ബുരിഗംഗ നദി

Coordinates: 23°38′N 90°26′E / 23.633°N 90.433°E / 23.633; 90.433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുരിഗംഗ നദി
ബുരിഗംഗാ നദിയിലൂടെ കടന്നുപോകുന്ന കപ്പൽ
രാജ്യം  ബംഗ്ലാദേശ്
പട്ടണം ധാക്ക
സ്രോതസ്സ് Dhaleshwari River
 - സ്ഥാനം കലാട്ടിയയ്ക്കു സമീപം [1]

അഴിമുഖം Dhaleshwari River
 - സ്ഥാനം about 3 km (2 mi) southwest of Fatullah [1]

നീളം 18 km (11 mi) [1]

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബുരിഗംഗ (ബംഗാളി: বুড়িগঙ্গা). കലാട്ടിയയ്ക്കു സമീപം ധാലേശ്വരി നദിയുടെ കൈവഴിയായ കർണാട്ടലിയിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഈ നദിക്ക് 27 കിലോമീറ്റർ നീളവും[൧] ശരാശരി 400 മീറ്റർ വീതിയുമുണ്ട്. 7.6 മീറ്റർ മുതൽ 18 മീറ്റർ വരെ ആഴമുള്ള ഈ നദിയിലാണ് ബംഗ്ലാദേശിലെ ഏറ്റവും ജനത്തിരക്കേറിയ തുറമുഖമായ ധാക്ക സ്ഥിതിചെയ്യുന്നത്. നിരന്തരം മലിനീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ബൂരിഗംഗ നദി ധാക്കാ തുറമുഖത്തിലെ ആളുകളുടെ ആരോഗ്യത്തിനു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒരുകാലത്ത് ബംഗ്ലാദേശി തലസ്ഥാനത്തിന്റെ ജീവരേഖയായിരുന്ന ഈ നദി ഇന്ന് രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിലൊന്നായി മാറിയിരിക്കുന്നു.

വാക്കിന്റെ ഉത്ഭവം[തിരുത്തുക]

ബുരിഗംഗാ നദിക്ക് ആ പേരു ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. പണ്ടുകാലത്ത് ഗംഗാ നദിയുടെ ഒരു കൈവഴി ധാലേശ്വരി നദി മുഖേന ബംഗാൾ ഉൾക്കടലിൽ പതിച്ചിരുന്നതായി വിശ്വസിക്കുന്നു. കാലാന്തരത്തിൽ ഈ കൈവഴിയുടെ ഗതി മാറുകയും ഗംഗയുടെ പ്രധാന ഒഴുക്കിൽ നിന്നു പൂർണ്ണമായും വേർപെടുകയും ചെയ്തു. അതോടെ ഈ കൈവഴിക്ക് 'പുരാതന ഗംഗ' എന്നർത്ഥത്തിൽ 'ബുരിഗംഗ' എന്ന പേരുലഭിച്ചു.

ചരിത്രം[തിരുത്തുക]

ധാക്കാ നഗരം ബുരിഗംഗയുടെ പശ്ചാത്തലത്തിൽ. 1885-ലെ ദൃശ്യം

ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗാ നദിയുടെ പ്രധാന കൈവഴിയായ പത്മ നദിക്ക് എ.ഡി. 1600-നും 2000-ത്തിനുമിടയിൽ സാരമായ ഗതിമാറ്റമുണ്ടായി. അതിനുമുമ്പ് ഏതൊക്കെ വഴികളിലൂടെയാണ് പത്മ ഒഴുകിയിരുന്നതെന്നു കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുരിഗംഗ, രാംപുർ ബോലിയ (രാജ്ഷാഹി), ചലൻ ബീൽ, ധാലേശ്വരി, ധാക്ക, മേഘ്ന എന്നിവിടങ്ങളിലൂടെ പത്മാ നദി ഒഴുകിയിരുന്നതായി പറയപ്പെടുന്നു. ബൂരിഗംഗ എങ്ങനെയാണ് ഗംഗാ നദിയിൽ നിന്നു പൂർണ്ണമായും വേർപെട്ടതെന്നു കണ്ടെത്തിയിട്ടില്ല.[2] മുഗൾ സാമ്രാജ്യകാലം മുതൽ ബൂരി ഗംഗ നദിയോടു ചേർന്ന് ധാക്ക തുറമുഖം പ്രവർത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബുരിഗംഗയിലെ കൂറ്റൻ തിരമാലകൾ മുഗൾ ചക്രവർത്തിമാരെ അത്ഭുതപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.

ഉത്ഭവം[തിരുത്തുക]

ബംഗ്ലാദേശിലെ കലാട്ടിയയ്ക്കു സമീപം ധാലേശ്വരി നദിയിൽ നിന്നാണ് ബുരി ഗംഗാ നദി ഉത്ഭവിക്കുന്നത്. ധാക്ക, നാരായൺ ഗഞ്ച് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന ഈ നദിക്ക് ആകെ 27 കിലോമീറ്റർ നീളമുണ്ട്. കമ്രാൻ ഗീർ ചാർ എന്ന സ്ഥലത്തു വച്ച് തുരഗ് നദി ബുരിഗംഗയിൽ ചേരുന്നു. ബുരിഗംഗാ നദിയിലെ ഭൂരിഭാഗം ജലവും തുരഗ് നദിയിൽ നിന്നാണ് ലഭിക്കുന്നത്.

ധാക്ക തുറമുഖം[തിരുത്തുക]

ധാക്ക തുറമുഖം

ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ധാക്ക തുറമുഖം ബുരിഗംഗ നദിയിലാണ് സ്ഥിതിചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ തുറമുഖമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പല വിദേശ രാജ്യങ്ങളിലേക്കുമുള്ള കപ്പലുകൾ ഈ തുറമുഖം വഴി കടന്നുപോകുന്നു. അരി, പട്ട്, പരുത്തി, ചണം എന്നിങ്ങനെ ബംഗ്ലാദേശിനു മികച്ച വരുമാനം നേടിത്തരുന്ന പല ഉൽപ്പന്നങ്ങളും ഈ തുറമുഖത്തിലൂടെ കയറ്റുമതി ചെയ്യുന്നുണ്ട്. ധാക്കയുടെ വികസനത്തിൽ ബുരിഗംഗ നദി നിർണ്ണായക പങ്കുവഹിച്ചിരുന്നു.

ജലമലിനീകരണം[തിരുത്തുക]

ബുരിഗംഗ നദി. ധാക്കയിലെ പാലത്തിൽ നിന്നുള്ള ദൃശ്യം

ഒരുകാലത്ത് ധാക്കാ നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നു ബുരിഗംഗ. എന്നാൽ ഇന്ന് കടുത്ത മലിനീകരണം മൂലം ഇവിടുത്തെ ജലം കുടിക്കാൻ യോഗ്യമല്ലാതായിത്തീർന്നിരിക്കുന്നു.[3] വീടുകൾ, ഫാക്ടറികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലന്യങ്ങൾ, മൃഗങ്ങളുടെ ജഡങ്ങൾ, പ്ലാസ്റ്റിക്, എണ്ണ എന്നിവയാൽ ബുരിഗംഗ നദി നിരന്തരം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും നദിയിലേക്ക് 21600 ഘനമീറ്റർ മാലിന്യം നിക്ഷേപിക്കപ്പെടുന്നതായി ബംഗ്ലാദേശിന്റെ പരിസ്ഥിതി മന്ത്രാലയം തന്നെ കണ്ടെത്തിയിട്ടുണ്ട്.[4][5][6] ധാക്കയ്ക്കു സമീപമുള്ള ഒമ്പതു വ്യവസായ സ്ഥാപനങ്ങളാണ് ബുരിഗംഗയെ പ്രധാനമായും മലിനമാക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.[7] ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ മലിനമാക്കപ്പെടുന്ന നദികളിലൊന്നായ ബുരിഗംഗ കടുത്ത വരൾച്ചാഭീഷണിയും നേരിടുന്നു. ധാക്കാ നഗരത്തിലെ ജനത്തിരക്കു വർദ്ധിക്കുന്നതിനനുസരിച്ച് നദീതീരത്ത് ധാരാളം കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ ഫലമായി നദിയുടെ പല ഭാഗങ്ങളിലും വെള്ളത്തിനു പകരം ചെളി അടിഞ്ഞുകൂടിയിരിക്കുന്നു. കടുത്ത മലിനീകരണവും വരൾച്ചാ ഭീഷണിയും നേരിടുന്ന നദിയുടെ സംരക്ഷണത്തിനായി 2009-ൽ 'ബുരിഗംഗ റിവർ കീപ്പർ' എന്ന സംഘടന രൂപീകരിച്ചു. അതിനുശേഷം നദീ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു. ബംഗ്ലാദേശ് സർക്കാരിന്റെ ഇടപെടൽ മൂലം 2016-17 കാലഘട്ടത്തിൽ നദീജലത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്.[8]

കുറിപ്പുകൾ[തിരുത്തുക]

^ അനധികൃതമായ കയ്യേറ്റം മൂലം ബുരിഗംഗ നദിയുടെ നീളം 27 കിലോമീറ്ററിൽ നിന്നും 18 കിലോമീറ്ററായി കുറഞ്ഞെന്ന് ബുരിഗംഗ റിവർ കീപ്പർ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Burigunga River". Burigunga Riverkeeper. Archived from the original on 2013-08-28. Retrieved 13 October 2014.
  2. Majumdar, Dr. R.C., History of Ancient Bengal, First published 1971, Reprint 2005, pp. 3–4, Tulshi Prakashani, Kolkata, ISBN 81-89118-01-3.
  3. Reuters Editorial (2009-05-17). "Bangladesh river pollution threatens millions". Reuters. Retrieved 2017-07-23. {{cite web}}: |author= has generic name (help)
  4. "Pollution control and tannery relocation". Leather International. Global Trade Media. 25 October 2002. Retrieved 22 February 2017.
  5. "Toxic Tanneries: The Health Repercussions of Bangladesh's Hazaribagh Leather". Human Rights Watch. 8 October 2012. Retrieved 22 February 2017.
  6. Aulakh, Raveena (12 October 2013). "Bangladesh's tanneries make the sweatshops look good". Toronto Star. Retrieved 22 February 2017.
  7. "Dhaka's looming water crisis". The Financial Express (Editorial). Dhaka. Archived from the original on 10 മാർച്ച് 2005.
  8. "Water pollution: Buriganga shows signs of improvement". Thedailystar.net. Retrieved 2017-07-23.

പുറംകണ്ണികൾ[തിരുത്തുക]

23°38′N 90°26′E / 23.633°N 90.433°E / 23.633; 90.433

"https://ml.wikipedia.org/w/index.php?title=ബുരിഗംഗ_നദി&oldid=3639178" എന്ന താളിൽനിന്ന് ശേഖരിച്ചത്