ബെർബാക്ക് ദേശീയോദ്യാനം
ബെർബാക്ക് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സുമാത്ര, ഇന്തോനേഷ്യ |
Nearest city | ജംപി |
Coordinates | 1°23′S 104°20′E / 1.383°S 104.333°E |
Area | 1,627 km2 |
Established | 1992 |
Governing body | Ministry of Forestry |
Designated | April 8, 1992[1] |
ബെർബാക്ക് ദേശീയോദ്യാനം തെക്കു കിഴക്കൻ ഏഷ്യൻരാജ്യമായ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ കിഴക്കൻ തീരത്തോടു ചേർന്നും, ജാംബിയിൽ നിന്നും 100 കിലോമീറ്റർ കിഴക്ക് ഭാഗത്ത് 1,627 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഡച്ച് കോളനി നിയമത്തിന്റെ കീഴിൽ 1935-ൽ സംരക്ഷിതവനമായ ഈ ഉദ്യാനത്തിലെ തണ്ണീർത്തടങ്ങളുടെ അന്താരാഷ്ട്ര പ്രാധാന്യം (1971-ലെ റാംസർ ഉടമ്പടി) കണക്കിലെടുത്ത് പിന്നീട് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഈ ദേശീയോദ്യാനത്തിലെ പീറ്റ് ചതുപ്പുവനങ്ങളിൽ ധാരാളം പനവൃക്ഷങ്ങൾ കാണപ്പെടുന്നു. ഉദ്യാനത്തിലെ അതിവിശിഷ്ഠതയെന്നു പറയുന്നത് പീറ്റ് ചതുപ്പുവനങ്ങളും ശുദ്ധജലചതുപ്പുവനങ്ങളും ഇടകലർന്ന് സുമാത്രയുടെ കിഴക്കൻ തീരം വരെ വിശാലമായി വ്യാപിച്ചു കിടക്കുന്നതാണ്. എയർ ഹിറ്റം ദലം നദീതീരം സുമാത്രൻ കടുവകൾക്ക് വാസസ്ഥലമൊരുക്കുന്നു. അനധികൃതമായ മരംവെട്ട്, വനത്തിൽ ഉണ്ടായ തീപ്പിടുത്തം എന്നിവയെത്തുടർന്ന് ഉദ്യാനത്തിനും അതിലെ ആവാസ വ്യവസ്ഥയ്ക്കും നാശം സംഭവിച്ചു. 1994-ലും 1997-ലും സംഭവിച്ച വൻ തീപിടിത്തത്തെ തുടർന്ന് ഉദ്യാനത്തിന്റെ മധ്യഭാഗത്ത് എയർ ഹിറ്റം ലൗട്ട് നദിയ്ക്കരികിൽ 12,000 ഹെക്ടർ പ്രദേശവും, സിമ്പാങ് മെലാക്ക നദിയ്ക്കരികിൽ 4,000 ഹെക്ടർ പ്രദേശവും നശിക്കാൻ ഇടയായി.
ഭൂമിശാസ്ത്രം
[തിരുത്തുക]കിഴക്കൻ സുമാത്രയിലെ ബെർബാക്ക് ദേശീയോദ്യാനത്തിന്റെ നാലിലൊരുഭാഗം അതിവിശാലമായ എക്കൽ സമതലങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇവിടത്തെ അസ്തിത്വം കീറി മുറിച്ചു പരിശോധിച്ചു നോക്കിയാൽ ഈ പ്രദേശത്തിന്റെ നദികളുടെ വടക്കുകിഴക്കൻതീരത്തെ വളരെ പ്രകടമായ പരന്നസ്ഥലത്തിലെ വേലിയേറ്റവും, വേലിയിറക്കത്തിന്റെയും ഫലമായി ജലം പുറത്തേയ്ക്ക് ഒഴുകിപ്പോകുമ്പോൾ നദിയുടെ അടിത്തട്ടിലെ ചെളിനിറഞ്ഞ പരന്നസ്ഥലം പുറത്തേയ്ക്ക് പ്രകടമാകുകയും അവിടെ കായൽത്തിട്ടകൾ രൂപപ്പെടുകയും ചെയ്യുന്നു. അത്തരം പ്രദേശങ്ങളിൽ 600 ചതുരശ്രകിലോമീറ്റർ ശുദ്ധജലചതുപ്പുവനങ്ങളും, 1,100 ചതുരശ്രകിലോമീറ്റർ പീറ്റ് ചതുപ്പുവനങ്ങളും ഉൾക്കൊള്ളുന്നു. കിഴക്കൻ അതിർത്തിയിൽ ചെളി നിറഞ്ഞ പ്രദേശങ്ങളും (വെള്ളംകയറുകയും ഇറങ്ങുകയും ചെയ്യുന്ന), കണ്ടൽക്കാടുകളും കാണപ്പെടുന്നു. കിഴക്കൻ അതിർത്തിയിൽ കൂടി ബെനു നദി ഒഴുകുന്നു. തീരത്തെ വേലിയേറ്റം വേലിയിറക്കം അനുപാതം 2-2.5 മീ. താഴ്ചയിലും, 1 മീ. ഉയരത്തിലുമാണ്. നദികളിൽ 20 മീ. ആഴത്തിൽ ആസിഡ് പീറ്റ് ജലം കാണപ്പെടുന്നു[2].
കാലാവസ്ഥ
[തിരുത്തുക]ബെർബാക്ക് ദേശീയോദ്യാനം സമുദ്രനിരപ്പിൽ നിന്ന് 0-20 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. മാർച്ച് -നവംബർ വരെയാണ് ഉദ്യാനം സന്ദർശിക്കാൻ അനുകൂല കാലാവസ്ഥ. ഇവിടെ താപനില 25° – 28° C വരെ അനുഭവപ്പെടുന്നു. വർഷത്തിൽ 2,300 മില്ലിമീറ്റർ മഴ ലഭിക്കുന്നു[3].
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]ഈ ദേശീയോദ്യാനത്തിലെ സസ്യവർഗ്ഗങ്ങളിൽ കൂടുതലും മഴക്കാടുകളിലെ മരങ്ങളായ ഷൂറിയ ജനുസിൽപ്പെട്ടമരങ്ങളും വിവിധവർഗ്ഗങ്ങളിൽപ്പെട്ട പനവൃക്ഷങ്ങളുമാണ്. നിരവധി വർഗ്ഗത്തിൽപ്പെട്ട അലങ്കാരപ്പനകളും കാണപ്പെടുന്നു. ഇതിൽ അപകടത്തിലാക്കുന്ന കാറ്റഗറിയിൽപ്പെട്ടതാണ് ഡൗൺപായങ് (Johanesteijmannia altifrons), പുതിയതായി കണ്ടുപിടിച്ച വർഗ്ഗത്തിൽപ്പെട്ട ലെപിഡോണിയ കിൻഗി (ഇതിന് ചുവപ്പ് / വയലറ്റ് വലിയപൂക്കളാണ്).
സുമാത്രൻ കാണ്ടാമൃഗം (Dicerorhinus sumatrensis), സുമാത്രൻ കടുവ (Panthera tigris sumatrae), മലയൻ ടപ്പിർ (Tapirus indicus)[4], ലെസ്സെർ മൗസ് ഡീയർ (Tragulus javanicus kanchil), തുടങ്ങിയ ജീവികളും ഈ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നു.
300-ൽ പരം വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. വയൽനായ്ക്കൻ ("Leptoptilos javanicus"), വൈറ്റ് വിങ്ങെഡ് ഡക്ക് ("Asarcornis scutulata"), ചൈനീസ് കൊക്ക് ("Egretta eulophotes"), പൊന്മാന്റെ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ ("Alcedinidae spp"), എന്നീ ഇനങ്ങൾ പ്രധാനപ്പെട്ടവയാണ്. ആയിരത്തിൽപരം ദേശാടനപക്ഷികൾ ഇവിടെ കൂട്ടം ചേരുന്നത് അതിശയിപ്പിക്കുന്ന കാഴ്ച തന്നെയാണ്.
മലേഷ്യൻ ജയിന്റ് ടർട്ടിൽ ("Orlitia borneensis"), കായൽമുതല ("Crocodylus porosus"), ബറ്റാഗുർ ടർട്ടിൽ ("Batagur baska") എന്നിവയും ജൈവ വൈവിധ്യത്തിലുൾപ്പെടുന്നു. [5][6]
അവലംബം
[തിരുത്തുക]- ↑ "Ramsar List". Ramsar.org.
- ↑ https://www.discoverworld.com/Indonesia/Berbak-National-Park:In-depth[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.indonesiatravelingguide.com/sumatera-natural-resources/sumatra-berbak-national-park/berbak-national-park-map/
- ↑ Ramsar Sites Database, retrieved 04-12-2009
- ↑ http://www.indonesia-tourism.com/jambi/berbak_national_park.html
- ↑ Indonesian Ministry of Forestry: "Berbak National Park" Archived December 19, 2013, at the Wayback Machine., retrieved 04-12-2009