ബെന്റോട്ട
Bentota | |
|---|---|
town | |
Bentota beach | |
| Coordinates: 6°25′12″N 80°0′0″E / 6.42000°N 80.00000°E | |
| Country | Sri Lanka |
| Province | Southern Province |
| District | Galle District |
| ജനസംഖ്യ | |
• ആകെ | 37,000 |
| സമയമേഖല | UTC+5:30 (Sri Lanka Time) |
6°25′N 80°00′E / 6.42°N 80.00°E


ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയിലെ ഗാലെ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് ബെന്റോട്ട. കൊളംബോയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ (40 മൈൽ) തെക്കും ഗാലെയിൽ നിന്ന് 56 കിലോമീറ്റർ (35 മൈൽ) വടക്കുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3 മീറ്റർ (9.8 അടി) ഉയരത്തിൽ ബെന്റോട്ട നദിയുടെ തെക്കൻ തീരത്താണ് ബെന്റോട്ട നഗരം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]പുരാതനകാലത്തെ ഭീമതീർത്ഥമാണ് ബെന്റോട്ട എന്ന് കരുതപ്പെടുന്നു. പുരാതന സന്ദേശകാവ്യങ്ങളിലും ഈ പ്രദേശത്തെപ്പറ്റി പരാമർശങ്ങളുണ്ട്. പാസ്യോദുൻ ജില്ലയിലെ ഭീമതിട്ട വിഹാരം എന്ന പേരിൽ മഹാവംശം, പൂജാവലിയ എന്നീ ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്ന ഗാലപഥ വിഹാര ഈ മേഖലയിലെ അഞ്ച് പുരാതന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമായിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു.[1] ഗാലപഥ വിഹാരയിലെ പതിമൂന്നാം നൂറ്റാണ്ടിലെ ശിലാശാസനത്തിലും ഭീമതിട്ട എന്ന പേര് പരാമർശിക്കപ്പെടുന്നുണ്ട്.[2] പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ബെന്റോട്ട നദിയുടെ (ബെന്റാര ഗംഗ) അഴിമുഖത്ത് ഒരു ചെറിയ കോട്ട നിർമ്മിച്ചു. സിംഹള ഭാഷയിൽ പോർച്ചുഗീസുകാരുടെ കോട്ട എന്നർത്ഥം വരുന്ന പരംഗി കോട്ടുവ എന്നാണ് ഈ കോട്ടയെ വിളിച്ചിരുന്നത്. ശ്രീലങ്കയിൽ പോർച്ചുഗീസുകാരുടെ കൈവശമുണ്ടായിരുന്ന പ്രദേശത്തിന്റെ തെക്കേ അതിർത്തി ഈ നദിയായിരുന്നു. പിന്നീട് ഡച്ചുകാർ ഈ കോട്ട കൈയടക്കുകയും കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളിലൊന്ന് ഡച്ച് ഓഫീസർമാരുടെ വിശ്രമകേന്ദ്രമായി മാറ്റുകയും ചെയ്തു. കൊളംബോയ്ക്കും ഗാലെയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ഡച്ച് ഓഫീസർമാർക്കുള്ള കൊളോണിയൽ വിശ്രമകേന്ദ്രമായി ഈ കെട്ടിടം രൂപപ്പെടുത്തി. കോട്ടയുടെ മറ്റുഭാഗങ്ങളിലെ കേടുപാടുകൾ തീർക്കാൻ ഡച്ചുകാർ താത്പര്യം കാണിച്ചില്ല. തന്മൂലം കോട്ട ക്രമേണ നശിച്ചു. പിന്നീട് ഈ കോട്ട കൈയടക്കിയ ബ്രിട്ടീഷുകാർ വിശ്രമകേന്ദ്രത്തെ തീരദേശ ആരോഗ്യകേന്ദ്രമാക്കി മാറ്റി. സിലോണിലെ കൊളോണിയൽ സെക്രട്ടറിയായിരുന്ന സർ ജെയിംസ് എമേഴ്സൺ ടെന്നന്റ് തന്റെ സിലോൺ, ആൻ അക്കൗണ്ട് ഓഫ് ദി ഐലൻഡ് (1859) എന്ന പുസ്തകത്തിൽ, ബെന്റോട്ടയിലെ വിശ്രമകേന്ദ്രം ഒരു ചെറിയ പാർക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്നും നദി കടലുമായി ചേരുന്ന കടൽത്തീരത്ത് ധാരാളം പുളിമരങ്ങൾ ഉണ്ടെന്നും പരാമർശിച്ചിട്ടുണ്ട്. ഈ വിശ്രമകേന്ദ്രം സിലോണിലെ ഏറ്റവും സുഖകരമായ വിശ്രമകേന്ദ്രങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം എഴുതി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ റെയിൽവേ നിർമ്മിച്ചു. പ്രധാനമായും തെക്കൻ ഭാഗങ്ങളിൽ നിന്ന് തലസ്ഥാനത്തേക്ക് നാളികേര ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായാണ് റെയിൽവേ പണികഴിപ്പിച്ചത്. ബെന്റോട്ട നദി മുറിച്ചുകടക്കാൻ ഒരു സ്ഥിരം പാലവും (ബെന്റോട്ട പാലം) അവർ നിർമ്മിച്ചു.
ഗതാഗതം
[തിരുത്തുക]തീരദേശ റെയിൽപ്പാത അഥവാ തെക്കൻ റെയിൽപ്പാതയിലാണ് ബെന്റോട്ട സ്ഥിതിചെയ്യുന്നത്. ഈ റെയിൽപ്പാത കൊളംബോയെ മാത്തറയുമായി ബന്ധിപ്പിക്കുന്നു. ബെന്റോട്ട ഹാൾട്ട് ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ മാത്രമാണ്. മിക്ക ട്രെയിനുകളും ബെന്റോട്ടയ്ക്ക് 2.5 കിലോമീറ്റർ വടക്കുള്ള അലുതഗാമയിലാണ് നിർത്തുന്നത്. അതുകൊണ്ടുതന്നെ ബെന്റോട്ട റെയിൽവേ സ്റ്റേഷൻ ഒരു ചെറിയ സ്റ്റേഷനായി നിലകൊള്ളുന്നു. കൊളംബോയെ വെല്ലവായയുമായി ബന്ധിപ്പിക്കുന്ന എ2 ഹൈവേ, ബെറുവാലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ (5 മൈൽ) തെക്കുള്ള ബെന്റോട്ടയിലൂടെയാണ് കടന്നുപോകുന്നത്. തെക്കൻ എക്സ്പ്രസ് വേയുടെ വെലിപ്പെന്ന എക്സിറ്റ് വഴി ഇവിടെയെത്താം; എക്സിറ്റിൽ നിന്ന് 10 കിലോമീറ്റർ മാത്രമാണ് ദൂരം. ചാർട്ടർ അടിസ്ഥാനത്തിൽ ഹെലികോപ്റ്റർ ഷട്ടിൽ സേവനങ്ങളും ലഭ്യമാണ്.
സമ്പദ്ഘടന
[തിരുത്തുക]ഒരു പ്രാദേശിക വിമാനത്താവളവും (ബെന്റോട്ട റിവർ എയർപോർട്ട്) ലോകോത്തര നിലവാരമുള്ള ഏതാനും ഹോട്ടലുകളുമുള്ള ബെന്റോട്ട ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ജലവിനോദങ്ങൾക്കും ഇത് പ്രശസ്തമായ ഒരു കേന്ദ്രമാണ്. ആയുർവേദവുമായി ബന്ധപ്പെട്ട അനേകം സേവനങ്ങളും ബെന്റോട്ടയിൽ ലഭ്യമാണ്. തെങ്ങിൻനീരിൽ നിന്ന് നിർമ്മിക്കുന്ന മദ്യപാനീയമായ കള്ള് ബെന്റോട്ടയിൽ വ്യാപകമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. കള്ള് ഉൽപ്പാദനത്തിന് ബെന്റോട്ട പ്രശസ്തമാണ്. ബെന്റോട്ടയിൽ നിന്ന് 6 കിലോമീറ്റർ അകലെ ഇന്ദുരുവ ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു ആമ ഹാച്ചറിയും ഇവിടെയുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]- ബെന്റോട്ട ബീച്ച് - ബെന്റോട്ടയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ബീച്ചാണിത്. ജലവിനോദങ്ങളുടെ ഒരു കേന്ദ്രമാണ് ഈ ബീച്ച്.
- കൊസ്ഗോഡ ആമ ഹാച്ചറി - ശ്രീലങ്കയിലെ വന്യജീവി വകുപ്പുമായി സഹകരിച്ച് ടർട്ടിൽ കൺസർവേഷൻ പ്രോജക്റ്റ് (ടി. സി. പി.) സ്ഥാപിച്ച, സാമൂഹികാധിഷ്ഠിത ആമ ഹാച്ചറിയും ആമ നിരീക്ഷണ പദ്ധതിയുമാണിത്. ബെന്റോട്ടയ്ക്ക് 11 km (6.8 mi) കിലോമീറ്റർ (6.8 മൈൽ) തെക്കായി ഇത് സ്ഥിതി ചെയ്യുന്നു.
- ബ്രീഫ് പൂന്തോട്ടം - ബെന്റോട്ടയിൽ നിന്ന് 11 km (6.8 mi) കിലോമീറ്റർ (6.8 മൈൽ) ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന പൂന്തോട്ടമാണ് ബ്രീഫ് പൂന്തോട്ടം. പ്രശസ്ത ശ്രീലങ്കൻ ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റായ ബെവിസ് ബാവയുടെ വീടും പൂന്തോട്ടവുമാണിത്. 1929-ൽ ഒരു മുൻ റബ്ബർ തോട്ടത്തിൽ സ്ഥാപിതമായ ഈ പൂന്തോട്ടത്തിന്റെ വികസനം 1992-ൽ മരിക്കുന്നതുവരെ ബെവിസ് ബാവ തുടർന്നു.
- ഗാലപഥ രാജ മഹാ വിഹാര ബുദ്ധക്ഷേത്രം - ബെന്റോട്ടയിൽ സ്ഥിതിചെയ്യുന്ന ഗാലപഥ രാജ മഹാ വിഹാര ബുദ്ധക്ഷേത്രത്തിൽ മധ്യകാലഘട്ടത്തിലെ ശിലാശാസനങ്ങൾ, വിവിധ കൊത്തുപണികൾ, തൂണുകൾ, കുളങ്ങൾ, തൊട്ടികൾ എന്നിവയുണ്ട്.
ഇതും കാണുക
[തിരുത്തുക]- ശ്രീലങ്കയിലെ തെക്കൻ പ്രവിശ്യയിലെ പട്ടണങ്ങളുടെ പട്ടിക
- ശ്രീലങ്കയിലെ ബീച്ചുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "Galapatha Viharaya – A once single monastic complex". Daily News (Sri Lanka). 13 March 2009. Archived from the original on 26 July 2010. Retrieved 31 October 2010.
- ↑ "Galapatha Raja Maha Viharaya". Lanka Pradeepa. 28 June 2022. Retrieved 15 October 2023.