവിയറ്റ് സേനക്കായി. എന്നാൽ 1921-ൽ മുൻ തുർക്കി സൈന്യാധിപനായിരുന്ന അൻവർ പാഷയുടെ നേതൃത്വത്തിൽ പുനഃസംഘടിക്കപ്പെട്ട ബസ്മാചികൾ പൂർവാധികം ശക്തിയോടെ ആഞ്ഞടിക്കുകയും ബുഖാറ മേഖലയിലെ പല പ്രദേശങ്ങളും അധീനതയിലാക്കുകയും ചെയ്തിരുന്നു. സോവിയറ്റ് ആക്രമണത്തെത്തുടർന്ന് 1922 അവസാനം അൻവർ പാഷ കൊല്ലപ്പെട്ടതോടെ ബസ്മാചി മുന്നേറ്റം നിലച്ചു.

കുറിപ്പുകൾ‌[തിരുത്തുക]

  • ^ പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ, ഇന്ത്യയിലെ ബംഗാളിൽ നിന്നും അഫ്ഗാനിസ്താൻ വരെ മുന്നേറിയിരുന്നു. അഫ്ഗാനിസ്താനെ ഒരു ബ്രിട്ടീഷ് കോളനിയോ സാമന്തദേശമോ ആയിത്തീരാതിരിക്കാൻ സാർ ചക്രവർത്തിമാർ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തു. ഇതിലൂടെ മദ്ധ്യേഷ്യയിലെ ആധിപത്യത്തിന് സെയിന്റ് പീറ്റേഴ്സ്ബർഗും ലണ്ടനുമിടയിൽ ഉടലെടുത്ത കിടമൽസരത്തെ റുദ്യാദ് കിപ്ലിങ്, വൻകളി എന്നു പേരുനൽകുകയും ചെയ്തു.1839 മുതൽ 42 വരെ നീണ്ടു നിന്ന ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന് വഴിതെളിച്ചത് ഈ മൽസരമാണ്. യുദ്ധത്തിൽ ബ്രിട്ടൺ പരാജയപ്പെട്ടെങ്കിലും പിൽക്കാലത്ത് കിഴക്കൻ അഫ്ഗാനിസ്താൻ കൈപ്പിടിയിലാക്കാൻ ബ്രിട്ടീഷ് ഇന്ത്യക്ക് സാധിച്ചു. എങ്കിലും ഈ ആധിപത്യത്തിനെതിരെ അഫ്ഗാനികൾ ചെറുത്തുനിന്നതോടെ സ്ഥിതിഗതികൾ സങ്കീർണ്ണമായിത്തന്നെ തുടർന്നു.[1]
  • ^ മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബറിന്റെ ജന്മദേശമാണ് അന്ദിജാൻ.[1]
  • ^ 1926-ലെ കാനേഷുമാരിയിൽ താജികിസ്താനിലെ സാക്ഷരതാനിരക്ക് 2.2 ശതമാനവും കസാഖ്സ്താനിലേത് 7.1 ശതമാനവുമായിരുന്നപ്പോൾ 1936-ൽ സാക്ഷരതാനിരക്ക് ഏറ്റവും കുറവുള്ള താജികിസ്താനിലെ നിരക്ക് തന്നെ 71.7 ശതമാനമായി.[1]

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. pp. 20–56. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Carl Cavanagh Hodge (2008). Encyclopedia of the Age of Imperialism, 1800-1914 - Volume I:A-K (in ഇംഗ്ലീഷ്). Greenwood Press, Westport. p. 31. ISBN 9780313334047. Retrieved 2011-01-04.