മടിക്കൈ കമ്മാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:മടിക്കൈ കമ്മാരൻ.jpg
ബി ജെ പി നേതാവ്  ജനനം -  ജനുവരി  1  1938  മരണം - ഡിസംബർ  12  2017 

കാസർഗോഡ്‌ ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്ക്ൽ (കാഞ്ഞങ്ങാട്) മടിക്കൈ പഞ്ചായത്തിലെ കല്യാണം എന്ന സ്ഥലത്ത് ആയംകോട് പച്ചിക്കാരൻ കോരന്റെയും കുരുക്കത്തി കുമ്പയുടെയും മകനായി 1938 ജനുവരി ഒന്നിനാണ് ആറുമക്കളിൽ അഞ്ചാമൻ ആയി കമ്മാരന്റെ ജനനം. തോക്കാനംകുന്നിലെ ഷെഡ്ഡിലായിരുന്നു അക്ഷരങ്ങൾ പഠിക്കാൻ നാട്ടെഴുത്തച്ഛൻറെ നിലത്തെഴുത്ത്. ബല്ലാ ഗവൺമെന്റ് സ്‌കൂളിലും ബോർഡ് സ്‌കൂൾ എന്നറിയപ്പെടുന്ന ഹോസ്ദുർഗ് ഗവ.സ്‌കൂളിലും ദുർഗ ഹൈസ്‌കൂളിലുമായിരുന്നു തുടർന്നുള്ള വിദ്യാഭ്യാസം. പഠന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. 1960 ൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. മുൻമന്ത്രിമാരായ എൻ.കെ.ബാലകൃഷ്ണൻ, കെ.ചന്ദ്രശേഖരൻ, സ്വാതന്ത്ര്യസമര സേനാനികളായ കെ.വി.നാരായണൻ എച്ച്.വാസുദേവ് എന്നിവരായിരുന്നു അന്ന് കാഞ്ഞങ്ങാട്ടെ പി.എസ്.പി നേതാക്കൾ. 1971 ൽ ജനസംഘത്തിൽ പ്രവർത്തനം തുടങ്ങി. അടിയന്തരാവസ്ഥക്കാലത്തുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ ജനതാപാർട്ടിയിലും ബിജെപി രൂപീകരണത്തോടെ ബിജെപിയുടെ നേതൃനിരയിലുമെത്തി. പ്രവൃത്തിയിൽ കാർക്കശ്യക്കാരനാണ് മടിക്കൈ കമ്മാരൻ.ആ കാർക്കശ്യത്തിന്റെ നേർവിപരീതത്തോളം താഴ്ന്നുള്ള ലാളിത്യത്തോടെയാണ് അദ്ദേഹം ഏതൊരാളുമായി ഇടപെടുന്നതും സ്നേഹം പങ്കിടുന്നതും.

പ്രമാണം:മടിക്കൈ കമ്മാരൻ 2.jpg
മടിക്കൈ കമ്മാരൻ  എൽ കെ അദ്വാനിയോടൊപ്പം 

കമ്യൂണിസ്റ്റ് വിദ്യാർഥി പ്രസ്ഥാനത്തിൽ തുടങ്ങി സോഷ്യലിസ്റ്റ് ആദർശം വഴി ബി.ജെ.പി.യിലെത്തി.

വിദ്യാർഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിപ്രസ്ഥാനമായ സ്റ്റുഡന്റ്‌സ് ഫെഡറേഷനിൽ പ്രവർത്തിച്ചു. ജന്മി-നാടുവാഴിത്വത്തിനെതിരെ സമരകാഹളം മുഴങ്ങുമ്പോൾ സമത്വത്തിനായി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച വിദ്യാർഥികാലം. ഒരുമകൻ മാത്രം രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോകുന്നത് കണ്ട കോരനും കുംഭയും എതിർത്തില്ല. കർഷകജീവിതത്തിന്റെ പ്രയാസങ്ങളിൽ മോചനമാകാൻ ആഗ്രഹിക്കുന്നവരുടെ കണ്ണീര് അവർക്ക് മുന്നിലുണ്ടായിരുന്നു. കൂലിക്ക് പ്രതിഫലം നെല്ലുകൊടുക്കുന്ന കാലം. കമ്യൂണിസ്റ്റ് നേതാക്കളായ മടിക്കൈ കുഞ്ഞിക്കണ്ണനെയും സി.കെ.ചന്ദ്രപ്പനെയും കണ്ടുവളർന്ന വിദ്യാർഥിനേതാവ്. സ്കൂൾപഠനം കഴിഞ്ഞ് രാഷ്ട്രീയപ്രവർത്തനത്തിന്റെ കവാടം കടക്കുമ്പോൾ കുഞ്ഞിക്കണ്ണനൊപ്പം കമ്മാരന്റെ കൈപിടിക്കാൻ വേറെയും നേതാക്കളെത്തി. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനം തുടങ്ങുമ്പോഴേക്കും സോഷ്യലിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായി. എൻ.കെ.ബാലകൃഷ്ണന്റെയും കെ.ചന്ദ്രശേഖരന്റെയും പിന്നിൽ നിലയുറപ്പിച്ച് പ്രജാ സോഷ്യലിസ്റ്റ്പാർട്ടിക്കാരനായി. 1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലും 1960-ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിലും കെ.ചന്ദ്രശേഖരൻ ഹൊസ്ദുർഗ് മണ്ഡലത്തിൽനിന്ന് വിജയിച്ചു. കമ്യൂണിസ്റ്റ് നേതാവ് കെ.മാധവനെയാണ് രണ്ടുതവണയും തോല്പിച്ചത്. ഈ ഇലക്ഷനുകളിൽ ചന്ദ്രശേഖരനുവേണ്ടി പ്രവർത്തിച്ചവരിൽ മുൻനിരയിലായിരുന്നു മടിക്കൈകമ്മാരൻ. പിന്നീട് ഡോ. രാംമനോഹർ ലോഹ്യയിൽ ആകൃഷ്ടനായി മടിക്കൈ കമ്മാരൻ സോഷ്യലിസ്റ്റ് പാർട്ടിക്കാരനായി. പിന്നീട് ജനസംഘത്തിലെത്തി. 75-ലെ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ-കാസർകോട് ജില്ലയിലെ ഗ്രാമങ്ങളിൽ ചെന്ന് സമരം നടത്തി. ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ കമ്മാരൻ ജനതാപാർട്ടിക്കാരനായി. 1980-ൽ ബി.ജെ.പി. രൂപംകൊണ്ടപ്പോൾ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1984 മെയ് 24 നാണ് കാസർകോട് റവന്യൂജില്ല നിലവിൽ വന്നതെങ്കിലും 1983 ൽ തന്നെ മടിക്കൈ കമ്മാരൻ ജില്ലാ പ്രസിഡണ്ടായി ബി.ജെ.പി കാസർകോട് ജില്ലാ കമ്മറ്റി രൂപീകരിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കിയിരുന്നു.

കാസർകോട് ജില്ലയ്ക്കുവേണ്ടിയുള്ള സമരമായിരുന്നു പിന്നീട്. കാസർകോട് ജില്ല രൂപവത്‌കൃതമായപ്പോൾ ആദ്യ ജില്ലാ പ്രസിഡന്റ്‌ സ്ഥാനവും മടിക്കൈ കമ്മാരനായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ്‌ പ്രസിഡന്റുമായി. ബി.ജെ.പി. ദേശീയസമിതിയംഗം  എന്നീ  നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . രണ്ടുതവണ ബി.ജെ.പി.യുടെ നിയമസഭാ സ്ഥാനാർഥിയുമായി. കല്യാണം കഴിച്ചിട്ടില്ല. നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. കലയും ചങ്ങലയും നാടകത്തിലെ വയോധികന്റെ വേഷം ധരിച്ചെത്തിയപ്പോൾ നാട് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നാടകാചാര്യൻ മാസ്റ്റർ പി.ബാലൻ കമ്മാരനെ മടിക്കൈകമ്മാരൻ എന്ന് വിളിക്കാനാരംഭിച്ചു. അങ്ങനെ കമ്മാരൻ മടിക്കൈ കമ്മാരനായി

"https://ml.wikipedia.org/w/index.php?title=മടിക്കൈ_കമ്മാരൻ&oldid=3197166" എന്ന താളിൽനിന്ന് ശേഖരിച്ചത്