മഞ്ഞടുക്കം
കാസർകോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോടു ചേർന്നുകിടക്കുന്ന ഗ്രാമമാണ് മഞ്ഞടുക്കം (തുളുർവനം). കിഴക്കൂലോം എന്നും ഇത് അറിയപ്പെടുന്നു[1] .
ശ്രദ്ധേയത
[തിരുത്തുക]മഞ്ഞടുക്കം തുളുർവനത്ത് ഭഗവതി ക്ഷേത്രം തെയ്യക്കോലങ്ങളുടെ വൈവിധ്യത്തിൽ ശ്രദ്ധേയമാണ്. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ 101 തെയ്യങ്ങളാണ് കെട്ടിയാടുന്നത് [2].
ഐതിഹ്യം
[തിരുത്തുക]ഒൻപതാം നാട് സ്വരൂപം തുളുർവനം (മഞ്ഞടുക്കം) നാടിന്റെ ദിവാനായിരുന്നു മുന്നായർ. നാടിനും നാട്ടുകാർക്കും നല്ലതു ചെയ്യുകയും തിൻമയെ ഇല്ലായ്മ ചെയ്യുകയും ചെയ്തിരുന്ന ഭരണാധികാരി. ഇതിൽ അതൃപ്തി പൂണ്ട ചിലരുടെ തെറ്റായ പരാതിയെ തുടർന്ന് നാടുവാഴിയായിരുന്ന കാട്ടൂർ നായർ ഒരു ദിവസം രാത്രി നേരത്ത് സകലവിധ വരവ് ചെലവ് കണക്കുകളും ബോധ്യപ്പെടുത്തണമെന്ന് ദിവാനായ മുന്നായരോട് കൽപ്പിച്ചു. തന്നെ അവിശ്വസിച്ച നാടുവാഴിയുടെ തീരുമാനത്തിൽ മനംനൊന്ത് കണക്കുകൾ ഹാജരാക്കാൻ മുന്നായർ മഞ്ഞടുക്കം കോവിലകത്തെത്തി. എന്നാൽ നീതിമാനും പ്രിയപെട്ട ഭക്തനുമായ മുന്നായരിൽ ദേവി പ്രസാദിക്കുകയും മുന്നായരിന്റെ ദേഹിയെ സ്വശരീരത്തിലേക്ക് സ്വീകരിക്കുകയും ചെയ്തതായി ഐതിഹ്യം. ഇക്കാര്യങ്ങൾ സ്വപ്നദർശനത്തിൽ ബോധ്യപ്പെട്ട കാട്ടൂർ നായരും പരിവാരങ്ങളും കോവിലകത്തെത്തുകയും ദേവിയുടെ അരുൾപാടു പ്രകാരം കോവിലകത്തിന്റെ മുൻപിൽ മുന്നായറിന്റെ മൃതശരീരം മറവുചെയ്തതായും പറയപ്പെടുന്നു. തുടർന്ന് ദൈവികാംശം നിറഞ്ഞ ദിവാന്റെ സ്മരണ നിലനിർത്താൻ മറവു ചെയ്ത സ്ഥലത്ത് രണ്ട് നാട്ടുമാവുകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ മാവുകളാണത്രെ ഐതിഹ്യ പെരുമയുടെ ശേഷിപ്പുമായി ഇപ്പോഴും ക്ഷേത്ര മുറ്റത്ത് നിൽക്കുന്നത് എന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വസ്തനായ കാര്യസ്ഥന് ഭഗവതി ഇരിപ്പടവും ഈശ്വരചൈതന്യവും നല്കി.
പൂക്കാരുടെ യാത്ര
[തിരുത്തുക]കിഴക്കുംകരയിലെ ആചാര്യസ്ഥാനികർ ഒരുതവണ തുളുർവനത്തെ കളിയാട്ടം കഴിഞ്ഞു മടങ്ങുമ്പോൾ മുന്നായ ഈശ്വരനും കൂടെക്കൂടി എന്നാണ് ഐതിഹ്യം. കിഴക്കുംകരയിലെത്തിയപ്പോൾ ഇവിടത്തെ ഭഗവതിക്കരികിൽ മുന്നായി ഈശ്വരന് സ്ഥാനവും ലഭിച്ചു. പിന്നീട് എല്ലാ വർഷവും ആചാര്യസ്ഥാനികർ തുളുർവനത്തേക്ക് കളിയാട്ടത്തിന് പോകുമ്പോൾ മുന്നായ ഈശ്വരനെ പൂക്കൊട്ടയിലേക്ക് ആവാഹിച്ചു കൊണ്ടുപോകും. ഈ ഐതിഹ്യത്തെ അടിസ്ഥാനമാക്കി, കളിയാട്ടത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കിഴക്കുംകര, മടിയൻ കൂലോം എന്നിവിടങ്ങളിൽ നിന്നും പൂക്കാരുടെ സംഘം കാൽനടയായി 55 കിലോമീറ്റർ യാത്രചെയ്ത് മഞ്ഞടുക്കം സന്ദർശിക്കാറുണ്ട് [3]. മൂത്തേടത്ത് കുതിര് എന്നറിയപ്പെടുന്ന വെള്ളിക്കോത്ത് അടോട്ട് പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും ഇളയിടത്ത് കുതിര് എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുമാണ് ആചാരപെരുമയോടെ പൂക്കാർ സംഘം പുറപ്പെടുന്നത്. കാട്ടൂർ തറവാട്ടിലെത്തുന്ന ആചാരക്കാർക്ക് കാട്ടൂർ നായർ വെറ്റിലയും അടക്കയും നൽകി സ്വീകരിക്കുന്നു.
തെയ്യങ്ങൾ
[തിരുത്തുക]101 തെയ്യങ്ങളാണ് കളിയാട്ടത്തിൽ അരങ്ങിലെത്തുന്നത്. ഇവയിൽ പ്രധാനപ്പെട്ടവ:[4] , [5], [6]
- മുന്നായർ ഈശ്വരൻ
- തുളുർവനത്ത് ഭഗവതി
- കരിന്ത്രായർ
- പുലിമാരൻ
- വേട്ടക്കൊരുമകൻ
- പൈറ്റടിപ്പൂവൻ തെയ്യം
- അടൂർഭൂതം
- നാഗരാജനും നാഗകന്യകയും
- ദേവരാജനും ദേവകന്യകയും
- വേടനും കരിവേടനും
- ഒളിമകളും കിളിമകളും
- മഞ്ഞേരിമുത്തപ്പൻ
- പുലികണ്ടൻ
- മലങ്കാലിദൈവം
- പുല്ലുരാളി
- ആർത്തണ്ടൻദൈവം
- ബളോളൻ തെയ്യം
- ക്ഷേത്രപാലകൻ
- കാളപുലിയൻ
- വേട്ടച്ചേകോൻ
- ആർത്താണ്ടൻ ദൈവം
- മാർത്താണ്ടൻ
- വീരൻ തെയ്യം
- മഞ്ഞാളമ്മ
ചിത്രശാല
[തിരുത്തുക]-
മഞ്ഞടുക്കം - പൊറാട്ട്.
-
തുളുർവനത്തേക്ക് സ്വാഗതം
-
ഐതിഹ്യ പെരുമയുള്ള മാവുകൾ
-
വേട്ടക്കൊരുമകൻ
-
ഇരു ദൈവം
-
മഞ്ഞാളമ്മ
അവലംബം
[തിരുത്തുക]- ↑ [1] Archived 2016-08-27 at the Wayback Machine.|ജന്മഭൂമി ദിനപത്രം
- ↑ [2][പ്രവർത്തിക്കാത്ത കണ്ണി]|മാതൃഭൂമി ദിനപത്രം
- ↑ [3] Archived 2016-03-11 at the Wayback Machine.|മാതൃഭൂമി ദിനപത്രം
- ↑ [4][പ്രവർത്തിക്കാത്ത കണ്ണി]|Malabar beats.com
- ↑ [5] Archived 2022-01-29 at the Wayback Machine.|മാതൃഭൂമി ദിനപത്രം
- ↑ [6] Archived 2016-02-24 at the Wayback Machine.|ജന്മഭൂമി ദിനപത്രം