ബി.പി. മൊയ്തീൻ
ബി.പി. മൊയ്‌തീൻ | |
---|---|
ജനനം | 1937 |
മരണം | 1982 (വയസ്സ് 44–45) |
മരണ കാരണം | മുങ്ങിമരണം |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ, ചലച്ചിത്രനിർമ്മാതാവ് |
അറിയപ്പെടുന്ന കൃതി | Abhinayam, Sports Herald |
രാഷ്ട്രീയ കക്ഷി | പ്രജാ സോഷ്യലിസ്റ് പാർട്ടി |
പുരസ്കാരങ്ങൾ | Jeevan Raksha Padak, Class I, 1983 |
ഒരു രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവും കേരളത്തിൽ നിന്നുള്ള പ്രസാധകനുമായിരുന്നു ബി. പി. മൊയ്തീൻ എന്ന ബലിയമ്പ്ര പുറ്റാട്ട് മൊയ്‌തീൻ (1937-1982)[1]. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1979 ൽ മുക്കം പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് ഹെറാൾഡ് എന്ന മലയാള കായിക മാസിക പ്രസിദ്ധീകരിച്ചു. 1977 ലെ നിഴലേ നീ സാക്ഷി എന്ന മലയാള ചിത്രമായിരുന്നു അദ്ദേഹത്തിന്റെ നിർമ്മാണത്തിലുള്ള ആദ്യ ചലച്ചിത്രം. സീമയുടെ ആദ്യചിത്രവും മുഖ്യകഥാപാത്രവുമായി അഭിനയിച്ച ഈ ചലച്ചിത്രത്തിൽ രാജൻ കേസ് ചിത്രീകരിച്ചിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ല. ജയൻ അഭിനയിച്ച അഭിനയം (1981), ഇന്ത്യ നീ സുന്ദരി എന്നീ ചിത്രങ്ങൾ മൊയ്തീൻ പിന്നീട് നിർമ്മിച്ചു.[2][3]
1982 ൽ കോഴിക്കോട് മുക്കം ഇരുവഞ്ഞിപുഴയിലുണ്ടായ ഒരു കടത്തുതോണിയപകടത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചതിന് 1983 ൽ ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തിന് മരണാനന്തര ദേശീയ സിവിലിയൻ ധീരതാ ബഹുമതിയായ ജീവൻ രക്ഷാ പഥക് നൽകി ആദരിച്ചു. ഈ അപകടത്തിൽ മറ്റുപലരെയും രക്ഷപ്പെടുത്താൻ മൊയ്തീനായെങ്കിലും അദ്ദേഹം ചുഴിയിലകപ്പെടുകയും മുങ്ങിമരിക്കുകയും ചെയ്തു. മൂന്ന് നാൾ കഴിഞ്ഞാണ് മൊയ്തീന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.
കുടുംബം
[തിരുത്തുക]പിതാവ് ബലിയമ്പ്ര പുറ്റാട്ട് ഉണ്ണിമോയിൻ, മാതാവ് അരീപറ്റ മണ്ണിൽ ഫാത്വിമ.
അഭ്രപാളിയിൽ
[തിരുത്തുക]കാഞ്ചനമലയുമായുള്ള മൊയ്തീന്റെ പ്രണയമാണ് 2015 ലെ മലയാള ചലച്ചിത്രമായ എന്നു നിന്റെ മൊയ്തീന്റെ വിഷയം. അതിൽ പൃഥ്വിരാജ് സുകുമാരൻ മൊയ്തീനെ അവതരിപ്പിച്ചു.