Jump to content

മണ്ഡൽ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mandal Commission

1979 ജനുവരി 1 ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷനായിരുന്നു മണ്ഡൽ കമ്മീഷൻ. ഇതിന്റെ അധ്യക്ഷൻ മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു. [1]

തുടക്കം

[തിരുത്തുക]

പിന്നോക്ക വിഭാഗങ്ങളെ (ഒബിസി) സാമൂഹ്യപുരോഗതിയിലെത്തിക്കാനാണ് ബിഹാറിലെ ഇടക്കാലമുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലിൻറെ നേതൃത്വത്തിൽ 1979-ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഒരു കമ്മീഷൻ രൂപീകരിച്ചത്. ബി പി മണ്ഡലിൻറെ നേതൃത്വത്തിൽ പുറത്തിറക്കിയ ആ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ത്യയുടെ സംവരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.  [2] 1979 ജനുവരി ഒന്നിന് നിലവിൽ വന്ന ഇത് 'രണ്ടാം പിന്നോക്കക്കമ്മീഷൻ' എന്നാണ് അറിയപ്പെട്ടത്. ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനായിരുന്ന ക്രിസ്റ്റോഫ് ജാഫർലോട്ട് മണ്ഡൽ പ്രസ്ഥാനത്തെ "ഇന്ത്യയുടെ നിശ്ശബ്ദ വിപ്ലവം" എന്നാണ് വിശേഷിപ്പിച്ചത്. 

കമ്മീഷൻ അംഗങ്ങൾ

[തിരുത്തുക]

മണ്ഡലിനെ കൂടാതെ മറ്റ് അഞ്ച്‌ പേർ കൂടി കമ്മീഷനിൽ അംഗങ്ങളായുണ്ടായിരുന്നു. ഇതിൽ നാല് പേർ പിന്നോക്കവിഭാഗക്കാരും എൽ ആർ നായക് എന്ന അംഗം ദലിതനുമായിരുന്നു. [3]

കമ്മീഷന്റെ പ്രധാന നിർദ്ദേശങ്ങൾ

[തിരുത്തുക]

1980 ഡിസംബർ 31ന് ഇന്ത്യൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങിന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം, പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ 27% സംവരണം ഏർപ്പെടുത്തണം എന്നുള്ളതായിരുന്നു. എന്നാൽ കമ്മീഷൻ, ജനസംഖ്യയിൽ 50% പിന്നോക്കക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏതൊരുവിധത്തിലുള്ള സംവരണവും 50% ൽ അധികമാകാൻ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ, 22% സംവരണമുള്ള പട്ടികജാതി /വർഗ സംവരണം കഴിച്ച് 50% എത്തുന്ന സംഖ്യവരെ മാത്രമേ പിന്നോക്കവിഭാഗ സംവരണം ഏർപ്പെടുത്തുവാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് പിന്നോക്ക വിഭാഗ സംവരണം 27% (വാസ്തവത്തിൽ 27.5%) ആയി നിജപ്പെടുത്തിയത്. [4]

റിപ്പോർട്ടിൻറെ ആമുഖം

[തിരുത്തുക]

റിപ്പോർട്ടിൻറെ ആമുഖ വാക്കുകൾ തന്നെ ഏറെ ശ്രദ്ധേമാണ്: “തുല്യരായവർക്കിടയിൽ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ.” 

നടപ്പാക്കൽ

[തിരുത്തുക]

1979 ജനുവരി ഒന്നിന് രൂപീകരിക്കപ്പെട്ട മണ്ഡൽ കമ്മീഷൻ രണ്ടു വർഷത്തിള്ളിൽ -1980 ഡിസംബർ 31ന്- റിപ്പോർട്ട് സമർപ്പിച്ചു. മൊറാർജി ദേശായി സർക്കാർ ഇതിനിടെ താഴെ പോവുകയും പിന്നീട് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് റിപ്പോർട്ട് നടപ്പാക്കപ്പെടുകയും ഉണ്ടായില്ല. ഒടുവിൽ 1990 ഓഗസ്റ്റ് എഴിന് അന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് താൻ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയാണ് എന്നറിയിച്ചു. ഒ.ബി.സി വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു ഈ നടപ്പിലാക്കൽ. [5]

കമ്മീഷൻ റിപ്പോർട്ടിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ

[തിരുത്തുക]

1990 ആയപ്പോൾ അന്നത്തെ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി പി സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ തെരുവുകൾ സംവരണവിരുദ്ധവികാരം കൊണ്ട് നിന്ന് കത്തിയ കാഴ്ചയാണ് പിന്നീട് കണ്ടത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമെമ്പാടും വൻ പ്രക്ഷോഭങ്ങൾ നടന്നു. ദില്ലിയിൽ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രാജീവ് ഗോസ്വാമി ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 50 ശതമാനം പൊള്ളലുമായി രാജീവ് ഗുരുതരാവസ്ഥയിലായി. ദേഹമാകെ തീയുമായി രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്ന ഫോട്ടോകൾ രാജ്യമൊട്ടാകെയുള്ള പത്രങ്ങളിൽ അടിച്ചുവന്നു. കാട്ടുതീ പോലെ ഈ ട്രെൻഡ് കത്തിപ്പടന്നു. ഉത്തരേന്ത്യയിൽ പലയിടത്തും സമാനമായ രീതിയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോൾ റിപ്പോർട്ട് നടപ്പാക്കുന്നത് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. [6]   അപ്പോഴേക്കും വി.പി സിംഗ് സർക്കാരിലും പ്രതിസന്ധികൾ ആരംഭിച്ചിരുന്നു. പക്ഷെ, കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. ബിജെപിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് വി.പി സിംഗ് സർക്കാർ നിലനിന്നിരുന്നത്. ഈ സമയത്ത് ബിജെപി വി.പി സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെങ്കിലും മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാകുക തന്നെ ചെയ്തു. [7]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മണ്ഡൽ_കമ്മീഷൻ&oldid=3702301" എന്ന താളിൽനിന്ന് ശേഖരിച്ചത്