മംഗളാദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളാദേവി കണ്ണകി ക്ഷേത്രം
മംഗളാദേവി ക്ഷേത്രം (2010 ലെ ചിത്രം)
മംഗളാദേവി ക്ഷേത്രം is located in Kerala
മംഗളാദേവി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംകേരള - തമിഴ്നാട് അതിർത്തി
നിർദ്ദേശാങ്കം9°34′55″N 77°13′59″E / 9.58194°N 77.23306°E / 9.58194; 77.23306
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തികണ്ണകി
ആഘോഷങ്ങൾചിത്രാപൗർണ്ണമി ഉത്സവം
ജില്ലഇടുക്കി, തേനി
സംസ്ഥാനംകേരളം, തമിഴ്നാട്
രാജ്യംഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംദ്രാവിഡ വാസ്തുവിദ്യ
സ്ഥാപകൻചേരൻ ചെങ്കുട്ടുവൻ
സ്ഥാപിത തീയതിരണ്ടാം നൂറ്റാണ്ട്
ഉയരം1,337 m (4,386 ft)

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ഒരു ഭഗവതി ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ഭദ്രകാളി ആണ് പ്രതിഷ്ഠ. കണ്ണകി എന്നും സങ്കൽപ്പമുണ്ട്. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 km (8.7 mi) ഉള്ളിൽ ആയി വന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം കടൽനിരപ്പിൽ നിന്നും ഏകദേശം 1,337 മീറ്റർ[convert: unknown unit] ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. വർഷത്തിൽ ഒരു ദിവസം മാത്രം നട തുറക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരൻ ചെങ്കുട്ടുവൻ ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് വണ്ണാത്തിപ്പാറയിൽ കണ്ണകിക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും അതിനെ 'കണ്ണകി കോട്ടം' അല്ലെങ്കിൽ 'മംഗളാദേവി ക്ഷേത്രം' എന്ന് വിളിക്കുകയും പതിവ് പൂജകൾ നടത്തുകയും ചെയ്തിരുന്നു.

"ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 1980 കൾക്ക് ശേഷം തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു.

ഐതിഹ്യം[തിരുത്തുക]

പാണ്ഡ്യനാടായ മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ചേരനാട്ടിൽ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. പുരാതന ചേരശൈലിയിൽ ശിലാപാളികൾ അടുക്കിവെച്ച നിർമാണരീതിയാണ് കാണാൻ സാധിക്കുന്നത്. അതിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം. [1]

ചരിത്രം[തിരുത്തുക]

മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിശ്വാസയോഗ്യമായ തെളിവുകൾ ഒന്നുമില്ല. ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ്നാട്ടിൽ നിന്നുള്ള ശൈവമതക്കാരായ ചോള- മറവപ്പടയുടെ ആക്രമണത്തിലാണ് നശിപ്പിക്കപ്പെട്ടത്.[2] അതിന്റെ സുവർണ്ണ നാളുകളിൽ ഈ ക്ഷേത്രം കാബൂളിലെ ചിത്രാൾ എന്ന സ്ഥലത്തുള്ള സമാനമായ ബുദ്ധവിഹാരവുമായി ബന്ധപ്പെട്ടിരുന്നു എന്നു കരുതുന്നു. ഇതേ പേരിലുള്ള ക്ഷേത്രം മംഗലാപുരത്ത് സ്ഥാപിക്കപ്പെട്ട ബുദ്ധമത ഭിക്ഷുകിയായ താരദേവിയൂടേതാണ്. ഇത് ക്രി.വ. അൻചാം നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെടുന്നത്. ഇടുക്കിയിലേത് 6 മ് നൂറ്റാണ്ടിലും. സദാശിവന്റെ നിഗമനത്തിൽ കണ്ണകി പാണ്ഡ്യരാജ്യത്തിന്റെ പതനത്തിനു വഴിയൊരിക്കിയശേഷം സഹ്യപർവ്വതം കടന്നെത്തി മംഗളാദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ബുദ്ധമഠത്തിൽ അഭയം പ്രാപിച്ച ശേഷം സന്യാസിനിയായി ജിവീച്ചു. ലഭ്യമായ തെളിവുകൾ ചേർത്ത് വായിച്ചാൽ ഇത് ശക്തമായ തെളിവാകുമെന്ന് അദ്ദേഹം വാദിക്കുന്നു.

9 നൂറ്റാണ്ടിൽ ചോളരുടെ ആജ്ഞയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശൈവ സന്യാസിയായ സംബന്ധമൂർത്തിയും അദ്ദേഹത്തിന്റെ മറവ സൈന്യവും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും സന്യാസിമാരെ വധിക്കുകയും പിന്നീട് ശബരിമലയിലെ ക്ഷേത്രം പിടിച്ചെടുക്കാനായി യാത്രതിരിക്കുകയും ചെയ്തു എന്നു കരുതുന്നു.

വിവരണം[തിരുത്തുക]

ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 18 കിലോമീറ്ററോളം ദൂരത്തിൽ പെരിയാർ ടൈഗർ റിസർവിൽ ഒരു മലമുകളിൽ ഏതാണ്ട് 4000 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

ഒരു ചുമരിൽ അവലോകിതേശ്വരന്റെ ചിത്രം കാണാം. മറ്റൊരു ചുമരിൽ ബുദ്ധൻ ധ്യാനനിമഗ്നായിരിക്കുന്നതും മാരന്റെ പുത്രിമാർ പിറകിൽ നിന്ന് ആക്രമിക്കനെത്തുന്നതുമാണ് വരച്ചിരിക്കുന്നത്. കെ.എൻ. ഗോപാല പിള്ളയുടെ അഭിപ്രായപ്രകാരം ക്ഷേത്രത്തിൽ കാണുന്ന ബുദ്ധന്മാർ ബുദ്ധന്റെ അടുത്ത ശിഷ്യന്മാരുടേതാണ്. [2] ക്ഷേത്രത്തിനു പുറത്ത് കാണുന്ന തകർന്ന മതിൽ സൂചിപ്പിക്കുന്നത് ക്ഷേത്രത്തിനോടൊപ്പം വിഹാരങ്ങളോ ചൈത്യങ്ങളോ ഉണ്ടായിരുന്നു എന്നാണ്.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രം പൂഞ്ഞാർ രാജവംശത്തിന്റെയും പിന്നീട് തിരുവിതാംകൂർ രാജവംശത്തിന്റെയും കൈകളിൽ ആയിരുന്നു. 1980-കളിൽ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്ന് അറിഞ്ഞ തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. [3] 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശം മുഴുവൻ കേരള വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്

ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. http://www.thekkady.com/Mangaladevi-Temple.html
  2. 2.0 2.1 S. N., Sadasivan (2000). A Social History of India. New Delhi: A.P.H. Publishing Corporation. ISBN 81-7648-170-x. {{cite book}}: Check |isbn= value: invalid character (help)
  3. https://www.keralatourism.org/periyar/mangaladevi-temple-idukki.php
"https://ml.wikipedia.org/w/index.php?title=മംഗളാദേവി_ക്ഷേത്രം&oldid=4081950" എന്ന താളിൽനിന്ന് ശേഖരിച്ചത്