ബിനോദ് ബിഹാരി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിനോദ് ബിഹാരി മുഖർജി
പ്രമാണം:Benode Behari Mukherjee.jpg
ജനനം7 ഫെബ്രുവരി 1904
മരണം11 നവമ്പർ 1980 (aged 76)
ഇന്ത്യ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ചിത്രകല
പ്രസ്ഥാനംകണ്ടെക്ഷ്വൽ മോഡേണിസം

പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നിന്നുള്ള ഒരു ഇന്ത്യൻ ചിത്രകാരനാണ് ബിനോദ് ബിഹാരി മുഖർജി (7 ഫെബ്രുവരി 1904 - 11 നവംബർ 1980). ഇന്ത്യൻ മോഡേൺ ആർട്ടിൻ്റെ തുടക്കക്കാരിൽ ഒരാളും കണ്ടെക്ഷ്വൽ മോഡേണിസത്തിന്റെ പ്രധാന വക്താവും ആയിരുന്നു മുഖർജി. ആധുനിക ഇന്ത്യയിൽ, കലാപരമായ ആവിഷ്കാരത്തിനായി ചുമർചിത്രകലയെ ഉപയോഗിച്ച ആദ്യകാല കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.

ശൈലി[തിരുത്തുക]

പാശ്ചാത്യ മോഡേൺ ആർട്ടും പൗരസ്ത്യ സംസ്കാരത്തിലെ (ഇന്ത്യൻ, ഫാർ-ഈസ്റ്റേൺ) ആത്മീയതയും സംയോജിപ്പിച്ച ചിത്രകലാ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. മുഖർജിയുടെ ചില രചനകൾ ചൈനയിലെയും ജപ്പാനിലെയും കാലിഗ്രാഫി, പരമ്പരാഗത വാഷ് ടെക്നിക്കുകൾ എന്നിവയുടെ പ്രകടമായ സ്വാധീനം കാണിക്കുന്നവയാണ്. അദ്ദേഹം ജപ്പാനിൽ നിന്നുള്ള യാത്രികരായ കലാകാരന്മാരിൽ നിന്ന് കാലിഗ്രാഫി പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. 1937-38 കാലഘട്ടത്തിൽ അദ്ദേഹം അറായ് കാമ്പെ പോലുള്ള കലാകാരന്മാർക്കൊപ്പം കുറച്ച് മാസങ്ങൾ ജപ്പാനിൽ ചെലവഴിച്ചിരുന്നു. മുഗൾ, രജപുത്ര കാലഘട്ടങ്ങളിലെ ഫ്രെസ്കോകളിലെ ഇന്ത്യൻ മിനിയേച്ചർ പെയിന്റിംഗുകളിൽ നിന്നും അദ്ദേഹം പഠിച്ചിരുന്നു. ക്യൂബിസം ഉൾപ്പടെയുള്ള പാശ്ചാത്യ മോഡേൺ ആർട്ടും അദ്ദേഹത്തിന്റെ ശൈലിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഈ വ്യത്യസ്ത പാരമ്പര്യങ്ങളിൽ നിന്ന് അദ്ദേഹം നേടിയ സ്വരച്ചേർച്ച കാരണം അദ്ദേഹത്തിന്റെ ശൈലി ആഘോഷിക്കുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. വിശ്വഭാരതി കാമ്പസിനുള്ളിലെ അദ്ദേഹത്തിന്റെ മഹത്തായ ചുവർച്ചിത്രങ്ങൾ അതിനു സാക്ഷ്യം വഹിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

ചെറുപ്പത്തിൽ തന്നെ ഒരു കണ്ണിൽ അന്ധതയും മറ്റേ കണ്ണിൽ ഹ്രസ്വദൃഷ്ടിയും ബാധിച്ചിരുന്നു.[1] 1919 ൽ അദ്ദേഹം ഫൈനൽ ആർട്സ് ഡിപ്ലോമയ്ക്കായി ശാന്തിനികേതൻ കലാഭവനിൽ ചേർന്നു, അവിടെ നന്ദലാൽ ബോസും രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു.[1]

1948 ൽ നേപ്പാളിലെ കാഠ്മണ്ഡുവിലെ നാഷണൽ മ്യൂസിയത്തിന്റെ ഡയറക്ടറായി. പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹം ഡൂൺ വാലിയിലേക്ക് പോയി, അവിടെ ഒരു ആർട്ട് സ്കൂൾ ആരംഭിച്ചുവെങ്കിലും സാമ്പത്തികപ്രയാസം കാരണം അത് നിർത്തേണ്ടിവന്നു.

1958 ൽ മുഖർജി ശാന്തിനികേതൻ കലാഭവനിൽ ഫാക്കൽറ്റിയായി ചേർന്നു, പിന്നീട് അതിന്റെ പ്രിൻസിപ്പലായി. കാഴ്ചശക്തി ക്രമേണ കുറഞ്ഞ് വരുകയും 1956 ൽ ഒരു നേത്ര ശസ്ത്രക്രിയയെത്തുടർന്ന് 52 ആം വയസ്സിൽ അദ്ദേഹത്തിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തു.

കുടുംബം[തിരുത്തുക]

ശാന്തിനികേതനിൽ വെച്ച് കണ്ടുമുട്ടിയ ലീല മുഖർജിയെ ആണ് വിവാഹം ചെയ്തത്. ലീലാ മുഖർജിയും മകൾ മൃണാളിനി മുഖർജിയും കലാകാരികളാണ്.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

1974 ൽ രാജ്യം അദ്ദേഹത്തെ പത്മ വിഭൂഷൺ നൽകി ആദരിച്ചു.[2] 1977 ൽ വിശ്വഭാരതി സർവകലാശാല അദ്ദേഹത്തെ 'ദേശികോട്ടമ' പുരസ്കാരം നൽകി ആദരിച്ചു.[2] 1980 ൽ അദ്ദേഹത്തിന് രബീന്ദ്ര പുരാസ്‌കർ ലഭിച്ചു.[2]

1972 ൽ, ശാന്തിനികേതനിൽ മുഖർജിയുടെ വിദ്യാർത്ഥി ആയിരുന്ന, പിന്നീട് ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ പ്രശക്തനായ സത്യജിത് റേ, മുഖർജിയെക്കുറിച്ച് "ദി ഇന്നർ ഐ" എന്ന പേരിൽ ഒരു ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്. മുഖർജിയുടെ തചനാവ്യക്തിത്വത്തെക്കുറിച്ചും കലാകാരൻ എന്ന നിലയിൽ സ്വന്തം അന്ധതയെ അദ്ദേഹം എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ചും ഉള്ള അന്വേഷണമാണ് ഈ ചിത്രം.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Story of Indian Art #8: Binod Behari Mukerjee" (ഭാഷ: ഇംഗ്ലീഷ്). 2016-11-10. ശേഖരിച്ചത് 2020-10-18.
  2. 2.0 2.1 2.2 "Benode Behari Mukherjee – Indian Artist who Mixed Colours and Traditions | BeAnInspirer" (ഭാഷ: ഇംഗ്ലീഷ്). 2018-02-07. ശേഖരിച്ചത് 2020-10-18.
  3. "Detailed Profile of Binode Behari Mukherjee". 2007-10-06. ശേഖരിച്ചത് 2020-10-18.
"https://ml.wikipedia.org/w/index.php?title=ബിനോദ്_ബിഹാരി_മുഖർജി&oldid=3460216" എന്ന താളിൽനിന്ന് ശേഖരിച്ചത്