ബ്രുറയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റബൈനിക യഹൂദതയുടെ പ്രാമാണിക ലിഖിതസഞ്ചയമായ താൽമുദിൽ പരാമർശിക്കപ്പെടുന്ന വനിതകളിൽ ഒരുവളാണ് ബ്രുറയാ അഥവാ ബ്രൂറിയാ (Bruriah). പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ വിഖ്യാതയഹൂദമനീഷി റബൈ മെയറുടെ പത്നിയും റബൈനികയുഗത്തിന്റെ തുടക്കത്തിലെ പത്തു ജൂതരക്തസാക്ഷികളിൽ ഒരാളായി പരിഗണിക്കപ്പെടുന്ന റബൈ ഹനനിയാ ബെൻ തെരാദിയന്റെ മകളുമായിരുന്നു അവർ. ബ്രുറയായുടെ പാണ്ഡിത്യത്തെ താൽമുദ് എടുത്തുപറയുന്നു.[1] നിയമവ്യാഖ്യാനങ്ങളായ 'ഹലാക്കാ', പാരമ്പര്യസഞ്ചയമായ 'അഗ്ഗദ്ദാ' എന്നിവയിൽ ഒരുപോലെ നേടിയിരുന്ന അവഗാഹത്തിന്റെ പേരിൽ അവർ ബഹുമാനിക്കപ്പെടുന്നു. മേഘാവൃതമായ ഒരൊറ്റ ദിവസം കൊണ്ട് അവർ, മുന്നൂറു റബൈമാരിൽ നിന്നു മുന്നൂറു നിയമവ്യാഖ്യാനങ്ങൾ പഠിച്ചതായി പറയപ്പെടുന്നു. ബ്രുറയായുടെ മാതാപിതാക്കളെ റോമൻ അധികാരികൾ, യഹൂദനിയമമായ തോറ പഠിപ്പിച്ചതിന്റെ പേരിൽ കൊന്നു. എങ്കിലും മാതാപിതാക്കന്മാരുടെ വേദപഠനപാരമ്പര്യം അവർ മുന്നോട്ടുകൊണ്ടുപോയി.

പാണ്ഡിത്യം[തിരുത്തുക]

യഹൂദനിയമത്തെ സംബന്ധിച്ച് അക്കാലത്തു നടന്ന സംവാദങ്ങളിൽ ബ്രുറയാ ഉത്സാഹത്തോടെ പങ്കുച്ചേർന്നു. പല സന്ദർഭങ്ങളിലും അവർ, വേദജ്ഞാനത്തിൽ ഭർത്താവിനേയും അദ്ദേഹത്തിന്റെ ശിഷ്യന്മാരേയും അതിശയിക്കുന്നതായി കാണപ്പെടുന്നു.[1] അത്തരം ചർച്ചകളിലൊന്നിൽ, അനുഷ്ഠാനപരമായ ശുദ്ധിയക്കുറിച്ചുള്ള (ritual purity) സ്വന്തം പിതാവിന്റെ നിലപാടിനെത്തന്നെ അവർ ചോദ്യം ചെയ്തു. ആ സന്ദർഭത്തിൽ അവരുടെ വ്യാഖ്യാനമായിരുന്നു ശരി എന്ന്, സമകാലീനനായ റബൈ ബെൻ യൂദാ ബാവാ നിരീക്ഷിച്ചിട്ടുണ്ട്. റബൈ തർഫോണും മറ്റു മനീഷിമാരും തമ്മിൽ സംവദിക്കുന്ന മറ്റൊരു സന്ദർഭത്തിൽ, അവരുടെ ഇടപെടലിനെ റബൈ ജോഷ്വായും പുകഴ്ത്തിയിട്ടുണ്ട്. "ബ്രുറയാ പറഞ്ഞതാണു ശരി" എന്നായിരുന്നു അവിടെ അദ്ദേഹത്തിന്റെ നിരീക്ഷണം.

ബ്രുറയായുടെ കൂർമ്മബുദ്ധിയും വാഗ്സാമർദ്ധ്യവും പ്രസിദ്ധമായിരുന്നു. "ദൈവത്തിലേക്കു നമ്മൾ ഏതു വഴി പോകും?" എന്നു തന്നോടു ചോദിച്ചതിന്, ഒരിക്കൽ അവർ ഗലീലായിൽ നിന്നുള്ള റബൈ യോസെയെ ശകാരിച്ചു. എബ്രായഭാഷയിൽ രണ്ടു വാക്കുകൾ മാത്രമുപയോഗിച്ച് "ദൈവത്തിലേക്ക് എങ്ങനെ?" എന്നു ചുരുക്കി ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അങ്ങനെയായാൽ, സ്ത്രീകളോട് ആവശ്യത്തിലധികം സംസാരിക്കരുത് എന്ന താൽമുദിന്റെ അനുശാസനം പാലിക്കപ്പെടുമായിരുന്നു എന്നുമായിരുന്നു അവരുടെ വിശദീകരണം.

പാപികളുടെ നാശത്തിനുവേണ്ടി പ്രാർത്ഥിച്ച ഭർത്താവ് റബൈ മെയറെ അവർ, പാപികളുടെ പശ്ചാത്താപത്തിനുവേണ്ടിയാണു പ്രാർത്ഥിക്കേണ്ടതെന്നു തിരുത്തിയതായി 118-ആം സങ്കീർത്തനത്തെ സംബന്ധിച്ച മിഷ്ന നിരൂപണത്തിൽ പറയുന്നു. അപ്പോൾ റബൈ മെയർ, ശല്യക്കാരനായ ഒരയൽക്കാരന്റെ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു എന്നാണു കഥ. 104-ആം സങ്കീർത്തനം 35-ആം വാക്യത്തെ "പാപികൾ ഭൂമിയിൽ എരിഞ്ഞടങ്ങട്ടെ, ദുഷ്ടന്മാർ ഇല്ലാതാകട്ടെ" എന്നു വായിച്ചാണ് അദ്ദേഹം ഈ പ്രാർത്ഥനയെ ന്യായീകരിച്ചത്. എന്നാൽ സങ്കീർത്തനവാക്യത്തിന്റെ ശരിയായ വായന "ഭൂമിയിൽ പാപം എരിഞ്ഞടങ്ങട്ടെ" എന്നാണെന്നും അതോടെ ദുഷ്ടന്മാർ ഇല്ലാതാകുമെന്നും ബ്രുറയാ വിശദീകരിച്ചു.

കഥകൾ[തിരുത്തുക]

ഒരിക്കൽ ബ്രുറയാ, ശബ്ദമുണ്ടാക്കാതെ വേദപഠനം നടത്തിക്കൊണ്ടിരുന്ന ഒരു യുവവിദ്യാർത്ഥിയെ ശാസനാരൂപത്തിൽ തൊഴിച്ചതായി പറയപ്പെടുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും പഠനത്തിൽ ഉപയോഗിച്ചാലേ, അറിവു സ്വാംശീകരിക്കാൻ സാധിക്കുകയുള്ളു എന്ന വേദവാക്യത്തെ അവഗണിച്ചതിനായിരുന്നു ശാസന.[1] ഏറെ മനഃശ്ശക്തിയുള്ള വ്യക്തിയായാണ് റബൈനികലിഖിതങ്ങൾ ബ്രുറയായെ ചിത്രീകരിക്കുന്നത്. ഒരു സാബത്തുദിവസം അവരുടെ രണ്ട് ആണ്മക്കൾ ഒരുമിച്ചു മരിച്ചപ്പോൾ ആ വിവരം ഭർത്താവിൽ നിന്ന്, അദ്ദേഹത്തിനു മനഃക്ലേശമുണ്ടാകാതെ അറിയിക്കാൻ പറ്റിയ സമയം വരെ അവർ മറച്ചുവെച്ചുന്ന കഥ, സുഭാഷിതങ്ങൾ 31-ആം അദ്ധ്യായത്തിന്റെ 'മിദ്രാശ്' നിരൂപണത്തിലുണ്ട് [2][3]

മരണം[തിരുത്തുക]

ബ്രുറയായുടെ ഭർത്താവ് റബൈ മെയർ, മദ്ധ്യവയസ്സിൽ ബാബിലോണിയയിലേക്കു പലായനം ചെയ്ത കാര്യം രേഖപ്പെടുത്തുന്ന താൽമുദ്[4] അതിനുള്ള രണ്ടു കാരണങ്ങളിൽ രണ്ടാമത്തേത് 'ബ്രുറയാ-സംഭവം' ആണെന്നു പറയുന്നു. ഇവിടെ സൂചിതമാകുന്ന 'സംഭവം' എന്താണെന്നു വ്യക്തമല്ല. വിഖ്യാത താൽമുദ് വ്യാഖ്യാതാവും യഹൂദമനീഷിയുമായ റാശി അതിനെ ഇങ്ങനെ വിശദീകരിക്കുന്നു: "സ്ത്രീകൾ ചപലഹൃദയരാണ്" എന്ന താൽമുദ് നിരീക്ഷണത്തെ ബ്രുറയാ പരിഹസിച്ചു.[5] താൽമുദിലെ നിരീക്ഷണം ശരിയാണെന്നു തെളിയിക്കാൻ റബൈ മെയർ തന്റെ ശിഷ്യന്മാരിൽ ഒരുവനെ ബ്രുറയായെ വശീകരിക്കാൻ ചുമതലപ്പെടുത്തി അയച്ചു. ആദ്യം അയാളുടെ പ്രലോഭനത്തെ ചെറുത്തുനിന്ന ബ്രുറയാ ഒടുവിൽ വഴങ്ങി. പിന്നീട് തന്റെ തെറ്റു മനസ്സിലാക്കിയ അവർ, അവമതി സഹിക്കാതെ ആത്മഹത്യ ചെയ്തു. സംഭവത്തെ തുടർന്ന് മാനക്കേടുമൂലം രോഗബാധിതയായ അവരുടെ മരണത്തിനും ശാന്തിക്കും വേണ്ടി ഒരുകൂട്ടം റബൈമാർ നടത്തിയ പ്രാർത്ഥനയുടെ ഫലമായി അവർ മരിച്ചെന്നാണ് ഈ കഥയുടെ മറ്റൊരു ഭാഷ്യം. ഇതേതുടർന്ന് റബൈ മെയർ ബാബിലോണിലേക്കു പലായനം ചെയ്യുകയും ചെയ്തു.

എന്നാൽ പതിനൊന്നാം നൂറ്റാണ്ടിലെ ഉത്തരാഫ്രിക്കൻ താൽമുദ് വ്യാഖ്യാതാവ് നിസിം ബെൻ ജേക്കബ്, താൽമുദ്-പാഠത്തിനു കൂടുതൽ അനുരൂപമായ മറ്റൊരു വിശദീകരണം തരുന്നു. അതനുസരിച്ച്, റോമൻ അധികാരികൾ ബ്രുറയായുടെ അച്ഛനെ കൊല്ലുകയും അമ്മയെ അടിമക്കച്ചവടക്കാർക്കും സഹോദരിയെ വേശ്യാലയത്തിനും വിൽക്കുകയും ചെയ്തതിനെ തുടർന്ന്, ബ്രുറയായോടൊപ്പം റബൈ മെയർ ബാബിലോണിലെക്കു പലായനം ചെയ്യുകയാണുണ്ടായത്.[6] ഇതര റബൈനിക സ്രോതസ്സുകളും റാശിയുടെ ഭാഷ്യം തള്ളിക്കളയുന്നു. ബ്രുറയായുടെ നിഷ്കളങ്കത ഏറ്റുപറയാനായി പെണ്മക്കൾക്ക് 'ബ്രുറയാ' എന്നു പേരിടുന്ന പതിവ് യാഥാസ്ഥിതിക യഹൂദർക്കിടയിലുണ്ട്

ബ്രുറയാ ഭർത്താവിന്റെ പരീക്ഷണത്തിൽ വിജയിച്ചെന്നും, പുരാതനമനീഷികളെക്കുറിച്ചു ബഹുമാനമില്ലാതെ സംസാരിച്ചതിനു മാത്രം ദൈവം അവരെ ശിക്ഷിച്ചെന്നുമാണ് മിക്ക വ്യാഖ്യാതാക്കളുടേയും നിലപാട്. സ്ത്രീഹൃദയങ്ങളുടെ ചഞ്ചലസ്വഭാവത്തെക്കുറിച്ചുള്ള റബൈമാരുടെ അഭിപ്രായം ശരിയാണെങ്കിലും താൻ ആ പൊതുനീതിക്ക് അപവാദമാണന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ അവർ തെറ്റുകാരിയാവില്ലായിരുന്നു എന്നും അവർ വിശദീകരിക്കുന്നു. റബൈ മെയർ നിയോഗിച്ച ശിഷ്യൻ ഷണ്ഡനായിരുന്നത് പാപസാദ്ധ്യത ഇല്ലാതാക്കുന്നെന്നും അവർ കൂട്ടിച്ചേർക്കുന്നു. ബ്രുറയാ പ്രലോഭനത്തിനു വശംവദയായി എന്നു വാദിക്കുന്നവരിൽ തന്നെ ചിലർ, സ്വന്തം ശിഷ്യന്റെ രൂപത്തിൽ ഭാര്യയെ പരീക്ഷിക്കാൻ ചെന്നത്, സ്വയം റബൈ മെയർ ആയിരുന്നെന്നും കരുതുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Images of Women in Talmud, Judith Hauptman" - Religion and Sexism - Images of Women in the Jewish and Christian Traditions - Edited by Rosemary Radford Reuther, Publishers: Simon and Schuster, New York (pages 203-4)
  2. Midrash Mishley to Proverbs 31:10 (Note that some editions read אמו "his mother," but the correct reading is אמן "their mother.")
  3. Yalkut Shimoni on Proverbs, Remez 964
  4. "Archived copy". Archived from the original on 2011-06-29. Retrieved 2010-11-20.{{cite web}}: CS1 maint: archived copy as title (link)
  5. Kiddushin 80b. Rashi there explains this phrase (נשים דעתן קלות עליהן, literally, "women's minds weigh lightly upon them") as indicating lack of sexual inhibition.
  6. Mentioned in a book of Midrashim attributed to Rabenu Nissim of Kairouan, "Chibur Yafe Min Hayeshua", "Archived copy". Archived from the original on 2012-08-04. Retrieved 2010-12-26.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ബ്രുറയാ&oldid=3970326" എന്ന താളിൽനിന്ന് ശേഖരിച്ചത്