മത്സ്യകേരളം പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ്‌ മത്സ്യകേരളം പദ്ധതി. തദ്ദേശ സ്വയം‌ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്.എഫ്.ഡി.എ., ബി.എഫ്.ഡി.എ., എ.ഡി.എ.കെ., മത്സ്യഫെഡ് എന്നീ സ്ഥാപനങ്ങളാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ കുളങ്ങൾ, പൊതുകുളങ്ങൾ, പൊതുതോടുകൾ, തടാകങ്ങൾ, പാടശേഖരങ്ങൾ എന്നിവയിൽ മത്സ്യകൃഷി നടത്തി ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം[1].

ഘടന[തിരുത്തുക]

ഈ പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് തലത്തിൽ കർഷകസംഘങ്ങൾ രൂപവത്കരിക്കുന്നതാണ്‌ ആദ്യപടിയായി ചെയ്യുന്നത്. ഓരോ സംഘങ്ങളും ഓരോ അക്വാകൾച്ചർ കോ-ഓർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. കുളമൊരുക്കൽ, മത്സ്യക്കുഞ്ഞ് വിതരണം, അവയുടെ പരിപാലനം, മത്സ്യകൃഷി, തീറ്റനൽകൽ, വിപണനം, അവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം ; എന്നിങ്ങനെ മത്സ്യകൃഷിക്കാവശ്യമായ സർവ്വവിധ പരിശീലനങ്ങളും സംസ്ഥാന ഫിഷറീസ് വകുപ്പും അനുബന്ധ ഏജൻസികളും ചേർന്ന് കർഷകർക്ക് നൽകുകയും ചെയ്യുന്നു. കർഷകസംഘങ്ങളുടെ രൂപവത്കരണത്തിലും പ്രവർത്തനങ്ങൾക്കും പ്രാഥമിക സൗകര്യങ്ങളായ കുളമൊരുക്കൽ, വിത്ത് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഫിഷറീസ് വകുപ്പിന്റെ ജില്ലാതല ഡെപ്യൂട്ടി ഡയറക്ടർമാർ കർഷകരെ സഹായിക്കും[1].

മത്സ്യക്കുഞ്ഞ് ഉത്പാദനകേന്ദ്രങ്ങൾ, മത്സ്യതീറ്റ നിർമ്മാണ യൂണീറ്റുകൾ, മത്സ്യവിതരണകേന്ദ്രങ്ങൾ എന്നിവ ഓരോ ഗ്രാമത്തിലും ആരംഭിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ പൊതുജലാശയങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനും ഈ പദ്ധതിയിൽ അവസരം ലഭ്യമാണ്‌. ഒരു പഞ്ചായത്തിലോ, അടുത്തടുത്ത പഞ്ചായത്തുകളിലോ ഉള്ള കർഷകർക്ക് കൂട്ടായീ ചേർന്ന് കൃഷിക്കാവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന വിധം സേവന സം‌വിധാനവും ഈ പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.[1][2]

കട്‌ല, രോഹു, മൃഗാൽ എന്നീ മത്സ്യങ്ങൾക്കു പുറമേ കരിമീൻ, നാടൻ മത്സ്യങ്ങളായ തിരുത, പൂമീൻ, കളാഞ്ചി എന്നീ മത്സ്യയിനങ്ങൾക്കാണ്‌ മത്സ്യകേരളം പദ്ധതി മുൻഗണന നൽകുന്നത്. അതോടൊപ്പം തന്നെ ഞണ്ട്, തീൻ മുരിങ്ങ, കടൽപായൽ തുടങ്ങിയ ഇനങ്ങളും ഇതോടൊപ്പം കൃഷിചെയ്യും[1].[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ഡോ. ഡി. ഷൈൻകുമാറിന്റെ ലേഖനം, കർഷകശ്രീ മാസിക. മെയ് 2009. താൾ 68
  2. 2.0 2.1 പി., സുരേഷ്ബാബു (30 ഓഗസ്റ്റ് 2011). "നെല്ലറയിൽ ചുവടുറപ്പിച്ച് 'മത്സ്യകേരളം'". മാതൃഭൂമി. ശേഖരിച്ചത് 8 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=മത്സ്യകേരളം_പദ്ധതി&oldid=1719676" എന്ന താളിൽനിന്ന് ശേഖരിച്ചത്