ഭജ ഗോവിന്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭജഗോവിന്ദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശങ്കരാചാര്യർ രചിച്ച കവിതകളിലൊന്നാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഇതിന്റെ പൂർണ്ണരൂപത്തിൽ മുപ്പത് ശ്ലോകങ്ങൾ ഉണ്ട്. തരംഗിണി വൃത്തത്തിലാണ് ഇത് എഴുതിയിരിക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത കാണിക്കുന്ന വരികളിലൂടെ മോഹത്തെ ദൂരികരിക്കുന്നതിനാലാണ്‌ ഇതിനെ മോഹമുദ്ഗരയെന്ന്‌ പറയുന്നത്‌. അവസാന നാളിൽ നീ ഇപ്പോൾ പഠിക്കുന്നതൊന്നും നിന്റെ രക്ഷയ്ക്ക്‌ ഉണ്ടാവില്ലെന്നതിനാൽ നീ ഗോവിന്ദനെ ഭജിക്കൂ എന്നതാണ്‌ ഒന്നാമത്തെ ശ്ലോകത്തിന്റെ അർത്ഥം. ഭജന പോലെ പാടുമ്പോൾ ഓരോ ശ്ലോകത്തിനും ശേഷം ഒന്നാമത്തെ ശ്ലോകം ആവർത്തിക്കുന്നതുകൊണ്ട്‌ ഇതിന്‌ എറെ കേട്ടറിവുള്ള പേരാണ്‌ ഭജഗോവിന്ദം

ഐതിഹ്യം[തിരുത്തുക]

ദേശാടനം ചെയ്യുന്നവേളയിൽ ആദി ശങ്കരൻ വ്യാകരണ സംബന്ധിയായ സംസ്കൃത ശ്ലോകങ്ങൾ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയെ കാണുവാനിടയായി. അദ്ദേഹം ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌.

ചരിത്രം[തിരുത്തുക]

തരംഗിണി വൃത്തത്തിൽ എഴുതിയിരിക്കുന്ന ഈ കവിതയിൽ ആദ്യം പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്നു. ശങ്കരാചാര്യരുടെ പതിനാലു ശിഷ്യൻമാർ ഇതിലേക്ക്‌ ഓരോ ശ്ളോകം വീതം എഴുതിച്ചേർത്തു. ഇത്‌ ചതുർദശ മഞ്ജരികാസ്തോത്രം എന്ന്‌ അറിയപ്പെടുന്നു. ആചാര്യർ പിന്നീട്‌ നാലു ശ്ളോകങ്ങൾ കൂടി എഴുതിച്ചേർത്തു. ഇങ്ങനെയാണ്‌ മോഹമുദ്ഗരയിൽ മുപ്പതു ശ്ലോകങ്ങളുണ്ടായത്‌.

ചിലശ്ലോകങ്ങളും വ്യാഖ്യാനങ്ങളൂം[തിരുത്തുക]

ഇതിലെ വരികളുടെ അർത്ഥം ഹ്രസ്വമായി അതത്‌ ശ്ലോകങ്ങൾക്കു ചുവടെ കൊടുത്തിരിക്കുന്നു. അദ്വൈതിയായ ഒരു സന്യാസിയുടെ വീക്ഷണകോണിൽ നിന്നു വേണം കുറുക്കിയെഴുതിയിരിക്കുന്ന വ്യാഖ്യാനവും നോക്കിക്കാണാൻ.

ദ്വാദശ മഞ്ജരികാ സ്തോത്രം


ഹേ മൂഢാ, ധനാഗമത്തിന്റെ തൃഷ്ണ നീ ത്യജിച്ച്‌ മനസ്സിൽ നല്ല വിചാരം വളർത്തൂ. നിന്റെ കർമ്മത്തിന്റെ ഫലമായി നിനക്ക്‌ എന്ത്‌ ലഭിക്കുന്നുവോ, അതുകൊണ്ട്‌ മനസ്സിനെ തൃപ്തിപ്പെടുത്തൂ.

സ്ത്രീയുടെ സുന്ദരമായ ശരീരഭംഗി കണ്ട്‌ മനസ്സിൽ മോഹാവേശം കൊള്ളാതിരിക്കൂ. ഇത്‌ മജ്ജ, മാംസം, കൊഴുപ്പ്‌ ആദിയായവയുടെ സമ്മേളനം മാത്രമാണെന്ന്‌ മനസ്സിൽ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.

താമരപ്പൂവിന്റെ ദളത്തിലിരിക്കുന്ന നീർത്തുള്ളിയോളം അതിശയമാം വണ്ണം ചപലമാണ്‌ ജീവിതവും. വ്യാധിയും അഹങ്കാരവും കൊണ്ട്‌ സമസ്ത ലോകവും ശോകത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നുവെന്ന്‌ നീ അറിയൂ. [1]

എത്രത്തോളം കാലം നിനക്ക്‌ ധനം ആർജ്ജിക്കാൻ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക്‌ പരിവാരവും ഉണ്ടാകൂ. പിന്നീട്‌ ദുർബല ദേഹവുമായി ജീവിക്കുമ്പോൾ ഒരു വാക്ക്‌ പോലും ചോദിക്കാൻ ആരും ഉണ്ടാവുകയില്ല.

എത്രത്തോളം കാലം ദേഹത്ത്‌ പ്രാണൻ നിൽക്കുന്നുവോ അത്രത്തോളം കാലമേ നിന്റെ ക്ഷേമം നിന്റെ വീട്ടുകാർ നോക്കുകയുള്ളൂ. പ്രാണൻ പോയി ദേഹം ചീഞ്ഞു തുടങ്ങിയാൽ ഭാര്യ പോലും ആ ദേഹം കണ്ട്‌ ഭയക്കുന്നു.

ഒരുവൻ ബാലനായിരിക്കുന്നിടത്തോളം കാലം കളികളിൽ ആസക്തനായിരിക്കുന്നു. ഒരുവൻ യുവാവായിരിക്കുന്നിടത്തോളം കാലം യുവതിയിൽ ആസക്തനായിരിക്കുന്നു. ഒരുവൻ വൃദ്ധനായിരിക്കുന്നിടത്തോളം കാലം വ്യാകുലചിന്തകളിൽ ആസക്തനായിരിക്കുന്നു. എന്നാൽ ഒരു കാലത്തും ഒരാളും സർവ്വേശ്വരനിൽ ആസക്തനാകുന്നില്ല.

ആരാണു നിന്റെ ഭാര്യ, ആരാണു നിന്റെ പുത്രൻ, ഈ ലോക ജീവിതം അതീവ വിചിത്രമാണ്‌. ആരാണു നീ, എന്താണു നീ, എവിടെ നിന്നും വന്നു എന്നു നീ ചിന്തിക്കൂ സഹോദരാ. [2]

സത്‌സംഗത്തിൽ (നല്ല കൂട്ടുകെട്ട്‌) നിന്നും നിസ്സംഗത ഉണ്ടാവുന്നു. നിസ്സംഗതയിൽ നിന്ന്‌ മോഹശൂന്യത ഉണ്ടാവുന്നു. നിർമോഹത്തിൽ നിന്ന്‌ (മനസ്സിന്റെ) നിശ്ചലതത്വം ഉണ്ടാവുന്നു. ഇത്‌ ജീവിത മോക്ഷത്തിന്‌ വഴിയൊരുക്കുന്നു.

വയസ്സായിക്കഴിഞ്ഞാൽ കാമമെവിടെ, വെള്ളം വറ്റിപ്പോയാൽ തടാകമെവിടെ, ധനം ശോഷിച്ചുപോയാൽ പരിവാരമെവിടെ, പരമ തത്ത്വമറിഞ്ഞാൽ ലൌകിക ദുഃഖമെവിടെ.

നിന്റെ ധനം, പരിജനം, യൌവനം എന്നിവയിൽ ഒരിക്കലും ഗർവ്വിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട്‌ കാലം സർവവും തകർക്കും. ഇതു മുഴുവനും മായയാണെന്നറിഞ്ഞ്‌ ബ്രഹ്മപദം മനസ്സിലാക്കി അതിലേക്ക്‌ പ്രവേശിക്കൂ.

ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ (ബുദ്ധ സന്യാസിമാർക്കിടയിൽ ഇത്തരം രീതിയുണ്ട്‌) ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ. (സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ - തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ

ചതുർദശ മഞ്ജരികാസ്തോത്രം
ആചാര്യരുടെ പതിന്നാലു ശിഷ്യൻമാർ ഓരോ ശ്ളോകം വീതം എഴുതിയത്‌.

ദിനവും യാമിനിയും സന്ധ്യയും പ്രഭാതവും ശിശിരവും വസന്തവും എല്ലാം വീണ്ടും വരും. കാലം കഴിയും, ആയുസ്സും (വയസ്സും) പോകും, അപ്പോൾ പോലും ആശയെന്ന വായു വിട്ടു പോകുന്നില്ല

മുന്നിൽ തീ, പിന്നിൽ സൂര്യൻ, രാത്രി താടി കാൽമുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്‌, കൈക്കുമ്പിളിൽ ഭിക്ഷ, മരച്ചോട്ടിൽ താമസം, (എത്രത്തോളം നിർധനനാണെന്ന്‌ സൂചന) അപ്പോൾ പോലും ആശയെന്ന പാശം വിട്ടു പോകുന്നില്ല.

അംഗം തളർന്നു തലയും നരച്ചു വായ പല്ലില്ലാത്തതായി മാറി. വടി കുത്തിപ്പിടിച്ച്‌ വൃദ്ധൻ നടന്നു നീങ്ങുന്നു, അപ്പോൾ പോലും ആശാപിണ്ഡം കൈവിടുന്നില്ല.

ഗംഗയിലേക്കും സാഗരത്തിലേക്കും (രാമേശ്വരം പോലെ) (തീർത്ഥാടനത്തിനു) പോകുന്നു, വ്രതം നോക്കുന്നു അല്ലെങ്കിൽ ദാനം ചെയ്യുന്നു. പക്ഷെ അറിവില്ലെങ്കിൽ സർവമതപ്രകാരവും നൂറു ജൻമമെടുത്താലും മോക്ഷം ലഭിക്കുകയില്ല.

ഭഗവദ്‌ഗീത കുറച്ചെങ്കിലും പഠിച്ചിട്ടൂള്ളവൻ, ഗംഗാ ജലം കുറച്ചെങ്കിലും പാനം ചെയ്തവൻ, മുരാരിക്ക്‌ (കൃഷ്ണന്‌) ഒരിക്കലെങ്കിലും മനസ്സറിഞ്ഞ്‌ അർച്ചന ചെയ്തവൻ, അവനോട്‌ യമൻ ചർച്ചക്ക്‌ (വഴക്കിന്‌) നിൽക്കുന്നില്ല.

യോഗാഭ്യാസത്തിൽ മുഴുകുന്നവനോ ഭോഗവിലാസത്തിൽ മുഴുകുന്നവനോ സംഘം ചേർന്നവനോ സംഘം ചേരാത്തവനോ (ഏകന്തനോ), ആരുടെ ചിത്തം ബ്രഹ്മത്തിൽ രമിക്കുന്നുവോ അവൻ ആനന്ദിക്കുന്നു, അവൻ ആനന്ദിക്കുന്നു, അവൻ മാത്രം അനന്ദിക്കുന്നു.

അമ്പലത്തിലും വൃക്ഷത്തണലിലും താമസം ഭൂമിയിൽ കിടന്ന്‌ മാൻതോലും ഉടുക്കുന്നു. സർവസമ്പത്തും സുഖഭോഗവും ത്യജിച്ചവന്‌ വൈരാഗ്യം സുഖം പ്രദാനം ചെയ്യാതിരിക്കുമോ.

എന്തിനു ഭാര്യയേയും ധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നു, വ്യതിചലിക്കപ്പെട്ട മനസ്സുള്ളവനേ, നിനൊക്കൊരു നിയന്താവില്ലേ. മൂന്നു ലോകത്തിലും സജ്ജനങ്ങളുമായി കൂട്ടുകൂടൽ മാത്രമാണ്‌ ലൌകിക ജീവിതമെന്ന കടൽ തരണം ചെയ്യാനുള്ള നൌകയാകുന്നത്‌.

ഒരിക്കൽക്കൂടി ജനനം ഒരിക്കൽക്കൂടി മരണം ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം. ഈ ലൌകിക ജീവിതം (സംസാരം) മറികടക്കാൻ വളരേ കഷ്ടമാണ്‌, കൃപയോടെ കനിഞ്ഞ്‌ രക്ഷിച്ചാലും ഹേ മുരാരേ (കൃഷ്ണാ)

കീറത്തുണിക്കുപ്പായം ധരിച്ചിട്ടുള്ളവൻ, പുണ്യത്തിനും അപുണ്യത്തിനും (പാപത്തിനും) അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവൻ, യോഗഭ്യാസത്തിലൂടെ യോജിച്ച ചിത്തത്തോടെയുള്ളവൻ ബാലനെപ്പോലെയോ ഉൻമത്തനെപ്പോലെയോ രമിക്കുന്നു.

ആരാണു നീ ആരാണു ഞാൻ, എവിടെ നിന്നും വന്നു, ആരാണെന്റെ അമ്മ, ആരാണെന്റെ അച്ഛൻ. ഇപ്രകാരം ചോദിക്കൂ, അസാരമായ (അർത്ഥമില്ലത്തതായ) സർവ ലോകത്തേയും സ്വപ്ന വിചാരമായി ത്യജിച്ചിട്ട്‌.

നിന്നിലും എന്നിലും മറ്റെല്ലായിടത്തും ഒരേയൊരു വിഷ്ണുവാണുള്ളത്‌. പിന്നെ വ്യർത്ഥമായി എന്നോട്‌ കോപിച്ച്‌ അസഹിഷ്ണുവാകുന്നു. സമചിത്തനായിഭവിച്ച്‌ സർവവും നീയെന്നറിഞ്ഞ്‌ പെട്ടെന്നു തന്നെ വിഷ്ണുത്വം പ്രാപിക്കൂ.

കാമം ക്രോധം ലോഭം (അത്യാഗ്രഹം) മോഹം എന്നിവ ത്യജിച്ച്‌ സ്വയം 'അതാണു ഞാൻ' എന്നു മനസ്സിലാക്കൂ. ആത്മജ്ഞാനമില്ലെങ്കിൽ, മൂഢാ, നീ നരകത്തിൽ പചിക്കപ്പെടും (ചുട്ടെടുക്കപ്പെടും).

ഗീതയും (ഭഗവാന്റെ) സഹസ്ര നാമങ്ങളും പാടുക, ശ്രീയ്ക്ക്‌ (ലക്ഷ്മിക്ക്‌) പതിയായവന്റെ രൂപം ഇടവിടാതെ ധ്യാനിക്കുക. സജ്ജന സമ്പർക്കത്തിലേക്ക്‌ മനസ്സിനെ നയിക്കുക, ദീനജനത്തിന്‌ ധനം ദാനം ചെയ്യുക.

ഉപദേശ രൂപേണ ആചാര്യർ അവസാനം എഴുതിച്ചേർത്തത്‌

സുഖകരങ്ങളായ ഭോഗക്രിയകളിൽ രമിച്ച്‌ പിന്നീട്‌ ശരീരത്തിന്‌ രോഗവും വരുത്തിവെയ്ക്കുന്നു. ഇഹലോകത്തിന്‌ അവസാനം (ശരണം) മരണമാണെങ്കിലും അപ്പോഴും പാപം ആചരണം (പാപ പ്രവൃത്തികൾ) വിട്ടുകളയുന്നില്ല.

അർത്ഥം എന്നും അനർത്ഥം ഉണ്ടാക്കുന്നു. അതിൽ അൽപം പോലും സുഖമില്ല എന്നതാണു സത്യം. പുത്രനിൽ നിന്നു പോലും ധനം പൊയ്പ്പോകുമോ എന്ന ഭീതി ഉണ്ടാകുന്നു. എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു.

പ്രാണായാമം പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ അതത്‌ വിഷയങ്ങളിൽ നിന്നും പിൻ വലിക്കുക), നിത്യവും അനിത്യവും ഏതെന്ന്‌ വിവേകത്തോടെ വിചാരം ചെയ്യുക, ജപത്തോടെ സമാധിയിലേക്ക്‌ വിലയിക്കുക, ഇവ ശ്രദ്ധയോടെ ചെയ്യൂ, മഹത്തായ ശ്രദ്ധയോടെ ചെയ്യൂ.

ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നിർഭരമായ ഭക്‌തിയുള്ളവനേ, ഈ ലൌകിക ജീവിതത്തിൽ നിന്നും പെട്ടെന്നു തന്നെ നീ മുക്‌തനായിത്തീരും. നിന്റെ ഇന്ദ്രിയങ്ങളുടേയും മനസ്സിണ്റ്റേയും നിയന്ത്രണത്തിലൂടെ മാത്രമേ നിന്റെ ഹൃദയത്തിൽ ദേവൻ വിളങ്ങുകയുള്ളൂ.

അവലംബം[തിരുത്തുക]


കുറിപ്പുകൾ[തിരുത്തുക]

  • ^ ഓളങ്ങൾ എന്ന ചിത്രത്തിലെ ഒ എൻ വി കുറുപ്പ്‌ എഴുതിയ വേഴാമ്പൽ കേഴും എന്ന ഗാനത്തിൽ പറയുന്ന ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾ തുമ്പിലെ തുള്ളി പോലെ<എന്ന വരികൾ ഇതിലെ ആദ്യത്തെ രണ്ടു വരികൾക്ക്‌ ചേർന്ന പരിഭാഷയാണ്‌.
  • ^ കൊടുങ്ങല്ലൂർ ഭരണിക്ക്‌ താനാരോ തന്നാരോ എന്ന്‌ പാടുന്നത്‌ ശ്രദ്ധിക്കുക. നീയാരൊ നിന്റേതാരോ എന്നാണിവിടെ ചോദിക്കുന്നത്‌.


"https://ml.wikipedia.org/w/index.php?title=ഭജ_ഗോവിന്ദം&oldid=3205219" എന്ന താളിൽനിന്ന് ശേഖരിച്ചത്