മത്സുവോ ബാഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മത്സുവോ ബാഷോ (松尾 芭蕉)
ജനനം മത്സുവോ കിൻസാകൂ (松尾 金作)
1644
ഇഗാ പ്രവിശ്യയിലെ യൂനോക്കടുത്ത്
മരണം 1694 നവംബർ 28
ദേശീയത ജപ്പാൻകാരൻ
തൊഴിൽ കവി
തൂലികാനാമം സോബോ (宗房)
പ്രധാന കൃതികൾ ഓകു നോ ഹോസോമിച്ചി
സ്വാധീനിക്കപ്പെട്ടവർ ഇമേജ് വാദം, ബീറ്റ് തലമുറ; റോബീ ബാഷോ, സ്റ്റെഫൻ ബാഷോ ജുങ്ങ്ഘാൻസ്

മത്സുവോ ബാഷോ|松尾 芭蕉 (ജനനം: 1644 – മരണം: നവംബർ 28, 1694) ഈദോ കാലത്തെ ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കവി ആയിരുന്നു. ജീവിതകാലത്ത് അദ്ദേഹം അംഗീകരിക്കപ്പെട്ടത് "ഹൈകായ് നോ രംഗ" രൂപത്തിലുള്ള കവിതകളുടെ പേരിലാണ്. ഇന്ന്, നൂറ്റാണ്ടുകളുടെ വിലയിരുത്തലിനുശേഷം ഹൈകായ് രൂപത്തിലുള്ള ഹ്രസ്വവും വ്യക്തവുമായ കവിതകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. മത്സുവോയുടെ കവിത രാഷ്ട്രാന്തരപ്രശസ്തമാണ്. ജപ്പാനിൽ അദ്ദേഹത്തിന്റെ കവിതകൾ സ്മാരകങ്ങളിലും ചരിത്രപ്രധാനമായ സ്ഥലങ്ങളിലും ആലേഖനം ചെയ്യുക പതിവാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ കവിതയുടെ ലോകവുമായി അടുത്ത ബാഷോ, താമസിയാതെ ഈദോ യുഗത്തിന്റെ ചിന്താലോകവുമായി പരിചയപ്പെടുകയും ജപ്പാനിലുടനീളം പ്രശസ്തനാവുകയും ചെയ്തു. അദ്ധ്യാപനം ഉപജീവിനമാർഗ്ഗമയി തെരഞ്ഞെടുത്തെങ്കിലും, നഗരത്തിലെ സാഹിത്യവൃത്തങ്ങളുമായി ബന്ധപ്പെട്ട സാമൂഹ്യജീവിതത്തിൽ താത്പര്യം കാട്ടാതെ നാട്ടിൻ പുറങ്ങളിൽ അദ്ദേഹം അലഞ്ഞുനടന്നു. കിഴക്കും പടിഞ്ഞാറും, വടക്കൻ വനങ്ങളിലും തന്റെ രചനകൾക്കുള്ള പ്രചോദനം തേടി അദ്ദേഹം യാത്രചെയ്തു. ചുറ്റുപാടുകളിൽ നിന്ന് നേരിട്ടു സമ്പാദിച്ച ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖ്യപ്രേരകശക്തി.

ഇഗാ പ്രവിശ്യയിൽ ബാഷോയുടെ ജന്മസ്ഥാനമായി കരുതപ്പെടുന്ന സ്ഥലം

. [1] 1644-ൽ ഇഗാപ്രവിശ്യയിലെ ഉയെനോ എന്ന ദേശത്താണ്‌ ബഷോയുടെ ജനനം. ഒരു സമുരായികുടുംബത്തിലെ ആറുമക്കളിൽ ഒരാളായിരുന്നു. ചെറുപ്പത്തിൽ ഒരു പ്രഭുകുടുംബത്തിലെ സേവകനായെങ്കിലും കുടുംബനാഥന്റെ മരണത്തോടെ അതുപേക്ഷിച്ചു. പിന്നീടുള്ള ജീവിതം യാത്രകളുടേതായിരുന്നു. ചെറിയൊരിടവേളയിൽ ക്യോട്ടോവിൽ താമസിച്ച്‌ ക്ലാസ്സിക്കുകൾ പഠിച്ചതായും കാണുന്നു.

1672-ൽ 29 വയസ്സുള്ളപ്പോൾ അദ്ദേഹം ഇഡോ(ഇന്നത്തെ ടോക്യോ)യിലേക്കു പോയി. അവിടെ വച്ച്‌ ഒരു ഹൈകുസമാഹാരവും ഇറക്കി. പിന്നീടുള്ള നാലുകൊല്ലം പക്ഷേ നിത്യവൃത്തിക്കായി നഗരത്തിലെ തോടുപണിയിൽ കൂടുകയും ചെയ്തു. അതിനുശേഷമുള്ള കാലം ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ ആ വിധമുള്ള വേവലാതികളിൽ നിന്നു മുക്തനാവാനും കവിതയെഴുത്തും യാത്രയും ധ്യാനവുമായി ജീവിതം തുടരാനും അദ്ദേഹത്തിനു സാധ്യമായി.

1680-ൽ ഒരു ശിഷ്യൻ ഇഡോയിലെ ഫുകാഗാവായിൽ അദ്ദേഹത്തിന്‌ ഒരു കുടിൽ കെട്ടിക്കൊടുത്തു. മറ്റൊരു ശിഷ്യൻ കുടിലിന്റെ വളപ്പിൽ ഒരു വാഴത്തൈയും നട്ടുപിടിപ്പിച്ചു. അങ്ങനെ ആ കുടിലിന്‌ ബഷോ-ആൻ(കദളീവനം) എന്നും അതിലെ അന്തേവാസിക്ക്‌ ബഷോ എന്നും പേരു വീണു(തോസെയ്‌ എന്നാണ്‌ വീട്ടുകാരിട്ട പേര്‌). അവധൂതകവി എന്ന നിലയ്ക്കുള്ള ബഷോയുടെ ജീവിതം തുടങ്ങുന്നതങ്ങനെയാണ്‌.

1682-ൽ പക്ഷേ കുടിൽ കത്തിനശിച്ചു. അതിനാൽ കുറച്ചുകാലം അദ്ദേഹം കായിപ്രവിശ്യയിലേക്കു മാറിത്താമസിച്ചു. ഫുക്കാഗാവായിലെ ചൊക്കായ്ക്ഷേത്രത്തിൽ വച്ച്‌ സെൻപഠനം നടത്തുന്നതും ഇക്കാലത്താണ്‌. അതിന്റെ കൃത്യമായ അർത്ഥത്തിൽ ബഷോ ഒരു സെൻ ഗുരുവായിരുന്നില്ല. അതിനാൽ ഒരു ഭിക്ഷുവിന്റെ ചര്യയായിരുന്നു അദ്ദേഹത്തിന്റേതെന്നും ആ ദർശനമാണ്‌ കവിതകളെ തിളക്കുന്നതെന്നുമാണ്‌ പറയേണ്ടത്‌.

1683-ൽ വീണ്ടും കുടിലു കെട്ടി ബഷോ തന്റെ പഴയ ആശ്രമത്തിലേക്കു മടങ്ങി. അതിനടുത്ത വർഷം തന്റെ ജന്മനാട്ടിലേക്കു നടത്തിയ ഒരു യാത്രയുടെ വിവരണമാണ്‌ 'മഴയും വെയിലും ഏറെക്കൊണ്ട ഒരസ്ഥികൂടം എഴുതിവച്ചത്‌'എന്ന പുസ്തകത്തിൽ. അതേ വർഷം തന്നെ 'ഹേമന്തദിനങ്ങൾ' എന്ന ഹൈകുപുസ്തകവും പുറത്തുവന്നു. ഈ ഗ്രന്ഥത്തിലെ കവിതകളാണ്‌ ഹൈകുവിന്റെ പിന്നീടുള്ള ഗതിയെ നിർണ്ണയിക്കുന്നത്‌. 1687-ൽ കാഷിമാക്ഷേത്രം കാണാൻ പോയതിനെക്കുറിച്ചെഴുതിയ ചെറിയൊരു വിവരണമാണ്‌ 'കാഷിമായാത്ര'. കാഷിമായിൽ നിന്നു മടങ്ങി അധികനാൾ കഴിയുന്നതിനു മുമ്പുതന്നെ മറ്റൊരു ദീർഘയാത്രയ്ക്ക്‌ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. പതിനൊന്നുമാസം നീണ്ട ആ യാത്രയിലെ അനുഭവങ്ങളാണ്‌ 'യാത ചെയ്തു മുഷിഞ്ഞ ഒരു മാറാപ്പ്‌', 'സരാഷിനാസന്ദർശനം' എന്നീ ഗ്രന്ഥങ്ങൾ. 'പാഴടഞ്ഞ നിലങ്ങൾ' എന്ന ഹൈകുസമാഹാരവും ഇക്കാലത്തേതുതന്നെ. 'വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ' എന്ന പുസ്തകം 1689-ൽ ഔപ്രവിശ്യയിലേക്കു നടത്തിയ ഒരു ദീർഘയാത്രയുടെ പ്രശസ്തമായ രേഖയത്രെ. അദ്ദേഹത്തിന്റെ യാത്രക്കുറിപ്പുകളിൽ ഏറ്റവും പേരുകേട്ടതും ഇതുതന്നെ. തന്റെ അനുയായിയായ സോറയോടൊപ്പം അഞ്ചു മാസം നീണ്ട, 1500 മെയിൽ താണ്ടിയ ആ യാത്ര വെറുമൊരു യാത്രയല്ല, ജപ്പാന്റെ പ്രാചീനതയിലൂടെ, അതിന്റെ ചരിത്രത്തിലൂടെ, അതിന്റെ പ്രകൃതിയിലൂടെ, അതിന്റെ സാഹിത്യത്തിലൂടെയുള്ള ഒരു തീർഥാടനമാണ്‌. അതിനു വഴികാട്ടികളോ, നൂറ്റാണ്ടുകൾക്കു മുമ്പ്‌ അതേ വഴിയിലൂടെ യാത്ര ചെയ്തവരും യാത്രയ്ക്കിടയിൽ വീണുമരിച്ചവരുമായ തന്റെ പൂർവികർ കവികളും ഭിക്ഷുക്കളും. 1694-ൽ പൂർത്തിയാക്കിയെങ്കിലും ഈ കൃതി പ്രസിദ്ധീകരിക്കുന്നത്‌ 1702-ൽ മാത്രമാണ്‌.

1690-ൽ ബഷോ ക്യോട്ടോവിനു വടക്ക്‌ ബീവാതടാകത്തിനരികിലുള്ള ഗെൻജു-ആൻ എന്ന ആശ്രമത്തിൽ ഏകാന്തവാസത്തിലായിരുന്നു. അതിന്റെ വിവരണമാണ്‌ 'മായപ്പുരയിൽ വാസം' എന്ന കുറിപ്പ്‌. 'തരിശുനിലം', 'ചുരയ്ക്കാ', കുരങ്ങന്റെ മഴക്കുപ്പായം' എന്നീ ഹൈക്കുസമാഹാരങ്ങളും ഈ കാലത്തുള്ളവ തന്നെ. 1691-ൽ ബഷോ ഇഡോവിലേക്കു മടങ്ങി. പഴയ ആശ്രമം നിന്നിരുന്ന അതേ സ്ഥലത്തു തന്നെ പുതിയൊരു കുടിൽ( വളപ്പിൽ ഒരു വാഴത്തൈ വയ്ക്കാനും അവർ മറന്നില്ല)ശിഷ്യന്മാർ കെട്ടിക്കൊടുത്തിരുന്നു. അടുത്ത മൂന്നുകൊല്ലം കവിതയെഴുതിയും, ശിഷ്യന്മാരോടു കവിതയെക്കുറിച്ചു സംസാരിച്ചും ബഷോ അവിടെത്തന്നെ കഴിഞ്ഞു. 1694-ൽ അദ്ദേഹം വീണ്ടുമൊരു യാത്രയ്ക്കൊരുമ്പെട്ടു. ഒസാക്കായിൽ വച്ചു പക്ഷേ അദ്ദേഹം രോഗബാധിതനായി. സുഹൃത്തുക്കളും ശിഷ്യന്മാരും അദ്ദേഹത്തെ പരിചരിക്കാനെത്തി. 1694 നവംബർ 28-ന്‌ അമ്പത്തിയൊന്നാമത്തെ വയസ്സിൽ ബഷോ ഈ ലോകം വിട്ടു. ബീവാതടാകത്തിന്റെ കരയിൽ സംസ്കാരം നടക്കുമ്പോൾ എമ്പതു ശിഷ്യന്മാരും മുന്നൂറോളം ആരാധകരും അതിനു സാക്ഷികളായിരുന്നു.

അവലംബം[തിരുത്തുക]

  1. Kokusai 1948, p. 246

ഗ്രന്ഥസൂചി[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ മത്സുവോ ബാഷോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മത്സുവോ_ബാഷോ&oldid=2481801" എന്ന താളിൽനിന്നു ശേഖരിച്ചത്