Jump to content

ബാകാ ബായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാകാ ബായി
ജീവിതപങ്കാളി രഘോജി ഭോസ്‌ലെ രണ്ടാമൻ
രാജവംശം നാഗ്പൂർ ഭോസ്‌ലേ
മതം ഹിന്ദുമതം

മറാഠാ സാമ്രാജ്യത്തിലെ ഒരു രാഷ്ട്രതന്ത്രജ്ഞയും നാഗ്പൂർ രാജാവായിരുന്ന രഘോജി രണ്ടാമൻ ഭോസ്‌ലെയുടെ പ്രിയപ്പെട്ട ഭാര്യയുമായിരുന്നു ബാകാ ബായി (1774-1858). ഭർത്താവിന്റെ മരണശേഷം നാഗ്പൂർ രാജകൊട്ടാരത്തിലെ നയപരമായ തീരുമാനങ്ങളിൽ അവർ പ്രധാന പങ്കുവഹിച്ചു.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

നാഗ്പൂർ സാമ്രാജ്യത്തിലെ മറാത്ത രാജാവായിരുന്ന രഘോജി രണ്ടാമൻ ഭോസ്‌ലെയുടെ നാലാമത്തെയും പ്രിയപ്പെട്ട ഭാര്യയുമായിരുന്നു ബാകാ ബായി.[3][2] 1803-ൽ മറാഠകൾ പരാജയപ്പെട്ട അർഗാവ് യുദ്ധത്തിൽ അവർ പങ്കെടുത്തിരുന്നു.[1] 1816 മാർച്ച് 22-ന് ഭർത്താവിന്റെ മരണശേഷം, ബാകാ ബായി തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയിലുണ്ടായ പുത്രൻ പാർസോജി രണ്ടാമൻ ഭോസ്‌ലെയെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് പാർസോജി രണ്ടാമൻ നാഗ്പൂർ രാജ്യത്തിന്റെ സിംഹാസനത്തിൽ എത്തി.

പാർസോജി രണ്ടാമൻ അന്ധനും മുടന്തനും തളർവാതരോഗിയുമായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിനുശേഷം ഒരു റീജന്റിനെ നിയമിക്കേണ്ടത് ആവശ്യമായി വന്നു.[5] റീജന്റായി ഭരണകാര്യങ്ങൾ നിർവഹിക്കാൻ ബാകാ ബായി തിരഞ്ഞെടുക്കപ്പെട്ടു. മകർധോക്‌ര, അംഗാവ്, ദിഘോരി തുടങ്ങിയ ഗ്രാമങ്ങൾ സ്വന്തമാക്കി ബാകാ ബായി തന്റെ സ്വാധീനം വർദ്ധിപ്പിച്ചു. നാഗ്പൂർ രാജകൊട്ടാരത്തിൽ ധർമ്മാജി ഭോസ്‌ലെ, നരോബ ചിറ്റ്‌നിസ്, ഗുജബ്ദാദ-ഗുജാർ തുടങ്ങിയ പ്രമുഖരടങ്ങുന്ന ശക്തമായ ഒരു വിഭാഗത്തെ തന്റെ പിന്തുണക്കാനായി അവർ രൂപീകരിച്ചു.[6][5][3] എന്നിരുന്നാലും, അപ്പാ സാഹിബ്(മുധോജി ഭോസ്‌ലേ രണ്ടാമൻ) ധർമ്മാജി ഭോൺസ്ലെയെ വധിക്കുകയും റീജന്റ് ആകാനുള്ള ശ്രമത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ബാകാ ബായിയുടെ വിഭാഗത്തിലെ നിരവധി അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ ശ്രമഫലമായി അപ്പാ സാഹിബ് റീജന്റ് പദവി സ്വന്തമാക്കി.[7]

1817 ജനുവരിയോടെ, അപ്പാ സാഹിബ് കൊട്ടാരത്തിൽ തന്റെ അധികാരം സ്ഥാപിച്ചു. സിംഹാസനത്തിലേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഇല്ലാതാക്കാൻ പാർസോജി രണ്ടാമന് വിഷം കൊടുത്തു കൊന്നു.[8] ബാകാ ബായിയുടെ വിഭാഗത്തിന്റെ എതിർപ്പ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ, വളരെ പെട്ടെന്ന് അപ്പ സാഹിബ് സിംഹാസനത്തിൽ എത്തി.[5][9]

ബ്രിട്ടീഷുകാർ സീതാബുൾദി യുദ്ധത്തിൽ അപ്പാ സാഹിബിനെ പരാജയപ്പെടുത്തുകയും 1818 ജനുവരി 9 ന് ഒരു ഉടമ്പടി ഒപ്പുവെക്കുകയും ചെയ്തു. ഈ ഉടമ്പടിപ്രകാരം നാഗ്പൂർ ഒരു സാമന്തരാജ്യമായി മാറി. എന്നിരുന്നാലും, ഉടമ്പടി അവസാനിച്ചതിന് തൊട്ടുപിന്നാലെ, അപ്പാ സാഹിബ് പ്രാദേശിക ഗോത്രവർഗ്ഗക്കാരായ ഗോണ്ടുകളെ ഉപയോഗിച്ച് വീണ്ടും പ്രതിരോധം പുതുക്കി. ഗോണ്ടുകളുടെ കലാപത്തിൽ അവർ മകർധോക്ര, അംഗാവ്, ദിഘോരി എന്നിവയ്ക്കൊപ്പം ബാകാ ബായിയുടെ അധീനതയിൽ ഉണ്ടായിരുന്ന മറ്റ് ഗ്രാമങ്ങളും കത്തിച്ചു.[5][9][3]

അപ്പാ സാഹിബിനെ അറസ്റ്റ് ചെയ്യുകയും സ്ഥാനഭ്രഷ്ടനാക്കുകയും ശക്തമായ സുരക്ഷാ അകമ്പടിയോടെ അലഹബാദിലേക്ക് അയക്കുകയും ചെയ്തു.[10] അതിനിടയിൽ, ബാകാ ബായിയെയും രഘോജി രണ്ടാമൻ ഭോസ്‌ലെയുടെ മറ്റ് വിധവമാരെയും ബ്രിട്ടീഷ് റസിഡന്റ് റിച്ചാർഡ് ജെങ്കിൻസ്, ബാജിബായെ ദത്തെടുക്കാൻ പ്രേരിപ്പിച്ചു.[10] ബാജിബായെ അവർ രഘോജി മൂന്നാമൻ ഭോസ്‌ലെആയി കിരീടമണിയിച്ചു.[6] നാഗ്പൂരിലെ റീജൻസിയുടെ തലപ്പത്ത് ബാകാ ബായി അവരോധിക്കപ്പെട്ടു. എങ്കിലും അവർക്ക് കൊട്ടാരകാര്യങ്ങളുടെയും യുവരാജാവിന്റെയും ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.[11][7] റിച്ചാർഡ് ജെങ്കിൻസ് ആയിരുന്നു യഥാർത്ഥത്തിൽ രാജ്യഭരണം നടത്തിയത്.[5][1]

1853-ൽ രഘോജി മൂന്നാമൻ പുരുഷാവകാശി ഇല്ലാതെ മരിച്ചപ്പോൾ, ഡൽഹൗസി പ്രഭു വിഭാവനം ചെയ്ത ഡോക്ട്രിൻ ഓഫ് ലാപ്‌സ് പോളിസി പ്രകാരം നാഗ്പൂർ രാജ്യം ബ്രിട്ടീഷ് ഇന്ത്യയിൽ കൂട്ടിച്ചേർക്കാൻ പോകുകയായിരുന്നു.[12] അന്യായമായ ഈ നയത്തെ ചെറുക്കാൻ ബാകാ ബായി സമാധാനപരമായ എല്ലാ നടപടികളും പരീക്ഷിച്ചു. എന്നാൽ ഒടുവിൽ അവർ ഭോസ്‌ലെ കുടുംബാംഗങ്ങൾക്കൊപ്പം പെൻഷൻ സ്വീകരിക്കാൻ സമ്മതിച്ചു.[13][14] പെൻഷന്റെ ഏറ്റവും വലിയ വിഹിതമായ 1,20,000രൂപ[13][3] അവർക്ക് ലഭിച്ചു. എന്നിരുന്നാലും, അവരുടെ എതിർപ്പുകൾ വകവയ്ക്കാതെ, രാജ്യം പിടിച്ചടക്കിയതിനുശേഷം നാഗ്പൂർ ട്രഷറി ബ്രിട്ടീഷുകാർ കൊള്ളയടിച്ചു.[6][13]

1857-ലെ കലാപം

[തിരുത്തുക]

1857-ലെ കലാപകാലത്ത് നാഗ്പൂരിലും മുഴുവൻ സെൻട്രൽ പ്രവിശ്യകളിലും അസ്വാരസ്യങ്ങളുണ്ടായി. എന്നാൽ ബാകാ ബായി തന്റെ എല്ലാ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ബ്രിട്ടീഷ് ഗവൺമെന്റിനെ സഹായിക്കാൻ ശ്രമിച്ചതിനാൽ നാഗ്പൂരിൽ ഒരു വലിയ കലാപം തടയപ്പെട്ടു.[15][16] ഇത് ബ്രിട്ടീഷ് ഗവൺമെന്റിനെ വളരെയധികം സന്തോഷിപ്പിച്ചു. കാരണം ബാകാ ബായി ബ്രിട്ടീഷുകാർക്ക് പിന്തുണ നൽകിയില്ലായിരുന്നുവെങ്കിൽ, അടുത്തിടെ പിടിച്ചടക്കിയ ഒരു പ്രമുഖ മറാഠാ രാജ്യം എന്ന നിലയിൽ, വിമതപക്ഷത്തിലേക്കുള്ള കൂറുമാറ്റത്തോടെ നാഗ്പൂർ മറാഠാ മേഖലയിലും നൈസാമിന്റെ അധികാരമേഖലയുടെ വടക്കുഭാഗത്തും കലാപത്തിന്റെ ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കുമായിരുന്നു.[11][5]


1858 സെപ്റ്റംബറിൽ, തന്റെ എൺപത്തിനാലാം വയസ്സിൽ ബാകാ ബായി മരിച്ചു. ഒരു തികഞ്ഞ ഹിന്ദുമതവിശ്വാസി എന്ന നിലക്കും, ഭക്ത എന്ന നിലക്കും സെൻട്രൽ പ്രവിശ്യകളിലെ ഹിന്ദു സമൂഹത്തിൽ അവർ ഓർമ്മിക്കപ്പെട്ടു.[1]


സ്വന്തം രാജ്യത്തെ അധീനതയിലാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണച്ചതിന്റെ പേരിൽ ബാകാ ബായിയെ പലരും രാജ്യദ്രോഹിയായി ചിത്രീകരിച്ചിട്ടുണ്ട്.[17] എന്നാൽ യഥാർത്ഥത്തിൽ അവർ ബ്രിട്ടീഷ് സർക്കാരിനോട് ശത്രുതയുള്ള വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്നു.

എന്നാൽ ബ്രിട്ടീഷുകാരാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പരമാധികാരികളാകാൻ പോകുന്നതെന്ന് മനസ്സിലാക്കിയ ബാകാ ബായി തന്റെ പിൻഗാമികൾക്ക് സുരക്ഷയും പദവികളും ഉറപ്പാക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ, സമാധാനപരമായ മാർഗങ്ങളിലൂടെ തന്റെ രാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുക്കുന്നതിനെ ചെറുക്കാൻ മാത്രമാണ് അവർ ശ്രമിച്ചത്.[15] തന്റെ ദത്തെടുത്ത പിൻഗാമികൾക്ക് "രാജാ ബഹാദൂർ ഓഫ് ദ്യൂർ" എന്ന പുതിയ പദവി നേടിക്കൊടുക്കുന്നതിൽ അവർ വിജയിച്ചു.[16] "നാഗ്പൂർ കെ ഭോസ്‌ലേ" എന്ന പുസ്തകത്തിൽ ബാകാ ബായിയുടെ വ്യക്തിത്വത്തെ ആഴത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[17][18]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Smith, George (1888). Stephen Hislop: Pioneer Missionary & Naturalist in Central India from 1844-1863 (in ഇംഗ്ലീഷ്). J. Murray.
  2. 2.0 2.1 Wills, C.U. The Nagpur State in the 18th century. p. 215. Archived from the original on 23 January 2017.
  3. 3.0 3.1 3.2 3.3 3.4 Russel, R.V. (1908). Maharashtra State Gazetteers: Bhandara (in ഇംഗ്ലീഷ്). Director of Government Printing, Stationery and Publications, Maharashtra State.
  4. Bhatia, O. P. Singh (1968). History of India, from 1707 to 1856 (in ഇംഗ്ലീഷ്). Surjeet Book Depot.
  5. 5.0 5.1 5.2 5.3 5.4 5.5 Central Provinces District Gazetteers: Nagpur. Archived from the original on 19 January 2017.
  6. 6.0 6.1 6.2 Maharashtra State Gazetteers: Chandrapur (in English). Maharashtra, India: Directorate of Government Print., Stationery and Publications, Maharashtra State. 1960.{{cite book}}: CS1 maint: unrecognized language (link)
  7. 7.0 7.1 "Chanda under the Bhonsles of Nagpur". Central Provinces District Gazetteers- Chanda. Mumbai: Directorate of Government Print., Stationery and Publications, Maharashtra State. 2006.
  8. Duff, James Grant (1878). History of the Mahrattas (in ഇംഗ്ലീഷ്). Times of India Office. p. 529.
  9. 9.0 9.1 Report on the administration of the Central Provinces: for the year ... 1892/93 (1894) (in ഇംഗ്ലീഷ്). 1894.
  10. 10.0 10.1 Naravane, M. S. (2006). Battles of the Honourable East India Company: Making of the Raj (in ഇംഗ്ലീഷ്). APH Publishing. p. 83. ISBN 978-81-313-0034-3.
  11. 11.0 11.1 Chatterton, Eyre (8 January 2021). The Story Of Gondwana (in ഇംഗ്ലീഷ്). Read Books Ltd. ISBN 978-1-5287-6963-1.
  12. Hunter, William Wilson (1908). Imperial Gazetteer of India, Volume 17. 1908–1931. Clarendon Press, Oxford.
  13. 13.0 13.1 13.2 RĀU, Vakeel of the Maha Ranees of Nagpore HANUMANT (1854). The Spoliation of Nagpore (in ഇംഗ്ലീഷ്). J. F. Bellamy.
  14. The Calcutta Weekly Notes (in ഇംഗ്ലീഷ്). Weekly Notes Office. 1912. p. 1059.
  15. 15.0 15.1 Justice, International Court of (1960). Affaire Du Droit de Passage Sur Territoire Indien (Portugal C. Inde) (in ഇംഗ്ലീഷ്). International Court of Justice.
  16. 16.0 16.1 "Shrimant Raje Bahadur Raghojirao ... vs Shrimant Raje Lakshmanrao Saheb on 18 July, 1912".
  17. 17.0 17.1 "बाकाबाईला खलस्त्री ठरविणे चुकीचे". Maharashtra Times (in മറാത്തി).
  18. Nagpur Ke Bhosale 1730 Se 1854 - नागपूर के भोसले १७३० से १८५४ - Sahyadri Books , Bhalchandra R. Andhare, Hindi Book On Nagpurkar Bhosale.
"https://ml.wikipedia.org/w/index.php?title=ബാകാ_ബായി&oldid=4073633" എന്ന താളിൽനിന്ന് ശേഖരിച്ചത്