കല്ലുവാതുക്കൽ മദ്യദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മണിച്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ലുവാതുക്കൽ 19 ആൾക്കാരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ[1] 2000 ഒക്റ്റോബർ 21-ന്[2] ആകെ 33[2] പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്. നായനാർ ഭരണത്തിന്റെ അവസാന സമയത്താണ്[3] ഈ സംഭവമുണ്ടായത്.[4]

വിശദാംശങ്ങൾ[തിരുത്തുക]

മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഹയറുന്നിസയുടെ വീട്ടിൽ നിന്നും മദ്യം കഴിച്ചവർ ഇതിലുൾപ്പെടുന്നു.[5] 2000 ഒക്ടോബർ 21നാണു കേരളത്തെയാകെ പിടിച്ചുലച്ച മദ്യദുരന്തം പുറത്തറിഞ്ഞത്. ഔദ്യോഗിക രേഖകളിൽ 21 ആണെങ്കിലും 20നു രാത്രിതന്നെ മദ്യം വിഷം തുപ്പിത്തുടങ്ങിയിരുന്നു.കേസിലെ പ്രധാനപ്രതിയായ കല്ലുവാതുക്കൽ സ്വദേശി ഹയറുന്നിസയുടെ വീട്ടിൽ അന്നു വൈകിട്ടാണു മദ്യം വിളമ്പിത്തുടങ്ങിയിരുന്നു. കേസിലെ പ്രധാനപ്രതിയായ കല്ലുവാതുക്കൽ സ്വദേശി ഹയറുന്നിസയുടെ വീട്ടിൽ അന്നു വൈകിട്ടാണു മദ്യം വിളമ്പിത്തുടങ്ങിയത്. [6] പാറക്വാറിയിൽ ജോലിചെയ്യുന്നവരും മീൻകച്ചവടക്കാരുമൊക്കെ മദ്യംകഴിക്കാനെത്തിയിരുന്നതു കവറുതാത്ത എന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയുടെ വീട്ടിലായിരുന്നു . കല്ലുവാതുക്കൽ ടൗണിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിക്കുള്ളിലെ വലിയ വീട്. ഭർത്താവ് രാജനൊപ്പമായിരുന്നു ഹയറുന്നിസയുടെ മദ്യക്കച്ചവടം. വിലകുറച്ചു മദ്യം കിട്ടുമെന്നതിനാൽ അവിടെ തിരക്കും ഏറെയായിരുന്നു. പരസ്യമായ രഹസ്യമായിരുന്നു ഇത്. അവരുടെ ഉന്നതബന്ധങ്ങൾ കാരണം നടപടിയൊന്നുമുണ്ടായില്ല. പണമൊഴുകിയതോടെ ഒട്ടേറെ വാഹനങ്ങളും സ്വത്തുക്കളും അവർ വാങ്ങിക്കൂട്ടി. പക്ഷേ, പിന്നീടുണ്ടായ മദ്യദുരന്തം ഹയറുന്നിസയുടെ വിധിയും മാറ്റിക്കുറിച്ചു. കരൾരോഗം പിടിമുറുക്കിയ അവർ ജയിൽജീവിതത്തിനിടെ മരിച്ചു. [7]

2000 ഒക്ടോബർ 21ന് പാറ ക്വാറിയിലും മറ്റും കൂലിപ്പണി കഴിഞ്ഞു പതിവുപോലെ മദ്യപിച്ചവർ വീട്ടിലെത്തിയതു പതിവിലേറെ ക്ഷീണിതരായാണ്. തലേന്നു മദ്യപിച്ചവർ മയക്കംവിട്ടുണരാതെ കിടന്നു. പതിയെ ആളുകൾ തലകറങ്ങിവീഴാൻ തുടങ്ങി.[8] അസ്വസ്ഥതകൾ തോന്നിയവരെ കാണാനെത്തിയ സുഹൃത്തുക്കൾ അവർക്കു പിന്നാലെ കുഴഞ്ഞുവീണു. മരണം നാടിനെ ഇറുക്കിത്തുടങ്ങിയിരുന്നു. അടുത്തതാര്, ഒപ്പം കുടിച്ചതാര് എന്ന പരിഭ്രാന്തിയോടെ ആളുകൾ പരക്കംപാഞ്ഞു. മരണം പെരുകിയതോടെ ആധിയുമേറി. ചികിത്സ തേടാൻ മടിച്ചവരെ ഉറ്റവർ നിർബന്ധിച്ച് ആശുപത്രിയിലാക്കി. ആംബുലൻസുകൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. [9] ദുരന്തത്തിനിരയായതൊക്കെയും സാധാരണക്കാരാണ്. കല്ലുവാതുക്കലിലും പരിസരത്തുമായി 19 പേർ മരിച്ചു. കഠിനജോലി ചെയ്തു കുടുംബം നോക്കിയിരുന്നവർ. ഗൃഹനാഥൻമാരുടെ മരണത്തോടെ പല കുടുംബങ്ങളും അനാഥമായി. ഹയറുന്നിസയുടെ വീട്ടിലെ സഹായി കല്ലുവാതുക്കൽ പാറയിൽ സ്വദേശി കൗസല്യയാണ് ആദ്യം മരിച്ചത്. ഹയറുന്നിസ മദ്യം തയാറാക്കിയശേഷം ആദ്യം നൽകുന്നതു ‘ടെസ്റ്റർ’ ആയ കൗസല്യയ്ക്കാണെന്നായിരുന്നു അന്നത്തെ ആരോപണം.[10]

പ്രതികൾ[തിരുത്തുക]

മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ[5], സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, [11] എന്നിവർ പ്രതികളായിരുന്നു. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു.[2] സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. [11]നാൽപ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു[4]

മണിച്ചൻ[തിരുത്തുക]

ഈ കേസിലെ പ്രതിയാണ് മണിച്ചൻ.[12][13]. പൊടിയരി കഞ്ഞി കച്ചവടക്കാരനിൽ നിന്നും തലസ്ഥാനത്തെ നിയന്ത്രിച്ച അബ്കാരിയായി കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ചന്ദ്രനെന്ന മണിച്ചൻറെ വളർച്ച. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചൻറെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചൻ എക്സൈസിൻറെ പിടിയിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആൻറണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചൻ നീങ്ങി. സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചൻറെ കീഴിലായി. കള്ളുഷാപ്പുകൾ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി. തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കൾക്കെതിരെ ഗൂഢാലോചന ആരോപിച്ചു. [14]

വിഷമദ്യ ദുരന്തക്കേസിലെ[15] മണിച്ചനെ നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്തു[16]. ഇന്ത്യൻ ശിക്ഷാ നിയമം, അബ്കാരി നിയമം എന്നിവ ചാർജ്ജു ചെയ്ത്[17] ജീവപര്യന്തം ശിക്ഷ വിധിച്ചു.[18] സിബി മാത്യൂസിനെ കൊല ചെയ്യാൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മണിച്ചനെ നാല് വർഷം ശിക്ഷ വിധിച്ചിരുന്നു.[19]. പരോളിൽ ഇറങ്ങിയ മണിച്ചൻ ചിറയിൻകീഴ് കൂന്തള്ളൂരിൽ ബീ ടേസ്റ്റി കാറ്ററിങ് യൂണിറ്റ് ആരംഭിച്ചു.[20][21] കേസിൽ സുപ്രീം കോടതിയിൽ വാദം നടക്കുമ്പോൾ മണിച്ചന്റെ അഭിഭാഷകൻ മണിച്ചന് മാനസാന്തരം സംഭവിച്ചു എന്നും ഇനി മദ്യവിൽപ്പന നടത്തില്ല എന്ന് സത്യവാങ്‌മൂലം നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.[22]മണിച്ചൻ്റെ ഡയറിയിൽ കുടംപുളി സുരക്ക് നൽകുന്ന മാസപടി കണക്കും ഉണ്ടായിരുന്നു.

കേസന്വേഷണം[തിരുത്തുക]

ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിച്ചത്. ഇതെപ്പറ്റി ഒരു ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടിരുന്നു.[1] സിബി മാത്യൂസിനെ കൊല്ലാനും മണിച്ചൻ പദ്ധതിയിട്ടിരുന്നു.[23]

സർക്കാരിനെതിരെ ആരോപണം ഉയർന്നതിനാൽ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. [24] ഇല്ലെങ്കിൽ പ്രതികൾ ജാമ്യത്തിലിറങ്ങുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമായിരുന്നു. അന്വേഷണവും ഊർജിതമായിരുന്നു. തെളിവുശേഖരണം കഴിഞ്ഞപ്പോഴേ 90 ദിവസം ആകാറായി. ഉറക്കമുപേക്ഷിച്ചാണ് 3 ദിവസം കൊണ്ടു പ്രശാന്ത് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കുറ്റപത്രം എഴുതിത്തീർത്തത്. ഒടുവിൽ അദ്ദേഹം തളർന്നതോടെ ഡിവൈഎസ്പി ആയിരുന്ന കെ.കെ. ജോഷ്വ അതു പൂർത്തിയാക്കി. അതുകൊണ്ടു കുറ്റപത്രവും രണ്ടു കൈപ്പടയിലാണെന്നു ജോഷ്വ മുൻപു സൂചിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം പേജുണ്ടായിരുന്ന കുറ്റപത്രം കോടതി അവസാനിക്കുന്നതിന് 15 മിനിറ്റു മാത്രം മുൻപാണു സമർപ്പിച്ചത്. അപ്പോൾ തന്നെ കേസിൽ ആയിരത്തോളം സാക്ഷികൾ ഉണ്ടായിരുന്നു. ഇതിലും ചോദ്യം ചെയ്തു. 10000 രേഖകൾ കോടതിയിൽ ഹാജരാക്കി. ഹയറുന്നിസ, മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി, വിനോദ് എന്നിവരുൾപ്പെടെ 26 പ്രതികളെ കോടതി ശിക്ഷിച്ചു. 4 പ്രതികൾ ദുരന്തത്തിനിരയായി മരിച്ചു. 13 പേർക്കു ജീവപര്യന്തം ശിക്ഷയാണു നൽകിയത്. മണിച്ചന് 43 വർഷത്തെ തടവുകൂടി വിധിച്ചെങ്കിലും പിന്നീട് ഇളവുനൽകി. [25] കീഴ്ക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഴ ഈടാക്കാതെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവു വന്നു. ഈ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി ചോദിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു മനുഷ്യന് പിഴ നൽകാൻ പണമില്ലാത്തതിന്റെ പേരിൽ അയാളെ എങ്ങനെ ദീർഘകാലം ജയിലിൽ ഇടാനാകും എന്നാണ് സംസ്ഥാന സർക്കാരിനോട് ചോദിച്ചത്. [26] മണിച്ചൻ 2022 ഒക്ടോബർ 21ന് ജയിൽമോചിതനായി. [27]മണിച്ചനൊപ്പം ശിക്ഷ അനുഭവിച്ചിരുന്ന സഹോദരങ്ങൾ നേരത്തേ മോചിതരായിരുന്നു. 2017 ഫെബ്രുവരിയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലിൽ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാർശ സർക്കാർ ഗവർണർക്കയച്ചു. 2020 ജൂൺ 13-ന് മണിച്ചന്റെ മോചനത്തിന് ഗവർണർ അനുമതിനൽകി. നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്തതിനെത്തുടർന്നാണ് ജയിൽമോചനം വൈകിയത്.[28]

നായനാർ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷമദ്യദുരന്തം[തിരുത്തുക]

തെളിവുശേഖരണത്തിലും വിചാരണയിലുമെല്ലാം ശ്രദ്ധേയമായിരുന്നു മദ്യദുരന്ത കേസ്. മരണമൊഴികളായിരുന്നു പ്രധാന തെളിവ്. മറ്റുള്ളവ തേടിപ്പിടിക്കുക പൊലീസിനു ശ്രമകരമായ ജോലിയായിരുന്നു. സ്പിരിറ്റ് കടത്തിയ വാഹനത്തിൽ നിന്ന് ഒരുമാസത്തോളം കഴിഞ്ഞും അഴുക്കിനൊപ്പം മീതൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്താനായി. ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. മണിച്ചന്റെ ഗോഡൗണിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ നേതാക്കളുടെ പേരുകൾ സിപിഎമ്മിനെയും കേരളരാഷ്ട്രീയത്തെയും പിടിച്ചുലച്ചു. [29] ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ടു. ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകൾ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. കള്ളഷാപ്പിന്റെ മറവിൽ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിന് രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന് ക്രൈം ബ്ര‍ാഞ്ച് ഐജി സിബി മത്യൂസ് കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ ഓരോ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി. മാസപ്പടി ഡയറി പിടിച്ചു. മണിച്ചൻ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന സ്പരിറ്റ് ശേഖരവും കണ്ടെത്തി. സിപിഎം ജില്ലാ സെക്രട്ടറിയും, എംഎൽഎയും സിപിഐ എംഎൽഎയും ഉൾപ്പെടെ ഉന്നത നിരതന്നെ ഉണ്ടായിരുന്നു മാസപ്പടി ലിസ്റ്റിൽ, മണിച്ചൻ എന്ന അബ്കാരി തഴച്ച് വളർന്നത് സർക്കാർ തണലിലായിരുന്നു എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു. [30] മണിച്ചന്റെ മദ്യക്കച്ചവടത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാരിനെ രൂക്ഷമായി വിമർശിക്കുകയുംചെയ്തു.[31] മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടതു സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായി കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടതുമുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു.[32]

അവലംബം[തിരുത്തുക]

  1. 1.0 1.1 "മദ്യദുരന്തം: മരണം 32 ആയി". വൺ ഇന്ത്യ. 2000 ഒക്റ്റോബർ 25. Archived from the original on 2013-08-01. Retrieved 2013 ഓഗസ്റ്റ് 1. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 "കല്ലുവാതുക്കൽ കേസിലെ പ്രതി ഹയറുന്നിസ മരിച്ചു". മൈവാർത്ത. 2009 മാർച്ച് 31. Archived from the original on 2013-08-02. Retrieved 2013 ഓഗസ്റ്റ് 2. {{cite news}}: Check date values in: |accessdate= and |date= (help)
  3. ടി.കെ., ഹംസ. "കൈരളി ചാനൽ പിറവിയെടുക്കുന്നു". ദേശാഭിമാനി. Archived from the original on 2013-08-02. Retrieved 2013 ഓഗസ്റ്റ് 2. {{cite news}}: Check date values in: |accessdate= (help)
  4. 4.0 4.1 "കല്ലുവാതുക്കൽ മദ്യദുരന്തം: സോമന്റെ ശിക്ഷ ഇളവുചെയ്തു". തേജസ്. Retrieved 2013 ഓഗസ്റ്റ് 1. {{cite news}}: |archive-date= requires |archive-url= (help); Check date values in: |accessdate= and |archivedate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "കല്ലുവാതുക്കൽ മദ്യദുരന്തം: വിചാരണ തുടങ്ങി". വെബ് ദുനിയ. 2008 ഫെബ്രുവരി 4. Archived from the original on 2013-08-02. Retrieved 2013 ഓഗസ്റ്റ് 2. {{cite news}}: Check date values in: |accessdate= and |date= (help)
  6. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  7. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  8. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  9. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  10. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  11. 11.0 11.1 "കല്ലുവാതുക്കൽ മദ്യദുരന്തം. മണിച്ചന്റെയും സഹോദരന്മാരുടെയും ശിക്ഷ സുപ്രീം കോടതി ശരിവച്ചു". തേജസ്. 2011 ഏപ്രിൽ 4. Retrieved 2013 ഓഗസ്റ്റ് 2. {{cite news}}: |archive-date= requires |archive-url= (help); Check date values in: |accessdate=, |date=, and |archivedate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  12. http://articles.timesofindia.indiatimes.com[പ്രവർത്തിക്കാത്ത കണ്ണി]
  13. http://malayalam.oneindia.in
  14. https://www.asianetnews.com/kerala-news/kalluvathukkal-hooch-tragedy-accused-manichan-released-rjznk0
  15. http://malayalam.webdunia.com
  16. "http://hindu.com". Archived from the original on 2013-10-03. Retrieved 2013-08-10. {{cite web}}: External link in |title= (help)
  17. http://www.rediff.com
  18. http://indiankanoon.org
  19. "http://www.hindu.com". Archived from the original on 2008-04-22. Retrieved 2013-08-02. {{cite web}}: External link in |title= (help)
  20. http://www.mangalam.com
  21. "http://infomalayalee.com". Archived from the original on 2013-04-10. Retrieved 2013-08-10. {{cite web}}: External link in |title= (help)
  22. "തടവറ മാനസാന്തരപ്പെടുത്തിയെന്ന് മണിച്ചൻ". വൺഇന്ത്യ. 2010 സെപ്റ്റംബർ 9. Archived from the original on 2013-08-01. Retrieved 2013 ഓഗസ്റ്റ് 1. {{cite news}}: Check date values in: |accessdate= and |date= (help)
  23. "മണി‌ച്ചൻ ഗെറ്റ്സ് ഫോർ ഇയർ ഇംപ്രിസണ്മെന്റ്". ദി ഹിന്ദു. Archived from the original on 2008-04-22. Retrieved 2013 ഓഗസ്റ്റ് 2. {{cite news}}: Check date values in: |accessdate= (help)
  24. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  25. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  26. https://www.asianetnews.com/kerala-news/kalluvathukkal-hooch-tragedy-accused-manichan-released-rjznk0
  27. https://www.mathrubhumi.com/news/kerala/kalluvathukkal-hooch-case-manichen-released-from-jail-1.7977999
  28. https://www.mathrubhumi.com/news/kerala/kalluvathukkal-hooch-case-manichen-released-from-jail-1.7977999
  29. https://www.manoramaonline.com/news/latest-news/2022/11/07/life-of-kalluvathukkal-hooch-tragedy-victims-an-enquiry.html
  30. https://www.asianetnews.com/kerala-news/kalluvathukkal-hooch-tragedy-case-convict-manichan-release-in-pinarayi-government-period-after-22-years-rdesxv
  31. https://www.mathrubhumi.com/news/kerala/kalluvathukkal-hooch-case-manichen-released-from-jail-1.7977999
  32. https://www.asianetnews.com/kerala-news/kalluvathukkal-hooch-tragedy-case-convict-manichan-release-in-pinarayi-government-period-after-22-years-rdesxv