Jump to content

ഭാരത ഭാഗ്യവിധാതാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രബീന്ദ്ര നാഥ ടാഗോർ രചിച്ചു സംഗീതം നല്കിയ ബ്രഹ്മസൂക്തമാണ് ഭാരത ഭാഗ്യവിധാതാ (ബംഗാളി: ভারতভাগ্যবিধাতা, Bhārat Bhāgya Vidhātā).[1] ഭാരത ഭാഗ്യവിധാതായ്ക്ക് 5 ചരണങ്ങൾ ഉണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമന.

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

മലയാള പരിഭാഷ:

സർവ്വ ജന-മനസ്സുകളുടെയും അധിപനും നായകനുമായവനെ...
ഭാരതമെന്ന ഞങ്ങളുടെ ഭാഗ്യ വിധാതാവേ, അവിടുന്ന് ജയിച്ചാലും.
പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾക്കായി പ്രാർഥിക്കുന്നു; അവിടത്തെ ജയഗീതങ്ങൾ ആലപിക്കുന്നു.
സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതമെന്ന ഞങ്ങളുടെ ഭാഗ്യ വിധാതാവേ..,
അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

അഹ രഹ തവ ആഹ്വാന പ്രചാരിത, സുനി തവ ഉദാരവാണീ
ഹിന്ദു ബൌദ്ധ സിഖ ജൈന പാരസിക മുസലമാന ഖ്റിസ്താനീ
പൂരബ പശ്ചിമ ആസെ തവ സിംഹാസന പാസെ
പ്രേമഹാര ഹയ ഗാന്ഥാ
ജനഗണ ഐക്യ വിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ: അവിടുത്തെ ആഹ്വാനം എന്നുമെങ്ങും പ്രചരിക്കുന്നു. അവിടുത്തെ മഹത്തായ വാക്കുകൾ കേട്ട് ഹൈന്ദവരും ബൗദ്ധരും സിക്കുകാരും ജൈന മതസ്ഥരും പാഴ്സികളും മുസൽമാന്മാരും ക്രിസ്ത്യാനികളും പൗരസ്ത്യരും പാശ്ചാത്യരും അവിടത്തെ സിംഹാസനത്തിനു സമീപം വന്നെത്തുന്നു. പ്രേമഹാരങ്ങൾ നിർമ്മിക്കപ്പെടുന്നു. ജന സമൂഹത്തിനു ഐക്യം പകരുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

പതന അഭ്യുദയ ബന്ധുര പന്ഥാ യുഗ യുഗ ധാവിത യാത്രീ
ഹേ ചിര സാരഥീ തവ രഥ ചക്രേ മുഖരിത പഥ ദിന രാത്രീ
ദാരുണ വിപ്ലവ മാഝെ തവ ശംഖ ധ്വനി ബാജേ
സങ്കട ദുഃഖ ത്രാതാ
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ: പാതയാകട്ടെ പതനവും അഭ്യുദയവും കൊണ്ട് നിരപ്പില്ലാത്തതാണ്. യുഗയുഗങ്ങളായി യാത്രികർ സഞ്ചരിച്ചു കൊണ്ടുമിരിക്കുന്നു. ഹേ നിത്യസാരഥീ, അവിടുത്തെ രഥചക്രങ്ങളുടെ ശബ്ദം കൊണ്ട് പന്ഥാവ് രാവും പകലും മുഖരിതമാകുന്നു. ദാരുണ വിപ്ലവത്തിന്റെ നടുവിൽ സങ്കടങ്ങളിലും ദുഃഖങ്ങളിലും നിന്ന് രക്ഷ നല്കുന്ന അങ്ങയുടെ ശംഖനാദം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജനഗണങ്ങളുടെ മാർഗ്ഗദർശീ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

ഘോര തിമിര ഘന നിബിഡ നിശീഥെ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗല നത നയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കെ രക്ഷാകരിലെ അങ്കേ
സ്നേഹമായി തുമി മാതാ
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ: ഘോരാന്ധകാരം നിറഞ്ഞ പാതിരാത്രിയിൽ കൊടും പീഡകൾ അനുഭവിക്കുന്ന ദേശത്ത് അവിടത്തെ നിർന്നിമേഷം പതിച്ച നയനങ്ങളിൽ അചഞ്ചലമായ ഐശ്വര്യം സജീവമായി നിലനിന്നിരുന്നു. ദുഃസ്വപ്നങ്ങൾ കാണുമ്പോഴും ദുഃഖം അനുഭവിക്കുമ്പോഴും സ്നേഹമയിയായ മാതാവായ അവിടുന്ന് മടിയിലിരുത്തി രക്ഷിച്ചു. ജനഗണങ്ങളെ ദുഃഖത്തിൽ നിന്ന് രക്ഷിക്കുന്നവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

രാത്രി പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരണ നവ ജീവന രസ ഢാലേ
തവ കരുനാരുണ രാഗേ നിദ്രിത ഭാരത ജാഗേ
തവ ചരണേ നത മാഥാ
ജയ ജയ ജയ ഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

മലയാള പരിഭാഷ: രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നു കഴിഞ്ഞു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുകയായി. ശുദ്ധവായു നവജീവന രസം കോരിച്ചൊരിയുകയായി. അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉറങ്ങിക്കിടന്ന ഭാരതം ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

അവലംബം

[തിരുത്തുക]
  1. http://www.ibnlive.com/news/movies/bharat-bhagya-bidhata-from-rajkahini-is-a-tagore-song-and-not-an-extended-version-of-the-national-anthem-1108614.html Archived 2016-03-04 at the Wayback Machine. IBNLive.com The original Tagore song - "Not a single note of the original Rabindranath Tagore composition has been altered"
  • ഡോ. പി. കെ. നാരായണ പിള്ള എഴുതി 1955ൽ പ്രസിദ്ധീകരിച്ച "ദേശീയ ഗാനം" എന്ന പുസ്തകം

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാരത_ഭാഗ്യവിധാതാ&oldid=4105649" എന്ന താളിൽനിന്ന് ശേഖരിച്ചത്