മതിലകം രേഖകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള രേഖകളാണ് മതിലകം രേഖകൾ എന്നറിയപ്പെടുന്നത്[1]. ഓലകളിൽ എഴുതിയിട്ടുള്ള പ്രമാണങ്ങളാണിവ. മതിലകം എന്നതിന് ദേശഭാഷയിൽ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം എന്ന അർത്ഥമാണ് ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്നത്. എ.ഡി.1425 ൽ വീര ഇരവിവർമന്റെ കാലം മുതലാണ് ഇവ സൂക്ഷിക്കാൻ ആരംഭിച്ചത്. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥവരി, തമിഴ് എന്നീ ലിപികളിലാണ് ഇതിലെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

കടലാസ് പ്രചാരത്തിൽ വരുന്നതിനു മുൻപ് പനയോല മുറിച്ച് പുഴുങ്ങി പാകപ്പെടുത്തി മഞ്ഞൾപുരട്ടി ഉണക്കി അതിൽ നാരായം കൊണ്ടെഴുതുന്ന രീതിയായിരുന്നു കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. ഇപ്രകാരമുളള ഓലപ്രമാണങ്ങൾ പൊതുവെ ചുരണകൾ എന്നാണറിയപ്പെട്ടിരുന്നത്. [2]. ഇത്തരത്തിലുള്ള മൂവായിരത്തോളം താളിയോലക്കെട്ടുകൾ അഥവാ ചുരുണകളാണ് മതിലകം രേഖകളുടെ ഭാഗമായുള്ളത്. ഓരോ കെട്ടും ആയിരത്തോളം താളിയോലകളടങ്ങിയതാണ്[3]. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള മൂന്നു ലക്ഷത്തിലേറെ താളിയോലകളെക്കൂടാതെ ക്ഷേത്രത്തിലും താളിയോലക്കെട്ടുകൾ സൂക്ഷിച്ചിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖയാണ് മതിലകം താളിയോലകൾ[3].

ചരിത്രം[തിരുത്തുക]

ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ മതിലകം രേഖകൾ മഹാകവി ഉള്ളൂരാണ് ക്രോഡീകരിച്ചത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മതിലകം ഗ്രന്ഥവിധി പ്രകാരമുള്ള മുഴുവൻ രേഖകളും ലഭ്യമാണ്. വി. എസ്സ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ മതിലകം രേഖകളുടെ പരിശോധനയ്ക്ക് തുടക്കംകുറിച്ചിരുന്നു[4]. ആലംകോട്, പരവൂർ , കൊല്ലം, കായംകുളംഎന്നീ നാട്ടു രാജ്യങ്ങൾ തിരുവിതാംകൂറിൽ ലയിച്ചപ്പോൾ ശ്രീപത്മനാഭന് നിധി ശേഖരം സംഭാവന ചെയ്തതായി മതിലകം രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്[5]. ശ്രീപത്മനാഭസ്വാമിയുടെ ആഭരണങ്ങളെക്കുറിച്ചു മതിലകം രേഖകളിൽ വിവരണമുണ്ട്‌.

മാണിക്യവും മരതകവും വൈഡൂര്യവും ഇന്ദ്രനീലക്കല്ലും ചേർത്ത പൊന്നാലി പട്ടത്താലിയെക്കുറിച്ച് ‘ചീവെലി പെരുമാൾക്കു ചാത്തിന മാണിക്കവും മരതകവും നീലവും വൈരവും ചേർത്ത പൊന്നാലി പട്ടത്താലി, വലിയ തിരുപ്പട്ടം, ചെങ്ങഴനീർ മാല, പൊന്മണി താവടം, പവിഴ താവടം, മുത്തുതാവടം…....’ എന്നിങ്ങനെ പ്രാചീന മലയാളത്തിലുള്ള വിവരണമുണ്ട്[6]. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വരുമാനം, നടവരവുകൾ, സമർപ്പണങ്ങൾ തുടങ്ങിയവയെല്ലാം വിശദമായി മതിലകം രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് നടക്കുന്ന പ്രധാന കാര്യങ്ങളും ഇതിൽ എഴുതി സൂക്ഷിക്കാറുണ്ട്. വിവരങ്ങൾ രേഖപ്പെടുത്താനായി കരണക്കണക്കൻ എന്നും പണ്ടാരക്കണക്കൻ എന്നും രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരെ സഹായിക്കാനായി മറ്റ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. കരണക്കണക്കനെ നിയോഗിച്ചത് 1587 ൽ ഉദയമാർത്താണ്ഡവർമ രാജാവിന്റെ കാലത്താണെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്[3]. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യനിലവറകളിൽനിന്നും വൻ നിധിശേഖരം കണ്ടെടുത്തതോടെ മതിലകം രേഖകളുടെ പ്രാധാന്യം വർധിച്ചിട്ടുണ്ട്.

സംരക്ഷണം[തിരുത്തുക]

പുരാരേഖ വകുപ്പിന്റെ കൈയിലുള്ള താളിയോലകൾ പൂർണമായും മലയാളത്തിലേക്ക് വിവർത്തനം നടത്തി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ശ്രമം പുരാരേഖ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതോടെപ്പം താളിയോലകളും സ്കാൻചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്[3]. ഉള്ളൂർ എസ്. പരമേശ്വരയ്യരും ശൂരനാട്ട് കൂഞ്ഞൻപിള്ളയും മതിലകം രേഖകളുടെ ഒരുഭാഗം മൊഴിമാറ്റിയിരുന്നു. ഇനിയും കാണാത്ത നിരവധി രഹസ്യങ്ങൾ താളിയോലകളിലുണ്ടെന്ന് കരുതപ്പെടുന്നു[3]. നിധിശേഖരത്തിലുള്ള പല അപൂർവആഭരണങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകളെ കൂടാതെ തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങളും ഇവയിൽ നിന്നും ലഭിക്കാം. രാജ്യത്തിന്റെ ജാതി സമ്പ്രദായം അടക്കമുള്ള സാമൂഹികാവസ്ഥകളെക്കുറിച്ച് വിശദമായ രേഖപ്പെടുത്തലുകൾ ഈ താളിയോലകളിലുണ്ട്[3].

അവലംബം[തിരുത്തുക]

  1. എസ്.കെ.വസന്തൻ (2005). കേരള സംസ്കാര ചരിത്രനിഘണ്ടു വാല്യം രണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. "http://www.corporationoftrivandrum.org/ml/magazines-newspapers". Check date values in: |accessdate= (help); External link in |title= (help); |access-date= requires |url= (help)
  3. 3.0 3.1 3.2 3.3 3.4 3.5 "http://www.mathrubhumi.com/online/malayalam/news/story/1266639/2011-11-09/kerala". External link in |title= (help); |access-date= requires |url= (help)
  4. "http://deshabhimani.tv/printNewscontent.php?id=31060". Check date values in: |accessdate= (help); External link in |title= (help); |access-date= requires |url= (help)
  5. "http://deshabhimani.com/newscontent.php?id=30209". Check date values in: |accessdate= (help); External link in |title= (help); |access-date= requires |url= (help)
  6. "http://www.maxnewsonline.com/2011/07/04/23368/". Check date values in: |accessdate= (help); External link in |title= (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=മതിലകം_രേഖകൾ&oldid=1873035" എന്ന താളിൽനിന്ന് ശേഖരിച്ചത്