മങ്ങിയ കാഴ്ച
ദൃശ്യരൂപം
മങ്ങിയ കാഴ്ച | |
---|---|
കാഴ്ച മങ്ങലിന്റെ ഒരു ഉദാഹരണം | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം, ഒപ്റ്റോമെട്രി |
കാരണങ്ങൾ | അപവർത്തന ദോഷം |
കാഴ്ചയുടെ കൃത്യത കുറയുകയും ദൂരെയോ അടുത്തോ ഉള്ള മികച്ച വിശദാംശങ്ങൾ തിരിച്ചറിയാൻ കൂടുതൽ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന ഒരു നേത്ര ആരോഗ്യ സംബന്ധിയായ ലക്ഷണമാണ് കാഴ്ചയുടെ മങ്ങൽ എന്ന് അറിയപ്പെടുന്നത്.
കാരണങ്ങൾ
[തിരുത്തുക]കാഴ്ച മങ്ങുന്നതിന് നിരവധി കാരണങ്ങളുണ്ട്:
- അപവർത്തന ദോഷങ്ങൾ: ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം പോലുള്ള അപവർത്തന ദോഷങ്ങൾ ദൂര കാഴ്ച മങ്ങുന്നതിന് കാരണമാകും. [1] ലോകമെമ്പാടുമുള്ള കാഴ്ചവൈകല്യത്തിന്റെ പ്രധാന കാരണമാണിത്. [2] ബന്ധപ്പെട്ട ആംബ്ലിയോപിയ ഇല്ലെങ്കിൽ, അപവർത്തന ദോഷങ്ങൾ മൂലമുണ്താകുന്ന കാഴ്ച മങ്ങൽ തിരുത്തൽ ലെൻസുകളോ റിഫ്രാക്റ്റീവ് ശസ്ത്രക്രിയകളോ ഉപയോഗിച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകും.
- അക്കൊമഡേഷൻ്റെ ഫിസിയോളജിക്കൽ അപര്യാപ്തത മൂലം ഉണ്ടാകുന്ന വെെള്ളെഴുത്ത് (വയസ്സ് കൂടുന്നതിന് അനുസരിച്ച് അക്കൊമഡേഷൻ കുറയുന്നു) ആണ് പ്രായമായവരിൽ സമീപ കാഴ്ചയിൽ മങ്ങൽ ഉണ്ടാകാനുള്ള പ്രധാന കാരണം. [3] സമീപ കാഴ്ചയുടെ വൈകല്യത്തിന്റെ മറ്റ് കാരണങ്ങൾ, അക്കൊമഡേഷൻ അപര്യാപ്തത, അക്കൊമഡേഷൻ പരാലിസിസ് മുതലായവയാണ്.
- അക്കൊമഡേഷൻ എക്സസ്, അക്കൊമഡേറ്റീവ് സ്പാസം മുതലായ അക്കൊമഡേഷൻ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന സ്യൂഡോമയോപ്പിയ ദൂരക്കാഴ്ച മങ്ങുന്നതിന് കാരണംആകും.
- മദ്യത്തിന്റെ ലഹരി കാഴ്ച മങ്ങുന്നതിന് കാരണമാകും.
- അട്രോപിൻ [4] അല്ലെങ്കിൽ മറ്റ് ആന്റികോളിനെർജിക്സ് പോലുള്ള സൈക്ലോപ്ലെജിക് മരുന്നുകളുടെ ഉപയോഗം അക്കൊമഡേഷൻ പരാലിസിസ് ഉണ്ടാക്കുന്നത് മൂലം കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു.
- തിമിരം: കണ്ണിന്റെ ലെൻസിന്റെ അതാര്യത കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു. [5] ലോകമെമ്പാടുമുള്ള അന്ധതയുടെ പ്രധാന കാരണം കൂടിയാണിത്.
- ഗ്ലോക്കോമ: വർദ്ധിച്ച ഇൻട്രാഒക്യുലർ മർദ്ദം (കണ്ണിലെ മർദ്ദം) പ്രോഗ്രസ്സീവ് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാകുന്നു, ഇത് ഒപ്റ്റിക് നാഡി ക്ഷതം, ദൃശ്യ മണ്ഡലത്തിലെ വൈകല്യങ്ങൾ, അന്ധത എന്നിവയിലേക്ക് നയിക്കുന്നു. [6] ചിലപ്പോൾ ഇൻട്രാഒക്യുലർ മർദ്ദം ഇല്ലാതെയും ഗ്ലോക്കോമ ഉണ്ടാകാറുണ്ട്. ചില ഗ്ലോക്കോമകൾ (ഉദാ. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ) പതിയെ ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിനും മറ്റുചിലത് (ഉദാ. ആംഗിൾ ക്ലോഷർ ഗ്ലോക്കോമ) പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ലോകമെമ്പാടുമുള്ള അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
- പ്രമേഹം: രക്തത്തിലെ പഞ്ചസാര അളവ് ഉയർന്നിരിക്കുന്നത് കണ്ണിന്റെ ലെൻസിന്റെ താൽക്കാലിക വീക്കത്തിന് കാരണമാകുകയും കാഴ്ച മങ്ങുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര നിയന്ത്രണം പുനഃസ്ഥാപിക്കുകയാണെങ്കിൽ മങ്ങിയ കാഴ്ച തിരിച്ചു കിട്ടും എങ്കിലും, ആവർത്തിച്ചുള്ള സംഭവങ്ങൾ തിമിരത്തിന്റെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു (അവ താൽക്കാലികമല്ല). [7]
- റെറ്റിനോപ്പതി: ചികിത്സിച്ചില്ലെങ്കിൽ, ഏതൊരു തരത്തിലുള്ള റെറ്റിനോപ്പതി (ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി, സിക്കിൾ സെൽ റെറ്റിനോപ്പതി മുതലായവ ഉൾപ്പെടെ) റെറ്റിനയെ തകരാറിലാക്കുകയും വിഷ്വൽ ഫീൽഡ് വൈകല്യങ്ങൾക്കും അന്ധതയ്ക്കും കാരണമാവുകയും ചെയ്യും. [8]
- ഹൈപ്പർവിറ്റമിനോസിസ് എ: വിറ്റാമിൻ എ അമിതമായി കഴിക്കുന്നത് കാഴ്ച മങ്ങുന്നതിന് കാരണമാകും. [9]
- മാക്യുലർ ഡീജനറേഷൻ: മാക്യുലർ ഡീജനറേഷൻ കേന്ദ്ര കാഴ്ച നഷ്ടപ്പെടാൻ കാരണമാകുന്നു, മങ്ങിയ കാഴ്ച (പ്രത്യേകിച്ച് വായിക്കുമ്പോൾ), മെറ്റമോർഫോപ്സിയ (നേർരേഖകൾ തരംഗമായി കാണുന്നത്), നിറങ്ങൾ മങ്ങുന്നു എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. [10] ലോകമെമ്പാടുമുള്ള അന്ധതയുടെ മൂന്നാമത്തെ പ്രധാന കാരണം മാക്യുലർ ഡീജനറേഷനാണ്, വ്യാവസായിക രാജ്യങ്ങളിലെ അന്ധതയുടെ പ്രധാന കാരണമാണിത്. [11]
- നേത്ര അണുബാധ, വീക്കം അല്ലെങ്കിൽ പരിക്ക്.
- ലാക്രിമൽ ഗ്രന്ഥി ഉൾപ്പെടെയുള്ള ഈർപ്പം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളെ നശിപ്പിക്കുകയും വരണ്ട കണ്ണ്, കാഴ്ച മങ്ങൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ കോശജ്വലന രോഗമാണ് ജോറൻ സിൻഡ്രോം. [12]
- ഫ്ലോട്ടറുകൾ : ചെറിയ കഷണങ്ങൾ കണ്ണിനു കുറുകെ ഒഴുകുന്നതു പോലെ തോന്നുന്ന അവസ്ഥ. പലപ്പോഴും ഹ്രസ്വവും നിരുപദ്രവകരവുമാണെങ്കിലും, അവ റെറ്റിന ഡിറ്റാച്ച്മെന്റിന്റെ അടയാളമായിരിക്കാം.
- റെറ്റിന ഡിറ്റാച്ച്മെന്റ്: ഫ്ലോട്ടറുകൾ, ദൃശ്യ മണ്ഡലത്തിൽ പ്രകാശത്തിന്റെ മിന്നലുകൾ, അല്ലെങ്കിൽ ദൃശ്യമണ്ഡലത്തിൽ നിഴലുകൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
- ഒപ്റ്റിക് ന്യൂറൈറ്റിസ്: അണുബാധയിൽ നിന്നോ മൾട്ടിപ്പിൾ സ്ക്ലിറോസിസിൽ നിന്നോ ഉള്ള ഒപ്റ്റിക് നാഡി വീക്കം കാഴ്ച മങ്ങുന്നതിന് കാരണമായേക്കാം. [13] കണ്ണ് നീക്കുമ്പോൾ അല്ലെങ്കിൽ കൺപോളയിലൂടെ കണ്ണിൽ സ്പർശിക്കുമ്പോൾ വേദന ഉണ്ടാകാം.
- സ്ട്രോക്ക് അല്ലെങ്കിൽ ക്ഷണിക ഇസ്കെമിക് ആക്രമണം
- മസ്തിഷ്ക ട്യൂമർ
- ടോക്സോകാര: കാഴ്ച മങ്ങുന്നതിന് കാരണമാകുന്ന ഒരു പരാന്നഭോജിയായ വട്ടപ്പുഴു. [14]
- കണ്ണിലേക്കുള്ള രക്തസ്രാവം
- ജയന്റ് സെൽ ആർട്ടറൈറ്റിസ്: ഒപ്റ്റിക് നാഡിയിലേക്ക് രക്തം നൽകുന്ന തലച്ചോറിലെ ധമനിയുടെ വീക്കം.
- മൈഗ്രെയ്ൻ തലവേദന: തലവേദന ആരംഭിക്കുന്നതിന് മുമ്പുള്ള സാധാരണ ലക്ഷണങ്ങളാണ് ലൈറ്റ്, ഹാലോസ് അല്ലെങ്കിൽ സിഗ്സാഗ് പാറ്റേണുകൾ എന്നിവ. തലവേദനയില്ലാതെ ദൃശ്യ ലക്ഷണങ്ങൾ മാത്രം ഉണ്ടാകുന്നതാണ് റെറ്റിന മൈഗ്രെയ്ൻ.
- കാർബൺ മോണോക്സൈഡ് വിഷബാധ: ഓക്സിജൻ വിതരണം കുറയുന്നത് കാഴ്ച ഉൾപ്പെടെ ശരീരത്തിന്റെ പല മേഖലകളെയും ബാധിക്കും. [15] കാർബൺ മോണോക്സൈഡ് മൂലമുണ്ടാകുന്ന വിഷബാധയുടെ മറ്റ് ലക്ഷണങ്ങളിൽ വെർട്ടിഗോ, ഭ്രമാത്മകത, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Khurana, AK (September 2008). "Errors of refraction and binocular optical defects". Theory and practice of optics and refraction (2nd ed.). Elsevier. ISBN 978-81-312-1132-8.
- ↑ "WHO | Global magnitude of visual impairment caused by uncorrected refractive errors in 2004". WHO. Retrieved 2020-09-02.
- ↑ Khurana, AK (September 2008). "Asthenopia, anomalies of accommodation and convergence". Theory and practice of optics and refraction (2nd ed.). Elsevier. ISBN 978-81-312-1132-8.
- ↑ Rang, H.P. (2003). Pharmacology. Edinburgh: Churchill Livingstone. p. 147. ISBN 0443071454.
- ↑ John F., Salmon (2020). "Lens". Kanski's clinical ophthalmology : a systematic approach (9th ed.). Edinburgh: Elsevier. ISBN 978-0-7020-7713-5. OCLC 1131846767.
- ↑ John F., Salmon (2020). "Glaucoma". Kanski's clinical ophthalmology : a systematic approach (9th ed.). Edinburgh: Elsevier. ISBN 978-0-7020-7713-5. OCLC 1131846767.
- ↑ Diabetic Eye Disease
- ↑ John F., Salmon (2020). "Retinal vascular disease". Kanski's clinical ophthalmology : a systematic approach (9th ed.). Edinburgh: Elsevier. ISBN 978-0-7020-7713-5. OCLC 1131846767.
- ↑ Hypervitaminosis A
- ↑ John F., Salmon (2020). "Acquired macular diseases". Kanski's clinical ophthalmology : a systematic approach (9th ed.). Edinburgh: Elsevier. ISBN 978-0-7020-7713-5. OCLC 1131846767.
- ↑ "WHO | Priority eye diseases". WHO. Retrieved 2020-09-02.
- ↑ Coursey, Terry G; de Paiva, Cintia S (2014-08-04). "Managing Sjögren's Syndrome and non-Sjögren Syndrome dry eye with anti-inflammatory therapy". Clinical Ophthalmology (Auckland, N.Z.). 8: 1447–1458. doi:10.2147/OPTH.S35685. ISSN 1177-5467. PMC 4128848. PMID 25120351.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ John F., Salmon (2020). "Neuro-ophthalmology". Kanski's clinical ophthalmology : a systematic approach (9th ed.). Edinburgh: Elsevier. ISBN 978-0-7020-7713-5. OCLC 1131846767.
- ↑ "Detection and Treatment Of Ocular Toxocariasis". www.reviewofophthalmology.com.
- ↑ "Carbon Monoxide - Vermont Department of Health". healthvermont.gov. Retrieved 2015-09-18.