Jump to content

ബെർട്രാൻഡ് റസ്സൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബെട്രാന്റ് റസൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെർട്രാൻഡ് ആർതർ വില്യം റസ്സൽ, 3rd Earl Russell
ജനനം(1872-05-18)18 മേയ് 1872
Trellech, Monmouthshire, UK
മരണം2 ഫെബ്രുവരി 1970(1970-02-02) (പ്രായം 97)
Penrhyndeudraeth, Wales, UK
കാലഘട്ടം20th century philosophy
പ്രദേശംWestern philosophy
ചിന്താധാരAnalytic philosophy
Nobel Prize in Literature
1950
പ്രധാന താത്പര്യങ്ങൾMetaphysics, epistemology, logic, mathematics, philosophy of language, philosophy of science, ethics, philosophy of religion, history of philosophy
ശ്രദ്ധേയമായ ആശയങ്ങൾAnalytic philosophy, logical atomism, theory of descriptions, knowledge by acquaintance and knowledge by description, Russell's paradox, Russell's teapot
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ബെർട്രാൻഡ് ആർതർ വില്യം റസ്സൽ Bertrand Arthur William Russell, 3rd Earl Russell, OM FRS[1] (/ˈrʌsəl/;(ജനനം:18 മേയ് 1872; മരണം: 2 ഫെബ്രുവരി 1970) ഒരു ബ്രിട്ടീഷ്[2] ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാധാനവാദിയും സാമൂഹ്യസൈദ്ധാന്തികനും ആയിരുന്നു.[3] ജീവിതത്തിന്റെ മുഖ്യഭാഗവും ഇംഗ്ലണ്ടിലാണ് ചിലവഴിച്ചതെങ്കിലും റസ്സൽ ജനിച്ചതും മരിച്ചതും വെയിൽസിൽ ആയിരുന്നു.[4]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തത്ത്വചിന്തയിലെ ആശയവാദത്തിനെതിരെ ബ്രിട്ടണിലുണ്ടായ കലാപത്തിന് നേതൃത്വം കൊടുത്തത് റസ്സലാണ്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വിറ്റ്ജൻ‌സ്റ്റൈൻ‍, അദ്ദേഹത്തേക്കാൾ മുതിർന്ന ഫ്രീഗെ എന്നിവർക്കൊപ്പം അനലിറ്റിക് തത്ത്വചിന്തയുടെ സ്ഥാപകരിലൊരാളായി റസ്സൽ കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട യുക്തിചിന്തകന്മാരിൽ ഒരാളായിരുന്നു റസ്സൽ.[3] ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡുമായി ചേർന്ന് അദ്ദേഹം എഴുതിയ "പ്രിൻസിപ്പാ മാത്തമെറ്റിക്കാ", ഗണിതശാസ്ത്രത്തെ യുക്തിയുടെ അടിത്തറയിൽ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. റസ്സലിന്റെ "ഡിനോട്ടിങ്ങിനെക്കുറിച്ച്" ("On Denoting") എന്ന ദാർശനികപ്രബന്ധം, തത്ത്വചിന്തയിലെ ദിശാരേഖയായി(Paradigm) കണക്കാക്കപ്പെടുന്നു. [5] "പ്രിൻസിപ്പാ"-യും ഡിനോട്ടിങ്ങിനെക്കുറിച്ചുള്ള പ്രബന്ധവും, തത്ത്വചിന്ത, യുക്തിചിന്ത, ഗണിതം, ഗണസിദ്ധാന്തം, ഭാഷാശാസ്ത്രം എന്നീ മേഖലകളെ ഗണ്യമായി സ്വാധീനിച്ചു.

യുദ്ധവിരുദ്ധപ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്ത റസ്സൽ, സാമ്രാജ്യവാദത്തെ എതിർക്കുകയും സ്വതന്ത്രവ്യാപാരത്തെ പിന്തുണയ്ക്കുകയും ചെയ്തു.[6][7] ഒന്നാം ലോകമഹായുദ്ധത്തിനിടെ സമാധാനവാദത്തെ പിന്തുണച്ച് നടത്തിയ പ്രചാരണങ്ങളുടെ പേരിൽ റസ്സൽ തടവിലായി. അഡോൾഫ് ഹിറ്റ്ലറുടേ നയങ്ങളേയും, ആണവായുധ വ്യാപനത്തേയും സോവിയറ്റ് ഏകാധിപത്യത്തേയും വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പങ്കിനേയും എല്ലാം അദ്ദേഹം വിമർശിച്ചു.[8]

"മാനവികതയുടെ ആശയങ്ങളേയും മനുഷ്യസ്വാതന്ത്ര്യത്തേയും പിന്തുണച്ചുള്ള അദ്ദേഹത്തിന്റെ വൈവിദ്ധ്യം നിറഞ്ഞ രചനകളെ അംഗീകരിച്ച്", 1950-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം നൽകപ്പെട്ടു. [9]

ജീവിതം

[തിരുത്തുക]

കുടുംബ തായ്-വഴി

[തിരുത്തുക]
ബെർട്രാൻഡ് റസ്സലിന്റെ പിതാവ്, ജോൺ റസ്സൽ

സ്വതന്ത്രചിന്താഗതി പിന്തുടർന്നിരുന്ന ഇംഗ്ലീഷ് ഉപരിവർഗ്ഗകുടുംബങ്ങളിൽ ഒന്നിലാണ് റസ്സൽ ജനിച്ചത്. തെക്കുകിഴക്കൻ വെയിൽസിലെ മൺമൗത്ത്ഷയറിലുള്ള ട്രെല്ലെച്ച് ഗ്രാമത്തിലെ ക്ലെഡ്ഡൺ ഹാളായിരുന്നു ജന്മസ്ഥലം.

അച്ഛൻ ജോൺ റസ്സൽ എന്ന ഒന്നാം റസ്സൽ പ്രഭു, ബെഡ്‌ഫോർഡിലെ ആറാം ഡ്യൂക്ക് ജോൺ റസ്സലിന്റെ മൂന്നാമത്തെ മകനായിരുന്നു. വിക്ടോറിയാ രാജ്ഞിയുടെ ആഗ്രഹപ്രകാരം 1840-കളിലും 1860-കളിലും അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.[10] അതിനും നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ റസ്സൽമാർ ഇംഗ്ലണ്ടിലെ പൊതു ജീവിതത്തിൽ പ്രാധാന്യം നേടിയിരുന്നു. ട്യൂഡർ രാജവംശത്തിന്റെ കാലത്തു തന്നെ അവർ പ്രഭു പദവി നേടി. ലിബറൽ കക്ഷിയുമായി ബന്ധപ്പെട്ട പ്രമുഖ കുടുംബങ്ങളിലൊന്നായി അറിയപ്പെട്ട അവർ, പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിലെല്ലാം പങ്കു വഹിച്ചു. 1536-നും 1340-നും ഇടയ്ക്കു നടന്ന സന്ന്യാസാശ്രമങ്ങളുടെ പിരിച്ചുവിടൽ, 1688-89-ലെ മഹത്തായ വിപ്ലവം, 1832-ലെ മഹാപരിവർത്തന നിയമം എന്നിവയിലെല്ലാം അവർക്കു പങ്കുണ്ടായിരുന്നു.[10][11]

റസ്സലിന്റെ അമ്മ കാഥറീൻ ലൂയിസാ(1844–1874), ആൽഡർലിയിലെ രണ്ടാം പ്രഭു എഡ്‌വേർഡ് സ്റ്റാൻലിയുടെ മകളും കാർലിസ്ലെയിലെ പ്രഭ്വി റോസലിന്റ് ഹോവാർഡിന്റെ സഹോദരിയുമായിരുന്നു.[8]

റസ്സലിന്റെ മാതാപിതാക്കൾ പുരോഗമന ചിന്താഗതിക്കാരായിരുന്നു. അച്ഛൻ ജോൺ റസ്സൽ നിരീശ്വരവാദിയായിരുന്നു. മക്കളുടെ ട്യൂട്ടറായിരുന്ന ജീവശാസ്ത്രജ്ഞൻ ജോൺ സ്പാൾഡിങ്ങുമായി ഭാര്യ കാഥറിനുണ്ടായിരുന്ന ബന്ധത്തെ അദ്ദേഹം അംഗീകരിച്ചു. ജനനനിയന്ത്രണം ലോകാപവാദത്തിന് കാരണമായിരുന്ന അക്കാലത്ത് അവരിരുവരും അതിനെ പിന്തുണച്ചു. [12]ബെർട്രാൻഡിന്റെ തലതൊട്ടപ്പനായിരിക്കാൻ നിരീശ്വരവാദിയായ തത്ത്വചിന്തകൻ ജോൺ സ്ട്യൂവർട്ട് മില്ലിനോട് ആവശ്യപ്പെട്ടതു തന്നെ ജോൺ റസ്സലിന്റെ നിരീശ്വരനിലപാടിന് തെളിവാണ്.[13] റസ്സലിന്റെ ജനനത്തിനടുത്ത വർഷം മിൽ മരിച്ചെങ്കിലും മില്ലിന്റെ രചനകൾ റസ്സലിന്റെ ജീവിതത്തെ കാര്യമായി സ്വാധീനിച്ചു.

ബാല്യകൗമാരങ്ങൾ

[തിരുത്തുക]
Russell as a four-year-old

റസ്സലിന് രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. സഹോദരൻ ഫ്രാങ്കിന് റസ്സലിനേക്കാൾ ഏഴുവയസ്സും സഹോദരി റേച്ചലിന് നാലു വയസ്സും മൂപ്പുണ്ടായിരുന്നു. 1874 ജൂണിൽ റസ്സലിന്റെ അമ്മ ഡിഫ്ത്തീരിയ പിടിച്ച് മരിച്ചു. താമസിയാതെ സഹോദരി റേച്ചലും മരിച്ചു. 1876-ൽ ദീർഘകാലമായി വിഷാദരോഗിയായിരുന്ന പിതാവും ബ്രോങ്കൈറ്റിസ് ബാധിച്ചു മരിച്ചു. തുടർന്ന് ഫ്രാങ്കും ബെർട്രാൻഡും വിക്ടോറിയൻ സദാചാരമര്യാദകളിൽ വിശ്വസിച്ചിരുന്ന മുത്തശ്ശിയുടെ സം‌രക്ഷണത്തിലായി. 1878-ൽ മരിച്ച മുത്തച്ഛൻ ജോൺ റസ്സലിനെ ബെർട്രാൻഡ് അനുസ്മരിക്കുന്നത്, ചക്രക്കസേരയിൽ ഇരിന്നിരുന്ന ദയാവാനായ ഒരു വൃദ്ധനായാണ്. റസ്സലിന്റെ ബാല്യകൗമാരങ്ങളിൽ കാര്യങ്ങൾ നോക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നത് മുത്തശ്ശിയായിരുന്നു.[8][12]

റസ്സലിനേയും സഹോദരനേയും അജ്ഞേയവാദികളായി (Agnostics) വളർത്തണമെന്ന് വില്പത്രത്തിൽ അച്ഛൻ വ്യവ്യസ്ഥ ചെയ്തിരുന്നു. സ്കോട്ടലണ്ടിലെ ഒരു പ്രെസ്‌ബിറ്റേറിയൻ കുടുംബത്തിലെ അംഗമായിരുന്ന മുത്തശ്ശി ഇതിനെതിരെ കോടതിയെ സമീപിച്ചു. കോടതി മുത്തശ്ശിയുടെ ആവശ്യം അംഗീകരിച്ച് ആ വ്യവസ്ഥ റദ്ദ് ചെയ്തു. മതപരമായ വിഷയങ്ങളിൽ യാഥാസ്ഥിതിക നിലപാടുകൾ പിന്തുടർന്നിരുന്ന മുത്തശ്ശി, പല കാര്യങ്ങളിലും പുരോഗമനവാദിയായിരുന്നു. ഡാർവിന്റെ പരിണാമവാദത്തേയും അയർലൻഡിന് സ്വയംഭരണാവകാശം നൽകുന്നതിനേയും അവർ പിന്തുണച്ചിരുന്നു. സാമൂഹ്യനീതിക്കും സ്വന്തം ബോദ്ധ്യങ്ങൾക്കും വേണ്ടി നിലകൊള്ളണമെന്ന അവരുടെ വിശ്വാസം ജീവിതകാലമത്രയും റസ്സൽ പിന്തുടർന്നു.  —"നീ ആൾക്കൂട്ടത്തിന്റെ പുറകേ പോയി തിന്മ ചെയ്യരുത്" എന്ന അവരുടെ ഇഷ്ടബൈബിൾവചനം(പുറപ്പാട് 23:2), അദ്ദേഹത്തിന്റേയും മന്ത്രമായി. എന്നാൽ വീട്ടിലെ അന്തരീക്ഷം പ്രാർത്ഥനാനിരതവും, വികാരങ്ങളെ അടിച്ചമർത്താൻ പഠിപ്പിക്കുന്നതും ഔപചാരികതകൾ നിറഞ്ഞതും ആയിരുന്നു; റസ്സലിന്റെ സഹോദരൻ ഫ്രാങ്ക് ഇതിനെതിരെ തുറന്ന കലാപമുയർത്തി; എന്നാൽ ബെർട്രാൻഡ് സ്വന്തം മനസ്സിലിരിപ്പുകൾ മറച്ചുവയ്ക്കാൻ ശീലിച്ചു.

കൗമാരത്തിൽ ഏകാന്തതാബോധം മൂത്ത റസ്സൽ ഇടയ്ക്കിടെ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു. തന്റെ അടിസ്ഥാനപരമായ താത്പര്യങ്ങൾ ലൈംഗികത, മതം, ഗണിതം എന്നിവയായിരുന്നെന്നും, ഗണിതശാസ്ത്രത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം മാത്രമാണ് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും റസ്സൽ പറയുന്നു. [14] മാറിമാറി വന്നുകൊണ്ടിരുന്ന ട്യൂട്ടർമാർക്കു കീഴിൽ വീട്ടിൽ തന്നെയായിരുന്നു വിദ്യാഭ്യാസം.[9]

യൂക്ലിഡിന്റെ ഗണിതശാസ്ത്രസംഭാവനകൾ റസ്സലിന് പരിചയപ്പെടുത്തിക്കൊടുത്തത് സഹോദരൻ ഫ്രാങ്ക് ആയിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.[12][15]

ഏതാണ്ട് ഈ കാലത്തു തന്നെ റസ്സൽ ഷെല്ലിയുടെ രചനകളുമായും പരിചയപ്പെട്ടു. "ഒഴിവുസമയം മുഴുവൻ ഞാൻ അദ്ദേഹത്തിന്റെ രചനകൾ വായിക്കുന്നതിൽ ചെലവഴിച്ചു. അവ ഞാൻ മന:പാഠമാക്കി. അവ എന്നിലുണ്ടാക്കിയ പ്രതികരണങ്ങൾ പങ്കിടാൻ പറ്റിയ ആരെയും എനിക്കറിയുമായിരുന്നില്ല. ഷെല്ലിയെ നേരിട്ടറിയാനായിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് ഞാൻ ആഗ്രഹിച്ചു. അദ്ദേഹത്തോടു നോന്നുന്നത്ര അടുപ്പം, ജീവിച്ചിരിക്കുന്ന മറ്റേതെങ്കിലും വ്യക്തിയോടു തോന്നുമോ എന്ന് ഞാൻ അത്ഭുതപ്പെടുകയും ചെയ്തു" എന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്.[16]

സർവകലാശാല, ആദ്യവിവാഹം

[തിരുത്തുക]
ബെർട്രാൻഡ് റസ്സൽ, 1893-ൽ

കേംബ്രിഡ്ജ് സർവകലാശാലയിലെ ട്രിനിറ്റി കോളേജിൽ ഗണിതശാസ്ത്രം പഠിക്കാൻ സ്കോളർഷിപ്പ് കിട്ടിയ റസ്സൽ 1890-ൽ പഠനം തുടങ്ങി. ജി.ഇ. മോർ, ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡ് എന്നിവരുമായി അദ്ദേഹം പരിചയപ്പെട്ടു. ബുദ്ധിജീവികളുടെ "കേംബ്രിഡ് അപ്പസ്തോലന്മാർ" എന്ന രഹസ്യസംഘത്തിലെ അംഗത്വത്തിന് റസ്സസലിനെ വൈറ്റ്‌ഹെഡ് ശുപാർശ ചെയ്തു. താമസിയാതെ ഗണിതത്തിലും തത്ത്വചിന്തയിലും തിളങ്ങിയ റസ്സൽ1893-ൽ ഗണിതത്തിൽ ബി.എ. ബിരുദവും 1895-ൽ തത്ത്വചിന്തയിൽ ഫെല്ലോഷിപ്പും നേടി.[17][18]

ക്വാക്കർമാർ എന്ന ക്രിസ്തീയ വിഭാഗത്തിൽപ്പെട്ട അമേരിക്കക്കാരി അലിസ് പിയേർസൽ സ്മിത്തിനെ റസ്സൽ പരിചയപ്പെട്ടത് പതിനേഴു വയസ്സുള്ളപ്പോഴാണ്. അലിസിന്റെ കുടുംബവുമായി അദ്ദേഹം അടുത്തു. ജോൺ പ്രഭുവിന്റെ പേരക്കിടാവ് എന്ന നിലയിൽ അവർ അദ്ദേഹത്തെ മാനിച്ചു. ആ കുടുംബവുമൊത്ത് അദ്ദേഹം യൂറോപ്പിൽ പര്യടനം നടത്തി. അവരുമൊത്ത് അദ്ദേഹം പാരീസിൽ 1889-ൽ നടന്ന പ്രദർശനം സന്ദർശിക്കുകയും, അപ്പോൾ മാത്രം നിർമ്മാണം പൂർത്തിയായിരുന്ന ഈഫൽ ഗോപുരത്തിൽ കയറുകയും ചെയ്തു.[19]

പ്യൂരിറ്റൻ വിശ്വാസങ്ങൾ പിന്തുടർന്നിരുന്ന അലിസ്, ഫിലാഡെൽഫിയയ്ക്കടുത്തുള്ള ബ്രിൻ മാവർ കോളജിൽ നിന്ന് ബിരുദമെടുത്തിരുന്നു. താമസിയാതെ അലിസുമായി പ്രേമത്തിലായ റസ്സൽ, 1894 ഡിസംബർ 13-ന് മുത്തശ്ശിയുടെ ആഗ്രഹത്തിനെതിരായി അവരെ വിവാഹം കഴിച്ചു. 1901-ൽ അവരുടെ വിവാഹം തകർച്ചയിലേയ്ക്കു നീങ്ങാൻ തുടങ്ങി. അവരെ താൻ സ്നേഹിക്കുന്നില്ലെന്ന് റസ്സലിന് തോന്നി. അലിസിന്റെ അമ്മയും അവരുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണമായി. ദീർഘകാലം വേർപെട്ടിരുന്ന ശേഷം 1921-ൽ അവർ വിവാഹമോചിതരായി. [20] ഇക്കാലത്ത് ലേഡി ഓട്ടോലിൻ മൊറൽ, നടി കോൺസ്റ്റൻസ് മല്ലേസൻ എന്നിവരുൾപ്പെടെ, പല സ്ത്രീകളുമായി ഒരേസമയം റസ്സൽ സൗഹൃദം പുലർത്തിയിരുന്നു.[21]

ആദ്യരചനകൾ

[തിരുത്തുക]

റസ്സലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട രചനകളിൽ ആദ്യത്തേത് ജർമ്മൻ സമാജവാദ ജനാധിപത്യത്തെക്കുറിച്ചായിരുന്നു(German Social Democracy). രാഷ്ട്രമീമാംസയിലും സാമൂഹ്യശാസ്ത്രത്തിലും, ജീവിതകാലമത്രയും അദ്ദേഹം കാട്ടിയ താത്പര്യത്തെ അത് സൂചിപ്പിക്കുന്നു. 1896-ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അദ്ദേഹം സമാജവാദ ജനാധിപത്യം പഠിപ്പിക്കുകയും ചെയ്തു. പിന്നീട്, 1937-ൽ അധികാരത്തിന്റെ ശാസ്ത്രത്തെക്കുറിച്ചും അവിടെ പ്രഭാഷണം നടത്തി.[22]1902-ൽ ഫാബിയൻ സോഷ്യലിസ്റ്റ് ദമ്പതിമാരായ സിഡ്‌നി-ബിയാട്രീസ് വെബ്‌മാർ സംഘടിപ്പിച്ചിരുന്ന കോയെഫിഷന്റ് ക്ലബ് എന്ന പുരോഗമനവാദികളുടെ കൂട്ടായ്മയിലും അദ്ദേഹം അംഗമായി.[23]

റസ്സൽ 1907-ൽ

1905-ലാണ് "ഓൺ ഡിനോട്ടിങ്ങ്" എന്ന റസ്സലിന്റെ പ്രഖ്യാതപ്രബന്ധം "മനസ്സ്" എന്ന ദാർശനിക ആനുകാലികത്തിൽ വെളിച്ചം കണ്ടത്. ‍1908-ൽ റസ്സൽ റോയൽ സൊസൈറ്റിയിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.[8] ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡുമായി സഹകരിച്ചെഴുതിയ "പ്രിൻ‍സിപ്പാ മാത്തമറ്റിക്കാ"-യുടെ ആദ്യത്തെ മൂന്നു വാല്യങ്ങൾ 1910-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതും, നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന ഗണിതശാസ്ത്രതത്ത്വങ്ങൾ, എന്ന രചനയും റസ്സലിന് ആ രംഗത്ത് ലോകപ്രശസ്തി നേടിക്കൊടുത്തു. 1911-ൽ അദ്ദേഹം ഓസ്ട്രിയക്കാരൻ എൻജിനീയറിങ്ങ് വിദ്യാർത്ഥി ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈനെ കണ്ടുമുട്ടി. വിറ്റ്‌ജൻ‌സ്റ്റൈന്റെ ജീനിയസ് തിരിച്ചറിഞ്ഞ റസ്സൽ, യുക്തിചിന്തയുടെ രംഗത്തെ തന്റെ അന്വേഷണങ്ങൾ അയാൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് കരുതി. വിറ്റ്‌ജൻ‌സ്റ്റൈന്റെ പലതരം ഭീതികളേയും നിരാശാവസ്ഥകളേയും കൈകാര്യം ചെയ്യുന്നതിന് റസ്സൽ ഏറെ നേരം ചെലവഴിച്ചു. ഇത് ഏറെ വിഷമകരമായിരുന്നുവെങ്കിലും വിറ്റ്‌ജൻ‌സ്റ്റൈനിലുള്ള താത്പര്യം മൂലം അദ്ദേഹത്തിന്റെ അക്കാദമിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത് റസ്സൽ തുടർന്നു. 1922-ൽ വിറ്റ്‌ജൻ‌സ്റ്റൈന്റെ യുക്തിദർശനനിബന്ധത്തിന്റെ(Tractatus Logico-Philosophicus) പ്രസാധനത്തിൽ റസ്സൽ സഹകരിച്ചു.[24]

ഒന്നാം ലോകമഹായുദ്ധം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധകാലത്ത് സമാധാനവാദം പിന്തുടർന്ന ചുരുക്കം ചില ബുദ്ധിജീവികളിൽ ഒരാളായിരുന്നു റസ്സൽ. 1916-ൽ സുരക്ഷാനിയമം അനുസരിച്ച് കുറ്റക്കാരനായി വിധിക്കപ്പെട്ടതിനെ തുടർന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് അദ്ദേഹത്തെ അദ്ധ്യാപകസ്ഥാനത്തു നിന്ന് പിരിച്ചുവിട്ടു. തുടർന്നുവന്ന ഒരു വിധി ബ്രിക്സ്റ്റൺ ജെയിലിൽ ആറുമാസത്തെ തടവായിരുന്നു.[25] 1918 -സെപ്തംബറിൽ അദ്ദേഹം ജയിൽ വിമുക്തനായി.

യുദ്ധങ്ങൾക്കിടെ; രണ്ടു വിവാഹങ്ങൾ കൂടി

[തിരുത്തുക]

1920 ആഗസ്റ്റിൽ, 1917-ലെ റഷ്യൻ വിപ്ലവത്തെക്കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് സർക്കാർ അയച്ച സംഘത്തിന്റെ ഭാഗമായി റസ്സൽ റഷ്യയിലെത്തി.[26] ലെനിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയ റസ്സൽ, അദ്ദേഹവുമായി ഒരു മണിക്കൂർ സംഭാഷണം നടത്തി. ലെനിൻ തന്നെ നിരാശപ്പെടുത്തിയതായി ആത്മകഥയിൽ റസ്സൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൽ ഒരുതരം ക്രൂരത മണത്തതായി റസ്സൽ പറയുന്നു. വോൾഗാ നദിയിലൂടെ അദ്ദേഹം കപ്പൽ യാത്ര നടത്തി. അതേസമയം തന്നെ റസ്സലിന്റെ കാമുകി ഡോറാ ബ്ലാക്കും സ്വന്തം നിലയിൽ റഷ്യ സന്ദർശിച്ചിരുന്നു.  — റഷ്യൻ വിപ്ലവം അവരിൽ ആവേശമുണർത്തി. എന്നാൽ തന്റെ അനുഭവങ്ങൾ നേരത്തെ അതിനോട് അദ്ദേഹത്തിന് തോന്നിയ താത്കാലിക മമത ഇല്ലാതാക്കി.

പിന്നീട് ഡോറാ ബ്ലാക്കിനോടൊപ്പം ചൈന സന്ദർശിച്ച റസ്സൽ ബീജിങ്ങിൽ ഒരു വർഷം തത്ത്വചിന്ത പഠിപ്പിച്ചു. ചൈന ഒരു പുതിയ പാതയിലേയ്ക്ക് തിരിയുകയാണെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് അദ്ദേഹം അവിടെ പോയത്. ഇൻഡ്യൻ കവിയും നോബേൽ സമ്മാനജേതാവുമായ രബീന്ദ്രനാഥ് ടാഗോറും അദ്ദേഹത്തോടൊപ്പം അവിടെ ഉണ്ടായിരുന്നു.[9] ചൈനയിലായിരിക്കെ ന്യൂമോണിയ ബാധിച്ച് റസ്സൽ മരണത്തോടടുത്തു. ജപ്പാനിലെ പത്രങ്ങൾ അദ്ദേഹത്തിന്റെ "മരണം" റിപ്പോർട്ട് ചെയ്യുക പോലും ചെയ്തു.[27]മടക്കയാത്രക്കിടെ അവർ ജപ്പാൻ സന്ദർശിച്ചപ്പോൾ, "ജപ്പാനിലെ പത്രങ്ങളിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട റസ്സലിന് ജപ്പാൻകാരായ പത്രക്കാർക്ക് ഇന്റർവ്യൂ കൊടുക്കാൻ കഴിയുകയില്ല" എന്ന് ഡോറ ഫലിതം പറഞ്ഞു. അതിലെ തമാശ മനസ്സിലാക്കാതെ പത്രക്കാർ അവരോട് പിണങ്ങി.[28]

1921 ആഗസ്റ്റിൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയപ്പോൾ ഡോറ ആറുമാസം ഗർഭിണിയായിരുന്നു. അലിസിൽ നിന്ന് പെട്ടെന്ന് വിവാഹമോചനം വാങ്ങിയ റസ്സൽ, അതു കിട്ടി ആറുദിവസത്തിനകം ഡോറയെ വിവാഹം കഴിച്ചു. 1921-ൽ ജനിച്ച ജോൺ കോൺറാഡ് റസ്സലും, 1923 -ൽ ജനിച്ച കാഥറീൻ ജേൻ റസ്സലും അവരുടെ കുട്ടികളാണ്. അക്കാലത്ത് റസ്സൽ ഉപജീവനത്തിനായി ഊർജ്ജതന്ത്രം, സന്മാർഗ്ഗശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് ഉപകരിക്കുന്ന രചനകൾ നടത്തി.

ഡോറയോടൊപ്പം 1927-ൽ ബീക്കൺ ഹിൽ സ്കൂൾ എന്ന പരീക്ഷണവിദ്യാലയം സ്ഥാപിച്ചു. റസ്സലിന്റെ വീട്ടിൽ തന്നെ തുടങ്ങിയ ആ സ്കൂൾ പിന്നീട് പല സ്ഥലങ്ങളിലും പ്രവർത്തിച്ചു. റസ്സൽ 1932 -ൽ സ്കൂളൂമായുള്ള ബന്ധം വിട്ട ശേഷവും ഡോറ അത് 1943 -വരെ നടത്തി. [29][30]

1931-ൽ സഹോദരൻ ഫ്രാങ്കിന്റെ മരണത്തെ തുടർന്ന്, റസ്സൽ മൂന്നാം റസ്സൽ പ്രഭുവായി. ഹോട്ടൽ മുറികൾ എളുപ്പം ബുക്ക് ചെയ്തു കിട്ടുന്നതിന് മാത്രമാണ് പ്രഭുസ്ഥാനം തനിക്ക് ഉപകരിച്ചിട്ടുള്ളതെന്ന് റസ്സൽ ഒരിക്കൽ പറഞ്ഞു.

ഡോറയ്ക്ക് അമേരിക്കൻ പത്രപ്രവർത്തകൻ ഗ്രിഫിൻ ബാരിയിൽ നിന്ന് രണ്ടുകുട്ടികൾ ജനിക്കുക കൂടി ചെയ്തതോടെ ഡോറയുമായുള്ള റസ്സലിന്റെ വഷളായിക്കൊണ്ടിരുന്ന ബന്ധം തകർന്നു.[30] 1932-ൽ അവർ വിവാഹമോചനം നേടി. 1930-ലെ വേനൽക്കാലം മുതൽ തന്റെ കുട്ടികളുടെ അദ്ധ്യാപികയായിരുന്ന ഒക്സ്ഫോർഡ് സർവകലാശാലാ വിദ്യാർത്ഥിനി പട്രീഷ്യ സ്പെൻസിനെ 1936 ജനുവരി 18-ന് റസ്സൽ വിവാഹം കഴിച്ചു. ചരിത്രകാരൻ, ലിബറൽ ജനാധിപത്യകക്ഷിയുടെ നേതാവ് എന്നീ നിലകളിൽ പിന്നീട് പ്രശസ്തനായിത്തീർന്ന കോൺറാഡ് സെബാസ്റ്റിൻ റോബർട്ട് റസ്സൽ, പട്രീഷ്യയിലുണ്ടായ മകനാണ്.[8]

രണ്ടാം ലോകമഹായുദ്ധം

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റസ്സൽ ചിക്കാഗോ സർവകലാശാലയിൽ പഠിപ്പിച്ചു. പിന്നീട് ലോസ് എഞ്ചൽസ് സർവകലാശാലയിൽ തത്ത്വചിന്ത പഠിപ്പിക്കാനായി ലോസ് എഞ്ചൽസിലേയ്ക്ക് മാറി. 1940-ൽ ന്യൂയോർക്കിലെ സിറ്റി കോളേജിൽ പ്രൊഫസറായി നിയമിതനായെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങൾക്കെതിരായുള്ള ഒരു കോലാഹലത്തെ തുടർന്ന്, ഒരു കോടതി ഉത്തരവ് ആ നിയമനം റദ്ദാക്കി: പത്തു വർഷം മുൻപ് പ്രസിദ്ധീകരിച്ച "വിവാഹവും സദാചാരവും" എന്ന ഗ്രന്ഥത്തിൽ സദാചാരത്തെക്കുറിച്ച് റസ്സൽ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തെ അദ്ധ്യാപകവൃത്തിക്ക് അയോഗ്യനാക്കിയെന്നായിരുന്നു വാദം. റസ്സൽ പഠിപ്പിക്കാനിരുന്ന ഗണിതയുക്തിയുടെ പഠനപദ്ധതിയിൽ ചേരാൻ യോഗ്യതയില്ലാതിരുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മയാണ് റസ്സലിനെതിരായുള്ള കോലാഹലത്തിന് തുടക്കമിട്ടത്. ജോൺ ഡൂവി ഉൾപ്പെടെയുള്ള പല ബുദ്ധിജീവികളും റസ്സലിനോടുള്ള ഈ പെരുമാറ്റത്തിൽ പ്രതിക്ഷേധിച്ചു.[31] ഇക്കാലത്ത് റസ്സലിനെ പിന്തുണച്ചെഴുതിയ ഒരു തുറന്ന കത്തിലാണ് "മഹാത്മാക്കൾക്ക് എപ്പോഴും ചെറിയ മനസ്സുകളുടെ അക്രമകരമായ എതിർപ്പിനെ നേരിടേണ്ടി വരുമെന്ന പ്രശസ്തമായ നിരീക്ഷണം ആൽബർട്ട് ഐൻ‌സ്റ്റൈൻ‍ നടത്തിയത്.[32] ഡൂവിയും ഹോറേസ് എം. കാല്ലനും ചേർന്ന് ന്യൂയോർക്ക് സിറ്റി കോളജിലെ നിയമനത്തിന്റെ കാര്യത്തിലെ റസ്സലിനുണ്ടായ അനുഭവത്തെപ്പറ്റിയുള്ള ലേഖനങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. താമസിയാതെ റസ്സൽ ബാർൻസ് ഫൗണ്ടേഷനിൽ ചേർന്ന് തത്ത്വചിന്തയിലേയും ചരിത്രത്തിലേയും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് വ്യത്യസ്ത തരം ശ്രോതാക്കൾക്കിടയിൽ പ്രഭാഷണം തുടങ്ങി; "പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം" എന്ന റസ്സലിന്റെ പ്രഖ്യാതരചനയ്ക്ക് അടിസ്ഥാനമായത് ഈ പ്രഭാഷണങ്ങളാണ്. എന്നാൽ താമസിയാതെ ബാർൻസ് ഫൗൻണ്ടേഷന്റെ തലവൻ ആൽബർട്ട് സി. ബാർൺസുമായുള്ള ബന്ധം വഷളായതിനാൽ റസ്സൽ, ഫൗണ്ടേഷൻ വിട്ടു. 1944 -ൽ ബ്രിട്ടണിലേയ്ക്കു മടങ്ങിയ അദ്ദേഹം ട്രിനിറ്റി കോളജിൽ അദ്ധ്യാപകനായി.[33]

പിൽക്കാലജീവിതം

[തിരുത്തുക]

1940-50-കളിൽ റസ്സൽ ബി.ബി.സിയുടെ കാലികവും തത്ത്വചിന്താപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള പല പ്രക്ഷേപണപരിപാടികളിലും പങ്കെടുത്തു. ഇക്കാലമായപ്പോഴേക്കും അക്കാദമിക് വൃത്തങ്ങൾക്കു പുറമേയും ലോകം മുഴുവനും പ്രശസ്തനായിക്കഴിഞ്ഞിരുന്ന റസ്സൽ തുടർച്ചയായി, പല പ്രസിദ്ധീകരണങ്ങളിലേയും ലേഖനങ്ങളിൽ വിഷയമോ എഴുത്തുകാരനോ ആയി. കേവലം സാധാരണമായവയടക്കം, പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1948 ഒക്ടോബറിൽ, നോർവേയിലെ ട്രോണ്ഡീം എന്ന സ്ഥലത്തേയ്ക്ക് ഒരു പ്രസംഗത്തിനായി പോവുകയായിരുന്ന അദ്ദേഹം യാത്ര ചെയ്തിരുന്ന പറക്കും നൗക(flying boat) അപകടത്തിൽ പെട്ടു. 43 യാത്രക്കാരുണ്ടായിരുന്ന ആ നൗകയിലെ രക്ഷപ്പെട്ട 24 യാത്രക്കാരിൽ ഒരാൾ റസ്സലായിരുന്നു.[34] 1950-ൽ പ്രസിദ്ധീകരിച്ച റസ്സലിന്റെ "പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം" വൻ വിജയമായതോടെ, അവശേഷിച്ച ജീവിതകാലമത്രയും അദ്ദേഹത്തിന് ഉറപ്പുള്ള വരുമാനമായി.

1948 -ൽ ചെയ്ത ഒരു പ്രസംഗത്തിൽ[35], സോവിയറ്റ് യൂണിയൻ അണ്വായുധം നിർമ്മിക്കുന്നതിന് മുൻപ് അതിനെ ആക്രമിക്കുന്നതായിരിക്കും, അണ്വായുധം നിർമ്മിച്ചതിനു ശേഷം ആക്രമിക്കുന്നതിനേക്കാൾ നീതികരിക്കാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന് അണ്വായുധങ്ങളില്ലെങ്കിൽ പാശ്ചാത്യചേരിയുടെ വിജയം എളുപ്പത്തിലും പരിമിതമായ ജീവനാശത്തോടെയും നടക്കുമെന്നാണ് അദ്ദേഹം പറഞ്ഞ ന്യായം. ആ സമയത്ത് അമേരിക്കൻ ഐക്യനാടുകൾക്കു മാത്രമായിരുന്നു അണ്വായുധങ്ങൾ ഉണ്ടായിരുന്നത്. സ്വന്തം സ്വാധീനമേഖലയിലേയ്ക്ക് അത് കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്ന കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളോട് ആക്രമണാത്മകമായ നയമാണ് സോവിയറ്റ് യൂണിയൻ പിന്തുടർന്നിരുന്നത്. സോവിയറ്റ് യൂണിയനുമായുള്ളൊരു യുദ്ധത്തിൽ പാശ്ചാത്യചേരി ആദ്യം അണ്വായുധം പ്രയോഗിക്കുന്നതിൽ റസ്സൽ വിശ്വസിച്ചിരുന്നു എന്നതിന് തെളിവായി ഈ പ്രസംഗത്തെ ചിലർ വ്യാഖ്യാനിച്ചു. കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് ആക്രമണനയങ്ങളെ നിയന്ത്രിക്കുന്നതിൽ അമേരിക്കയുടെ അണുശക്തിശേഖരത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടുക മാത്രമാണ് റസ്സൽ ചെയ്തതെന്ന് കരുതുന്നവരുമുണ്ട്.

1949-ൽ ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനത്തിന്റെ അവസരത്തിൽ റസ്സലിന് ഓർഡർ ഓഫ് മെരിറ്റ് എന്ന ബഹുമതി സമ്മാനിക്കപ്പെട്ടു. അടുത്ത വർഷം അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചു.[8][9] ഓർഡർ ഓഫ് മെരിറ്റ് അദ്ദേഹത്തിന് സമ്മാനിച്ച ജോർജ്ജ് ആറാമൻ രാജാവിന്, ഒരു പഴയ ജെയിൽപ്പുള്ളിയ്ക്ക് അത് നൽകേണ്ടിവന്നതിൽ ചെറിയ പ്രയാസമുണ്ടായി. "ചിലപ്പോഴെല്ലാം താങ്കൾ പൊതുവേ സ്വീകാര്യമല്ലാത്ത രീതിയിൽ പെരുമാറിയിട്ടുണ്ട്" എന്ന് രാജാവ് അദ്ദേഹത്തോട് പറഞ്ഞു.[36] മറുപടിയായി റസ്സൽ ചിരിക്കുക മാത്രം ചെയ്തു. "അത് ശരിയാണ്; അങ്ങയുടെ സഹോദരനെപ്പോലെ തന്നെ" എന്ന മറുപടി തനിക്ക് മനസ്സിൽ തോന്നിയതായി റസ്സൽ പിന്നീട് അവകാശപ്പെട്ടു. ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ വേണ്ടി അധികാരം വേണ്ടെന്നു വെച്ച എഡ്‌വേഡ് എട്ടാമന്റെ കാര്യമാണ് റസ്സൽ ഉദ്ദേശിച്ചത്.

1952 -ൽ റസ്സലും പട്രീഷ്യയും വിവാഹമോചനം നേടി. അവരുടെ മകൻ കോൺറാഡ് പിന്നീട് അച്ഛനെ കാണുന്നത്, അമ്മയുടെ ഇഷ്ടത്തിനെതിരായി, 1968-ൽ അണ്.

ഈ വിവാഹമോചനം നടന്ന് അധികം താമസിയാതെ റസ്സൽ നാലാമത്തെ ഭാര്യയായി എഡിത്ത് ഫിഞ്ചിനെ വിവാഹം കഴിച്ചു. 1925 മുതൽ അവർ പരിചയക്കാരായിരുന്നു. ഈ നാലാം വിവാഹം റസ്സലിന്റെ മരണം വരെ നിലനിന്നു. അവരുടേത് സന്തുഷ്ടജീവിതമായിരുന്നെന്ന് കരുതപ്പെടുന്നു. റസ്സലിന്റെ മൂത്തമകൻ ജോൺ ഗുരുതരമായ മനോരോഗത്തിന് അടിമയായിരുന്നു. മുൻഭാര്യയും ജോണിന്റെ അമ്മയുമായ ഡോറയും റസ്സലുമായുള്ള തർക്കങ്ങൾക്ക് ഇത് കാരണമായി. ജോണിന്റെ ഭാര്യ സൂസനും മനോരോഗിയായിരുന്നു. അതിനാൽ, ഒടുവിൽ റസ്സലിനും നാലാമത്തെ ഭാര്യയായ എഡിത്തിനും അവരുടെ മൂന്നു പെൺകുട്ടികളുടെ രക്ഷാകർത്താക്കളാകേണ്ടിവന്നു.

രാഷ്ട്രീയനിലപാടുകൾ

[തിരുത്തുക]

1950-60 കളിൽ അണ്വായുധങ്ങൾ, വിയറ്റ്നാം യുദ്ധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ റസ്സൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധപിടിച്ചുപറ്റി. 1955-ലെ "റസ്സൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ" അണ്വായുധനിർമ്മാർജ്ജനത്തിനു വേണ്ടി വാദിച്ചു. അക്കാലത്തെ 11 പ്രശസ്ത ന്യൂക്ലിയർ ഊർജ്ജതന്ത്രജ്ഞന്മാരും ബുദ്ധിജീവികളും അതിൽ ഒപ്പിട്ടിരുന്നു.[37] ലോകനേതാക്കൾക്ക് ഒട്ടേറെ കത്തുകൾ അദ്ദേഹം അക്കാലത്ത് എഴുതി. പുതിയ ഇടതുപക്ഷത്തിലെ യുവ അംഗങ്ങളിൽ പലർക്കും റസ്സൽ ആരാധ്യനായി. 1960-കളിൽ പ്രത്യേകിച്ചും അമേരിക്കൻ സർക്കാരിന്റെ "വംശഹത്യാപരം" എന്ന് താൻ കരുതിയ നയങ്ങൾക്കെതിരായി റസ്സൽ നിലകൊണ്ടു. 1963-ൽ, സമൂഹത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവർക്കായി സ്ഥാപിക്കപ്പെട്ട യെരുശലേം സമ്മാനത്തിന്റെ ആദ്യജേതാവ് അദ്ദേഹമായി.[38] വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാനായി

സൈന്യങ്ങളെ അയക്കാൻ ബ്രിട്ടണിലെ തൊഴിലാളി കക്ഷി സർക്കാർ തീരുമാനിക്കാൻ പോകുന്നുവെന്ന് കരുതിയ റസ്സൽ 1965 ഒക്ടോബറിൽ തനിക്കുണ്ടായിരുന്ന തൊഴിലാളി കക്ഷി കാർഡ് കീറിക്കളഞ്ഞു.[8]

അന്തിമവർഷങ്ങൾ, മരണം

[തിരുത്തുക]

1967, 1968, 1969 വർഷങ്ങളിലായി റസ്സൽ മൂന്നുവാല്യങ്ങളുള്ള തന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്തി. 1969 നവംബറിൽ, ചെക്കോസ്ലോവാക്യയുടെ പേരിൽ നടക്കുന്ന ശക്തിപ്രകടനം പേടിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ടൈംസ് പത്രത്തിന് എഴുതി. ‍ അതേമാസം, തെക്കൻ വിയറ്റ്നാമിൽ അമേരിക്ക നടത്തിയതായി ആരോപിക്കപ്പെട്ട വംശഹത്യയേയും മർദ്ദനത്തേയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഊതാണ്ടിന് എഴുതി. അടുത്ത മാസം, അലക്സാണ്ടർ സോൾസെനിറ്റ്സനെ റഷ്യൻ എഴുത്തുകാരുടെ സംഘടനയിൽ നിന്ന് പുറത്താക്കിയതിന് അദ്ദേഹം സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിഗിനോട് പ്രതിക്ഷേധിച്ചു. 1970 ജനുവരി 31-ന് മധ്യപൂർവദേശത്തെ ഇസ്രായേൽ ആക്രമണനടപടികളെ അപലപിച്ച് അദ്ദേഹം പ്രസ്താവന ഇറക്കി. 1967-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് അദ്ദേഹം അതിൽ ആവശ്യപ്പെട്ടു.

1970 ഫെബ്രുവരി 2-ന് വെയിൽസിലെ സ്വന്തം വസതിയിൽ ഇൻഫ്ലുവൻസാ ബാധിച്ച് റസ്സൽ മരിച്ചു. ഫെബ്രുവരി 5-ന് കോൾവിൻ ബേയിൽ അദ്ദേഹത്തെ സംസ്കരിച്ചു. റസ്സലിന്റെ ആഗ്രഹമനുസരിച്ച്, സംസ്കാരം മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെയായിരുന്നു; അതേവർഷം അവസാനം അദ്ദേഹത്തിന്റെ ചിതാഭസ്മം വെയിൽസ് മലകളിൽ വിതറി.

സ്വയം വിലയിരുത്തൽ

[തിരുത്തുക]

1956 ജൂലൈ മാസത്തിൽ, 84 നാലാമത്തെ വയസ്സിൽ തന്റെ ആത്മകഥയുടെ ഒരു പുതിയ പതിപ്പിന്റെ ആമുഖത്തിൽ "ഞാൻ എന്തിനുവേണ്ടി ജീവിച്ചു" എന്ന ശീർഷകത്തിൽ അഞ്ചു ഖണ്ഡികകളുള്ള ഒരു സ്വയം വിലയിരുത്തൽ റസ്സൽ എഴുതിച്ചേർത്തു.[39]<blockquote=Russell autobio>സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം , അറിവിനുവേണ്ടിയുള്ള അന്വേഷണം, മനുഷ്യരാശിയുടെ ദുരിതത്തെക്കുറിച്ചുള്ള താങ്ങാനാവാത്ത ദയ എന്നിങ്ങനെ ലളിതവും അതീവശക്തവുമായ മൂന്ന് ചോദനകൾ എന്റെ ജീവിതത്തെ രൂപപ്പെടുത്തി. ഇവ കൊടുങ്കാറ്റിനെപ്പോലെ ദുഃഖസമുദ്രത്തിന്റെ ആഴത്തിലും നിരാശയുടെ വിളുമ്പിലുമെല്ലാം എന്നെ എത്തിച്ചു.
സ്നേഹത്തെ ഞാൻ തേടിയത്, പ്രധാനമായും അത് തരുന്ന നിർവൃതിയ്ക്കുവേണ്ടിയാണ്: —എന്റെ മുഴുവൻ ജീവിതത്തേയും അതിന്റെ കേവലം ഏതാനും മണിക്കൂറുകൾക്കു വേണ്ടി ബലികഴിക്കാൻ പ്രേരിപ്പിക്കാൻ മാത്രം ശക്തമാണ് ആ നിർവൃതി. പിന്നെ ഞാൻ അതിനെ അന്വേഷിച്ചത് ഏകാന്തതയിൽ നിന്ന് അതു തരുന്ന മോചനത്തിന്റെ പേരിലാണ് — ഭീതിയുണർത്തുന്ന ആ ഏകാന്തതയിൽ, വിറയ്ക്കുന്ന ഒരു ബോധം ലോകത്തിന്റെ വിളുമ്പിൽ നിന്ന് ജീവനറ്റതും കണ്ണെത്താത്തതുമായ അഗാധതയിലേയ്ക്കു നോക്കുന്നു. അവസാനമായി ഞാൻ സ്നേഹത്തെ അന്വേഷിച്ചത്, സ്നേഹസം‌യോഗം, വിശുദ്ധന്മാരും കവികളും സങ്കല്പിച്ച സ്വർഗ്ഗത്തിന്റെ യോഗാത്മമാതൃകയുടെ അനുഭവം നൽകുന്നതിനാലാണ്. ഇതാണ് ഞാൻ തേടിയത്. മനുഷ്യജീവിതത്തിൽ ആശിക്കാവുന്നതിലധികമാണിതെന്ന് തോന്നിയേക്കാമെങ്കിലും, അവസാനം ഞാൻ കണ്ടെത്തിയതും അതു തന്നെയാണ്.
അതേ ത്വരയോടെ ഞാൻ അറിവിനേയും അന്വേഷിച്ചു. മനുഷ്യഹൃദയങ്ങളെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. നക്ഷത്രങ്ങൾ പ്രഭചൊരിയുന്നതെങ്ങനെയെന്ന് അറിയാൻ ശ്രമിച്ചു. ക്രമമില്ലായ്മയ്ക്കു മേൽ സംഖ്യകൾ അവയുടെ പൈത്തഗോറിയൻ ആധിപത്യം എങ്ങനെ പുലർത്തുന്നുവെന്നറിയാനും ഞാൻ ശ്രമിച്ചു. ഇതിൽ എനിക്ക് നേടാനായത് വളരെക്കുറച്ചുമാത്രമാണ്.
പ്രാപിക്കാനായ സ്നേഹവും അറിവും എന്നെ ഉന്നതസ്വർഗ്ഗത്തിലേക്കു നയിച്ചു. എന്നാൽ എപ്പോഴും ദയ എന്നെ ഭൂമിയിലേയ്ക്കു തിരികെ കൊണ്ടുവന്നു. ദീനരോദനങ്ങളുടെ മുഴക്കം എന്റെ ഹൃദയത്തിൽ പ്രതിധ്വനിച്ചു. പട്ടിണി സഹിക്കുന്ന കുട്ടികൾ, മർദ്ദകന്മാരുടെ ഇരകൾ, മക്കൾക്ക് വെറുക്കപ്പെട്ട ഭാരമായിത്തീർന്ന നിസ്സഹായരായ വൃദ്ധജനങ്ങൾ, എന്നല്ല, ഏകാന്തതയും, ദാരിദ്ര്യവും, വേദനയും നിറഞ്ഞ ഈ ലോകം മുഴുവനും, നമ്മുടെ സങ്കല്പത്തിലെ മാതൃകാലോകത്തെ പരിഹാസവിഷയമാക്കിയിരിക്കുന്നു. തിന്മയെ നിർമ്മാർജ്ജനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിലും അതിനാകാതെ ഞാനും വേദനിക്കുന്നു.
ഇതായിരുന്നു എന്റെ ജീവിതം. അത് ജീവിക്കാൻ കൊള്ളാവുന്നതായി എനിക്കനുഭവപ്പെട്ടു. അവസരം കിട്ടിയാൽ വീണ്ടും ജീവിക്കാൻ ഞാൻ ഒരുക്കമാണ്.

അവലംബം

[തിരുത്തുക]
  1. Kreisel, G. (1973). "Bertrand Arthur William Russell, Earl Russell. 1872–1970". Biographical Memoirs of Fellows of the Royal Society. 19: 583–620. doi:10.1098/rsbm.1973.0021. JSTOR 769574.
  2. സിഡ്‌നി ഹുക്ക്, "റസ്സൽ പ്രഭുവും യുദ്ധക്കുറ്റ വിചാരണയും", ബെർട്രാൻഡ് റസ്സൽ: വിമർശനാത്മകമായ വിലയിരുത്തൽ, വാല്യം 1, സംശോധനം എ.ഡി. ഇർവൈൻ, (ന്യൂ യോർക്ക് 1999) പുറം 178
  3. 3.0 3.1 സ്റ്റാൻഫോർഡ് ദാർശനിക വിജ്ഞാനകോശം, "ബെർട്രാൻഡ് റസ്സൽ",
  4. ഹെസ്ലർ, അന്നാ (2001). വെയിൽസ്. മാർഷൽ കാവൻഡിഷ്. p. 53. ISBN 076141195X.
  5. പീറ്റർ ലഡ്‌ലോ, "Descriptions", സ്റ്റാൻഫോർഡ് ദാർശനിക വിജ്ഞാനകോശം (2008 ലെ പതിപ്പ്), എഡ്‌വേഡ് എൻ. സാൽട്ടാ (സംശോധകൻ), URL = [1].
  6. റിച്ചാർഡ് റെമ്പൽ (1979). "സ്വാമ്രാജ്യവാദത്തിൽ നിന്ന് സ്വതന്ത്രവ്യാപാരത്തിലേയ്ക്ക്: Couturat, Halevy and Russell's First Crusade". Journal of the History of Ideas. 40 (3): 423–443.
  7. ബെർട്രാൻഡ് റസ്സൽ (1988). രാഷ്ട്രീയനിലപാടുകൾ. Routledge. ISBN 0-415-10907-8.
  8. 9.0 9.1 9.2 9.3 നൊബേൽ ഫൗണ്ടേഷൻ (1950). ബെർട്രാൻഡ് റസ്സൽ: സാഹിത്യത്തിനുള്ള 1950-ലെ നൊബേൽ സമ്മാനം.
  9. 10.0 10.1 ബ്ലോയ്, മാർജീ. "ജോൺ റസ്സൽ പ്രഭു (1792-1878)".
  10. Cokayne, G.E.; Vicary Gibbs, H.A. Doubleday, Geoffrey H. White, Duncan Warrand and Lord Howard de Walden, editors. The Complete Peerage of England, Scotland, Ireland, Great Britain and the United Kingdom, Extant, Extinct or Dormant, new ed. 13 volumes in 14. 1910–1959. Reprint in 6 volumes, Gloucester, UK: Alan Sutton Publishing, 2000.
  11. 12.0 12.1 12.2 പോൾ, ആഷ്‌ലി. "ബെർട്രാൻഡ് റസ്സൽ :വ്യക്തിയും ആശയങ്ങളും".
  12. Russell, Bertrand and Perkins, Ray (ed.) Yours faithfully, Bertrand Russell. Open Court Publishing, 2001, p. 4.
  13. ബെർട്രാൻഡ് റസ്സിലെ ആത്മകഥ, പുറം.38
  14. ജോൺ ആർ. ലെൻസ് (date unknown). "ബെർട്രാൻഡ് റസ്സലും ഗ്രീക്കുകാരും". Archived from the original (PDF) on 2011-05-14. Retrieved 2009-12-02. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  15. ബെർട്രാൻഡ് റസ്സലിന്റെ ആത്മകഥ, പുറം.35
  16. ഓക്കോണർ, J. J. (2003). "ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡ്". സ്കൂൾ ഓഫ് മാത്തമറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, ആൻഡ്രൂസ് സർവകലാശാല, സ്കോട്ടലണ്ട്. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  17. ഗ്രിഫിൻ, നിക്കോളാസ്. "ബെർട്രാൻഡ് റസ്സലിന്റെ ഗണിത വിദ്യാഭ്യാസം". ലണ്ടൺ റോയൽ സൊസൈറ്റിയുടെ കുറിപ്പുകളും രേഖകളും, വാല്യം 44, സംഖ്യ. 1. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |പുറങ്ങൾ= ignored (help)
  18. Wallenchinsky et al. (1981), "പ്രസിദ്ധമായ വിവാഹങ്ങൾ, ബെർട്രാൻഡ് റസ്സൽ...ഒന്നാം ഭാഗം".
  19. Wallenchinsky et al. (1981), "പ്രസിദ്ധമായ വിവാഹങ്ങൾ, ബെർട്രാൻഡ് റസ്സൽ...മൂന്നാം ഭാഗം".
  20. Kimball, Roger. "പ്രേമവും യുക്തിയും, താങ്ങാനാവാത്ത ദയയും: സ്വകാര്യ ബെർട്രാൻഡ് റസ്സൽ". The New Criterion Vol. 11, No. 1, September 1992. The New Criterion. Archived from the original on 2006-12-05. Retrieved 2009-12-03.
  21. സിം‌കിൻ, ജോൺ. "ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്".
  22. റസ്സൽ, ബെർട്രാൻഡ് (2001). റേ പെർക്കിൻസ് (ed.). നിങ്ങളുടെ വിശ്വസ്തൻ, ബെർട്രാൻഡ് റസ്സൽ: പത്രാധിപർക്കുള്ള കത്തുകൾ 1904-1969. ചിക്കാഗോ: ഓപ്പൻ കോർട്ട് പ്രസാധകർ. p. 16. ISBN 0-8126-9449-X.
  23. റസ്സൽ വിറ്റ്ജൻ‌സ്റ്റൈനെക്കുറിച്ച്
  24. വെല്ലക്കോട്ട്, ജോ (1980). ബെർട്രാൻഡ് റസ്സലും ഒന്നാം ലോകമഹായുദ്ധത്തിലെ സമാധാന വാദികളും. ബ്രൈറ്റൺ: ഹാർവെസ്റ്റർ പ്രസ്. ISBN 0855274549.
  25. "ബെർട്രാൻഡ് റസ്സൽ(1872-1970)". ഫാർലേക്സ്.
  26. ""ബെർട്രാൻഡ് റസ്സലിന്റെ മരണവാർത്ത"" (PDF). ന്യൂയോർക്ക് ടൈംസ്. 21 ഏപ്രിൽ 1921.
  27. റസ്സൽ, ബെർട്രാൻഡ് (2000). റിച്ചാർഡ് എ. റെംബൽ (ed.). "സ്വതന്ത്യത്തിലേയ്ക്കുള്ള അനിശ്ചിതവഴികൾ: റഷ്യയും ചൈനയും, 1919-22". റൂട്ട്‌ലെഡ്ജ്. lxviii. ISBN 0415094119. {{cite book}}: |work= ignored (help); Unknown parameter |nopp= ignored (|no-pp= suggested) (help); Unknown parameter |വാല്യം= ignored (help)
  28. ബീക്കൺ ഹിൽ സ്കൂളിനുള്ളിൽ: സ്കൂൾ അദ്ധ്യാപകനായ ബെർട്രാൻഡ് റസ്സൽ. ഷെർളി ജെസ്പേഴ്സൺ ERIC# EJ360344, പ്രസിദ്ധീകരിച്ചത് 1987-ൽ
  29. 30.0 30.1 ""ഡോറ റസ്സൽ"". Archived from the original on 2008-01-19. Retrieved 2009-12-05.
  30. സ്റ്റീഫൻ ലെബർസ്റ്റീൻ. ""നിയമനം നിരസിക്കപ്പെട്ടു: ബെർട്രാൻഡ് റസ്സലിനെതിരായ മതദ്രോഹവിചാരണ"". അക്കാദേം.
  31. [2]
  32. ""ബെർട്രാൻഡ് റസ്സൽ"". 2006. Archived from the original on 2008-02-12. Retrieved 2009-12-05.
  33. "ബെർട്രാൻഡ് റസ്സലിന്റെ തെരഞ്ഞെടുത്ത കത്തുകൾ". 2002. {{cite book}}: Unknown parameter |എഴുത്തുകാരൻ= ignored (help); Unknown parameter |പുറം= ignored (help); Unknown parameter |പ്രസാധകർ= ignored (help)
  34. ഒരു ദാർശനികന്റെ കത്തുകൾ| ബെർട്ടി ലവ് | ഇക്കണോമിസ്റ്റ്.കോം
  35. റൊണാൾഡ് ഡബ്ലിയൂ. ക്ലാർക്ക്, ബെർട്രാൻഡ് റസ്സലും അദ്ദേഹത്തിന്റെ ലോകവും, പുറം 94. (1981) ISBN 0-500-13070-1
  36. ബെർട്രാൻഡ് റസ്സൽ (1955-07-09). ""റസ്സൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ"". Archived from the original on 2009-08-01. Retrieved 2009-12-05. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  37. യരുശലേം രാഷ്ട്രാന്തര പുസ്തകമേള[പ്രവർത്തിക്കാത്ത കണ്ണി]
  38. [3]. 1956 ജൂലൈ മാസത്തിൽ ആത്മകഥയ്ക്കുള്ള അവതാരികയിൽ ചേർത്തത്.
"https://ml.wikipedia.org/w/index.php?title=ബെർട്രാൻഡ്_റസ്സൽ&oldid=4014137" എന്ന താളിൽനിന്ന് ശേഖരിച്ചത്