ബിരിയാണി (കഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിരിയാണി
Cover --
കഥയുടെ ശീർഷമുളള താൾ
കർത്താവ്സന്തോഷ് ഏച്ചിക്കാനം
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ആഴ്ചപ്പതിപ്പ്
പ്രസിദ്ധീകരിച്ച തിയതി
2016
മാധ്യമംകഥ

സന്തോഷ് ഏച്ചിക്കാനം രചിച്ച മലയാള ചെറുകഥയാണ് ബിരിയാണി . 2016 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

കഥ[തിരുത്തുക]

"പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്.... ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം." എന്നൊക്കെയുള്ള നാടോടിക്കഥയുമായാണ് സന്തോഷ് ഏച്ചിക്കാനം തുടങ്ങുന്നത്. കേരളത്തിൽ ജോലിക്ക് വന്ന ഗോപാൽകൃഷ്ണ യാദവിനെ രാമചന്ദ്രൻ എന്ന കഥാപാത്രം അവിടുത്തെ പുത്തൻപണക്കാരനായ കലന്തൻഹാജിയുടെ വീട്ടിലേക്ക് ഒരു ദിവസത്തെ ജോലി ശരിയാക്കി കൊടുക്കുനൂനു.കലന്തൻഹാജിയുടെ മകൾ റുഖിയയുടെ മകൻ റിസ്വാന്റെ വിവാഹത്തിന് പഞ്ചാബിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ബസ്മതി അരി കൊണ്ട് ബിരിയാണി നൽകാനുളള അവസരമായി കലന്തൻഹാജി ഇതിനെ കാണുന്നു. ബാക്കിയാകുന്ന ബിരിയാണി കുഴിച്ചിടാനായി ഒരു വലിയ കുഴിയുണ്ടാക്കാൻ ഗോപാൽ യാദവിനോട് ഹാജി ആവശ്യപ്പെടുന്നു.ഇടയ്ക്ക് ഗോപാൽ യാദവിന്റെ മനസ്സ് ഓർമകളിലേക്ക് പോകുന്നുണ്ട്.ഗോപാൽ യാദവിന് നാട്ടിലെ ഷുക്കൂർ മിയയുടെ കടയിൽ വച്ചാണ് ആറുമാസം ഗര്ഭിണിയായ ഭാര്യ മാതംഗി, ബസുമതി അരി കാട്ടിക്കൊടുക്കുന്നത്. അത് വാങ്ങി ചോറു വയ്ക്കാനും വേണ്ടി വരുമാനമില്ല. എന്നാലും കൊതികൊണ്ട് അമ്പത് ഗ്രാം തൂക്കിത്തരാൻ ഷുക്കൂർ മിയാനോട് പറഞ്ഞു. വീട്ടിലെത്തും മുമ്പ് മാതംഗി അത് ചവച്ചരച്ചു തിന്നു, "അരിമാവ് പശുവിന്പാലു പോലെ അവളുടെ കടവായിലൂടെ ഒഴുകി വന്നപ്പോൾ അത് തുടയ്ക്കാൻ സമ്മതിക്കാതെ ഗോപാൽ ആ കണ്ണുകളിലേക്ക് നോക്കിനിന്നു. ഒരു പശുക്കുട്ടിയെ കാണുന്നതുപോലെ.എന്നെല്ലാം ഗോപാൽ യാദവ് ഓർക്കുന്നു. നിക്കാഹ് വീട്ടിൽ ചെന്നതും ഒരു ചെറുക്കനാണ് ശ്രീകൃഷ്ണന് ഉത്തരവുകൾ കൊടുക്കുന്നത്. നീളത്തിനും വീതിക്കും ഒരു കുഴിയെടുക്കാനാണ് ചെക്കന് പറയുന്നത്. അവനാണെങ്കിൽ അതിനിടയില് സെല്ഫി എടുക്കലും അത് അസംഖ്യം ഗേള്ഫ്രണ്ട്സിനയച്ചുകൊടുക്കലും. ദം പോട്ടിക്കുകപോലും ചെയ്യാത്ത ബിരായണി വരെ ശ്രീകൃഷ്ണന് അവിടെ ചവിട്ടി നിരപ്പാക്കി കുഴിച്ചു മൂടേണ്ടി വരുന്നു.കഥാന്ത്യത്തിൽ നാം തിരിച്ചറിയുന്നു ഗോപാൽ യാദവിന്റെ മകളായ ബസ്മതി വിശപ്പുമൂലം മരിക്കുകയായിരുന്നു എന്ന്."ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു."എന്ന വാചകത്തോടെ കഥ അവസാനിക്കുന്നു.

കഥയിൽ നിന്ന്[തിരുത്തുക]

നമ്മൾ ഒരാളൊട് നമ്മുടെ വേവലാതികൾ പറയുമ്പോ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നുപോയിരിക്കുകയെങ്കിലും വേണം ,അല്ലാത്തവരോട് നമ്മളത് പറയരുത്.പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും

നിരൂപണങ്ങൾ[തിരുത്തുക]

വ്യത്യസ്തമായ ഒരുപാടുതരം വ്യാഖ്യാനങ്ങൾക്ക് വഴിവച്ച ഒരു കഥയാണ് 'ബിരിയാണി'.അനുകൂലിച്ചും പ്രതികൂലിച്ചുമുളള ഇത്തരം നിരൂപണങ്ങൾ പ്രധാനമായും ഓൺലൈനിലാണ് ഉണ്ടായത്.

  1. മലയാള ചെറുകഥയുടെ ഉത്സവമാണ് ബിരിയാണി പോലുള്ള കഥകളുടെ പ്രസിദ്ധീകരണം.കഥ ജീവിതത്തെയാണ്, അനുഭവങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി കഥയെ വിലയിരുത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. മലയാളത്തിൽ മുമ്പില്ലാത്ത പ്രവണതയാണിത്. ഇത് നല്ല ലക്ഷണമല്ല. കേരളത്തിലെ എഴുത്തുകാർ മാനവികതയോടെയാണ് എഴുതുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്ന വിവാദം മറിച്ചുള്ള വ്യാഖ്യാനത്തിന് ഇടമാകുന്നുവെന്നത് ദുഃഖകരമാണ് -എം മുകുന്ദൻ.[1]
  2. കേരളത്തിൽ ഉണ്ടാക്കിക്കൊണ്ടുവരുന്ന മുസ്ലിം വിരുദ്ധ പൊതുബോധത്തിനായുള്ള ആസൂത്രിതമായ ഒരു ശ്രമത്തിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായമാണ് ഈ രചന. ഇത്തരം സാംസ്കാരികോല്പന്നങ്ങളുടെ പ്രവർത്തനം എങ്ങനെ എന്ന് അറിഞ്ഞുകൂടാത്ത ചില ശുദ്ധമനസ്കരുണ്ട്. അതിൽ എഴുത്തുകാർ പോലുമുണ്ട്. പക്ഷേ, ഈ കഥ എഴുതിയ സന്തോഷ് ഏച്ചിക്കാനമോ അതിനെക്കുറിച്ചെഴുതിയവരോ അത്തരം ബുദ്ധികുറഞ്ഞവരല്ല. അതിനാലാണതിനെ ആസൂത്രിത ശ്രമം എന്നു ഞാൻ വിളിക്കുന്നത്.എന്നാണ് ഓൺലൈൻ നിരൂപകനായ റോബിൻ ഡിക്രൂസ് ഈ കഥയെ വ്യാഖ്യാനിച്ചത്.[2]
  3. മതം തിരഞ്ഞ് വിദ്വേഷം പടർത്തണോ? മലയാളത്തിലെ പ്രമുഖ എഴുത്തകാരനായ ബെന്യാമിൻ ഈ നിരൂപണത്തെകുറിച്ച് ചോദിച്ചത്..[3]
  4. അടുത്തകാലത്തു വായിച്ച ഹൃദയസ്പർശിയായ ഒരു കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. ഗർഭിണിയായ ഭാര്യക്ക് വാക്കൂളായി ബസ്മതി അരി അമ്പതുഗ്രാം വാങ്ങിക്കൊടുക്കുന്ന, അവളുടെ കടവായിലൂടെ ഒലിക്കുന്ന വെളുത്ത ഉമിനീരിൽ നോക്കി പശുക്കുട്ടിയെ സങ്കല്പിക്കുന്ന, ബസ്മതി എന്നുതന്നെ മകൾക്കു പേരിടുന്ന, ഒടുക്കം ബിരിയാണിവേസ്റ്റ് കുഴിയിൽ തട്ടി മൂടുമ്പോൾ വിശന്നുചത്തുപോയ തന്റെ കുഞ്ഞിനെ ഓർക്കുന്ന - ഗോപാൽ യാദവ് എന്ന കഥാപാത്രം മറവിയുടെ മണ്ണിട്ട് എത്ര മൂടിയാലും മലയാളിയുടെ മനസാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരിക്കും.- പി.പി. രാമചന്ദ്രൻ
  5. സോഷ്യൽ റിയലിസം സൗന്ദര്യശാസ്ത്ര ബോധ്യങ്ങളെ അനുഭവങ്ങളുടെയോ, സാമൂഹികസന്ദർഭങ്ങളുടെയോ ഒറ്റക്കുറ്റിയിൽ കെട്ടുകയും 'ഇത് ഇതാണ് ഇത് മാത്രമാണ്' എന്ന് പറയുകയും ചെയ്യുന്നു. കലാസമൂഹങ്ങൾക്ക് പുറത്തെ ആൾക്കൂട്ടഭാവനയെ അത് എളുപ്പം തൃപ്ത്തിപ്പെടുത്തുകയും ചെയ്യും. കലാ-സാഹിത്യ-രാഷ്ട്രീയ സമ്പന്നമായ ഒരു സർഗാത്മകസമൂഹത്തിൽ 'ബിരിയാണി' പ്രതിഫലിപ്പിക്കുന്നതും അത്തരമൊരു പൊതുഭാവുകത്വത്തിന്റെ ആൾക്കൂട്ടമനശാസ്ത്രമാണ്. അതിൽ കലാനുഭവത്തേക്കാൾ മുഴച്ചുനിൽക്കുക സിംപതിയാവുന്നതും യാദൃച്ഛികമല്ല. 'ആടുജീവിതം' മുന്നോട്ടുവെച്ചതും അത്തരമൊരു സഹാനുഭൂതിയിൽ തീർത്ത 'അനുഭവ'ത്തെയാണല്ലോ. കലയെ കവിഞ്ഞ് പോകുന്ന ഉള്ളടക്കമെന്ന് എഴുത്തുകാരന് സന്തോഷിക്കാനുണ്ടതിൽ. വായന അപ്പോഴും ശൂന്യമായ പാത്രത്തിൽ അതിൻ്റെ കൈകൾ തിരഞ്ഞുകൊണ്ടിരിക്കുക തന്നെ ചെയ്യും.-സുധീഷ് കോട്ടേമ്പ്രം
  6. സന്തോഷിന്റെ പന്തിഭോജനം എന്ന കഥക്ക് തിരക്കഥ എഴുതി ഒരു ഷോർട്ട് ഫിലിം ചെയ്ത ആളാണ് ഞാൻ. തിരക്കഥ എഴുതാൻ ഇരിക്കുമ്പോൾ മുഴുവൻ ഞാൻ ആലോചിച്ചിരുന്ന ഒരു കാര്യം ഒറിജിനൽ പന്തിഭോജനത്തിൻ്റെ മെനു എന്തായിരിക്കും? എന്തൊക്കെയായിരിക്കും അന്ന് അവർ കഴിച്ചത്? എന്താ കഴിച്ചേന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ. പക്ഷേ അത് ബിരിയാണി അല്ല എന്ന് ഉറപ്പാണ്- ശ്രീബാല കെ.മേനോൻ

അവലംബം[തിരുത്തുക]

  1. [1]
  2. [2]
  3. [3]
"https://ml.wikipedia.org/w/index.php?title=ബിരിയാണി_(കഥ)&oldid=3590420" എന്ന താളിൽനിന്ന് ശേഖരിച്ചത്