മതം മതത്തിനെതിരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മതം മതത്തിനെതിരെ (Religion versus Religion) എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർ‍ത്തനം

ഇറാനിയൻ വിപ്ലവകാരിയും ചിന്തകനുമായ അലി ശരീഅത്തിയുടെ പ്രസിദ്ധമായ ഗ്രന്ഥമാണ് മതം മതത്തിനെതിരെ. മദ്‌ഹബ് അലൈ മദ്‌ഹബ് എന്നാണ്‌ പേർ‍ഷ്യനിലുള്ള മൂലഗ്രന്ഥത്തിന്റെ പേര്‌. ഈ ഗ്രന്ഥത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങൾ മതത്തേയും സാമൂഹ്യശാസ്ത്രത്തേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ പൊതുവിൽ പ്രതിനിധീകരിക്കുന്നു. മതത്തിന്റെ പരസ്പര വിരുദ്ധമായ രണ്ട് ധർമങ്ങളെ അപഗ്രഥിച്ചു കൊണ്ട് ശരീഅത്തി എഴുപതുകളിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങാളിണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മതവും മതനിഷേധവും തമ്മിലല്ല, മതവും മതവും തമ്മിലാണ്‌ ചരിത്രത്തിലെന്നും സം‌ഘട്ടനങ്ങൾ നടന്നിട്ടുള്ളത്. വർഗ വിഭജനങ്ങളേയും കഷ്ടപ്പാടുകളേയും സാധൂകരിക്കുകയും സം‌രക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാഥാസ്ഥിതിക്കെതിരെ നിലകൊള്ളുകയും മർദിതരേയും ദരിദ്രരേയും പിന്തുണക്കുകയും ചെയ്യുന്ന ഏകദൈവവാദവും തമ്മിൽ. നിയമസാധുത്വത്തിന്റേയും വിപ്ലവത്തിന്റേയും മതങ്ങൾ തമ്മിൽ, അഥവാ മതത്തിന്റെ പുരോഹിത ധർമവും പ്രവാചക ധർ‍മവും തമ്മിൽ.

വിഗ്രഹാരാധന ബഹുദൈവവാദത്തിന്റെ ഒരു ശാഖ മാത്രമാണ്‌. വർഗ വിഭജനങ്ങളേയും സാമൂഹ്യ രാഷ്ട്രീയ അസമത്വങ്ങളേയും ശാശ്വതീകരിക്കുന്ന മതവ്യാഖ്യാനങ്ങൾ പരോക്ഷ ബഹുദൈവവാദമാണ്‌. പരോക്ഷ ബഹുദൈവവാദത്തെ പിന്തുണക്കുക എന്നത് മതത്തിന്റെ 'പുരോഹിത ധർമ'മാണ്‌. എന്നാൽ ആധിപത്യം പുലർത്തുന്ന സമൂഹത്തിലെ അം‌ഗീകൃത മൂല്യങ്ങളോടും നയങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ മാധ്യമമെന്ന നിലയിലാണ്‌ മതത്തിന്റെ 'പ്രവാചകധർമം' ചരിത്രത്തിൽ പങ്കു വഹിച്ചിട്ടുള്ളത്.

മനോവിഗ്രഹങ്ങളും സാമൂഹ്യ-രാഷ്ട്രീയ വിഗ്രഹങ്ങളും[തിരുത്തുക]

മതത്തിന്റെ പ്രവാചക ധർമം ഒരു ദ്വിമുഖ പോരാട്ടമാണ്‌. ആന്തരിക തലത്തിൽ സ്വന്തത്തേയും അതിന്റെ മനോവിഗ്രഹങ്ങളേയും ബാഹ്യലോകത്തിൽ സാമൂഹിക-രാഷ്ട്രീയ വിഗ്രഹങ്ങളേയും അത് നേരിടുന്നു. ദൈവത്തോടുള്ള സമ്പൂർണ്ണമായ ആത്മബന്ധത്തിന്റെ മുന്നിൽ വിഘ്നം സൃഷ്ടിക്കുന്ന സ്വാർഥതയുടെ താൽപര്യങ്ങളാണ്‌ മനോവിഗ്രഹങ്ങൾ‌. വിശ്വാസത്തിന്റെ പാതയിൽ ദുർബലരാക്കുന്ന, മനുഷ്യർ നടത്തുന്ന മുന്നേറ്റം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന, ഉത്തരവാദിത്തത്തെപ്പറ്റി സം‌ശയം ജനിപ്പിക്കുന്ന, ന്യായവൽക്കരണത്തിലേക്കും രാജിയാവാൻ പ്രേരിപ്പിക്കുന്ന വ്യാഖ്യാനക്കസർത്തുകളിലേക്കും നയിക്കുന്ന എന്തും തകർക്കപ്പെടേണ്ട മനോവിഗ്രഹമാണ്‌.

സാമൂഹിക-രാഷ്ട്രീയ വിഗ്രഹങ്ങൾ അധികാരം, മൂലധനം, പൗരോഹിത്യം എന്നിവയുടെ ശക്തികളാണ്‌. ഇവ പ്രവാചക ധർമത്തെ നേർക്കു നേരെ എതിർക്കുമ്പോൾ അവരെ തിരിച്ചറിയാൻ പ്രയാസമില്ല. എന്നാൽ ബഹുദൈവത്വത്തിന്റെ ശക്തികൾ ഏകദൈവത്വത്തിന്റെ വേഷമണിഞ്ഞും വിശ്വാസമഭിനയിച്ചും രം‌ഗപ്രവേശം ചെയ്യുമ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്‌. ബഹുദൈവത്വത്തിന്റെ ഈ പരോക്ഷ ശക്തികളാണ്‌ ശരീഅത്തിയുടെ വീക്ഷണത്തിൽ ഇസ്ലാമിക ചരിത്രത്തെ പുറകോട്ടു വലിച്ചതും മതത്തിന്റെ വിമോചനമൂല്യങ്ങളെ കെടുത്തിക്കളഞ്ഞതും.

ബുദ്ധിജീവികളുടെ ഉത്തരവാദിത്തം[തിരുത്തുക]

ഇസ്ലാമിക വീക്ഷണത്തിൽ മുഹമ്മദ് നബിയോട് കൂടി പ്രവാചകപരമ്പര അവസാനിച്ചിരിക്കുന്നു. എന്നാൽ പ്രവാചക ധർമം (ജനസമൂഹങ്ങളെ സ്വന്തം ഉത്തരവാദിത്തത്തെപ്പറ്റി ഓർ‍മിപ്പിക്കുന്ന ദൗത്യം) വെളിപാടിനൊപ്പം അവസാനിച്ചിട്ടില്ല. എന്നാൽ ഈ ദൗത്യം ഏറ്റെടുക്കാനും മറ്റുള്ളവർ‍ അകപ്പെട്ടിരിക്കുന്ന വ്യാജ മനുഷ്യാവസ്ഥകളെപ്പറ്റി അവരെ ഉണർത്താനുമുള്ള ധൈര്യം ഒരു ന്യൂനപക്ഷത്തിനേയുള്ളൂ, ശരീഅത്തിയുടെ വീക്ഷണത്തിൽ പ്രബുദ്ധരായ പണ്ഢിതരുടേയും ബുദ്ധിജീവികളുടേയും ഉത്തരവാദിത്തമാണിത്.

ബഹുദൈവവാദവും സമൂഹവും[തിരുത്തുക]

വിദ്യാലയങ്ങളിലും ദേവാലയങ്ങളിലും വെച്ച് ചർച്ച ചെയ്യപ്പെടേണ്ട ദാർശനികവും ദൈവശാസ്ത്രപരവുമായ രണ്ട് ആശയങ്ങൾ മാത്രമല്ല ഏകദൈവവിശ്വാസവും ബഹുദൈവവാദവും. അവ സജീവ സാമൂഹിക യാഥാർ‌ത്ഥ്യങ്ങളാണ്‌. മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയിൽ, പോരാട്ടങ്ങളുടെ ഹൃദയത്തിൽ, വൈരുദ്ധ്യങ്ങളിൽ, ചരിത്രത്തിന്റെ പ്രയാണത്തിൽ. ജനങ്ങളുടെ വർഗസമരത്തിൽ, ജനങ്ങളുടെ ശത്രുക്കളിൽ എല്ലാം സജീവമായി നിൽക്കുന്ന യാഥാർഥ്യങ്ങൾ. ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്‌. മനുഷ്യനെ മയക്കുന്ന കറുപ്പാണത്!

ഏകദൈവവിശ്വാസമാകട്ടെ ചരിത്രത്തിലെ പീഡിതമതമാണ്‌; ജനങ്ങളുടെ രക്തവും ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ പ്രകൃതിയും ജനങ്ങളുടെ ആയുധവും. ഏകദൈവവിശ്വാസത്തിനു പൗരോഹിത്യത്തിലൂടെ സം‌ഭവിക്കുന്ന രൂപഭേദത്തിലൂടെയാണ്‌ മതം മർദ്ദക അധികാരിവർഗത്തിന്റെ ഉപകരണവും ജനവിരുദ്ധവുമായിത്തീരുന്നത്. ശരീഅത്തിയുടെ വീക്ഷണത്തിൽ ചെകുത്താൻ ദൈവത്തിന്റെ വിശുദ്ധ വേഷത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ!

ബഹുദൈവവാദികളും നിയമസാധുത്വത്തിന്റെ മതവും[തിരുത്തുക]

മലയാളത്തിൽ ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് അരീക്കോട്ടെ ഇസ്ലാമിക് ഫൗണ്ടേഷൻ പ്രസ്സ് ആണ്‌. പിന്നീട് അദർ ബുക്സ് പുനഃപ്രസിദ്ധീകരിച്ച ഇതിന്റെ വിവർത്തകൻ എം‌.എ. കാരപ്പഞ്ചേരി ആണ്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മതം_മതത്തിനെതിരെ&oldid=2829008" എന്ന താളിൽനിന്ന് ശേഖരിച്ചത്