ഭീതിയുടെ താഴ്വര
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർത്താവ് | ആർതർ കോനൻ ഡോയൽ |
---|---|
പുറംചട്ട സൃഷ്ടാവ് | ഡസ്റ്റ് ജാക്കറ്റ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ആംഗലേയം |
പരമ്പര | ഷെർലക് ഹോംസ് |
സാഹിത്യവിഭാഗം | കുറ്റാന്വേഷണ നോവൽ |
പ്രസാധകർ | ജോർജ്ജ് ഹെച്ച്. ഡോറൻ കമ്പനി |
പ്രസിദ്ധീകരിച്ച തിയതി | 1915 |
മാധ്യമം | അച്ചടിച്ച പുസ്തകം (Hardback) |
മുമ്പത്തെ പുസ്തകം | The Return of Sherlock Holmes |
ശേഷമുള്ള പുസ്തകം | His Last Bow |
സർ ആർതർ കോനൻ ഡോയിലിന്റെ നാലാമത്തെയും അവസാനത്തെയും ഷെർലക് ഹോംസ് നോവൽ ആണ് ഭീതിയുടെ താഴ്വര (ദ് വാലി ഓഫ് ഫിയർ). 1914 സെപ്തംബറിനും 1915 മേയ് മാസത്തിനും ഇടയിൽ സ്ട്രാന്റ് മാഗസിനിൽ ആണ് ആദ്യമായി ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
കഥാസംഗ്രഹം
[തിരുത്തുക]ഒന്നാം ഭാഗം
[തിരുത്തുക]ഷെർലക്ക് ഹോംസിന് ലണ്ടനിലെ പ്രധാനകുറ്റവാളികളുടെ തലവനായ പ്രൊഫസർ മൊറിയാർട്ടിയുടെ സംഘത്തിൽ പെട്ട പോർലോക്ക് എന്ന ആളിൽ നിന്ന് ഒരു സന്ദേശം ലഭിക്കുന്നു. അതിൽ സൂചിപ്പിച്ചിരിക്കുന്നത് ബേൾസ്റ്റൺ ബംഗ്ലാവിലെ ഡഗ്ലാസിനെക്കുറിച്ചാണെന്ന് ഹോംസ് മനസ്സിലാക്കുന്നു. അതേസമയം അവിടെയെത്തിയ സ്കോട്‌ലാൻഡ് യാർഡിലെ ഉദ്യോഗസ്ഥൻ മക്ഡൊണാൾഡിൽ നിന്നും ബേൾസ്റ്റൺ ബംഗ്ലാവിലെ ഡഗ്ലാസ് കൊല്ലപ്പെട്ടതായി ഹോംസ് അറിയുന്നു. ഡോക്ടർ വാട്സൺ, മക്ഡൊണാൾഡ്, വൈറ്റ് മാസൺ എന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവരോട് കൂടി ഹോംസ് ബേൾസ്റ്റൺ ബംഗ്ലാവ് സന്ദർശിക്കുന്നു. കൊല്ലപ്പെട്ട ജോൺ ഡഗ്ലാസ്, ഭാര്യ ഐവി ഡഗ്ലാസ്, സുഹൃത്ത് സെസിൽ ബാർക്കർ, വേലക്കാരൻ ആമസ്, ചില വേലക്കാരികൾ എന്നിവരായിരുന്നു ആ സമയം അവിടെ ഉണ്ടായിരുന്നത്. ഷോട്ട്ഗൺ പ്രയോഗം മൂലം മുഖം തകർന്ന രീതിയിൽ കിടക്കുന്ന ഡഗ്ലാസിന്റെ മൃതദേഹം അവർ കാണുന്നു. മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത വി.വി.341 എന്ന കടലാസും ഡഗ്ലാസിന്റെ വിവാഹമോതിരം ഊരിമാറ്റിയതും പ്രധാന തെളിവുകളായി ഹോംസ് നിരീക്ഷിക്കുന്നു. എന്നാൽ ഡഗ്ലാസിന്റെ ഭാര്യ ഐവി ഡഗ്ലാസിന്റെയും സുഹൃത്ത് ബാർക്കറിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോംസ് അവരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന നിഗമനത്തിൽ എത്തുന്നു. കൂടുതൽ അന്വേഷണങ്ങളിൽ നിന്നും മരിച്ചത് ജോൺ ഡഗ്ലാസ് അല്ലെന്നും അദ്ദേഹത്തെ കൊല്ലാൻ എത്തിയ ഹാർഗ്രേവ് (ടെഡി ബാൾഡ് വിൻ) ആണെന്നും ഹോംസ് മനസ്സിലാക്കുന്നു. തുടർന്ന് ജോൺ ഡഗ്ലാസ് ബേൾസ്റ്റൺ ബംഗ്ലാവിലെ രഹസ്യ അറയിൽ നിന്നും പുറത്തേക്ക് വരികയും നിഗൂഢതകളുടെ മറനീക്കുകയും ചെയ്യുന്നു.[1]
രണ്ടാം ഭാഗം
[തിരുത്തുക]20 വർഷങ്ങൾക്ക് മുൻപ് ജോൺ ഡഗ്ലാസ്(അഥവാ ബേഡി എഡ്വേർഡ്സ്) മക്മുർദോ എന്ന പേരിൽ വടക്കുകിഴക്കൻ അമേരിക്കയിലെ ഇരുമ്പുഘനനകേന്ദ്രമായ വെർമിസാ താഴ്വരയിൽ എത്തുന്നു. അവിടുത്തെ ഫ്രീമെൻ സംഘം കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടവരായിരുന്നു. അവരുടെ തലവൻ കൗൺസിലർ ജാക്ക് മക്ഗിന്റി ആയിരുന്നു. അവിടുത്തെ പോലീസും നിയമവുമെല്ലാം മക്ഗിന്റിയുടെ കീഴിലായിരുന്നു. ഫ്രീമെൻ സംഘത്തിൽ ചേർന്ന മക്മുർദോ വൈകാതെ തന്നെ വെർമിസായിലെ ശ്രദ്ധാകേന്ദ്രമാവുകയും മക്ഗിന്റിയുടെ വിശ്വസ്തനാവുകയും ചെയ്തു. ഇത് കൂടാതെ വെർമിസായിലെ സത്രമുടമ ജേക്കബ് ഷാഫ്റ്ററുടെ മകൾ എറ്റി ഷാഫ്റ്ററുമായി പ്രണയത്തിലാവുകയും ഇതുമൂലം മക്ഗിന്റിയുടെ സംഘത്തിലെ പ്രധാനി ടെഡി ബാൾഡ് വിനുമായി ശത്രുതയിലാകുകയും ചെയ്തിരുന്നു. മക്മുർദോ യഥാർത്ഥത്തിൽ ബേഡി എഡ്വേർഡ്സ് എന്ന പിങ്കർട്ടൺ ഡിറ്റക്ടീവ് ആയിരുന്നു. കുറ്റവാളികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയ മക്മുർദോ ക്യാപ്റ്റൻ മാർവിന്റെ സഹായത്തോടെ മക്ഗിന്റിയെയും സംഘത്തെയും കുടുക്കുകയും യാതൊരു പഴുതുമില്ലാത്ത വിചാരണക്ക് വിധേയമാക്കുകയും ചെയ്തു. മക്മുർദോ എറ്റിയുടെയും പിതാവ് ഷാഫ്റ്ററിന്റെയും കൂടെ നാടുവിടുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. വിചാരണയെ തുടർന്ന് കൗൺസിലർ മക്ഗിന്റിയെ വധശിക്ഷക്ക് വിധേയമാക്കി. ചില പ്രമുഖർ തൂക്കുമരത്തിൽ നിന്നു രക്ഷപ്പെട്ടു. അതിലെ ഒരാളായ ബാൾഡ് വിൻ ലണ്ടനിൽ എത്തുകയും പ്രൊഫസർ മൊറിയാർട്ടിയുദെ സഹായത്തോടെ ഹാർഗ്രേവ് എന്ന പേരിൽ ബേൾസ്റ്റൺ ബംഗ്ലാവിൽ എത്തി ഡഗ്ലാസിനെ കൊല്ലാൻ ശ്രമിക്കുകയും ഒടുവിൽ സ്വയം കൊല്ലപ്പെടുകയും ചെയ്തു.
ഉപസംഹാരം
[തിരുത്തുക]രണ്ടുമാസങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നും ഐവി ഡഗ്ലാസ് അയച്ച സന്ദേശത്തിൽ ജോൺ ഡഗ്ലാസിനെ ഒരു ചുഴലിക്കാറ്റിൽ കപ്പലിൽ വച് കാണാതായതായി ഹോംസിനെ അറിയിക്കുന്നു.