Jump to content

ബാബ്-എൽ-മൻഡേബ്

Coordinates: 12°35′N 43°20′E / 12.583°N 43.333°E / 12.583; 43.333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബ്-എൽ-മൻഡേബ്
Bab-el-Mandeb area with description.
നിർദ്ദേശാങ്കങ്ങൾ12°35′N 43°20′E / 12.583°N 43.333°E / 12.583; 43.333
Basin countries Djibouti,  Eritrea,  Yemen
പരമാവധി നീളം80 mi (130 km)
പരമാവധി വീതി25 mi (40 km)
ശരാശരി ആഴം−609 ft (−186 m)
IslandsSeven Brothers, Doumeira, Perim

ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ബാബ്-എൽ-മൻഡേബ് അഥവാ മൻഡേബ് കടലിടുക്ക്. അറേബ്യൻ ഉപദ്വീപിലെ യെമൻ എന്ന രാജ്യത്തിനും ഹോൺ ഒഫ് ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നീ പ്രദേശങ്ങൾക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കടലിടുക്ക് ഏഷ്യയെ ആഫ്രിക്കയിൽ നിന്നും വേർതിരിക്കുന്നു.[1]

പേരിനു പിന്നിൽ

[തിരുത്തുക]
ബാബ് എൽ മൻഡേബും ചെങ്കടലും

'ബാബ് എൽ മൻഡേബ്' എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി അറേബ്യൻ ഇതിഹാസങ്ങളിൽ പരാമർശമുണ്ട്. പണ്ടുകാലത്തുണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി എറിത്രിയ, ജിബൂട്ടി എന്നീ പ്രദേശങ്ങൾ അറേബ്യയിൽ നിന്നും വേർപെടുകയുണ്ടായി. അതിനുശേഷം ഈ പ്രദേശങ്ങൾക്കിടയിൽ ഒരു കടലിടുക്ക് രൂപം പ്രാപിച്ചു. ഭൂകമ്പത്തെത്തുടർന്ന് നിരവധി പേർ കടലിൽ മുങ്ങിമരിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടുത്തെ കടലിടുക്കിന് ബാബ് എൽ മാൻഡബ് എന്ന പേരു ലഭിച്ചതെന്നാണ് അറേബ്യൻ ഇതിഹാസങ്ങൾ പറയുന്നത്. ബാബ് എൽ മാൻദെബ് എന്ന വാക്കിന്റെ അർത്ഥം 'കണ്ണുനീരിന്റെ കവാടം' എന്നാണ്.[1]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ഇടയിൽ ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന സമുദ്ര ഭാഗമാണ് ബാബ് എൽ മാൻഡെബ് കടലിടുക്ക്. മെഡിറ്ററേനിയൻ കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ചെങ്കടൽ, സൂയസ് കനാൽ എന്നിവ വഴി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണിത്. 2006-ൽ ലോകമെമ്പാടും പ്രതിദിനം 43 ദശലക്ഷം ബാരൽ (68 ലക്ഷം ഘനമീറ്റർ) എണ്ണ കൈമാറ്റം ചെയ്യപ്പെട്ടതിൽ 3.3 ദശലക്ഷം ബാരലും (5.2 ലക്ഷം ഘനമീറ്റർ) ഈ കടലിടുക്ക് വഴിയാണ് കൊണ്ടുപോയതെന്നു കണക്കാക്കുന്നു.[2]

യെമനിലെ റാസ് മെൻഹേലി മുതൽ ജിബൂട്ടിയിലെ റാസ് സിയാൻ വരെയുള്ള ബാബ് എൽ മാൻഡെബിന്റെ ഭാഗത്തിന് ഏകദേശം 30 കിലോമീറ്റർ നീളമുണ്ട്. പെറിം അഗ്നിപർവ്വതദ്വീപ് ഈ കടലിടുക്കിനെ രണ്ടായി വിഭജിക്കുന്നു. പെറിം ദ്വീപിന് കിഴക്കുള്ള ഭാഗം ബാബ് ഇസ്കന്ദർ (അലക്സാണ്ടർ കടലിടുക്ക്) എന്നും പടിഞ്ഞാറുള്ള ഭാഗം ഡക്ട് എൽ മായുൻ എന്നും അറിയപ്പെടുന്നു. ബാബ് ഇസ്കന്ദറിന് ഏകദേശം 2 മൈൽ (3 കിലോമീറ്റർ) വീതിയും 16 ഫാതം (30 മീറ്റർ) ആഴവുമുണ്ട്. ഡക്ട് എൽ മായുന് ഏകദേശം 16 മൈൽ (25 കിലോമീറ്റർ) വീതിയും 170 ഫാത്തം (310 മീറ്റർ) ആഴവുമുണ്ട്. ബാബ്-എൽ-മൻഡേബിന്റെ ഇരുഭാഗങ്ങളിലും സമുദ്രജലപ്രവാഹങ്ങളുണ്ട്.[1] ഡക്ട് എൽ മായൂനിൽ 'സപ്ത സഹോദരൻമാർ' എന്നറിയപ്പെടുന്ന ഏഴു ചെറുദ്വീപുകളുണ്ട്.

ചരിത്രം

[തിരുത്തുക]

മിയോസീൻ കാലഘട്ടത്തിലുണ്ടായ ടെക്ടോണിക്സ് ചലനങ്ങളുടെ ഫലമായി യെമനിനും എത്യോപ്യയ്ക്കുമിടയിൽ ദാനാകിൽ ഇസ്‌ത്‌മസ് എന്ന കരപ്രദേശമുണ്ടായി.[3] ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ് സമുദ്രനിരപ്പിലുണ്ടായ വ്യതിചലനങ്ങൾ മൂലം ഈ കര പ്രദേശത്തിൽ നിന്നും ബാബ് എൽ മൻഡേബ് കടലിടുക്ക് രൂപംകൊണ്ടു.[4] ആധുനിക മനുഷ്യന്റെ ആദ്യകാല കുടിയേറ്റങ്ങൾക്ക് ബാബ് എൽ മാൻഡേബ് സാക്ഷിയായിട്ടുണ്ടെന്നാണ് റീസന്റ് സിംഗിൾ ഒറിജിനൽ ഹൈപ്പോതെസിസ് പറയുന്നത്. ആ സമയത്ത് സമുദ്രങ്ങൾ കുറച്ചു താഴ്ന്നുകിടന്നിരുന്നതും ഉൾക്കടലിന് ആഴം കുറവായിരുന്നതും ദക്ഷിണേഷ്യൻ തീരത്തു നിന്നുള്ള കുടിയേറ്റത്തെ സഹായിച്ചിരുന്നുവെന്ന് കരുതുന്നു. ബി.സി. 1900-ത്തിൽ സെമറ്റിക് ഗീയസ് ഭാഷ സംസാരിച്ചിരുന്നവർ ആഫ്രിക്കയിലേക്കു കുടിയേറിയത് ബാബ് എൽ മാൻഡെബ് വഴിയാകാമെന്ന് എത്യോപ്യൻ ഓർത്തഡോക്സ് വൈഹെഡോ ചർച്ചും സൂചന നൽകുന്നുണ്ട്.[5] ഇസ്ലാം മതത്തിന്റെ വ്യാപനത്തിനു മുമ്പ് ഹിംയാറൈറ്റ് സാമ്രാജ്യത്തെ തോൽപ്പിച്ച് ഹോൺ ഒഫ് ആഫ്രിക്കയിലെ പ്രമുഖ സാമ്രാജ്യമായ അക്സൂം തങ്ങളുടെ രാജ്യത്തിന്റെ വിസ്തൃതി ബാബ് എൽ മൻഡേബ് വരെ വ്യാപിപ്പിച്ചു.

ആധുനിക ചരിത്രം

[തിരുത്തുക]

ബാബ് എൽ മൻഡേബിനെ രണ്ടായി വിഭജിക്കുന്ന പെറിം ദ്വീപ് 1799-ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. കടലിടുക്ക് ഉൾപ്പെടെയുള്ള ദ്വീപിന്റെ അവകാശം ഉറപ്പിച്ചുകൊണ്ട് 1861-ൽ അവർ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചു. ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയുമുള്ള കപ്പൽ ഗതാഗതത്തെ നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.[1]

2008 ഫെബ്രുവരി 22-ന് ഉസാമ ബിൻ ലാദന്റെ അർദ്ധസഹോദരൻ താരേക് ബിൻ ലാദന്റെ കമ്പനി ബാബ് എൽ മൻഡേബിൽ ഒരു പാലം നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചു. യെമനെ ജിബൂട്ടിയുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 'ബ്രിഡ്ജ് ഓഫ് ദ ഹോൺസ്' എന്ന പേരുനൽകാനും തീരുമാനിച്ചു.[6] അതിനുശേഷം ഡെൻമാർക്കിന്റെ സഹായത്തോടെ മിഡിൽ ഈസ്റ്റ് ഡെവലപ്മെന്റ് എൽ.എൻ.സി. ചെങ്കടലിനു കുറുകെ ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു.[7] എന്നാൽ 2016 വരെയും ഈ പദ്ധതിയെക്കുറിച്ച് വാർത്തകൾ വന്നിട്ടില്ല.

ഉപമേഖല

[തിരുത്തുക]

ജിബൂട്ടി, യെമൻ, എറിത്രിയ എന്നീ രാജ്യങ്ങളുള്ള അറബ് ലീഗ് എന്ന സംഘടനയിൽ ബാബ് എൽ മൻഡേബിനെ ഒരു ഉപമേഖലയായി പരിഗണിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3  Baynes, T.S., ed. (1878), "Bab-el-Mandeb" , Encyclopædia Britannica, vol. 3 (9th ed.), New York: Charles Scribner's Sons, p. 179 {{cite encyclopedia}}: Cite has empty unknown parameters: |1=, |coauthors=, and |authors= (help)
  2. World Oil Transit Chokepoints Archived February 18, 2015, at the Wayback Machine., Energy Information Administration, US Department of Energy
  3. Henri J. Dumont (2009). The Nile: Origin, Environments, Limnology and Human Use. Monographiae Biologicae. Vol. 89. Springer Science & Business Media. p. 603. ISBN 9781402097263.
  4. Climate in Earth History. National Academies. 1982. p. 124.
  5. Official website of EOTC Archived June 25, 2010, at the Wayback Machine.
  6. BBC NEWS | Africa | Tarek Bin Laden's Red Sea bridge
  7. Tom Sawyer (May 1, 2007). "Notice-to-Proceed Launches Ambitious Red Sea Crossing". Engineering News-Record. Archived from the original on 2009-02-11. Retrieved 2017-11-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാബ്-എൽ-മൻഡേബ്&oldid=4108901" എന്ന താളിൽനിന്ന് ശേഖരിച്ചത്