ബാല്യകാലസഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാല്യകാല സഖി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാല്യകാല സഖി

വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്.

കഥാപശ്ചാത്തലം[തിരുത്തുക]

മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത് . മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് "ഞാനിനിയും മാന്തും" എന്ന് ഭീഷണിപ്പെടുത്തിയാണ്[1] .ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.

സിനിമ[തിരുത്തുക]

ബാല്യകാല സഖി നേരത്തെ സിനിമയായിട്ടുണ്ട്. സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം:പി.ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഇപ്പോൾ ഇതേ കഥ വീണ്ടും സിനിമാവിഷ്കാരമായി. സുഹ്റയുടെയും മജീദിൻറെയും പ്രണയത്തിനു ചലച്ചിത്രാവിഷ്കാരം. ബഷീർ തൻറെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ പങ്കുവെക്കുന്ന ദാരുണമായ ഈ പ്രണയകഥയിലെ, കേന്ദ്ര കഥാപാത്രമായ മജീദിന് വെള്ളിത്തിരയിൽ ജീവൻ പകർന്നത് "മതിലുകൾ"ലെ നായകൻ മമ്മൂട്ടിയാണ്. പ്രമോദ് പയ്യന്നൂർ ആണ് ബാല്യകാലസഖി സംവിധാനം ചെയ്തത്

വർഷങ്ങളുടെ ഇടവേളക്ക്‌ശേഷമുള്ള മടങ്ങിവരവിൽ സുഹ്‌റയും മജീദും കണ്ടുമുട്ടുന്ന രംഗം വികാരനിർഭരമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാല്യകാലസഖി&oldid=4024746" എന്ന താളിൽനിന്ന് ശേഖരിച്ചത്