Jump to content

ഭാഷാസംക്രമവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയുടെ പരിണാമത്തെ സംബന്ധിച്ച് സി.എൽ. ആന്റണി രൂപവത്കരിച്ച സിദ്ധാന്തമാണ് ഭാഷാസംക്രമവാദം. ചെന്തമിഴിലേക്കും സംസ്കൃതത്തിലേക്കും കേരളത്തിലെ വ്യവഹാരഭാഷ കയറിപ്പറ്റി അവയുടെ ആധിപത്യം ശിഥിലമാക്കിയതിനു ശേഷം യഥാകാലം സ്വാതന്ത്രപ്രഖ്യാപനം ചെയ്യുകയായിരുന്നു മലയാളം എന്ന് സംക്രമവാദം പറയുന്നു[1]. മലയാളഭാഷയുടെ പ്രഭവത്തെക്കുറിച്ചോ ആദ്യകാലസ്വഭാവത്തെക്കുറിച്ചോ അദ്ദേഹം വിശദീകരിക്കുന്നില്ല. ഗദ്യത്തിലുള്ള സാഹിത്യഭാഷയുടെ പരിണാമത്തിലാണ് സംക്രമവാദം ഊന്നുന്നത്. സാഹിത്യഭാഷയിലും ശാസനഭാഷയിലും ചെന്തമിഴിന്റെയും സംസ്കൃതത്തിന്റെയും ആധിപത്യമുണ്ടായിരുന്നപ്പോഴും കേരളത്തിലെ വ്യവഹാരഭാഷ ഇവയിൽനിന്ന് ഭിന്നമായിരുന്നുവെവെന്നും ക്രി.വ.10-ആം നൂറ്റാണ്ടിനുശേഷമാണ് ചെന്തമിഴിലേക്ക് കേരളത്തിലെ വ്യവഹാരഭാഷയ്ക്കു നുഴഞ്ഞുകയറാനും സ്വന്തമായ സാഹിത്യഭാഷ രൂപപ്പെടുത്താനും സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഈ പരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം - പരതന്ത്രഘട്ടം, സംക്രമഘട്ടം, സ്വതന്ത്രഘട്ടം.

പാരതന്ത്രഘട്ടം

[തിരുത്തുക]

സംസ്കൃതത്തിലും തമിഴിലും കേരളീയർ കൃതികൾ രചിച്ചുകൊണ്ടിരുന്ന ക്രിസ്തുവർഷം9-ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം. അക്കാലത്ത് വ്യവഹാരഭാഷയിൽ വല്ലതും എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ നമുക്കത് കിട്ടിയിട്ടില്ല.

സംക്രമണഘട്ടം

[തിരുത്തുക]

ഒൻപതു മുതൽ പതിനേഴുവരെ നൂറ്റാണ്ടുകളാണ് ഭാഷയുടെ സംക്രമണകാലം. 10-ആം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യംവരെ രാഷ്ട്രീയരംഗത്തുണ്ടായ സംഘട്ടനങ്ങൾ കേരളത്തിലെ ആര്യ-അനാര്യവിഭാഗങ്ങളെ വിദേശാ‍ക്രമണത്തിനെതിരെ പോരാടാൻ ഒന്നിച്ചുനിൽക്കാൻ പ്രേരിപ്പിച്ചു. ഒറ്റതിരിഞ്ഞുനിന്ന ആര്യഭാഷയും ചെന്തമിഴും വ്യവഹാരഭാഷയോടിണങ്ങി. രാഷ്ട്രീയാവശ്യവും ജനകീയപ്രബുദ്ധതയും മിശ്രഭാഷാസാഹിത്യരൂപങ്ങളുടെ തുടക്കത്തിനു കാരണമായി.

സാർവത്രികമായ ഒരു വ്യവഹാരഭാഷയുടെ അഭാവം മൂലം ഭാഷാസംക്രമണത്തിന് ഐകരൂപ്യമുണ്ടായിരുന്നില്ല. ഉത്തരദേശങ്ങളിൽ സംസ്കൃതത്തിനും ദക്ഷിണദേശങ്ങളിൽ സംസ്കൃതത്തിനുമായിരുന്നു പ്രാബല്യം. രാജഭാഷയായ ചെന്തമിഴിലേക്ക് കേരളത്തിലെ വ്യവഹാരഭാഷയുടെ തള്ളിക്കയറ്റമാണ് 9 മുതൽ 13-ആം നൂറ്റാണ്ടുവരെയുള്ള ശാസനങ്ങളിൽ കാണുന്നത്. ചെന്തമിഴിന്റെ അധഃപതനംമൂലമുള്ള വ്യാകരണപരമായ തികഞ്ഞ അരാജകത്വവും അവ്യവസ്ഥയും അക്കാലത്തെ കൃതിയായ ഭാഷാകൗടലീയത്തിൽ കാണാം. ഇവ്വിധമുണ്ടായ സാഹിത്യഭാഷയിൽ (‘നീചരാജഭാഷ’ എന്ന് സി.എൽ. ആന്റണി ഈ ഭാഷയെ വിളിക്കുന്നു) വ്യവഹാരഭാഷയ്ക്ക് വീണ്ടും സംക്രമിക്കാൻ തരമില്ലാത്തവിധം സംസ്കൃതം കയറിപ്പറ്റുകയും കേരളബ്രാഹ്മണർ അതിനെ സംസ്കൃതീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ആട്ടപ്രകാരാദികളും നമ്പ്യാന്തമിഴും ബ്രഹ്മാണ്ഡപുരാണം, അംബരീഷോപാഖ്യാനം, ദേവീമാഹാത്മ്യം, നളോപാഖ്യാനം തുടങ്ങിയ ഗ്രന്ഥങ്ങളും ഈ ഘട്ടത്തിലെ സൃഷ്ടികളാണ്. സംസ്കൃതസമ്മർദ്ദത്തെ ദൂരീകരിക്കാൻ വ്യവഹാരഭാഷയുടെ ശീതസമരം തുടരുകയും മണിപ്രവാളപ്രസ്ഥാനത്തിന്റെ അധഃപതനംവരെ അത് മുന്നേറി, സ്വതന്ത്രമലയാളസാഹിത്യഭാഷ ഗദ്യരൂപത്തിൽ പ്രചാരംനേടുകയും ചെയ്തു എന്നാണ് ആന്റണിയുടെ ആശയം.

സ്വതന്ത്രഘട്ടം

[തിരുത്തുക]

ക്രി.വ. 17-ആം നൂറ്റാണ്ടോടെയാണ് സംസ്കൃതപ്രാബല്യവും തമിഴിന്റെ ശക്തിയും നഷ്ടപ്പെട്ട് മലയാളഭാഷ സ്വതന്ത്രപദവിയിലെത്തുന്നതും സ്വതന്ത്രസാഹിത്യഭാഷയിൽ കൃതികൾ രചിക്കപ്പെടുന്നതും. ഇതിൽ മിഷണറിമാരുടെ സംഭാവനയെ അദ്ദേഹം പുരസ്കരിക്കുന്നു.മിഷണറിമാരുടെ പ്രവർത്തനം വ്യവഹാരഭാഷയെ സാഹിത്യയോഗ്യമാക്കാ‍ൻ ഉതകിയില്ലെങ്കിലും അതിനെ ലിഖിതരൂപത്തിലേക്കുയർത്തിവിടാൻ സഹായിച്ചിട്ടുണ്ടെന്നും 20 -ആ‍ാം നൂറ്റാണ്ടിലെ പത്രപ്രവർത്തനവും ഗദ്യസാഹിത്യത്തിന്റെ വികാസവും ഗദ്യഭാഷയുടെ വികാസത്തെ വളരെയേറെ പുരോഗമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അവലംബം

[തിരുത്തുക]
  1. പ്രൊഫ. സി.എൽ. ആന്റണി, 'ഭാഷാഗദ്യം', സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, സാഹിത്യപ്രവർത്തകസഹകരണസംഘം, 1958:2008, പുറം 602-663
"https://ml.wikipedia.org/w/index.php?title=ഭാഷാസംക്രമവാദം&oldid=3680238" എന്ന താളിൽനിന്ന് ശേഖരിച്ചത്