മദ്ധ്യകർണ്ണം
മദ്ധ്യകർണ്ണം | |
---|---|
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
ലാറ്റിൻ | ഔറിസ് മീഡിയ |
ഗ്രെയുടെ | subject #230 1037 |
കണ്ണികൾ | Middle+ear |
കേൾക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന ഭാഗങ്ങളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ് മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. കർണ്ണപുടവുമായി ബദ്ധപ്പെട്ടിരിക്കുന്ന മൂന്നസ്ഥികളാണ് മദ്ധ്യകർണ്ണത്തിലെ പ്രധാന ഭാഗങ്ങൾ. കർണ്ണപുടത്തെ തൊട്ട് ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥിയാണ് മാലിയസ് (Malleus). മാലിയസുമായി ചേർന്ന് ഇൻകസ് (Incus) എന്ന അസ്ഥി സ്ഥിതിചെയ്യുന്നു. കുതിരസവാരിക്കാർ കാലുറപ്പിച്ചുവെക്കുന്ന സ്റ്റിറപ്പിന്റെ ആകൃതിയിലുള്ള സ്റ്റേപിസ് (Stapes) ആണ് ഈ ശൃംഖലയിലെ മൂന്നാമത്തെ അസ്ഥി. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപിസ്[1]. മദ്ധ്യകർണ്ണത്തെ മൂക്കുമായി ബന്ധപ്പെടുത്തുന്ന യൂസ്റ്റേഷ്യൻ നാളി എന്ന ഒരു കുഴലുണ്ട്. കർണ്ണപുടത്തിനിരുവശവുമുള്ള മർദ്ദം സമമായി നിർത്തുകയാണ് യൂസ്റ്റേക്കിയൻ നാളിയുടെ ധർമ്മം. മദ്ധ്യകർണ്ണത്തിനും ആന്തരകർണ്ണത്തിനും ഇടയിലായി അണ്ഡാകാര ജാലകം (എലിപ്റ്റിക്കൽ അഥവാ ഓവൽ ജാലകം), വൃത്തജാലകം എന്നീ രണ്ട് രന്ധ്രങ്ങളുണ്ട്. നേർത്ത സ്തരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഇവയിൽ എലിപ്റ്റിക്കൽ ജാലകവുമായി സ്റ്റേപിസ് ബന്ധപ്പെട്ടിരിക്കുന്നു.
മദ്ധ്യകർണ്ണത്തിന്റെ പ്രാഥമികധർമ്മം ശബ്ദവീചികളിലെ ഊർജ്ജം കോക്ലിയയിലെത്തിക്കലാണ്.
ശബ്ദവാഹനം
[തിരുത്തുക]മദ്ധ്യകർണ്ണം വായുവിൽ സഞ്ചരിച്ച് ചെവിയിലെത്തുന്ന ശബ്ദവീചികളെ ഓവൽ ജാലകം വഴി ദ്രാവകത്തിൽ സഞ്ചരിക്കുന്ന വീചികളാക്കി മാറ്റുന്നു. "ഉത്തോലക തത്ത്വവും" ഹൈഡ്രോളിക് തത്ത്വവും ഇതിൽ ഉപയോഗപ്പെടുന്നുണ്ട്. [2] ശബ്ദത്താൽ പ്രകമ്പനം ചെയ്യുന്ന കർണ്ണപുടത്തിന്റെ വിസ്തീർണ്ണത്തിനേക്കാൾ വളരെക്കുറവാണ് സ്റ്റേപ്പിസിന്റെ ഫുട്ട് പ്ലേറ്റിന്റെ വിസ്തീർണ്ണം.
ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ പേശീസങ്കോചത്തിലൂടെ അതിനെ ചെറുതാക്കാനും മദ്ധ്യകർണ്ണത്തിന് കഴിവുണ്ട്.
ഓസിക്കിളുകൾ
[തിരുത്തുക]മദ്ധ്യകർണ്ണത്തിൽ ഓസിക്കിളുകൾ എന്നു വിളിക്കുന്ന മൂന്ന് കുഞ്ഞ് അസ്ഥികളുണ്ട്: മാലിയസ്, ഇൻകസ്, സ്റ്റേപിസ് എന്നിവയാണവ. അവയുടെ ആകൃതിക്കനുസരിച്ചുള്ള ലാറ്റിൻ പേരുകളാണ് ഈ അസ്ഥികൾക്കുള്ളത്.
മദ്ധ്യകർണ്ണം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് ഉദ്ദേശം 1 kHz ഫ്രീക്വൻസിയിലാണ്. മനുഷ്യർക്ക് ഏറ്റവും നന്നായി കേൾക്കാൻ കഴിയുന്നത് 1 kHz-നും 3 kHz-നും ഇടയിലുള്ള ഫ്രീക്വൻസിയിലുള്ള ശബ്ദമാണ്.
പേശികൾ
[തിരുത്തുക]ഓസ്സിക്കിളുകളുടെ ചലനം ഫേഷ്യൽ നാഡിയുടെ നിയന്ത്രണത്തിലുള്ള സ്റ്റപീഡിയസ് പേശിയും, ട്രൈജമിനൽ നാഡിയുടെ നിയന്ത്രണത്തിലുള്ള ടെൻസർ ടിമ്പാനി എന്നീ പേശികളുടെ സങ്കോചത്താൽ കുറയ്ക്കുവാൻ കഴിയും.ഉച്ചത്തിലുള്ള ശബ്ദമുണ്ടാകുമ്പോഴാണ് ഈ പേശികൾ സങ്കോചിക്കുക. അക്വസ്റ്റിക് റിഫ്ലക്സ് അല്ലെങ്കിൽ ടിമ്പാനിക് റിഫ്ലക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ആപേക്ഷിക ശരീരശാസ്ത്രം
[തിരുത്തുക]നാൽക്കാലികളുടെ മദ്ധ്യകർണ്ണം മത്സ്യങ്ങളുടെ സ്പൈറക്കിളിന് തത്തുല്യമാണ്. സ്പൈറക്കിളിന്റെ ആന്തരഭാഗമാണ് യൂസ്റ്റേഷ്യൻ ട്യൂബായി കാണപ്പെടുന്നത്.[3]
ഉരഗങ്ങളിലും പക്ഷികളിലും സ്റ്റേപിസ് എന്ന ഒറ്റ ഓസിക്കിൾ മാത്രമേ ഉള്ളൂ. [3]
ചില ഉഭയജീവികളിൽ മദ്ധ്യകർണ്ണം കാണാറില്ല. സ്റ്റേപിസും ചിലപ്പോൾ ഇല്ലാതിരിക്കുകയോ നേരിട്ട് തലയോട്ടിയിലെ അസ്ഥിയിലേക്ക് യോജിച്ചിരിക്കുകയോ ചെയ്യും. ചില ഉഭയജീവികളിൽ "ഓപർക്കുലം" എന്ന മറ്റൊരു ഓസിക്കിളുണ്ട്. [3]
സസ്തനികൾ മൂന്ന് ഓസിക്കിളുകളുള്ളതിനാൽ സൂക്ഷ്മസ്വരങ്ങൾ കേൾക്കാൻ കൂടുതൽ കഴിവുള്ളവയാണ്. മാലിയസ് കീഴ്ത്താടിയിലെ ഓറിക്കുലാർ അസ്ഥിയിൽ നിന്നും ഇൻകസ് ക്വാഡ്രേറ്റ് അസ്ഥിയിൽ നിന്നും പരിണമിച്ചുണ്ടായതാണ്. നട്ടെല്ലുള്ള മറ്റു ജീവികളിൽ ഈ അസ്ഥികൾ താടിയുടെ സന്ധിയുടെ ഭാഗമാണ്. മാൻഡിബിൾ അസ്ഥി സസ്തനികളിൽ പരിണാമഫലമായി കൂടുതൽ വികസിച്ചതിനാൽ മറ്റൊരു സന്ധി താടിയിൽ ഉണ്ടാവുകയും പഴയ സന്ധി മദ്ധ്യകർണ്ണത്തിന്റെ ഭാഗമാവുകയും ചെയ്തു.[3]
മദ്ധ്യകർണ്ണത്തിലെ തകരാറുകൾ
[തിരുത്തുക]മദ്ധ്യകർണ്ണം പൊള്ളയാണ്. അന്തരീക്ഷത്തിലെ മർദ്ദവ്യത്യാസത്തോടൊപ്പം മദ്ധ്യകർണ്ണത്തിലെ മർദ്ദം ക്രമീകരിക്കുന്നത് യൂസ്തേഷ്യൻ നാളിയാണ്. വിമാന യാത്ര ചെയ്യുമ്പോഴും മറ്റും മദ്ധ്യകർണ്ണത്തിലെയും അന്തരീക്ഷത്തിലെയും സമ്മർദ്ദം വ്യത്യാസപ്പെടുന്നത് നമുക്ക് ചെവിയടപ്പായി അനുഭവപ്പെടും. കോട്ടുവായ വിടുമ്പോഴും ചവയ്ക്കുമ്പോഴും മറ്റും ഈ നാളി തുറക്കും. ഈ നാളി അടഞ്ഞിരിക്കുന്നത് ഓട്ടൈറ്റിസ് മീഡിയ പോലുള്ള അസുഖങ്ങൾക്ക് കാരണമാകും.
മറ്റ് ഇമേജുകൾ
[തിരുത്തുക]ലേഖന സൂചിക
[തിരുത്തുക]- ↑ http://www.absoluteastronomy.com/topics/Stapes
- ↑ Joseph D. Bronzino (2006). Biomedical Engineering Fundamentals. CRC Press. ISBN 0-8493-2121-2.
- ↑ 3.0 3.1 3.2 3.3 Romer, Alfred Sherwood; Parsons, Thomas S. (1977). The Vertebrate Body. Philadelphia, PA: Holt-Saunders International. pp. 480–488. ISBN 0-03-910284-X.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Promenade Around the Cochlea - Middle ear at iurc.montp.inserm.fr Archived 2006-11-03 at the Wayback Machine.