ബൊഗാനി നാനി വാർട്ടബോൺ ദേശീയോദ്യാനം
| ബൊഗാനി നാനി വാർട്ടബോൺ ദേശീയോദ്യാനം | |
|---|---|
| Taman Nasional Bogani Nani Wartabone | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
ഗൊറോണ്ടാലോയിലെ ബൊഗാനി നാനി വാർട്ടബോൺ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്ന വനപ്രദേശങ്ങളിലൊന്നാണ് ഹംഗയോനോ വനം. | |
| സ്ഥലം | സുലവേസി, ഇന്തോനേഷ്യ |
| നിർദ്ദേശാങ്കങ്ങൾ | 0°33′38″N 123°40′48″E / 0.56056°N 123.68000°E |
| വിസ്തീർണ്ണം | 2,871.15 ച. �കിലോ�ീ. (287,115 ഹെ) |
| സ്ഥാപിതം | 1991 |
| ഭരണസമിതി | പരിസ്ഥിതി വനം മന്ത്രാലയം |
| വെബ്സൈറ്റ് | boganinaniwartabone |
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്റെ വടക്കേയറ്റത്തുള്ള മിനഹാസ ഉപദ്വീപിലെ ഒരു ദേശീയോദ്യാനമാണ് ബൊഗാനി നാനി വാർട്ടബോൺ ദേശീയോദ്യാനം. 2,871 ചതുരശ്ര കിലോമീറ്റർ (1,108 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1991-ലാണ് സ്ഥാപിതമായത്. ആദ്യകാലത്ത് ഡുമോഗ ബോൺ ദേശീയോദ്യാനം എന്നായിരുന്നു ഇതിന്റെ പേര്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗൊറോണ്ടാലോയിൽ നിന്ന് ജാപ്പനീസ് സൈന്യത്തെ തുരത്തിയ പ്രാദേശിക പ്രതിരോധ പോരാളിയായ നാനി വാർട്ടബോണിന്റെ സ്മരണാർത്ഥമാണ് പിന്നീട് ഈ പേര് നൽകിയത്. സുലവേസിയിലെ വന്യജീവി സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യമുള്ള പ്രദേശമായി ഇന്തോനേഷ്യയിലെ വന്യജീവി സംരക്ഷണ സൊസൈറ്റി ഈ ദേശീയോദ്യാനത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.[1] സുലവേസിയിൽ മാത്രം കാണപ്പെടുന്ന നിരവധി തദ്ദേശീയ ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ ദേശീയോദ്യാനം.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]പൈപ്പർ അഡങ്കം, ട്രെമ ഓറിയന്റലിസ്, മക്കറാങ്ക ഇനങ്ങൾ, വിവിധയിനം ഓർക്കിഡുകൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ സാധാരണയായി കാണപ്പെടുന്ന സസ്യങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളിൽ മാതയംഗൻ ഈന്തപ്പന (ഫോളിഡോകാർപസ് ഇഹർ), മകാസ്സർ കരിമരം, ഇരുമ്പ് മരം (ഇന്റ്സിയ ഇനങ്ങൾ), മഞ്ഞമരം (അർക്കൻജെലിസിയ ഫ്ലാവ), ശവപുഷ്പം (അമോർഫോഫാലസ് കമ്പാനുലാറ്റസ്) എന്നിവ ഉൾപ്പെടുന്നു.
ദേശീയോദ്യാനത്തിൽ 24 ഇനം സസ്തനികൾ, 11 ഇനം ഉരഗങ്ങൾ, 125 ഇനം പക്ഷികൾ എന്നിവ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[2] വംശനാശഭീഷണി നേരിടുന്ന അനോവ, സിന്നാബാർ പരുന്ത്-മൂങ്ങ എന്നിവയും ഇവിടെ കാണപ്പെടുന്നു. ദേശീയോദ്യാനത്തിൽ നിന്ന് ശേഖരിച്ച ഒരു മാതൃകയുടെ അടിസ്ഥാനത്തിൽ 1999-ൽ മാത്രമാണ് ഈ ജീവിയെ ശാസ്ത്രീയമായി വിവരിച്ചത്.
മാലിയോ പ്രജനനം
[തിരുത്തുക]ഈ ദ്വീപിൽ മാത്രം കാണപ്പെടുന്നതും ദേശീയോദ്യാനത്തിന്റെ ഭാഗ്യചിഹ്നവുമായ പക്ഷിയാണ് മാലിയോ മെഗാപോഡ്.[2] ഈ ദേശീയോദ്യാനത്തിൽ മാലിയോ പക്ഷികളുടെ പ്രജനനം വിജയകരമായി നടത്തിവരുന്നുണ്ട്. 2012 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഏകദേശം 3,300 പക്ഷികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടിട്ടുണ്ട്. ബോൺ ബൊലാങ്കോയിലെ ഹങ്കോയോനോ ക്യാമ്പാണ് ഏറ്റവും വലിയ മാലിയോ ആവാസകേന്ദ്രം. ഇവിടെ നാല് പ്രജനനകേന്ദ്രങ്ങളുണ്ട്. പ്രജനനത്തിന് ഭൂതാപത്താൽ ചൂടുള്ള മണൽ ആവശ്യമായതിനാലാണ് ഹങ്കോയോനോ ക്യാമ്പ് ഇതിന് അനുയോജ്യമാകുന്നത്.[3]
ഭീഷണികൾ
[തിരുത്തുക]അനിയന്ത്രിതമായ മരംമുറിക്കൽ, വേട്ടയാടൽ, നിയമവിരുദ്ധമായ സ്വർണ്ണഖനനം തുടങ്ങിയവ ഈ ദേശീയോദ്യാനത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.
അവലംബം
[തിരുത്തുക]- ↑ Partnership Council of Bogani Nani Wartabone National Park. wcs.org
- 1 2 Ministry of Forestry of Indonesia: "Bogani Nani Wartabone National Park" Archived സെപ്റ്റംബർ 25, 2015 at the Wayback Machine, retrieved 5 December 2013
- ↑ "Keberhasilan penangkaran Maleo capai 50 persen" (in Indonesian). February 28, 2012. Archived from the original on March 5, 2012. Retrieved February 28, 2012.
{{cite web}}: CS1 maint: unrecognized language (link)