ബേളൂർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയുന്ന വളരെ പുരാതനമായ ശിവക്ഷേത്രമാണ് ബേളൂർ ശിവക്ഷേത്രം എന്നറിയപ്പെടുന്നത്. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ചരിത്രസംബന്ധിയായ കാര്യങ്ങൾ ലഭ്യമല്ല. പലപ്പോഴായി ക്ഷേത്രം പുതുക്കിപ്പണിതതിന്റെ രേഖകൾ മാത്രമാണ്‌ ലഭ്യമായിരിക്കുന്നത്.

ബേളൂർ ക്ഷേത്രം

സ്ഥാനം[തിരുത്തുക]

ബേളൂർ ഗ്രാമത്തിൽ അട്ടേങ്ങാനത്തിനടുത്ത് ചുറ്റോടുചുറ്റും മലനിരകളാൽ ബന്ധിതമായ വിശാലമായൊരു പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി അട്ടേങ്ങാനം ടൗണും, ഗവ. യു.പി. സ്‌ക്കൂളും, ഗവ. ഹയർസെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. ക്ഷേത്ര

പുരാവൃത്തം[തിരുത്തുക]

പ്രബലമായൊരു പുരാവൃത്തം ഇന്നും ജനങ്ങൾക്കിടയിൽ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. കേരളത്തിലെ മിക്ക ശിവക്ഷേത്രങ്ങളുടെ പുരാവൃത്തമെടുത്തു പരിശോധിച്ചാലും ഇതിനോട് സാമ്യമുള്ള മിത്തുകൾ കാണാൻ കഴിയുന്നുണ്ട്. ക്ഷേത്രം ഉണ്ടാവുന്നതിന് മുമ്പ്, നരയെന്ന ഒരു വള്ളിച്ചെടി തേടിയിറങ്ങിയ ചെറവ സ്ത്രീയുമായി ബന്ധപ്പെട്ടതാണീ പുരാവൃത്തം. നടന്നു നടന്ന് ദാഹിച്ചവശയായ ആ സ്ത്രീ ദാഹശമനത്തിനായി നര വെട്ടുകയായിരുന്നു. നര വെട്ടുന്നതിനിടയിൽ തന്റെ കത്തി ഒരു കല്ലിൽ കൊള്ളുകയും കല്ലിൽ നിന്നും രക്തം വാർന്നൊഴുകുന്നതു കണ്ട് ചെറവസ്ത്രീ നര വലിച്ചെറിയുകയും ബോധംകെട്ടു വീഴുകയും ചെയ്തത്രേ. അതൊരു ശിവലിംഗമാണെന്നു തിരിച്ചറിഞ്ഞ ആ ഗോത്രവർഗ ജനത ആ കല്ലിനെ അവിടെ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങി. അതാണത്രേ ഇന്നത്തെ ബേളൂർ ശിവക്ഷേത്രമായി പരിണമിച്ചത്. നരയർ (നരേറ് - നര+ഏറ്‍) എന്ന ഒരു സ്ഥലം ഈ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ചെറവസ്ത്രീ വലിച്ചെറിഞ്ഞ നര ചെന്നു വീണ സ്ഥലമാണ് നരയേർ (നരയർ) എന്നറിയപ്പെടുന്നത്.

നര[തിരുത്തുക]

മുമ്പ് ഗോത്രവർഗജനതയായ ചെറവർ, മാവിലർ തുടങ്ങിയവർ അവരുടെ ഭക്ഷണത്തിനായി ഉപയോഗിച്ചു വന്ന വേരിന്റെ ആകൃതിയിൽ മരങ്ങളിലും മറ്റും പടർന്നു കയറുന്ന വള്ളിച്ചെടിയാണ് നര എന്നറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയും ഗോത്രവർഗജനത ഭക്ഷണപദാർത്ഥമായി നര ഉപയോഗിച്ചിരുന്നു. ധാരാളം ജലാംശം ഉള്ളതാണ് ഈ വള്ളിച്ചെടി. വള്ളിച്ചെടിയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയാൽ ദാഹം മാറ്റാനുള്ളത്ര വെള്ളം അതിൽ നിന്നും ശേഖരിക്കാവുന്നതാണ്.

ഉത്സവങ്ങൾ[തിരുത്തുക]

കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ചാണ് ഇവിടെ ഉത്സവം നടക്കുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ശിവരാത്രിയോടെ കഴിയുമെങ്കിലും ക്ഷേത്രത്തിനു പുറത്ത് വിഷ്ണുമൂർത്തിയുടെ തെയ്യക്കോലം പിറ്റേ ദിവസം ഉണ്ടായിരിക്കും. ശിവരാത്രി ദിവസം നടക്കുന്ന തിടമ്പുനൃത്തമാണ് ഉത്സവപരിപാടികളിൽ ഏറ്റവും ആകർഷണീയം. പത്തുദിവസവും ക്ഷേത്രപരിസരത്ത് കലാപരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. ബേളൂരപ്പൻ എന്നാണ് ഇവിടുത്തെ ദേവൻ അറിയപ്പെടുന്നത്.

നഗരപ്രദക്ഷിണം[തിരുത്തുക]

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ബേളൂരപ്പന്റെ നഗരപ്രദക്ഷിണം മറ്റൊരു വർണാഭമായ കാഴ്ചയാണ്. ദൈവചൈതന്യത്തെ വിഗ്രഹത്തിലേക്കാവാഹിച്ച് ഘോഷയാത്രയായി ഗ്രാമത്തെ വലം‌വെക്കുന്ന ചടങ്ങാണിത്. അട്ടേങ്ങാനം, ഒടയഞ്ചാൽ, ചക്കിട്ടടുക്കം, നായിക്കയം, മുക്കുഴി എന്നിങ്ങനെ സമീപദേശങ്ങളിലൂടെയൊക്കെ ഈ ഘോഷയാത്ര പോകുന്നുണ്ട്. വഴിയിലെ പ്രധാന സ്ഥലങ്ങളിലും ദൈവസങ്കേതങ്ങളിലും ശിവപ്രതിഷ്ഠ ഇറക്കിവെച്ച് പൂജകളും ആരാധനയും നടത്തുന്നു.

അയ്യപ്പൻ‌വിളക്കു മഹോത്സവം[തിരുത്തുക]

ശിവരാത്രിമഹോത്സവം കൂടാതെ ശബരിമല സീസണിൽ അയ്യപ്പൻ‌വിളക്കു മഹോത്സവവും ക്ഷേത്രാങ്കണത്തിൽ നടത്താറുണ്ട്. വിറകുകൾ കൂട്ടി വലിയ നെരിപ്പോടുണ്ടാക്കി അയ്യപ്പ ഭക്തർ അഗ്നിപ്രവേശം ചെയ്യുന്ന ചടങ്ങ് മുമ്പ് ഇതിനോടനുബന്ധിച്ച് നടന്നിരുന്നു.

ഇളനീർധാര[തിരുത്തുക]

ഇളനീർ കൊണ്ടുള്ള ധാര മറ്റൊരു പ്രധാന വഴിപാടാണ്. ഇളനീരുകൾ ആയിരത്തിയൊന്ന്, അഞ്ഞൂറ്റിയൊന്ന് എന്നിങ്ങനെയായി നിജപ്പെടുത്തിയിരിക്കുന്നു. മഴ പെയ്യാൻ വൈകുന്ന സമയങ്ങളിൽ ഇളനീർ കൊണ്ട് ദേവനെ തണുപ്പിക്കുകയാണെങ്കിൽ ഉടനേ മഴ ലഭിക്കുമെന്ന വിശ്വാസമാണ്‌ ഇതിനു പിന്നിൽ. മറ്റു പ്രധാന ക്ഷേത്രങ്ങളിലേതുപോലെ തന്നെ ദിവസപൂജയും പ്രത്യേക പൂജകളും മറ്റും ഇവിടെയും യഥാവിധി നടക്കുന്നുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേളൂർ_ശിവക്ഷേത്രം&oldid=2375316" എന്ന താളിൽനിന്ന് ശേഖരിച്ചത്